മനുഷ്യകരത്തിന് ശക്തിപകരാന്‍ അധികം വൈകാതെ യന്ത്രവിരല്‍ രംഗത്തെത്തിയേക്കും. കൈയുറപോലെ ധരിക്കുമ്പോള്‍, പ്രത്യേക സെന്‍സറുകളുടെ സഹായത്തോടെ യഥാര്‍ഥ വിരലുകളുടെ ചലനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രവിരലുകള്‍ക്ക് രൂപംനല്‍കിയിരിക്കുകയാണ് ഗവേഷകര്‍.

ദൈനംദിന സംഗതികള്‍ നിര്‍വഹിക്കാന്‍ സഹായിക്കുന്ന യന്ത്രവിരലുകള്‍ സൃഷ്ടിച്ചത് അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഗവേഷകരാണ്.

രണ്ട് 'അധിക വിരലുകള്‍' ആയാണ് യന്ത്രവിരലുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. കൈയുടെ ഇരുവശത്തുമായാണ് യന്ത്രവിരലുകള്‍ നിലകൊള്ളുക. ചെറുവിരലിന്റെ ഭാഗത്തും, പെരുവിരലിന്റെ ഭാഗത്തും.

ധരിച്ചിരിക്കുന്നയാളുടെ വിരലുകളുടെ സ്ഥാനവും ചലനവും കൃത്യമായി മാനസിലാക്കാന്‍ സഹായിക്കുന്ന സെന്‍സറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സെന്‍സറുകളില്‍നിന്നുള്ള വിവരം ഒരു പ്രത്യേക ആല്‍ഗരിതം വഴി യന്ത്രവിരലുകളുടെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കും.

'ദൈനംദിന ജീവിതത്തില്‍ ഒട്ടേറെ ഉപകരണങ്ങള്‍ നമുക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. കത്തി, ഫോര്‍ക്ക്, അല്ലെങ്കില്‍ കാറിന്റെ സ്റ്റിയറിങ് ഒക്കെ. ഈ ഉപകരണങ്ങള്‍ ഏറെനേരം ഉപയോഗിക്കുമ്പോള്‍, അവ നിങ്ങളുടെ ശരീരത്തിന്റെ വിപുലീകരണമായി തോന്നും' - എം.ഐ.ടിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫസര്‍ ഹാരി ആസാദ ചൂണ്ടിക്കാട്ടി.

'റോബോട്ടുകളുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്', അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ക്ക് അധിക വിരലുകളും അധിക കൈകളും ലഭിക്കുന്നു. ശരിക്കും നിയന്ത്രണമുണ്ടെങ്കില്‍, അവ നിങ്ങളുടെ ശരീരത്തിന്റെ വിപുലീകരണമായി അനുഭവപ്പെടും'.


കൈകളുപയോഗിക്കാതെ, കൈ കൊണ്ട് ചെയ്യാറുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ റോബോട്ടിക് വിരലുകള്‍കൊണ്ട് ചെയ്യാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 'ഇവിടെ നിങ്ങള്‍ റോബോട്ടിന് നിര്‍ദേശങ്ങളൊന്നും നല്‍കേണ്ടതില്ല. സ്വാഭാവിക രീതിയില്‍ വിരലുകള്‍ ചലിപ്പിക്കുക. അതിനനുസരിച്ച് റോബോട്ടിക് വിരലുകള്‍ ചലിക്കുകയും നിങ്ങളെ സഹായിക്കുകയും ചെയ്യും'- പ്രൊഫസര്‍ ആസാദ പറഞ്ഞു.

'കഥ ഇതുകൊണ്ട് തീരുന്നില്ല', എം.ഐ.ടി.വിദ്യാര്‍ഥി ഫെയീ വു പറഞ്ഞു. കാലിഫോര്‍ണിയയിലെ ബര്‍ക്കിലിയില്‍ കഴിഞ്ഞ ദിവസം 'റോബോട്ടിക്‌സ്: സയന്‍സ് ആന്‍ഡ് സിസ്റ്റംസ്' കോണ്‍ഫറന്‍സില്‍ യന്ത്രവിരലിനെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത് വു ആണ്.

'മുറുക്കെ പിടുത്തം കിട്ടാത്ത ചില വസ്തുക്കളുണ്ട്-ഭാരം കൂടിയ, വലിപ്പം കുറഞ്ഞ, വഴുക്കലുള്ള വസ്തുക്കള്‍. അത്തരം സാഹചര്യങ്ങളില്‍ ഈ യന്ത്രവിരലുകള്‍ വലിയ അനുഗ്രഹമായിരിക്കും' - വു ചൂണ്ടിക്കാട്ടി.

ഈ ഉപകരണം സാധാരണക്കാര്‍ക്ക് അത്ര പ്രയോജനം ചെയ്തില്ലെങ്കിലും, സ്‌പെഷ്യലിസ്റ്റുകള്‍ക്ക് വലിയ അനുഗ്രഹമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. യുദ്ധസാഹചര്യങ്ങളിലും ഫാക്ടറികളിലും ഇതിന് പല ഉപയോഗങ്ങളുമുണ്ടാകും. (കടപ്പാട് : MIT News )