ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് 19 ബില്യണ്‍ ഡോളറിനായിരുന്നു ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പിനെ വാങ്ങിയത്. (ഇന്ത്യന്‍ കറന്‍സി പ്രകാരം 1,235,000,000,000 രൂപയ്ക്ക് മേലെ). അന്ന് വാട്‌സ് ആപ്പിന് വേണ്ടി വിലപേശിയതും വില ഉറപ്പിച്ചതും ഒരു ഇന്ത്യക്കാരനായിരുന്നു. ഡല്‍ഹി ഐ.ഐ.ടി.യില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ നീരജ് അറോറ. 

2000-ത്തില്‍ ആണ് നീരജ് ബി.ടെക് പാസാകുന്നത്. അതിനു ശേഷം 'അക്‌സെലിയണ്‍', 'ടൈംസ് ഓഫ് ഇന്ത്യ'യുടെ ഇന്റര്‍നെറ്റ് സ്ഥാപനമായ 'ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്' എന്നിവയില്‍ ജോലി ചെയ്തു. 2007-ല്‍ നീരജ് 'ഗൂഗിളി'ല്‍ കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് മാനേജര്‍ എന്ന തസ്തികയില്‍ ജോലിക്കു കയറി. 1998-ല്‍ മാത്രം രൂപം കൊണ്ട ഗൂഗിള്‍ അന്ന് പല രീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്ന കാലം.

ഗൂഗിളിന്റെ വിജയം തന്നെ ആയിരുന്നു അതിനു കാരണം. നാടെങ്ങും കൂണുകള്‍ പോലെ സ്റ്റാര്‍ട്ടപ്പുകള്‍... അവയില്‍ പലതും ഗൂഗിളിന് വെല്ലുവിളികള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളവയാണ്. മാത്രമല്ല, ഫേസ്ബുക്ക് പോലെയുള്ളവയും കടന്നു വന്നുകഴിഞ്ഞു. നീരജിന്റെ ഒരു പ്രധാന ജോലി, അത്തരം കമ്പനികളെ കണ്ടെത്തുകയും ഒന്നുകില്‍ അവയില്‍ നിക്ഷേപം നടത്തുകയോ അല്ലെങ്കില്‍ അവയെ ഏറ്റെടുക്കുകയോ ചെയ്യുക എന്നുള്ളതായിരുന്നു.

ഗൂഗിളിന് മുന്‍പും പല കമ്പനികള്‍ വിജയം കണ്ടിട്ടുണ്ട്. പക്ഷേ, അവര്‍ക്കെല്ലാം ഒരു വലിയ പരിമിതിയുണ്ടായിരുന്നു. അവര്‍ ഒന്നുകില്‍ 'സിലിക്കണ്‍ വാലി'ക്കു വേണ്ടി, അല്ലെങ്കില്‍ കാലിഫോര്‍ണിയയ്ക്കു വേണ്ടി, കൂടിവന്നാല്‍ അമേരിക്കയ്ക്ക് വേണ്ടിയാണ് കമ്പനികള്‍ ഉണ്ടാക്കിയിരുന്നത്. ആഗോളതലത്തിലുള്ള മാര്‍ക്കറ്റിങ് എന്നൊന്ന് അവര്‍ക്കില്ലായിരുന്നു എന്നു സാരം. പക്ഷേ, നീരജിന്റെ ദൗത്യം കടല്‍ കടന്ന് ലോകത്തെമ്പാടും ചെന്നു. ഇന്ത്യയില്‍ത്തന്നെ നാലു കമ്പനികളില്‍ ഗൂഗിള്‍ പണം മുടക്കുന്നത് ഈ കാലഘട്ടത്തിലാണ്.

എങ്കിലും 2010-ല്‍ പ്രിന്‍സിപ്പല്‍ കോര്‍പ്പറേറ്റ് ഡെവലപ്പ്‌മെന്റ് എന്ന തസ്തികയില്‍ എത്തിയതിനു ശേഷമാണ് വളരെ പ്രധാനപ്പെട്ട സഗാറ്റ്, ഡെയ്ലി ഡീല്‍, സ്ലൈഡ്, പിക്‌നിക്, ക്ലെവര്‍ സെന്‍സ്, പിറ്റ് പാറ്റ്, ടോക് ബി എന്നിവയെ ഗൂഗിളിന് വേണ്ടി നീരജ് ഏറ്റെടുക്കുന്നത്. ഗൂഗിളിന്റെ ഏറ്റെടുക്കലുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ സിലിക്കണ്‍ വാലിയെ ഒന്നാകെ കുലുക്കിയിരുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യം തന്നെ ഗൂഗിളിനെക്കൊണ്ട് ഏറ്റെടുപ്പിക്കാവുന്ന തരം സംരംഭങ്ങള്‍ കണ്ടെത്തുക എന്ന നിലയിലായി കാര്യങ്ങള്‍.

ഇത്തരം ഒരു അന്തരീക്ഷത്തിലാണ് നീരജിന്റെ ശ്രദ്ധ 2009-ല്‍ മാത്രം തുടങ്ങിയ വാട്‌സ് ആപ്പില്‍ വീഴുന്നത്. തുടങ്ങി വെറും മൂന്നു വര്‍ഷം കൊണ്ട്   വാട്‌സ് ആപ്പ് പലരുടെയും കണ്ണിലെ കരടാകുകയും ഗൂഗിള്‍ ഉള്‍പ്പെടെ പലര്‍ക്കുമതിനെ വിലയ്ക്കു വാങ്ങിയാല്‍ കൊള്ളാമെന്നും ഉണ്ടായിരുന്നു.

നീരജുമായി പലതവണ വാട്‌സ് ആപ്പ് മേധാവികള്‍ സംസാരിച്ചു. അവസാന റൗണ്ടില്‍ വില ഏതാണ്ട് ധാരണയാവുകയും ചെയ്തിരുന്നു. അന്ന് ഗൂഗിള്‍   വാട്‌സ് ആപ്പിന് നല്‍കാമെന്നു പറഞ്ഞ തുക പത്ത് ബില്യണ്‍ ഡോളര്‍ ആയിരുന്നു.

അതറിഞ്ഞ ടെക് ലോകം ഞെട്ടി. എങ്കിലും അവസാന നിമിഷം അത് വഴുതിപ്പോയി. ഗൂഗിള്‍ ഏറ്റെടുത്താലും ബോര്‍ഡില്‍ നിലവിലെ ഉടമകള്‍ക്ക് സ്ഥാനം വേണമെന്നായിരുന്നു വാട്‌സ് ആപ്പിന്റെ ആവശ്യം. എന്നാല്‍, ഗൂഗിള്‍ ഇതിനു തയ്യാറല്ലായിരുന്നു. അതോടെ ഏറ്റെടുക്കല്‍ മുടങ്ങി.
വാട്‌സ് ആപ്പുമായി ചര്‍ച്ചകള്‍ നടത്തിയതൊക്കെ നീരജ് ആയിരുന്നു. വാട്‌സ് ആപ്പിന്റെ ശോഭനമായ ഭാവി മുഴുവനും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നു, നീരജിന്.

മാസങ്ങള്‍ക്കുള്ളില്‍ നീരജ് ഗൂഗിള്‍ വിട്ട് വാട്‌സ് ആപ്പില്‍ ചേര്‍ന്നു. വാട്‌സ് ആപ്പില്‍ എന്താണ് ജോലി എന്ന് കൃത്യമായി നീരജ് തന്റെ വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്: 'All things business at whatsapp' (ബിസിനസുമായി ബന്ധപ്പെട്ടതെല്ലാം). അടുത്ത വര്‍ഷം ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പിനെ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു. വാട്‌സ് ആപ്പിന്റെ വൈസ് പ്രസിഡന്റായിരുന്ന നീരജ് പറഞ്ഞ എല്ലാ നിബന്ധനകളും ഫെയ്‌സ്ബുക്ക് അംഗീകരിച്ചു.

പത്തൊന്‍പത് ബില്യണ്‍ ഡോളറിന് (കൃത്യമായി പറഞ്ഞാല്‍ 19.3 ബില്യണ്‍ ഡോളര്‍) ഫെയ്‌സ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തുകൊണ്ട് ഗൂഗിളിനെ വരെ ഞെട്ടിച്ചു. വാട്‌സ് ആപ്പില്‍ വൈസ് പ്രസിഡന്റായിരുന്ന നീരജ് ഇപ്പോള്‍ 'ബിസിനസ് ഗൈ (Business Gui)' എന്നു മാത്രമാണ് സ്ഥാനപ്പേരായി തിരഞ്ഞെടുത്തത്.

എങ്കിലും ടെക് ലോകം അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന ഓമനപ്പേര് 'വാട്‌സ് ആപ്പിന്റെ രഹസ്യായുധം (Whats App's Secret Weapon) എന്നാണ്. ഇന്ത്യയില്‍ 'പേ ടി എമ്മി'ന്റെ ബോര്‍ഡംഗം കൂടിയാണ് നീരജ് അറോറ എന്ന മുപ്പത്തിയെട്ടുകാരന്‍.