ചീറ്റപ്പുലിയെ മാതൃകയാക്കി നിര്‍മിച്ചിരിക്കുന്ന റോബോട്ടിനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകും


ഓടാനും ചാടാനും കഠിനമായ പ്രതലത്തിലൂടെ സഞ്ചരിക്കാനുമെല്ലാം സാധിക്കുന്ന ഒരു റോബോട്ട്. കേംബ്രിഡ്ജിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇത്തരമൊരു റോബോട്ടിനെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ജീവിയായ ചീറ്റപ്പുലിയെ മാതൃകയാക്കി നിര്‍മിച്ച റോബോട്ടിന്റെ പേരും ചീറ്റാ (Cheetah) എന്നാണ്.

മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ ചീറ്റാ ബോബോട്ടിന് സാധിക്കും. 40 സെന്റിമീറ്റര്‍ ഉയരത്തില്‍ ചാടാനും ഇവനാകും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചീറ്റാ റോബോട്ടിന് ഒരു മൈക്രോവേവ് ഓവന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കുറച്ച് വൈദ്യുതി മതിയാകും. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ റോബോട്ടാണ് ചീറ്റ.

നിലിവിലുള്ള റോബോട്ടിക് ടെക്‌നോളജിയെ സംബന്ധിച്ചിടത്തോളം ശക്തമായൊരു കാല്‍വെപ്പാണ് ചീറ്റയിലൂടെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയിരിക്കുന്നത്. ഭാരം കുറഞ്ഞ ശക്തമായ 12 മോട്ടോറുകളാണ് ചീറ്റയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടത്തിനിടെ കാലുകള്‍ നിലത്ത് കുത്തുന്ന പവര്‍, അല്‍ഗോരിതം ഉപയോഗിച്ച് മനസ്സിലാക്കിയാണ് റോബോട്ടിന്റെ സന്തുലനം സാധ്യമാക്കിയിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും എന്നതാണ് ചീറ്റാ റോബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യന് ചെല്ലാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ചീറ്റാ റോബോട്ടിനെ ധൈര്യമായി ഉപയോഗിക്കാം. ഭാവിയില്‍ ഓള്‍-ടെറയ്ന്‍ വീല്‍ചെയറുകള്‍ ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങള്‍ക്ക് ചീറ്റാ റോബോട്ട് മാതൃകയാകുമെന്ന് റോബോട്ട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സന്‍ഗാബെ കിം പറയുന്നു.

റോബോട്ടില്‍ ആവശ്യമായ വേഗത കൈവരിക്കാന്‍ വളരെ വില കൂടിയ വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രൊഫസര്‍ കിം പറഞ്ഞു. കാര്‍ബണ്‍ ഫൈബറും കെവ്‌ലാര്‍ സ്ട്രിപ്പും ഉപയോഗിച്ചാണ് റോബോട്ടിന്റെ നിര്‍മിതി. ഏതാണ്ട് 31 കിലോഗ്രാമാണ് ഇതിന്റെ ഭാരം.

അഞ്ചു വര്‍ഷത്തെ നിരന്തര പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ചീറ്റാ റോബോട്ട് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. റോബോട്ട് ഡിസൈന്‍ ചെയ്യാനും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരം കുറഞ്ഞ എന്നാല്‍ ആവശ്യമായ പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറുകള്‍ക്കായും ഏറെ ഗവേഷണങ്ങള്‍ ആവശ്യമായി വന്നതായി ഗവേഷകര്‍ വെളിപ്പെടുത്തി. 3-ഡി പ്രിന്റര്‍ ഉപയോഗിച്ച് രൂപകല്‍പന ചെയ്ത നിരവധി കാലുകളാണ് പരീക്ഷണത്തിനിടെ പരാജയപ്പെട്ടത്.

നിലവില്‍ നിര്‍മിച്ചിരിക്കുന്ന ചീറ്റയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മസാച്ചുസെറ്റ്‌സ് ഗവേഷകരിപ്പോള്‍. അടുത്ത പത്തു വര്‍ഷത്തിനിടെ ഒരു ജീവന്‍ രക്ഷിക്കുന്ന തരത്തിലേക്ക് ഈ റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗവേഷകര്‍ പറയുന്നു.