യൂട്യൂബില്‍ വീഡിയോ അപ്​ലോഡ് ചെയ്ത് പണം ഉണ്ടാക്കുക എന്നുള്ളത് വ്യക്തികള്‍ മുതല്‍ വലിയ മീഡിയ കമ്പനികള്‍ വരെയുള്ളവരുടെ സ്വപ്നമാണ്. ആര്‍ക്കും ഒരു അക്കൗണ്ട് തുറക്കാനും ഏതുതരം വീഡിയോ വേണമെങ്കിലും അപ്ലോഡ് ചെയ്യാനും കഴിയുംവിധത്തില്‍ ആയിരുന്നു യൂട്യൂബ് നില നിന്നിരുന്നത്. എന്നാല്‍ 2017 ഓഗസ്റ്റ് മുതല്‍ കാര്യങ്ങള്‍ ആകെ മാറി.

യൂട്യൂബില്‍ ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനം അപ്ലോഡ് ചെയ്യുന്ന വീഡിയോകളില്‍ മറ്റുള്ളവരുടെ പരസ്യം കാണിക്കാന്‍ അവര്‍ അനുവാദം നല്‍കുകയും അതിന് യൂട്യൂബ് പ്രതിഫലം വാങ്ങുകയും ആ പ്രതിഫലം യൂട്യൂബും വീഡിയോ അപ്ലോഡ് ചെയ്യുന്നവരുമായി പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ് യൂട്യൂബ് വീഡിയോ മോണിറ്റൈസേഷന്‍ എന്ന് 2012-ല്‍ യൂട്യൂബ് വിശദമാക്കിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീഡിയോ ഉടമ ആരെന്നോ വീഡിയോ ഉള്ളടക്കം എന്തെന്നോ യൂട്യൂബ് നോക്കിയിരുന്നില്ല. അവര്‍ നല്‍കിയിരിക്കുന്ന ചില മാര്‍ഗരേഖകള്‍ പാലിക്കുന്നതില്‍ യൂട്യൂബ് ചാനല്‍ ഉടമ വീഴ്ചവരുത്തിയതായി പരാതി ലഭിച്ചാല്‍ മാത്രമേ, യൂട്യൂബ് നടപടികളിലേക്ക് നീങ്ങുകയുള്ളു. ഈ രീതി കുറ്റമറ്റതായിരുന്നില്ല. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു വീഡിയോ അപ്ലോഡ് ചെയ്യുന്നു എന്നിരിക്കട്ടെ. ആ വ്യക്തി യൂട്യൂബ് മോണിറ്റൈസേഷന് അര്‍ഹനാണെങ്കില്‍ ജനം വീഡിയോ കാണുന്ന എണ്ണത്തിനനുസരിച്ച് പ്രതിഫലം ലഭിക്കും. എന്നാല്‍ ഈ വീഡിയോയുടെ ഉടമ ആരെന്ന് യൂട്യൂബ് തിരക്കുന്നില്ല. മറ്റൊരാളുടെ പകര്‍പ്പവകാശം ലംഘിച്ച് അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ ആണെങ്കില്‍ ഇതു മൂലം യഥാര്‍ത്ഥ ഉടമയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടാവുക. പരാതി കിട്ടിയാല്‍ യൂട്യൂബ് വീഡിയോ എടുത്തു മാറ്റും. എന്നാല്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തത് ആരാണെന്ന് യൂട്യൂബ് പറയാറുമില്ല. ഇതോടെ അപ്ലോഡ് ചെയ്ത ആളുടെ പേരില്‍ കേസ് കൊടുക്കാനുള്ള അവസരവും നമുക്ക് നഷ്ടമാകും. (ഇത് വ്യക്തികളുടെ കാര്യം. ശ്രദ്ധയില്ലായ്മകൊണ്ട് വന്‍ കമ്പനികള്‍ പെട്ടുപോകാറുണ്ട്. പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്ന സംഗീതമാണ് പലരേയും ചതിക്കുന്നത്. പ്രശസ്തരുടെ കവര്‍ സോംഗ്സ് ചെയ്ത് അപ്ലോഡ് ചെയ്യുക വഴിയാണ് മീഡിയ കമ്പനികള്‍ കേസില്‍ പെടാറുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആര്‍ക്കെതിരേ കേസ് കൊടുക്കണം എന്ന് പകര്‍പ്പവകാശം ൈകയിലുള്ള വ്യക്തികള്‍ക്ക് കൃത്യമായി അറിയാം. ഇന്ത്യയിലെ ഒരു പ്രമുഖ ചാനലിനെതിരേ അമേരിക്കയില്‍നിന്ന് ഒരു കമ്പനി നല്‍കിയത് നൂറു കോടി ഡോളര്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസായിരുന്നു.).
 
മറ്റൊരു പ്രശ്‌നം യൂട്യൂബ് ഒരു വീഡിയോയുടെയും ഉള്ളടക്കം (content) കാണുന്നില്ല എന്നുള്ളതാണ്. ഇതു വഴി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പരസ്യദാതാവിനാണ്. അമേരിക്കയില്‍ നിന്നുള്ള കമ്പനികള്‍ക്കാണ് ഇത് ഏറ്റവും വലിയ തലവേദന ഉണ്ടാക്കിയത്. അഫ്ഗാനിസ്താനിലെയും സിറിയയിലെയും അമേരിക്കന്‍ നയങ്ങള്‍ക്കെതിരേ വിമര്‍ശം ഉള്‍ക്കൊള്ളുന്ന വീഡിയോകളില്‍ നൈക്കിയുടെയും അഡിഡാസിന്റെയും മക്‌ഡൊണാള്‍ഡ്‌സിന്റെയുമൊക്കെ പരസ്യം കടന്നു വന്നത് വന്‍ പ്രതിഷേധം ഉയര്‍ത്തി. പല വന്‍ കമ്പനികളും യൂട്യൂബില്‍നിന്ന് പരസ്യം പിന്‍വലിച്ചു. ഉള്ളടക്കം അറിഞ്ഞുമാത്രമേ പരസ്യം നല്‍കാവൂ എന്ന് പരസ്യദാതാക്കള്‍ ശാഠ്യം പിടിച്ചെങ്കിലും അത് നടക്കാത്ത കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. 

യൂട്യൂബ് പല മാര്‍ഗങ്ങളും പരീക്ഷിച്ചുനോക്കി. ഏറ്റവും ഫലപ്രദം ഒന്നു മാത്രം. ചാനലുകളെ നിയന്ത്രിക്കുക. (യൂട്യൂബില്‍ നമ്മള്‍ വീഡിയോ അപ്ലോഡ് ചെയ്യുന്ന നമ്മുടേതായ പേജിനെ ചാനല്‍ എന്ന് പറയുന്നു. ഒരു അക്കൗണ്ടില്‍ത്തന്നെ വിവിധ ചാനലുകള്‍ ഉണ്ടാകാറുണ്ട്). വംശീയ വിദ്വേഷവും ഹീനകൃത്യങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോകള്‍ ഉള്ള ചാനലുകള്‍ സാധാരണഗതിയില്‍ കുറച്ചു സബ്സ്‌ക്രൈബേഴ്സും കുറച്ചുമാത്രം 'വ്യൂ'ഉള്ളതുമായിരിക്കും. ( ഒരു യൂട്യൂബ് ചാനലിലെ പുതിയ ഉള്ളടക്കം എന്തെന്ന് കൃത്യമായി അറിയുന്നതിനുവേണ്ടി ആ ചാനലിനെ 'പിന്തുടരുന്ന' വ്യക്തിയാണ് സബ്‌സ്‌ക്രൈബര്‍. ആ ചാനലിന്റെ ഏറ്റവും വലിയ ആരാധകനും മിക്കവാറും എല്ലാ വീഡിയോകള്‍ കാണുന്ന വ്യക്തിയുമായിരിക്കും).  മോണിറ്റൈസേഷന് അര്‍ഹരാകാന്‍ നേരത്തെ യൂട്യൂബ് പാര്‍ട്ട്ണര്‍ പ്രോഗ്രാമില്‍ ചേര്‍ന്നാല്‍ മാത്രം മതിയായിരുന്നു (ആദ്യമൊക്കെ വളരെ നിയന്ത്രിച്ചു മാത്രമായിരുന്നു ഇതിന് അനുമതി നല്‍കിയിരുന്നത്). എന്നാല്‍ പരസ്യദാതാക്കളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ വേണ്ടി ഒരു ചാനലിന് 10,000 ലൈഫ് ടൈം വ്യൂ ഉണ്ടായിരിക്കണം എന്ന് യൂട്യൂബ് കഴിഞ്ഞ ഏപ്രിലില്‍ നിബന്ധന ഏര്‍പ്പെടുത്തി. 

ഇതോടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി എന്ന് യൂട്യൂബ് നിലപാടെടുത്തു. വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയും പലരേയും യൂട്യൂബിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു. 
എന്നാല്‍ ഇതു കൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല എന്നതാണ് വാസ്തവം. ഇതിനു പരിഹാരമായി യൂട്യൂബ് അവരുടെ പ്രധാന ക്രിയേറ്റേഴ്സുമായി വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുകയും അവരില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 

യൂട്യൂബിലെ സ്റ്റാര്‍ ക്രിയേറ്റര്‍ ആയിരുന്നു ലോഗന്‍ പോള്‍. ജപ്പാനിലെ ഒരു കാട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ട വ്യക്തിയുടെ മൃതദേഹം തൂങ്ങിയാടുന്നത് ലോഗന്‍ ലൈവ് ആയി യൂട്യൂബിലൂടെ കാണിച്ചതും യൂട്യൂബിന് ക്ഷീണമുണ്ടാക്കി. മാത്രമല്ല കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകളുടെ സമീപം പ്രധാന പരസ്യദാതാക്കളുടെ പരസ്യങ്ങള്‍ കടന്നുവന്നതും വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. 
ഇതൊക്കെക്കൊണ്ട് 2018 ജനുവരി പതിനേഴു മുതല്‍ യൂട്യൂബ് വീണ്ടും നിബന്ധനകള്‍ മാറ്റിയിരുന്നു. ഇതനുസരിച്ച് ഒരു ചാനലിന് കഴിഞ്ഞ പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 4000 വ്യൂവും 1000 സബ്‌സ്‌ക്രൈബേഴ്സും ഉണ്ടെങ്കില്‍ മാത്രമേ വീഡിയോകളില്‍ പരസ്യം പ്രത്യക്ഷപ്പെടുകയുള്ളു. 

ഇതുകൂടാതെ പ്രധാന ചാനലുകളുടെ വീഡിയോകള്‍ നേരിട്ട് മോഡറേറ്റര്‍മാര്‍ തന്നെ പരിശോധിക്കുന്ന രീതിയും കൊണ്ടുവന്നു. (നേരത്തെ പരാതി കിട്ടിയാല്‍ മാത്രമേ പരിശോധന ഉണ്ടാകുമായിരുന്നുള്ളു). മാത്രമല്ല നേരത്തെ ഈ ചാനലിനെതിരേ ലഭിച്ചിട്ടുള്ള പരാതികള്‍ കൂടി കണക്കിലെടുക്കുകയും ചെയ്തു മാത്രമേ മോണിറ്റൈസേഷന്‍ നിലനിര്‍ത്തുകയുള്ളു. 

യൂട്യൂബ് മറ്റൊരുകാര്യം കൂടി പറഞ്ഞിട്ടുണ്ട്. ഈ വരുന്ന ഫെബ്രുവരി ഇരുപത് മുതല്‍ നേരത്തെ മോണിറ്റൈസേഷന്‍ ഉള്ള ചാനലുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാക്കുന്നതാണ്. അതായത് നിലവില്‍ മോണിറ്റൈസേഷന്‍ ഉണ്ടെങ്കിലും കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ 4000 മണിക്കൂര്‍ കാഴ്ചക്കാര്‍ കാണുകയും ആ ചാനലിന് 1000 സബ്സ്‌ക്രൈബേഴ്സ് ഉണ്ടാവുകയും വേണം. മാത്രമല്ല, ഒരു ചാനലിന് നല്ല വരുമാനവും വ്യൂവും ഉണ്ടെങ്കില്‍ ആ ചാനലിനെ മോഡറേറ്റര്‍മാര്‍ നേരിട്ട് പരിശോധിക്കുകയും പകര്‍പ്പവകാശ ലംഘനം പോലെയുള്ളവയ്ക്ക് പരാതി ലഭിക്കാതെ തന്നെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 

യൂട്യൂബ് സി.ഇ.ഒ സൂസന്‍ ഡയാന്‍ വോജിസ്‌കിയുടെ ഈ കര്‍ശന നിലപാട് എണ്‍പത് ശതമാനം വീഡിയോ നിര്‍മ്മാതാക്കളെ നേരിട്ട് ബാധിക്കും എന്നാണ് അനലിസ്റ്റുകള്‍  പറയുന്നത്. 

യൂട്യൂബില്‍ നിറയുന്ന പണം എത്രയാണ് യൂട്യൂബിന്റെ പ്രതിവര്‍ഷ വരുമാനം? ഈ സംഖ്യ യൂട്യൂബ് ഒരിക്കലും പുറത്തുവിട്ടിട്ടില്ല. ഗൂഗിള്‍ ക്ലൗഡ്, യൂട്യൂബ് എന്നിവയിലൂടെ എത്ര പണം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്നത് സാമ്പത്തിക വിദഗ്ദ്ധര്‍ക്കിടയില്‍ എന്നും ചര്‍ച്ചാവിഷയമാണ്. യൂട്യൂബിന്റെ നേരിട്ടുള്ള എതിരാളികളല്ലെങ്കിലും നെറ്റ്ഫ്‌ലിക്‌സിന്റെ വരുമാനം അടിസ്ഥാനമാക്കി കോളിന്‍ സെബാസ്റ്റ്യന്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ പറയുന്നത് യൂട്യൂബ് ഈ വര്‍ഷം പതിനഞ്ച് ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുമെന്നാണ്. നെറ്റ്ഫ്‌ലിക്‌സിന് കഴിഞ്ഞ വര്‍ഷം പന്ത്രണ്ട് ബില്യണ്‍ ഡോളറിനടുത്തായിരുന്നു വരുമാനം.

Content Highlights: youtube changes policy