വ്യോമാപകടങ്ങള്‍ പ്രവചനാതീതമാണ്. 'വിമാനം', എന്ന യാത്രാ മാധ്യമം കണ്ടുപിടിക്കപ്പെട്ട കാലം മുതല്‍ തുടങ്ങിയതാണ് വ്യോമാപകടങ്ങള്‍. വ്യേമ സഞ്ചാരങ്ങള്‍ കൂടിയതോടെ അതിനാനുപാതികമായി അപകടങ്ങളും വര്‍ധിച്ചു. ഇവയില്‍ പലതും യന്ത്രത്തകരാറുകള്‍ കൊണ്ടോ, യഥാസമയങ്ങളില്‍ യാഥാവിധിയാലുള്ള അറ്റകുറ്റ പണികളുടെ അഭാവം മൂലമോ, പ്രതികൂല കാലവസ്ഥയാലോ, വിമാനം നിയന്ത്രിക്കുന്ന പൈലറ്റിന്റെ കണക്കുകൂട്ടലുകള്‍ക്കു പിഴവുകള്‍ സംഭവിക്കുന്നതിനാലോ ആവാം. 

എന്തുതന്നെയായാലും അസംഖ്യം മനുഷ്യജീവനുകളാണ് ഇവയിലൂടെ ഹോമിക്കപ്പട്ടുകൊണ്ടിരിക്കുന്നത്. അതേയവസരത്തില്‍ ഇവയെല്ലാം തടയാനുള്ള നിരവധി പ്രയത്നങ്ങള്‍ അഭംഗുരം തുടര്‍ന്നു വരുന്നുമുണ്ട്. പല വ്യോമാപകടങ്ങള്‍ക്കും വിരാമമിടാന്‍ സാധിക്കുമെന്നതിന്റെ പ്രത്യക്ഷോദാഹാരണമാണ് ഒരു സൈനിക എയര്‍ഫോഴ്സ് സ്റ്റേഷന്‍ പരിധിയില്‍ അരങ്ങേറിയ ഈ സംഭവം.

ചില നിസ്സാര അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരീക്ഷണ പറക്കലില്‍ ആയിരുന്ന, അങ്ങേയറ്റം വിലപിടിപ്പുള്ളതും, ഇന്ത്യന്‍ പ്രതിരോധനിരയിലെ അഭിമാനവുമായ, ഒരു യുദ്ധവിമാനം, ആകാശത്തിലേക്ക് പറന്നുയര്‍ന്നു, കുറച്ചു സമയങ്ങള്‍ക്കകം തന്നെ പൈലറ്റിന്, വിമാനം താഴെ റണ്‍വേയില്‍ ഇറക്കുവാന്‍ അവശ്യം വേണ്ട 'ലാന്‍ഡിംഗ് ഗിയര്‍' അഥവാ 'അണ്ടര്‍ ക്യാരേജ്' എന്ന സംവിധാനം പ്രവര്‍ത്തനരഹിതമായതായി കാണുവാന്‍ കഴിഞ്ഞു. 

Jayamohan Mayampurath
മായംപുറത്ത് ജയമോഹൻ | Photo: Linkedin

ഒന്നു പ്രവര്‍ത്തിക്കാതായാല്‍ അടുത്തത് ഉപയോഗിക്കുവാനായി സാധാരണയായി വിമാനത്തില്‍ ഹൈഡ്രോളിക് ഓയില്‍ സമ്മര്‍ദ്ദത്താല്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രസ്തുത സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. പക്ഷേ ഈ സംഭവത്തില്‍ രണ്ടു സംവിധാനങ്ങളും ഒരേസമയം പ്രവര്‍ത്തിക്കാതെ വരികയായിരുന്നു. തത്സമയം തന്നെ പൈലറ് ഈ വിവരം താഴെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ (എ.ടി.സി ) യെ അറിയിച്ചു. 

ഇവിടെ അത്യാവശ്യഘട്ടങ്ങളില്‍ പ്രത്യേകിച്ചും ഇതുപോലുള്ള പ്രതിസന്ധികളില്‍ ഒത്തുചേരുവാനായി തങ്ങി വരാറുള്ള ഒരു കൂട്ടം വിദഗ്ധ പൈലറ്റുമാരും ഉയര്‍ന്ന പദവിയിലുള്ള എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ബേസ് കമാന്‍ഡറുടെ കല്പനപ്രകാരം അവിടേക്ക് ഓടിക്കൂടുകയും ഉടന്‍തന്നെ ഈ വിധത്തിലുള്ള നിര്‍ണായക അവസരങ്ങള്‍ മറികടക്കാനുള്ള വിവരങ്ങളും സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുന്നതുമായ 'എയര്‍ ക്രു മാന്വലും',' ലാന്‍ഡിങ് ഗിയര്‍ സര്‍വീസിങ് മാന്വലും' പൈലറ്റ് തന്റെ കൈവശം കൊണ്ടുനടക്കാനുള്ള ആധികാരിക വിവരങ്ങള്‍ നല്‍കുന്ന രേഖാ ചുരുളുകളും' അതിശീഖ്രം ഒന്നിന് പിറകെ ഒന്നായി മറിച്ചുനോക്കി ആവശ്യമായ വിവിധ  നിര്‍ദ്ദേശങ്ങള്‍ റേഡിയോ ടെലിഫോണ്‍ (ആര്‍. ട്ടി) മുഖാന്തരം പൈലറ്റിന് കൈമാറിക്കൊണ്ടിരുന്നു.

പക്ഷേ വിധി വൈപരീത്യം എന്ന് പറയട്ടെ, ഇവയൊന്നും തന്നെ ഫലവത്തായില്ല. ഈ സമയമത്രയും ഈ എയര്‍ഫോഴ്സ് സ്റ്റേഷന്‍ ബേസ് വിമാനത്താവളം മറ്റൊരു വിമാനത്തിനും ഗതാഗത അനുവാദം നല്‍കാതെ പൂര്‍ണമായും അടച്ചു. ഈ പ്രതിസന്ധി ഉയര്‍ന്ന പദവിയിലുള്ള മേലധികാരികളെ അറിയിക്കുവാന്‍,ബേസ് കമാന്‍ഡര്‍ നിര്‍ബന്ധിതനായി. ഇന്റര്‍നാഷണല്‍ സബ്സ്‌ക്രൈബ് ഡയലോഗിലൂടെ ഈ വിമാന നിര്‍മാതാക്കളായ ബ്രിട്ടീഷ് 'എയറോ സ്പേസ് ഇംഗ്ലണ്ടുമായി' ബന്ധപ്പെട്ടു ഇവരും തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിക്കുകയാണ് ഉണ്ടായത്. 

അങ്ങനെ പിടിവള്ളികള്‍ ഓരോന്നായി കൈവിട്ടു പോയി കൊണ്ടിരുന്ന അവസരത്തില്‍ വിമാനം ഉപേക്ഷിച്ച്  'ഇജെക്ട്' സംവിധാനത്തിലൂടെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഉപയോഗിക്കുവാനുള്ള കല്‍പന പൈലറ്റിനു നല്‍കുവാന്‍  ബേസ് കമാന്‍ഡര്‍ നിര്‍ബന്ധിതനായി. ഈ കല്‍പന 'ആര്‍.ട്ടി' മുഖാന്തരം നല്‍കേണ്ട താമസം, ഇദ്ദേഹത്തിന് മറ്റൊരു വിമാന ദൗത്യവുമായി പരിസര പ്രദേശത്തെവിടെയോ ഉണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ് ( എച്ച്.എ.എല്‍ ), ബംഗളൂരുവിലെ മാനേജറെ കുറിച്ചുള്ള ഓര്‍മ്മ ഒരു മിന്നല്‍പിണര്‍ പോലെ മനസ്സിലൂടെ കടന്നുപോയി.

ഇദ്ദേഹം പിന്നെയാതൊന്നും ആലോചിച്ചില്ല, ഉടന്‍തന്നെ ഈ മാനേജരെ തന്റെ മുന്‍പില്‍ എ.ടി.സി യില്‍ ഹാജരാകുവാന്‍ ഉത്തരവിട്ടു, ഈ പ്രവര്‍ത്തികളെല്ലാം തന്നെ നിമിഷാര്‍ധ നേരം കൊണ്ടാണ് നടന്നു വന്നത്. 'എ.ടി.സി' യില്‍, ഉടന്‍ കൊണ്ടുവരപ്പെട്ട മാനേജര്‍ കണ്ടത് പരിഭ്രാന്തരായി ഗത്യന്തരമില്ലാതെ ഓടിനടക്കുന്ന ഒരുകൂട്ടം വിദഗ്ധരെയാണ്. 

തന്റെ അതീവ ബുദ്ധിനിപുണതയും മനസ്സാന്നിധ്യവും കൊണ്ട് കാര്യങ്ങള്‍ ഉടന്‍ തന്നെ മനസ്സിലാക്കി, തന്റെ വിദഗ്ധ ഉപദേശം നല്‍കുവാന്‍ ആരംഭിച്ചു. ഈ സമയം വിമാനത്തില്‍ കേവലം 3 മിനിറ്റുകള്‍ മാത്രം പറക്കുവാനായുള്ള ഇന്ധനമാണ് അവശേഷിച്ചിരുന്നത്. അതായത് ഈ വിലയേറിയ മിനുറ്റുകള്‍ കഴിഞ്ഞാല്‍ ആ വിമാനം കത്തിച്ചാമ്പലായി തീരും എന്നത് തീര്‍ച്ച .

എച്ച്.എ. എല്‍ മാനേജര്‍ വിമാനത്തിന്റെ ബസ് ബാറും ബാറ്ററികളും ഒരേസമയം വെറും നാല് സെക്കന്‍ഡ് നേരത്തേക്ക് സ്വിച്ച് ഓഫ് ചെയ്യാന്‍  ബേസ് കമാന്‍ഡര്‍ മുഖേന (ആര്‍.ട്ടി) യിലൂടെ പൈലറ്റിന് നിര്‍ദേശം നല്‍കി. ഇതിനിടയില്‍ പൈലറ്റ്, മുമ്പു ലഭിച്ച നിര്‍ദ്ദേശപ്രകാരം 'ഇജെക്ട്' ചെയ്യുവാനായി ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തിലാണ് ബേസ് കമാന്‍ഡറുടെ മാനേജറില്‍ നിന്നുള്ള നിര്‍ദ്ദേശം കല്‍പന രൂപത്തില്‍ അറിയിക്കുന്നത്. 

അങ്ങനെ പൈലറ്റ് ആദ്യം ലഭിച്ച കല്പന ഉപേക്ഷിച്ച് ഈ നിര്‍ദ്ദേശം അനുസരിക്കുവാനൊരുങ്ങി. ഇതിനാല്‍ അതുവരെ അടഞ്ഞു കിടന്നിരുന്ന വാള്‍വ് തുറക്കുവാനും അങ്ങിനെ 'ലാന്‍ഡിംഗ് ഗിയര്‍' പൈലറ്റിന് അനായാസേന താഴ്ത്തുവാനും വിമാനം അപകടത്തില്‍പ്പെടാതെ സുരക്ഷിതമായി താഴെ റണ്‍വേയില്‍ ഇറക്കുവാനും കഴിഞ്ഞു. ഈ ദൗത്യത്തിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധനിരയിലെ മുന്‍പന്തിയിലായിരുന്ന യുദ്ധവിമാനത്തെയാണ് എച്ച്.എ. എല്‍ മാനേജര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചത്, അതും കേവലം 3 മിനിറ്റുകള്‍ക്കുള്ളില്‍.

ഈ വിമാന രക്ഷപ്പെടുത്തല്‍ ദൗത്യത്തെക്കുറിച്ച് അത്യധികം പ്രാധാന്യത്തോടെ കൂടി 'ഇന്ത്യന്‍ ഏവിയേഷന്‍ മാഗസിനും' , 'ഭാരത് രക്ഷക് വെബ്സൈറ്റിലും' വാര്‍ത്ത വരികയുണ്ടായി. ഈ അവസരത്തില്‍ അസാമാന്യ ബുദ്ധിസാമര്‍ത്ഥ്യത്തോടും മനസ്സാന്നിധ്യത്തോടും ദൗത്യം നിര്‍വഹിച്ച മുന്‍ പ്രസ്താവിച്ച മാനേജറെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.

വായനക്കാര്‍ക്ക് സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച, മാനേജര്‍ ആരാണെന്നറിയുവാനുള്ള ജിജ്ഞാസ കാണും. മറ്റാരുമല്ലത് മലയാളിയും കോഴിക്കോട് സ്വദേശിയുമായ മായം പുറത്ത് ജയമോഹന്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നികില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ നേടി  എച്ച്.എ.എല്‍ ബംഗളൂരുവില്‍ ജൂനിയര്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച 'മായംപുറത്ത് ജയമോഹന്‍' എന്ന വ്യക്തിയാണ്. തന്റെ കഠിനപ്രയത്നത്തിലൂടെയും ജോലിയോടുള്ള ആത്മാര്‍ത്ഥതയിലൂടെയുമാണ് ആണ് ഇദ്ദേഹം മാനേജര്‍ പദവിയിലേക്കുയര്‍ന്നു വന്നത്.

ആകസ്മികമായി ഇദ്ദേഹത്തെ ഈയിടെ, 'ബംഗളൂരുവില്‍' വെച്ച് സന്ധിക്കാനിടയായതിലൂടെയാണ്  ഈ കാര്യങ്ങളെല്ലാം അറിയുവാനിടയായത്. തന്റെ റിട്ടയര്‍മെന്റ് ജീവിതത്തിലും, ഇദ്ദേഹം 'ബംഗളൂരുവിലെ', 'നാഷണല്‍ എയറോസ്പേസ് ലബോറട്ടറിയില്‍', എക്സ് കണ്‍സള്‍ട്ടന്റായി സേവനമനുഷ്ടിച്ചു വരുകയാണ്.

ലേഖകൻ: ജയന്‍ മാവീട്ടില്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ ),  ജെ.എസ്.വില്ല , ഗിരീഷ് നഗര്‍ , മീഞ്ചന്ത , നല്ലളം പി.ഒ , കോഴിക്കോട്, 673027