ഫെയ്‌സ്ബുക്ക് പേര് മാറുകയാണ്. ആരും ആദ്യം കേള്‍ക്കുമ്പോള്‍ അമ്പരന്നുപോയ വാര്‍ത്തയാണിത്. വലിയൊരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഫെയ്‌സ്ബുക്ക് പേര് മാറ്റുമ്പോള്‍ ആകാംഷയും അമ്പരപ്പും ഉണ്ടാവാതിരിക്കുന്നതെങ്ങനെ! എന്തായാലും നമ്മള്‍ ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്ക് ആപ്പിന്റേയും ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിന്റേയും പേര് മാറ്റാനല്ല. മറിച്ച് ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റും, വാട്‌സാപ്പും, ഇന്‍സ്റ്റാഗ്രാമുമെല്ലാം അടക്കിവാഴുന്ന ഫെയ്‌സ്ബുക്ക് ഐഎന്‍സി എന്ന അമേരിക്കന്‍ കമ്പനിയുടെ പേരാണ് മാറാന്‍ പോവുന്നത്. മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളിലും സേവനങ്ങളിലും ശ്രദ്ധയൂന്നാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പേര് മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ് ആണ് മെറ്റാവേഴ്‌സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക്  ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും (അവതാര്‍). പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. 

മെറ്റാവേഴ്‌സ് ആണ് ഇന്റര്‍നെറ്റിന്റെ ഭാവി എന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രവചനം. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളില്‍ കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനും സക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നു. 

ഫെയ്‌സ്ബുക്കിന് പ്രാമുഖ്യം നഷ്ടപ്പെടുന്നു? 

2004 ല്‍ സക്കര്‍ബര്‍ഗും സഹപാഠികളും ചേര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിര്‍മിച്ച സോഷ്യല്‍മീഡിയാ വെബ്‌സൈറ്റാണ് ഫെയ്‌സ്ബുക്ക്. പിന്നീട് അത് ആഗോളതലത്തില്‍ ലഭ്യമാക്കുകയും വളര്‍ച്ച കൈവരിക്കുകയും ചെയ്തു. അന്ന് മുതല്‍ ഇന്ന് വരെ കമ്പനിയുടെ അടിസ്ഥാന ശിലയായി നിലകൊണ്ട സേവനമായിരുന്നു ഫെയ്‌സ്ബുക്ക്. 

അടുത്തകാലത്ത് കമ്പനി ഏറ്റെടുത്ത ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഒകുലസ് പോലുള്ള ചെറുതും വലുതുമായ സേവനങ്ങളേയും അതിന്റെ ഉപശാഖകളേയുമെല്ലാം നിയന്ത്രിക്കുന്ന മാതൃസ്ഥാപനമായി ഫെയ്‌സ്ബുക്ക് മാറിയപ്പോഴും ആ പേര് ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഫെയ്‌സ്ബുക്ക് എന്ന വെബ്‌സൈറ്റിനേയും ഫെയ്‌സ്ബുക്ക് എന്ന കോര്‍പ്പറേറ്റ് കമ്പനിയേയും വേര്‍തിരിക്കാന്‍ ഒരു അക്ഷരം പോലും അധികം ചേര്‍ക്കാതിരുന്നതിന് അന്ന് കമ്പനി ചെറുതായി കളിയാക്കപ്പെട്ടിരുന്നു. 

മെറ്റാവേഴ്‌സില്‍ ശ്രദ്ധയൂന്നുന്ന ഒരു കമ്പനിയായി മാറാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഫെയ്‌സ്ബുക്ക് എന്ന സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റിന്റെ പ്രാമുഖ്യം നഷ്ടപ്പെടുന്നു എന്നര്‍ത്ഥം. കമ്പനിയ്ക്ക് പുതിയ പേര് വരുന്നതോടെ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, മെസഞ്ചര്‍, പോലെ കമ്പനിയുടെ കീഴിലുള്ള ഒരു കൂട്ടം ഉല്‍പ്പന്നങ്ങളില്‍ ഒന്ന് മാത്രമായി ഫെയ്‌സ്ബുക്ക് മാറും. 

വിവാദങ്ങളില്‍ നിന്നും രക്ഷനേടാനുള്ള ശ്രമം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരന്തരം വിവാദങ്ങളില്‍ അകപ്പെടുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ഫെയ്‌സ്ബുക്ക്. വിവരച്ചോര്‍ച്ച മുതല്‍ തീവ്രവാദം, വംശീയത, കലാപം, ആത്മഹത്യ ഉള്‍പ്പടെയുള്ളവ  ഫെയ്‌സ്ബുക്കിന്റൈ സ്വാധീനത്തില്‍ സംഭവിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും കമ്പനി ക്രൂശിക്കപ്പെടുകയും ചെയ്യുകയുണ്ടായി. ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിന് നേരെയുള്ള വിമര്‍ശനങ്ങള്‍ പക്ഷെ കമ്പനിയെ മൊത്തത്തില്‍ ബാധിക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായി. അതിന് കാരണമാവുന്നതും സമാനമായ പേര് തന്നെയാണെന്ന് പറയാം. 

പ്രവര്‍ത്തന മേഖല മറ്റ് പലതിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക് ഐഎന്‍സി എന്ന സ്ഥാപനം. ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിനോ മറ്റ് ഉല്‍പന്നങ്ങള്‍ക്കോ നേരെയുള്ള വിവാദങ്ങള്‍ കമ്പനിയെ മൊത്തത്തില്‍ ബാധിക്കാതിരിക്കുക എന്ന ഉദ്ദേശവും പേരുമാറ്റമെന്ന തീരുമാനത്തിന് പിറകിലുണ്ടാകാനിടയുണ്ട്. 

facebook servicesഗൂഗിളിനെയും ആല്‍ഫബെറ്റിനേയും മാതൃകയാക്കുമ്പോള്‍

1998 ല്‍ രൂപീകരിക്കപ്പെട്ട ഗൂഗിള്‍ 2015 ലാണ് പുനസംഘടനയിലൂടെ ആല്‍ഫബെറ്റ് ഐഎന്‍സി എന്ന കമ്പനിയ്ക്ക് തുടക്കമിട്ടത്. ഇതോടെ ആല്‍ഫബെറ്റിന് കീഴിലാണ് ഗൂഗിള്‍. ഗൂഗിളിനെ കൂടാതെ ഫിറ്റ്‌നസ് വെയറബിള്‍ സ്ഥാപനമായ ഫിറ്റ്ബിറ്റ്, ഫൈബര്‍ ഇന്റര്‍നെറ്റ് സേവമായ ഗൂഗിള്‍ ഫൈബര്‍, വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ജിവി, റോബോട്ടിക് സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്‍ട്രിന്‍സിക്, ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യയ്ക്കായുള്ള വേമോ പോലുള്ള സ്ഥാപനങ്ങളും ആല്‍ഫബെറ്റിന് കീഴിലാണ്. 

ഈ ഘടനയില്‍ പുതിയ പേരിലുള്ള മാതൃസ്ഥാപനത്തിന് കീഴില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സേവനങ്ങളെ അണിനിരത്താനാണ് കമ്പനിയുടെ ശ്രമം. 

ഫെയ്‌സ്ബുക്കിന്റെ പുതിയ പേര് എന്താവും? 

ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനത്തിന്റെ പേര് മാറ്റാന്‍ പോവുന്നുവെന്ന പ്രഖ്യാപനം വന്നതോടെ കമ്പനിയുടെ പുതിയ പേര് എന്താകും എന്നുള്ള ചര്‍ച്ചയിലാണ് സമൂഹ മാധ്യമങ്ങള്‍. സോഷ്യല്‍ മീഡിയാ സ്ഥാപനം എന്നതില്‍ നിന്ന് മാറി ഒരു മെറ്റാവേഴ്‌സ് കമ്പനിയായി മാറാനുള്ള ശ്രമത്തിലാണ് സക്കര്‍ബര്‍ഗ് തുടക്കമിട്ട കമ്പനി. 

എഫ്.ബി. എന്ന ചുരുക്ക പേര് മുതല്‍ ദി ഫെയ്‌സ്ബുക്ക് എന്ന പേര് വരെ ആളുകള്‍ പറയുന്നുണ്ട്. ഹൊറൈസണ്‍ എന്ന പേരും ആളുകള്‍ നിര്‍ദേശിക്കുന്നു. മെറ്റാ വേഴ്‌സ് കമ്പനിയായതിനാല്‍ മെറ്റാ (Meta)എന്ന വാക്ക് കൂടി ചേര്‍ന്ന പേരായിരിക്കും എന്നും ആളുകള്‍ പറയുന്നു. 

ഒക്ടോബര്‍ 28-ഓടുകൂടി പുതിയ പേര് പ്രഖ്യാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.