ലോകത്ത് ഒരിക്കലും ജീവിക്കാത്ത, പൂര്‍ണമായും കാല്പനികമായ മുഖങ്ങള്‍ 'നിര്‍മിക്കുന്ന' https://thispersondoesnotexist.com/ എന്ന സേവനത്തെക്കുറിച്ച് കേട്ടിട്ടില്ലേ? നിര്‍മിത ബുദ്ധിയുടെ കുടക്കീഴില്‍ വരുന്ന Generative Adversarial Network (GAN) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന മുഖങ്ങളാണ് ഈ സേവനം നമ്മുടെ സ്‌ക്രീനില്‍ കാണിക്കുന്നത്. പഠിപ്പിക്കാന്‍ ഉപയോഗിച്ച ഡാറ്റയില്‍ അതിഷ്ഠിതമായി ഒറിജിനലിനെ വെല്ലുന്ന ഫേക്ക് നിര്‍മിക്കാന്‍ കഴിയുന്ന സംവിധാനമാണ് ജിഎഎന്‍. ഈ സൈറ്റില്‍ ഓരോ പ്രാവശ്യം പേജ് റിഫ്രഷ് ചെയ്യുമ്പോളും പുതിയ ഒരു മുഖം നിങ്ങളുടെ സ്‌ക്രീനില്‍ തെളിയും. ഓരോന്നും പുതിയവ. ഇതെങ്ങിനെ സാധിക്കുന്നു എന്നറിയുമോ? നിരവധി മുഖങ്ങള്‍ കണ്ട് 'പഠിച്ച്' ആണ് ഈ സേവനം ഇല്ലാ-മുഖങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യ മുഖങ്ങള്‍ മാത്രമല്ല നിര്‍മിക്കാന്‍ സാധിക്കുന്നത്. ഇല്ലാത്ത പൂച്ചകളെ നിര്‍മ്മിക്കാന്‍ കഴിയുന്ന https://thiscatdoesnotexist.com/, കുതിരകളുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന https://thishorsedoesnotexist.com/ (ഇത് അത്ര പോര), രസതന്ത്ര മോളിക്യൂളുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന https://thischemicaldoesnotexist.com/ ഒക്കെ ഇത്തരത്തിലുള്ള മറ്റു സേവനങ്ങളാണ്. ഇന്നിപ്പോള്‍ സിനിമയിലും, പരസ്യങ്ങളിലും ഒക്കെ ഈ മുഖങ്ങള്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. 

Cat

ഇല്ലാ മുഖങ്ങളില്‍ നിന്ന് ആരുടെയൊക്കെ മുഖങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ് ഓരോ മുഖവും നിര്‍മിച്ചത് എന്ന് കണ്ടെത്താന്‍ കഴിയുമോ? ഈ ലോകത്ത് തന്നെ ജീവിച്ചിരിക്കാത്ത, ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്തവരുടെ മുഖങ്ങള്‍ നിര്‍മിക്കുന്ന ഈ സേവനം കണ്ട് പഠിച്ച മുഖങ്ങള്‍ കണ്ടെത്താന്‍ മാര്‍ഗമുണ്ടോ? ഇല്ലാ എന്നായിരുന്നു പൊതു ധാരണ.

എന്നാല്‍ സാധിക്കുമെന്നാണ് This Person (Probably) Exists https://arxiv.org/pdf/2107.06018.pdf എന്ന പേരില്‍ വന്ന ഒരു പ്രബന്ധം പറയുന്നത്. ഇല്ലാമുഖങ്ങളുടെ പിന്നിലെ മുഖങ്ങളെ കണ്ടെത്തി സ്വകാര്യതയിലേക്കുള്ള നുഴഞ്ഞു കയറ്റം സാധ്യമല്ലേ എന്ന് ഗവേഷകര്‍ ചോദിക്കുന്നു. ന്യായമായ ചോദ്യം. ഇത്തരം ഒരു ന്യൂറല്‍ നെറ്റവര്‍ക്ക് സംവിധാനത്തെ പഠിപ്പിക്കാന്‍ ഉപയോഗിച്ച ഡാറ്റ 'പൊളിച്ചടുക്കാന്‍' കഴിയില്ലായെന്നുള്ള വാദം ഈ പ്രബന്ധത്തിന്റെ വരവോടെ ഖണ്ഡിക്കപ്പെടുകയാണ്.

ഫ്രാന്‍സിലെ കയേന്‍ നോര്‍മാണ്ടി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ 'മെമ്പര്‍ഷിപ്പ് അറ്റാക്ക്' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു 'വിദ്യയാണ്' ഈ ഗവേഷണത്തിനായി ഉപയോഗിച്ചത്. ഒരു ഡാറ്റ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് മോഡലിനെ പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തിയാണ് ഇവര്‍ ഇല്ലാ മുഖങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ മുഖങ്ങളെ തിരിച്ചറിഞ്ഞത്. 

this Person Does not Exist
ദിസ് പേഴ്സൺ ഡസ് നോട്ട് എക്സിസ്റ്റ് എന്ന വെബ്സൈറ്റ് നിർമിച്ച മുഖങ്ങൾ

മെമ്പര്‍ഷിപ്പ് അറ്റാക്ക് ഉപയോഗം മൂലം മുഖങ്ങളെ തിരിച്ചറിഞ്ഞാല്‍ എന്താ കുഴപ്പം എന്നാവും നിങ്ങളുടെ ചോദ്യം. ഇത്തരം ട്രെയിന്‍ ചെയ്യപ്പെട്ട ഏതൊരു സംവിധാനത്തിലെയും ഡാറ്റ ഇടകീറി തിരയാന്‍ ഈ വിദ്യയ്ക്ക് സാധിക്കും. മെഡിക്കല്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഒരു സംവിധാനത്തെ പഠിപ്പിച്ചിട്ടുണ്ടെന്നു കരുതുക. എന്നാല്‍ അതില്‍ ഉപയോഗിച്ചിട്ടുള്ള ട്രെയിനിങ് ഡാറ്റയില്‍ തങ്ങളുടെ പക്കലുള്ള ആരുടെയെങ്കിലും വിവരം ഉണ്ടോയെന്ന് ഇങ്ങനെ കണ്ടെത്താന്‍ സാധിക്കും. 

മെഡിക്കല്‍ ഡാറ്റയാകാം, ബയോമെട്രിക്ക് ഡാറ്റയാകാം. മെമ്പര്‍ഷിപ്പ് അറ്റാക്ക് ഉപയോഗിച്ച് അതെല്ലാം സൂക്ഷ്മായി 'വീക്ഷിക്കാന്‍' സാധിക്കുമെന്ന് മനസ്സിലായല്ലോ. ഇത് കൂടാതെ ഒരാളുടെ വിവരം thispersondoensotexist.com/ പോലെയുള്ള സേവനങ്ങള്‍ സമ്മതമില്ലാതെ ഉപയോഗിച്ചിട്ടുണ്ടോയെന്നും ഈ വിദ്യയിലൂടെ കണ്ടെത്താന്‍ സാധിക്കും. തിരിച്ചു ചിന്തിച്ചാല്‍, ഒരു ഡാറ്റാസെറ്റില്‍ ഉപയോഗിച്ച ഓരോ ഡാറ്റയും പുറത്ത് അറിയാന്‍ സാധ്യതയുണ്ടോ എന്ന് നോക്കി, പഴുതുകള്‍ അടയ്ക്കാനും മെമ്പര്‍ഷിപ്പ് അറ്റാക്കിന്റെ സഹായം തേടാന്‍ കഴിയും എന്നത് മറ്റൊരു വശം.

This Person Does not Exist
ദിസ് പേഴ്സൺ ഡസ് നോട്ട് എക്സിസ്റ്റ് എന്ന വെബ്സൈറ്റ് നിർമിച്ച മുഖങ്ങൾ

നിര്‍മിത ബുദ്ധിയുടെ പഠനാവശ്യത്തിനുപയോഗിച്ച ഡാറ്റ സെറ്റിലേക്ക് 'നോക്കാന്‍' ഈ ഫ്രഞ്ച് മോഡല്‍ മാത്രമല്ല. ചിപ്പ് കമ്പനിയായ എന്‍വിഡിയ നിര്‍മ്മിച്ച ഒരു അല്‍ഗോരിതം thispersondoensotexist.com മുഖങ്ങള്‍ നിര്‍മിക്കുന്ന പ്രക്രിയ എതിര്‍ ദിശയില്‍ ചലിപ്പിച്ച് ചിത്രത്തിലടങ്ങിയ യഥാര്‍ത്ഥ മുഖങ്ങളെ പുറത്ത് കാണിക്കുന്നു.

നിര്‍മിത ബുദ്ധി അധിഷ്ഠിത സംവിധാനങ്ങള്‍ അതിന്റെ പഠനാവശ്യത്തിനായുള്ള ഡാറ്റ സീറ്റുകളുടെ ഊരും പേരും പുറത്ത് വിട്ടില്ല, എല്ലാം ഒരു ബ്‌ളാക്ക് ബോക്‌സ് പോലെയുള്ള കലവറയാണെന്ന വിശ്വാസം ഇല്ലാതായിരിക്കുന്നു.

Content Highlights: this person does not exist  identity membership attacks against GAN generated faces