റെ പ്രധാനപ്പെട്ടൊരു പ്രഖ്യാപനമാണ് സോഷ്യല്‍ മീഡിയാ സ്ഥാപനമായ ഫെയ്‌സ്ബുക്ക് തിങ്കളാഴ്ച നടത്തിയത്. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള 1000 ല്‍ അധികം പേജുകള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. ദക്ഷിണേഷ്യയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഇത്രയും വലിയൊരു നടപടി ഇത് ആദ്യമാണ്.

ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പിന്റെ സമഗ്രതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിന് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ശ്രമങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിവരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ നേരിട്ട വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പിലുണ്ടാകരുതെന്ന ആഗ്രഹവും ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ക്കുണ്ട്.

സോഷ്യല്‍ മീഡിയാ പ്രചാരണങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയും, ദുരുപയോഗം ചെയ്യുകയും ചെയ്ത തിരഞ്ഞെടുപ്പുകളാണ് 2014 ലെ ഇന്ത്യന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും, 2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പും. ട്രംപിനെ അധികാരത്തിലേറ്റിയതിന് പിന്നില്‍ റഷ്യന്‍ ഏജന്‍സികളുടെ കരുതിക്കൂട്ടിയുള്ള സോഷ്യല്‍ മീഡിയാ ഇടപെടലുകളാണെന്ന വിമര്‍ശനം ശക്തമാണ്. അതേസമയം യുപിഎ സര്‍ക്കാരിനെതിരേ നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയുള്ള ഫലപ്രദമായ സോഷ്യല്‍ മീഡിയാ പ്രചാരണം 2014 ലെ ഇന്ത്യന്‍ തിരഞ്ഞെടുപ്പിലും ഫലം നിര്‍ണയിച്ചു.

inc
കോൺഗ്രസ് അനുകൂല പോസ്റ്റുകളിലൊന്ന്

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത്ര എളുപ്പമല്ല എന്ന് വ്യക്തമാക്കുന്നതാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ പ്രഖ്യാപനം. 1000 ല്‍ ഏറെ പേജുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍, ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്ക് രണ്ടും കല്‍പിച്ചു തന്നെയാണ് എന്ന് വ്യക്തം.

കൃത്യമായ മാനദണ്ഡത്തിലൂടെയാണ് ഇത്രയേറെ പേജുകളെ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രചരിപ്പിച്ച പേജുകള്‍ ആയിരുന്നു ഇവ. പാകിസ്താനില്‍ നിന്നുമുള്ള 103 പേജുകള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധമുള്ള 687 ഫെയ്‌സ്ബുക്ക് പേജുകളും അക്കൗണ്ടുകളും നരേന്ദ്രമോദിയുടെ 'നമോ' ആപ്പിന്റെ സ്രഷ്ടാക്കളായ സില്‍വര്‍ ടച്ച് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട 15 പേജുകളും തട്ടിപ്പുകള്‍ക്കെതിരെയുളള ഫെയ്‌സ്ബുക്കിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന 321 പേജുകളും ഇക്കൂട്ടത്തിലുണ്ട്. 

'കോ-ഓര്‍ഡിനേറ്റഡ് ഇന്‍ഒതന്റിക് ബിഹേവിയര്‍' 

'കോ-ഓര്‍ഡിനേറ്റഡ് ഇന്‍ഒതന്റിക് ബിഹേവിയര്‍' അഥവാ 'എകോപിതമായ ആധികാരികതയില്ലാത്ത പെരുമാറ്റം' കണക്കിലെടുത്താണ് ഫെയ്‌സബുക്ക് ഇത്രയേറെ പേജുകള്‍ നീക്കം ചെയ്തത്. 

ഒരു കൂട്ടം പേജുകളും ആളുകളും അവര്‍ ആരാണെന്നതിനെ കുറിച്ചോ, അവര്‍ ചെയ്യുന്നതിനെ കുറിച്ചോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഏകോപിതമായ ശ്രമത്തെയാണ്  കോ-ഓര്‍ഡിനേറ്റഡ് ഇന്‍ഒതന്റിക് ബിഹേവിയര്‍ എന്ന് വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ പെരുമാറ്റം ഒരു പോലെയാണെങ്കിലും അവ സംഘടിതമായ പദ്ധതിയുടെ ഭാഗമാവുമെന്ന് നിര്‍ബന്ധമില്ല. സോഷ്യല്‍ മീഡിയയുടെ മാത്രം പ്രശ്‌നമല്ല ഇത്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള ഏകോപിതമായ ശ്രമങ്ങള്‍ നൂറ്റാണ്ടുകളായി നടക്കുന്നതാണ്.

bjp
ബിജെപി അനുകൂല പോസ്റ്റുകളിലൊന്ന് 

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് അമേരിക്കന്‍ പേജുകളും, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട പേജുകളും ഫെയ്‌സ്ബുക്ക് മുമ്പ് നീക്കം ചെയ്തിട്ടുണ്ട്. 

ഇന്ത്യയിലും പാകിസ്താനിലും ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയാ വ്യത്യസ്ത ശൃംഖലകളാണ് ഫെയ്‌സ്ബുക്ക് കണ്ടെത്തിയത്. ഇന്ത്യയിലേയും പാകിസ്താനിലെയും ഇത്തരം പേജുകള്‍ തമ്മില്‍ പരസ്പര ബന്ധമില്ലെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവ ഒരേ വിദ്യകളാണ് പ്രാവര്‍ത്തികമാക്കിയിരുന്നത് എന്ന് ഫെയ്‌സ്ബുക്ക് ചൂണ്ടിക്കാണിക്കുന്നു.

ലക്ഷ്യം പലത്, മാര്‍ഗം ഒന്ന് 

കശ്മീര്‍ വിഷയം ഉള്‍പ്പടെ കൈകാര്യം ചെയ്ത പാകിസ്താന്‍ പേജുകളാണ് നീക്കം ചെയ്യപ്പെട്ടത്. പാകിസ്താന്‍ ആര്‍മിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗവുമായി ബന്ധമുള്ള പേജുകളും ഇക്കൂട്ടത്തിലുണ്ടെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു. 

തിരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥികളുടെ വാര്‍ത്തകള്‍, കോണ്‍ഗ്രസ് പാര്‍ട്ടി, ബിജെപിയ്‌ക്കെതിരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ എന്നിവ കൈകാര്യം ചെയ്ത വ്യാജ പേജുകളും അക്കൗണ്ടുകളുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധമുള്ളവായണെന്ന് ഫെയ്‌സ്ബുക്ക് പറയുന്നത്. രണ്ട് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള പേജുകള്‍ ഇക്കൂട്ടത്തിലുണ്ട്. 

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുന്ന പേജുകളാണ് ബിജെപിയുമായി ബന്ധമുള്ള സില്‍വര്‍ ടച്ച് എന്ന ഐടി സ്ഥാപനവുമായി ബന്ധപ്പെട്ടവയാണെന്ന് ഫെയ്‌സ്ബുക്ക് കണ്ടെത്തിയത്. ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇക്കൂട്ടത്തിലുണ്ട്. 

pak
പാകിസ്താൻ പേജുകളിൽ വന്ന പോസ്റ്റുകളിലൊന്ന്

ശക്തമായ പരിശോധന

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശക്തമായ പരിശോധനയാണ് ഫെയ്‌സ്ബുക്ക് നടത്തി വരുന്നത്. വ്യാജവാര്‍ത്തകള്‍, ഒരേ പേരിലുള്ള പല അക്കൗണ്ടുകള്‍, മറ്റൊരാളുടെ പേരിലുള്ള വ്യാജ പേജുകള്‍, മാല്‍വെയറുകളിലേക്കുള്ള ലിങ്കുകള്‍, ഗ്രൂപ്പുകളുടെ ശൃംഖലകളില്‍ വന്‍തോതില്‍ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യല്‍ എന്നിവയെല്ലാം ഫെയ്‌സ്ബുക്കിന്റെ നടപടിക്ക് വിധേയമാവും. നിരന്തരമായ ശ്രമങ്ങള്‍ അതിനുവേണ്ടി നടക്കുന്നുണ്ടെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. ആളുകളെ ഉപയോഗിച്ചും ഓട്ടോമാറ്റിക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുമാണ് ഫെയ്‌സ്ബുക്ക് ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നത്.

Content Highlights: Facebook, fake news, misinformation, malware, spam, action, congress, indian election, congress, bjp