കൊച്ചി : പഠിക്കുന്ന വിഷയങ്ങള്‍ ശബ്ദ സന്ദേശമായി ലഭിച്ചാല്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് ഇതിനോളം സന്തോഷം വേറെയൊന്നുമുണ്ടാവില്ല. ഈ സന്തോഷം അടുത്തറിയാനായി കാഴ്ചവൈകല്യമുള്ള അധ്യാപകന്റെ കഷ്ടപ്പാടുകള്‍ മനസിലാക്കിയ സുഹൃത്ത് ഒരു സോഫ്റ്റ്വെയര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. 

എളമക്കര സ്വദേശിയായ ജീന്‍ ടോംസാണ് തന്റെ സുഹൃത്തും സ്പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകനുമായ ജോയി സ്റ്റാന്‍ലിക്കും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയൊരു സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. ശബ്ദത്തെ തിരിച്ചറിയുന്നവര്‍ക്കുള്ള സമ്മാനത്തിന് ജീന്‍ 'സ്വര' എന്ന പേരും നല്‍കി. ഇടപ്പള്ളിയില്‍ എസ്.സി.ഒ.എം. എന്ന വിദ്യാഭ്യാസസ്ഥാപനം നടത്തുകയാണ് കംപ്യൂട്ടര്‍ അധ്യാപകനും പ്രോഗ്രാമറുമായ ജീന്‍. കാഴ്ച പതിയെ നഷ്ടമാകുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റൊസ എന്ന അസുഖത്തിന്റെ പിടിയിലാണ് 42 കാരനായ ജീന്‍.  

'കാഴ്ചപരിമിതിയുള്ള ഗുരു-ശിഷ്യ ആശയവിനിമയമാണ് സോഫ്റ്റ് വെയറിലൂടെ ഉദ്ദേശിക്കുന്നത്. സുഹൃത്തായ ജോയിയ്ക്കും അതുപോലെയുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന രീതിയില്‍ എന്തെങ്കിലും എന്ന ചിന്തയാണ് സ്വരയില്‍ എത്തി നില്‍ക്കുന്നത്. 

കാഴ്ചപരിമിതര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വേദിയായിരിക്കും സ്വര. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലൂടെ സാധാരണ നമ്മള്‍ സംസാരിക്കുന്നതുപോലെ തന്നെ പാഠഭാഗങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന തരത്തിലേക്ക് സ്വരയെ മാറ്റുകയാണ്. 

മലയാളമടക്കമുള്ള പ്രാദേശിക ഭാഷകള്‍ സ്വരയിലൂടെ കേട്ട് പഠിക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് ജീന്‍ ടോംസ് പറയുന്നു.

'സ്വര' എന്ന സോഫ്റ്റ് വെയര്‍ വഴി അധ്യാപകന് താന്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ ശബ്ദ ഫയലുകളായി അയച്ചുകൊടുക്കാനും വിദ്യാര്‍ഥികള്‍ക്ക് ഇത്  കേട്ടുപഠിക്കാനും കഴിയും. ഒരേവിഷയം എത്രതവണ വേണമെങ്കിലും കംപ്യൂട്ടറില്‍ നിന്നോ ഫോണില്‍ നിന്നോ തിരഞ്ഞെടുത്ത് കേള്‍ക്കാം. കാഴ്ച വൈകല്യമുള്ളവര്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന എന്‍.വി.ഡി.എ സംവിധാനത്തിലാണ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കുന്നത്.

പി.ഡി.എഫ് ഫയലുകളായി അയച്ചാലും ഈ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പാഠഭാഗങ്ങള്‍ കേട്ടുപഠിക്കാം. പി.ഡി.എഫിനെ ഓഡിയോ ഫയലുകളായി മാറ്റുകയാണ് സ്വര ചെയ്യുന്നത്. ക്ലൗഡിലാണ് ഡാറ്റ സൂക്ഷിക്കുന്നത്. കോവിഡ് കാലത്ത് തന്റെ വിദ്യാര്‍ത്ഥിയായ മുസിഫിറിന്റെ സഹായത്തിലാണ് ജീന്‍ ടോംസ് സ്വര ആവിഷ്‌കരിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്കായി 'സ്വര' വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ജീന്‍.

Content Highlights: suara app for studens who has visual disablities jean toms