ന്റര്‍നെറ്റ് ഓഫ് തിങ്സും, ഓട്ടോണമസ് കാറുകളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്‌നമുണ്ട്. സാങ്കേതിക വിദ്യ പണിമുടക്കിയാല്‍ നമ്മള്‍ പെട്ടുപോകാന്‍ ഇടയുണ്ട്.

ഇക്കഴിഞ്ഞ മാസം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവ ഡൗണ്‍ ആയത് ഓര്‍മ്മയില്ലേ? ആ സമയത്ത് പ്രശ്‌ന പരിഹാരത്തിന് സെര്‍വറുകള്‍ സൂക്ഷിച്ചിട്ടുളള സര്‍വര്‍ കേജില്‍ കയറി കോണ്‍ഫിഗറേഷന്‍ ശരിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാരണം എന്താണെന്നോ? അതിനകത്തു കയറാനുള്ള പൂട്ട് ഫേസ്ബുക്കിന്റെ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ പൂട്ടായിരുന്നു. ഫേസ്ബുക്ക് പണി മുടക്കിയപ്പോള്‍ പൂട്ടും പ്രവര്‍ത്തനക്ഷമം അല്ലാതായി. എന്നിട്ടവര്‍ അന്ന് ആംഗിള്‍ ഗ്രൈന്റര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്താണ് സെര്‍വര്‍ കേജില്‍ കയറിയത് എന്നാണു പറയപ്പെടുന്നത്. എന്തായാലും നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സാങ്കേതിക വിദ്യയ്ക്ക് അടിയറവു വച്ചാല്‍ ഇത്തരം അമളികള്‍ പറ്റാന്‍ സാധ്യതയുണ്ടെന്ന് തീര്‍ച്ച.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഓരോ ഉപകരണവും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന അവസ്ഥ വിദൂരമല്ല. ഇന്ന് തന്നെ അലക്‌സയും, ഗൂഗിള്‍ ഹോമും, സ്മാര്‍ട്ട് ടെലിവിഷനും, സ്മാര്‍ട്ട് ഏസിയും, റോബോട്ടിക്ക് വാക്വം ക്‌ളീനറുമൊക്കെ നമ്മുടെ വീടുകളില്‍ ഇടം പിടിക്കാന്‍ തുടങ്ങി. ഫ്രിഡ്ജും, വാഷിങ് മെഷീനും, എന്തിനു വീട്ടിലെ മൊത്തം സ്വിച്ച്ും ലൈറ്റും സെക്യൂരിറ്റി സിസ്റ്റവും അടങ്ങുന്ന സംവിധാനം തന്നെ ഇങ്ങനെ നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്ന നാളെയാണ് പടിവാതില്‍ക്കല്‍ നില്‍ക്കുന്നത്. ഇതില്‍ പലതിനും അതിന്റെ ആപ്പോ, ഇന്റര്‍നെറ്റോ ഒക്കെ ഇല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുമാണ്.

ടെസ്‌ല കാറുകള്‍ക്ക് ഇക്കഴിഞ്ഞ ദിവസം നേരിട്ടതും ഇതുപോലെയുള്ള ഒരു പ്രശ്‌നം ആയിരുന്നു. ലോകത്തിന്റെ പല ഭാഗത്തുള്ള ടെസ്‌ല ഉടമസ്ഥര്‍ വണ്ടിയെടുത്തൊന്നു കറങ്ങിയേക്കാം എന്ന് വിചാരിച്ച് കഴിഞ്ഞ ശനിയാഴ്ച ചെല്ലുമ്പോള്‍ അതാ ഒരു പ്രശ്‌നം: വണ്ടി തുറക്കാനുള്ള ആപ്പില്‍ ഒരു സര്‍വര്‍ എറര്‍. എന്ത് ചെയ്താലും ആപ്പ് പ്രവര്‍ത്തിക്കുന്നുമില്ല, വണ്ടി തുറക്കാന്‍ കഴിയുന്നുമില്ല. സ്വിച്ചൊക്കെ കേടായ ടിവിയുടെ റിമോട്ട് കേട് വന്നാല്‍, രണ്ട് അടി കൊടുത്താലെങ്കിലും ശരിയാവും. ഇതാണെങ്കില്‍ അങ്ങനെ ഒരു വഴിയുമില്ല താനും. വണ്ടി എടുക്കാന്‍ നിവര്‍ത്തി ഇല്ലാതെ ടെസ്‌ല ഉടമസ്ഥര്‍ പലരും ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. ഇപ്പം ശരിയാക്കിത്തരാം എന്ന് മസ്‌ക് പറയുകയും ചെയ്തു; ഇനി ഇത്തരം ഒരു പ്രശ്‌നം സംഭവിക്കില്ല എന്നും.

സംഭവത്തെക്കുറിച്ച് മസ്‌കോ ടെസ്ലയോ പരസ്യ പ്രസ്താവനകള്‍ ഒന്നും ഇറക്കാത്തത് കൊണ്ട് സംഭവിച്ചത് എന്താണെന്ന് പുറത്തുള്ള ആര്‍ക്കും കൃത്യമായി അറിയില്ല. എന്നിരുന്നാലും ഈ മാസം പതിനെട്ടാം തീയതി അവരുടെ ആപ്പിന്റെ പുതിയ പതിപ്പ് വന്നപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ ആണ് ഈ പെട്ട് പോയ ഉപഭോക്താക്കള്‍ എന്നാണു അനുമാനം. ഈ പുതിയ പതിപ്പ് വന്നതിനു ഏതാനം ദിവസങ്ങള്‍ക്കകം ആണ് downdetector.com എന്ന സേവനങ്ങള്‍ ഡൗണ്‍ ആവുന്നത് ട്രാക്ക് ചെയ്യുന്ന സൈറ്റ് ടെസ്‌ല ഡ്രൈവര്‍മാരുടെ അവസ്ഥ കണ്ട് പിടിച്ചത്. ഇത് രണ്ടും കൂടി ഒരുമിച്ച് വായിച്ചാല്‍ പുതിയ ആപ്പ് തന്നെ ആയിരിക്കണം പ്രതി.

Teslaസംഭവം ഇങ്ങനെയൊക്കെ ആയിരുന്നാലും നാല് മണിക്കൂറിനകം മസ്‌കിന്റെ കമ്പനി പ്രശ്‌നം പരിഹരിച്ച് വണ്ടികള്‍ സ്റ്റാര്‍ട്ട് ആക്കും വിധം കാര്യങ്ങള്‍ ശരിയാക്കിക്കൊടുത്തു. ബ്ലൂടൂത്ത് വഴിയുള്ള ഈ ഡിജിറ്റല്‍ താക്കോല്‍ കൂടാതെ ഫിസിക്കല്‍ താക്കോല്‍ വഴിയും വണ്ടി എടുക്കാമെങ്കിലും അത് പലരും കൈവശം വയ്ക്കാറില്ല എന്നാണു മനസ്സിലാക്കേണ്ടത്. 

നമുക്കെല്ലാം സാങ്കേതിക വിദ്യയിലുള്ള അമിത വിശ്വാസം സാങ്കേതിക വിദ്യ പണി തന്നാല്‍ എന്ത് എന്ന ചോദ്യം തന്നെ നമ്മളെകൊണ്ട് ചോദിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. ഫുള്‍ ഡിജിറ്റല്‍ അല്ലെ, ഇതില്‍ എന്ത് അബദ്ധം പറ്റാന്‍ എന്നതാണ് നമ്മുടെ ഒക്കെ ഉള്ളിലുള്ള ചോദ്യം. 

ഫേസ്ബുക്കിനും, ടെസ്ലയ്ക്കും പറ്റിയ ഈ പാളിച്ചകളില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം: ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രവര്‍ത്തിച്ചില്ലെങ്കില്‍ എങ്ങനെ ഒരു കാര്യം ചെയ്യാന്‍ കഴിയും എന്നത് നമ്മള്‍ ആലോചിക്കേണ്ടി ഇരിക്കുന്നു. അതിലെ ആപ്പ് തൊട്ട് ഇന്റര്‍നെറ്റ് വരെ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തപ്പോള്‍ ഇങ്ങനെ ആലോചിക്കുക തന്നെ വേണം. ഏതും എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തന രഹിതമാകാം. കറന്റില്ലാത്തപ്പോള്‍ ചമ്മന്തി വരയ്ക്കാന്‍ മിക്‌സിക്ക് പകരം അമ്മിക്കല്ല് ഉപയോഗിക്കുന്നത് പോലെ (അല്ലെങ്കില്‍ ചമ്മന്തി വേണ്ട എന്ന് വയ്ക്കുക!) ഒരു ഡിജിറ്റല്‍ ലോകത്തും ഒരു ബാക്ക്ആപ്പ് നല്ലതാണ്.

Content Highlights: Tesla Outage, Facebook Outage, Internet of things,