ലോകം അടക്കിവാഴുന്ന ഇന്റര്‍നെറ്റ് ഭീമനാണ് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ അത്രമേല്‍ ഓരോ രാജ്യത്തേയും ജനങ്ങളിലേക്ക് ആഴ്‌നിറങ്ങിയിരിക്കുന്നു. എതിരാളികളായി മറ്റ് സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ടെങ്കിലും ലോകജനതയെ മുഴുവന്‍ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ള പലതും ഗൂഗിളിലുണ്ട്. അത് തന്നെയാണ് ഇന്റര്‍നെറ്റ് വിപണിയിലെ ഗൂഗിളിന്റെ മേധാവിത്വത്തിന് കാരണവും.
ഈ മേധാവിത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഓസ്‌ട്രേലിയ ഒരു നിയമ നിര്‍മാണത്തിന് ഒരുങ്ങിയത്. രാജ്യത്തെ പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ അതിന് ആ കമ്പനികള്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം.
ടെലിവിഷനും, അച്ചടി മാധ്യങ്ങളും, റേഡിയോയും എല്ലാം ഓണ്‍ലൈനാവുന്ന കാലമാണ്. ഇന്റര്‍നെറ്റ് വാര്‍ത്തകളുടെ മുഖ്യ ഉറവിടമായി മാറിയിരിക്കുന്നു. പരമ്പരാഗത രീതിയിലുള്ള മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതികള്‍ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ് വഴിയുള്ള വരുമാനം ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള പരസ്യ ഭീമന്‍മാര്‍ നിശ്ചയിക്കുന്ന പടിയും.
ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന വാര്‍ത്തകള്‍ക്ക് മേല്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുകയും ആ ഉള്ളടക്കങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും പറയുകയാണ് ഓസ്‌ട്രേലിയ.
മാധ്യമസ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് വില നിശ്ചയിക്കാം. അല്ലാത്ത പക്ഷം സര്‍ക്കാര്‍ നിശ്ചയിക്കുന്ന മധ്യസ്ഥന്റെ ഇടപെടലില്‍ വില തീരുമാനിക്കും. നിര്‍ബന്ധമായും ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം നല്‍കിയിരിക്കണം.
അംഗീകരിക്കാനാവില്ല, മറ്റുവഴിയില്ലെങ്കില്‍ സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിളിന്റെ ഭീഷണി
ഉള്ളക്കങ്ങള്‍ക്ക് വിലനിര്‍ണയിക്കാന്‍ മാധ്യമസ്ഥാപനങ്ങളുമായി നിര്‍ബന്ധമായും കരാറിലേര്‍പ്പെടണം എന്ന് ആവശ്യപ്പെടുകയാണ് ഓസ്‌ട്രേലിയ. എന്നാല്‍ ഈ നിര്‍ബന്ധിച്ചുള്ള മാധ്യസ്ഥം അംഗീകരിക്കാനാവില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഇത് നടക്കില്ലെന്ന് ഗൂഗിള്‍ തറപ്പിച്ച് പറയുന്നു.
ഈ നിയമം യാഥാര്‍ത്ഥ്യമായാല്‍ ഞങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ഗൂഗിളിന്റെ റീജ്യണല്‍ ഡയറക്ടര്‍ മെല്‍ സില്‍വ പറഞ്ഞു.
എന്നാല്‍ ഇത്തരം ഭീഷണികളോട് പ്രതികരിക്കാന്‍ തങ്ങളില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ ഗൂഗിളിന് മറുപടി നല്‍കി.
ഗൂഗിള്‍ ഓസ്‌ട്രേലിയ വിടുമോ?
ഓസ്‌ട്രേലിയ ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ വിപണിയാണ്. 2019 ല്‍ എല്ലാ ചിലവുകളും കഴിച്ച് ഒരു വര്‍ഷംകൊണ്ട് കമ്പനി നേടിയത് 13.4 കോടി ഡോളറാണെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗൂഗിള്‍ പോയാല്‍ പിന്നെയുള്ളത്. മൈക്രോസോഫ്റ്റ് ബിങ്, യാഹൂ, ഡക്ക് ഡക്ക് ഗോ പോലുള്ള സെര്‍ച്ച് എഞ്ചിനുകളാണ്. എന്നാല്‍ അലക്‌സാ റാങ്കിങ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സൈറ്റ് ഗൂഗിളാണ്. യാഹൂ 11 ാം സ്ഥാനത്തും ബിങ് 33 ാം സ്ഥാനത്തുമാണ്.
ജിമെയില്‍, ഗൂഗിള്‍ മാപ്പ്‌സ്, യൂട്യൂബ് പോലുള്ള സേവനങ്ങളുടെയെല്ലാം പിന്തുണ ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ സാങ്കേതിക വിദ്യയ്ക്കുണ്ട് എന്നതാണ് ഈ സേവനത്തെ മറ്റുള്ളവയില്‍ നിന്നും വേറിട്ടതാക്കുന്നത്.
സെര്‍ച്ച് പിന്‍വലിക്കുമെന്ന ഭീഷണി ഈ അനുബന്ധ സേവനങ്ങളെ ബാധിക്കുമോ എന്ന് വ്യക്തമല്ല.
ഗൂഗിളിന് പകരക്കാര്‍ ഉണ്ടെങ്കിലും അവ വളരെ കുറച്ച് പേര്‍ മാത്രം ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഗൂഗിള്‍ സേവനങ്ങള്‍ അത്യാവശ്യമായി കാണുന്നവരാണ് വലിയൊരു വിഭാഗം ഉപഭോക്താക്കളും.
ഗൂഗിള്‍ സേവനങ്ങള്‍ ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് ചൈനയുടെ വാവേ ഫോണുകള്‍ വിപണിയില്‍ പിന്തള്ളപ്പെട്ടത് നമ്മള്‍ കണ്ടതാണ്.
അതുകൊണ്ടുതന്നെ ഗൂഗിളിന്റെ ഈ തീരുമാനം ഏത് രീതിയില്‍ ഒരു രാജ്യത്ത ബാധിക്കുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനുള്ള അവസരമായും ഗൂഗിള്‍ ഇതിനെ വിനിയോഗിച്ചേക്കാം.
ഓസ്‌ട്രേലിയയുടെ പക്ഷം
15 വര്‍ഷക്കാലം കൊണ്ട് രാജ്യത്തെ അച്ചടി മാധ്യമങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടായെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇക്കാലത്തിനിടയ്ക്ക് ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് നാടകീയമായ വളര്‍ച്ചയും സംഭവിച്ചു.
മാധ്യമ ഭീമനായ റുപെര്‍ട് മര്‍ഡോക്കിന്റെ ജന്മനാടായ ഓസ്‌ട്രേലിയ വൈവിധ്യമാര്‍ന്നൊരു മാധ്യമ വിപണിയാണ്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരമ്പരാഗത മാധ്യമങ്ങള്‍ കനത്ത നഷ്ടം നേരിടുകയും അതുമൂലം സേവനങ്ങള്‍ വെട്ടിക്കുറക്കേണ്ടി വരികയും ചെയ്തു. ഇത് മൂലം പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്താലിങ്കുകള്‍ക്ക് അതാത് സ്ഥാപനങ്ങള്‍ മാധ്യമവെബ്‌സൈറ്റുകള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിര്‍ദേശമാണ് ഓസ്‌ട്രേലിയ നല്‍കുന്നത്.
എങ്കിലും ഉള്ളടക്കങ്ങളുടെ വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ഇത് മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഈ വില പേശലില്‍ മുന്‍തൂക്കം നല്‍കുന്നത് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ്. മാധ്യമസ്ഥാപനങ്ങള്‍ക്ക് 'മാന്യമായ' പ്രതിഫലം നല്‍കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ മാന്യമായ തുക അംഗീകരിക്കാന്‍ ഗൂഗിളിന് ആയില്ലെങ്കില്‍ മധ്യസ്ഥനായെത്തുന്നയാള്‍ 'മാന്യമായ'തുക നിശ്ചയിക്കും. ഈ പക്ഷപാതിത്വപരമായ നിലപാടാണ് ഗൂഗിള്‍ എതിര്‍ക്കുന്നത്.
ഓസ്‌ട്രേലിയയുടെ നിലപാട് ലോകം അനുകരിക്കുമോ?
'ഇത് ലോകമെമ്പാടുമെത്താന്‍ പോവുകയാണ്. എല്ലാ വിപണിയില്‍ നിന്നും പിന്‍മാറാന്‍ നിങ്ങള്‍ക്കാവുമോ?' എന്നാണ് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ റെക്‌സ് പാട്രിക്‌സ് ഗൂഗിളിനോട് ചോദിക്കുന്നത്.
അദ്ദേഹം പറഞ്ഞ പോലെ ഇന്റര്‍നെറ്റില്‍ പങ്കുവെക്കപ്പെടുന്ന ഉള്ളടക്കത്തിന് വില നല്‍കണമെന്ന് മറ്റ് രാജ്യങ്ങള്‍ നിലപാട് എടുക്കുമോ.?
ഓസ്‌ട്രേലിയയുടെ ഈ തീരുമാനം ബാധിക്കുന്ന പ്രധാനപ്പെട്ട കമ്പനികള്‍ ഗൂഗിളും ഫെയ്‌സ്ബുക്കുമാണ്. ഇരു കമ്പനികളും അമേരിക്ക ആസ്ഥാനമാക്കിയുള്ളതാണ്.
നിയമനിര്‍മാണത്തിനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ട്രംപ് ഭരണകൂടം ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അസാധാരണ നീക്കമാണെന്നും അതിന് ദൂര വ്യാപക പ്രത്യാഘാതമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പും അമേരിക്ക നല്‍കി.
ഇത്തരം ഒരു സംഭവം ആദ്യമാണ്. നേരത്തെ സെര്‍ച്ച് റിസല്‍ട്ടില്‍ ചൈനീസ് ഉപഭോക്താക്കള്‍ക്ക് നിയന്ത്രങ്ങള്‍ കൊണ്ടുവന്നതല്ലാതെ സേവനം അവസാനിപ്പിക്കാനുള്ള നീക്കം ഗൂഗിള്‍ ഒരിക്കലും നടത്തിയിട്ടില്ല.
അതേസമയം സെര്‍ച്ച് എഞ്ചിനുകളും ന്യൂസ് അഗ്രഗേറ്റര്‍ സേവനങ്ങളും വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക്പ്രതിഫലം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു കോപ്പിറൈറ്റ് ചട്ടം യൂറോപ്പിലും വിവാദമായിട്ടുണ്ട്.
ഉള്ളടക്കത്തിന് വില നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില ഫ്രഞ്ച് വാര്‍ത്താ പ്രസാധകരുമായി ഗൂഗിള്‍ കരാര്‍ ഒപ്പിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വളരെ കുറച്ച് കരാറുകള്‍ മാത്രമേ ഈ രീതിയില്‍ സംഭവിച്ചിട്ടുള്ളൂ.
കടപ്പാട്: ബിബിസി