കാലത്തിനൊത്ത് മാറാതെ സ്വന്തം വിജയത്തിന് മേല്‍ അടയിരിക്കുന്ന കമ്പനികള്‍, അവ എത്ര തന്നെ വലുതായാലും കാലഹരണപ്പെടും. ഇത് പ്രകൃതി നിയമമാണ്. ഈ ഗുണപാഠമിപ്പോള്‍ നോക്കിയ, മൈക്രോസോഫ്ട് പോലുള്ള കമ്പനികള്‍ പൊള്ളലോടെ അനുഭവിച്ചറിയുകയാണ്. ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ ഹ്യൂലെറ്റ്-പക്കാര്‍ഡും (എച്ച്.പി) മാറാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് ഒടുവിലത്തെ വര്‍ത്തമാനം. മൊബൈല്‍ രംഗത്തേക്ക് എച്ച്.പിയും ചുവടുവയ്ക്കുകയാണ്.

കമ്പ്യൂട്ടിങില്‍ ഭാവിയുടെ മുഖമുദ്രയാകുമെന്ന് പ്രവചിക്കപ്പെടുന്ന ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളുമാണ് എച്ച്.പിയുടെ പുതിയ ഉന്നം. അതിന്റെ ഭാഗമായി 'ടച്ച്പാഡ്' (TouchPad) ടാബ്‌ലറ്റ് കമ്പ്യൂട്ടറും രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകളും കമ്പനി അവതരിപ്പിച്ചു. ആപ്പിളിന്റെ ഐപാഡിനോട് മത്സരിക്കാന്‍ രംഗത്തെത്തുന്ന ടച്ച്പാഡ് പ്രവര്‍ത്തിക്കുക, പാം (Palm) കമ്പനി വികസിപ്പിച്ച 'വെബ്ബ്ഒഎസ്' (webOS) പ്ലാറ്റ്‌ഫോമിലാണ്. കഴിഞ്ഞ വര്‍ഷമാണ് പാം കമ്പനിയെ 120 കോടി ഡോളറിന് എച്ച്.പി. സ്വന്തമാക്കിയത്.

ആളുകളുടെ ചിന്താരീതിയെയും അനുഭവതലത്തെയും മാറ്റിമറിക്കുക മാത്രമല്ല, ഇന്റര്‍നെറ്റുമായുള്ള ബന്ധത്തെയും വെബ്ബ്ഒഎസ് ഉപകരണങ്ങള്‍ വഴി പുനര്‍നിര്‍വചിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന്, എച്ച്.പി. എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ടോഡ് ബ്രാഡ്‌ലി അറിയിച്ചു.

ഈ വര്‍ഷം ലോകവിപണിയില്‍ 50 മില്യണ്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിറ്റഴിയുമെന്നാണ് കണക്ക്. അതില്‍ തങ്ങളുടെ പങ്കും ഉറപ്പാക്കലാണ് എച്ച്.പി.പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള മൊബൈല്‍ ഉപകരണങ്ങളുടെ മാര്‍ക്കറ്റ് ഏതാണ്ട് 160 ബില്യണ്‍ ഡോളറാണെന്ന് എച്ച്.പി.പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ടച്ച്പാഡ് ടാബ്‌ലറ്റിനൊപ്പം പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി കമ്പനി അവതരിപ്പിച്ചത്.

വെബ്ബ്ഒഎസില്‍ പ്രവര്‍ത്തിക്കുന്നവയാണ് എച്ച്.പി. അവതരിപ്പിച്ച രണ്ട് മൊബൈല്‍ ഫോണുകളും. എച്ച്.പി.വീയര്‍ (Veer) ആണ് അതില്‍ ഒരെണ്ണം. നിലവില്‍ ലഭ്യമായ 'ജംബോ ഫോണുകള്‍'ക്കൊരു ബദലെന്ന നിലയ്ക്കാണ് വിയര്‍ രംഗത്തെത്തിക്കുന്നത്. ഏതാണ്ട് ഒരു ക്രെഡിറ്റ്കാര്‍ഡിന്റെയത്രയേ ഉള്ളു അത്. 2.6 ഇഞ്ച് ആണ് സ്‌ക്രീനിന്റെ വലിപ്പം. എട്ട് ജിബി സ്റ്റോറേജുമുണ്ട്. കൊണ്ടുനടക്കാന്‍ ഏറെ സൗകര്യമുള്ള സുന്ദരമായ ഫോണാണ് വിയറെന്ന് ടെക്‌നോളജി വിദഗ്ധര്‍ വിലയിരുത്തുന്നു.

രണ്ടാമത്തെ ഫോണ്‍ എച്ച്.പി.പ്രീ3 (Pre3) പക്ഷേ 3.6 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള സ്മാര്‍ട്ട്‌ഫോണാണ്. സ്ലൈഡൗട്ട് കീബോര്‍ഡും വീഡിയോ കോളിങ് സൗകര്യവുമുള്ള ഈ ഫോണ്‍ 16 ജിബി, 32 ജിബി മോഡലുകളില്‍ ലഭ്യമാകും. പുതിയ ഉപകരണങ്ങളുടെ വിലയെന്തായിരിക്കുമെന്ന് എച്ച്.പി.വെളിപ്പെടുത്തിയിട്ടില്ല.

മൊബൈല്‍ രംഗത്തേക്കുള്ള ചുവടുവെയ്പ്പ് മാത്രമല്ല എച്ച്.പി.ഉദ്ദേശിക്കുന്നത്. വെബ്ബ്ഒഎസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ലാപ്പ്‌ടോപ്പുകളും ഡെസ്‌ക്ക്‌ടോപ്പുകളും നിര്‍മിക്കാനും കമ്പനി പദ്ധതിയിടുന്നു. വെബ്ബ്ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.പിയുടെ പ്രിന്ററുകളും രംഗത്തെത്തിയേക്കും.

എച്ച്.പിയുടെ ഈ നയവ്യതിയാനം നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത് സാക്ഷാല്‍ മൈക്രോസോഫ്ടിന്റേതാണ്. കാരണം മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന പ്രധാനപ്പെട്ട കമ്പ്യൂട്ടര്‍ കമ്പനികളിലൊന്നാണ് എച്ച്.പി. അങ്ങനെയുള്ള എച്ച്.പി. സ്വന്തം ഒഎസിലേക്ക് ചുവടുമാറ്റുന്നു എന്നു വന്നാല്‍ നഷ്ടം വിന്‍ഡോസിന് തന്നെയായിരിക്കും.

മൈക്രോസോഫ്ടിന്റെ മറ്റ് പങ്കാളികളായ തോഷിബ, സോണി, ഡെല്‍, ലെനോവൊ മുതലായവയും ഭാവിയില്‍ എച്ച്.പി.യുടെ ചുവടുപിടിച്ച് മറ്റ് ഒഎസുകളിലേക്ക് മാറിക്കൂടെന്നില്ല. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയ്ക്കുള്ള വിന്‍ഡോസിന്റെ ആധിപത്യം അസ്തമിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.


പാമിന്റെ വെബ്ബ്ഒഎസ്2009 ല്‍ പാം കമ്പനി വെബ്ബ്ഒഎസ് അവതരിപ്പിക്കുമ്പോള്‍ അത് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. 'അടുത്ത മൊബൈല്‍ മിശിഹ ആയേക്കാവുന്ന പുതിയ പ്ലാറ്റ്‌ഫോം' എന്നാണ് വെബ്ബ്ഒഎസിനെ 'വയേര്‍ഡ് മാഗസിന്‍' വിശേഷിപ്പിച്ചത്. എന്നാല്‍, എന്നാല്‍ അതുപയോഗിച്ച് പുതിയ ഉപകരണങ്ങളൊന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് വെബ്ബ്ഒഎസിന്റെ ആവേഗം നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം പാമിനെ എച്ച്.പി.സ്വന്തമാക്കിയപ്പോള്‍, ഉടന്‍ തന്നെ വെബ്ബ്ഒഎസ് ഉപകരണങ്ങളെത്തുമെന്ന് പലരും കരുതി. പക്ഷേ, ആ പ്രതീക്ഷയും തെറ്റി.

ഒടുവില്‍, വെബ്ബ്ഒഎസില്‍ ടാബ്‌ലറ്റും സ്മാര്‍ട്ട്‌ഫോണുകളും പുറത്തിറങ്ങുമ്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു. ഏത് മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെയും വിജയം നിശ്ചയിക്കുന്നതില്‍ അതിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറിന്റെ ജനപ്രിയതക്ക് വലിയ പങ്കുണ്ട്. ആപ്പിളിന്റെ ഐഒഎസിന് മൂന്നുലക്ഷത്തിലേറെ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാണ്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് ഒരു ലക്ഷത്തിലേറെ ആപ്ലിക്കേഷനുകളും. പാമിന്റെ കസ്റ്റഡിയിലിപ്പോല്‍ വെറും 5400 ആപ്ലിക്കേഷന്‍ മാത്രമാണുള്ളത്.

നിലവിലുള്ള മൊബൈല്‍ ഉപകരണങ്ങളുമായി മത്സരിക്കാന്‍ എച്ച്.പിക്ക് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെയെങ്കിലും ആപ്ലിക്കേഷന്‍ വേണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ കണക്കു കൂട്ടുന്നു. ആപ്ലിക്കേഷനുകള്‍ ഉണ്ടാകണമെങ്കില്‍, അതിന് ഡെവലപ്പര്‍മാര്‍ വേണം. എന്നുവെച്ചാല്‍, ഡെവലപ്പര്‍മാരെ ആകര്‍ഷിക്കാന്‍ ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോമിന് കഴിയുമോ എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിജയമിരിക്കുന്നതെന്ന് സാരം. ഹാര്‍ഡ്‌വേറിന്റെ കാര്യത്തില്‍ എച്ച്.പിക്ക് വിഷമിക്കേണ്ട കാര്യമില്ല. മെച്ചപ്പെട്ട ഒരു മൊബൈല്‍ പ്ലാറ്റ്‌ഫോമും കൈയിലുണ്ട്. ഇനി ഡെവലപ്പര്‍മാരെക്കൂടി ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍, മൊബൈല്‍ രംഗത്ത് തീര്‍ച്ചയായും എച്ച്.പി.പുതിയ താരോദയമാകും.