ബഹിരാകാശ പര്യവേക്ഷണത്തിലെ ചരിത്ര മുഹൂര്‍ത്തത്തിനാണ് 2020 മെയ് 30 സാക്ഷ്യം വഹിച്ചത്. ഇലോണ്‍ മസ്‌ക് (Elon Musk) സ്ഥാപകന്‍ ആയ സ്വകാര്യ സ്ഥാപനം സ്‌പേസ് എക്‌സ് (SpaceX) നിര്‍മിച്ച ക്രൂ ഡ്രാഗണ്‍ (crew dragon) എന്ന ബഹിരാകാശ പേടകത്തില്‍, അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ആയ റോബര്‍ട്ട് ബെങ്കനും ഡഗ്ലസ് ഹര്‍ളിയും പത്തൊന്‍പത് മണിക്കൂര്‍ സഞ്ചരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍(ISS) എത്തി.
സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ക്രൂ ഡ്രാഗണ്‍ പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്. 12 മിനിറ്റ് പറന്നതിനു ശേഷം ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നിന്നും ക്രൂ ഡ്രാഗണ്‍ വിച്ഛേദിക്കപ്പെടുകയും യാത്ര തുടരുകയും ചെയ്തു. മണിക്കൂറില്‍ ഏകദേശം 28000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 100 മീറ്റര്‍ അടുത്ത് എത്തിയ ശേഷം വളരെ സങ്കീര്‍ണമായ ഡോക്കിങ് (Docking) പ്രക്രിയ വഴിയാണ് പേടകം അന്താരാഷ്ട്ര നിലയത്തില്‍ ഘടിപ്പിച്ചത്.

ഡോക്കിങ് പൂര്‍ത്തിയാക്കി നിലയത്തിലേക്ക് പ്രവേശിച്ച ഗവേഷകര്‍ ഏതാനും മാസങ്ങള്‍ അവിടെ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും. അതിനു ശേഷം അവര്‍ തിരിച്ചു ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ കയറി ഭൂമിയിലേക്ക് യാത്ര തുടങ്ങും. പാരച്യൂട്ടിന്റെ സഹായത്തോടെ പേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുകയും, അമേരിക്കന്‍ നാവികസേനയുടെ സഹായത്താല്‍ ബഹിരാകാശ സഞ്ചാരികളെ കരയിലേക്ക് എത്തിക്കുകയും ചെയ്യും.
പശ്ചാത്തലം
ശീതയുദ്ധകാലത്തെ തുടര്‍ന്നുണ്ടായ ബഹിരാകാശ മത്സരത്തിന്റെ (Space Race) ഭാഗമായി 1969 മുതല്‍ 1972 വരെ ഉള്ള കാലഘട്ടത്തിലാണ് ആണ് നാസയുടെ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യര്‍ ആറ് തവണ ചന്ദ്രനില്‍ ഇറങ്ങിയത്. അതുവഴി കിട്ടിയ ശാസ്ത്രീയ അറിവുകള്‍ മനുഷ്യ പുരോഗതിക്ക് ഉപയോഗിക്കാം എന്ന ആശയത്തോടെ 1981-ല്‍ അമേരിക്ക സ്‌പേസ് ഷട്ടില്‍ ദൗത്യത്തിന് (Space Shuttle Mission) തുടക്കം കുറിച്ചു. തുടരെയുള്ള വിക്ഷേപണങ്ങളുടെ ചിലവ് ചുരുക്കുവാന്‍ വേണ്ടി, പുനരുപയോഗം സാധ്യമാകുന്ന രീതിയിലാണ് സ്‌പേസ് ഷട്ടില്‍ രൂപകല്‍പന ചെയ്തത്.
ഈ ദൗത്യം 2011 വരെ വിജയകരമായി നീണ്ടു നില്‍ക്കുകയും ചെയ്തു. ഈ കാലയളവില്‍ വെറും ആറ് സ്‌പേസ് ഷട്ടിലുകള്‍ വഴി 135 തവണ ആണ് വിവിധ ഗവേഷണങ്ങള്‍ക്ക് ആയി മനുഷ്യര്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്തത്.
സ്‌പേസ് ഷട്ടിലുകളുടെ സഹായത്തോടെ 1990-ല്‍ സ്ഥാപിച്ച ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പും (Hubble space telescope) 1999-ല്‍ സ്ഥാപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയവും അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവനും ഒട്ടനവധി ശാസ്ത്രീയ അറിവുകള്‍ ആണ് സംഭാവന ചെയ്തത്.
1986-ലെ ചലഞ്ചര്‍(challenger) സ്‌പേസ് ഷട്ടില്‍ അപകടവും, കല്പന ചൗള ഉള്‍പ്പെടെ മരണപ്പെട്ട 2003-ലെ കൊളംബിയ (Columbia) സ്‌പേസ് ഷട്ടില്‍ അപകടവും ദൗര്‍ഭാഗ്യകരമായി സംഭവിച്ചുവെങ്കിലും സ്‌പേസ് ഷട്ടില്‍ പൊതുവെ വിജയകരം ആയിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ പഴകും തോറും സംരക്ഷണ ചിലവ് കൂടിവന്നതിനാല്‍ സ്‌പേസ് ഷട്ടില്‍ ദൗത്യം 2011-ല്‍ നാസ അവസാനിപ്പിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു സംയുക്ത പദ്ധതിയായിരുന്നതിനാല്‍ തന്നെ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ കസാഖിസ്ഥാനില്‍ നിന്നും റഷ്യയുടെ സോയുസ് (Soyuz) ബഹിരാകാശ പേടകത്തിലാണ് ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തിരുന്നത്.
റഷ്യയെ ആശ്രയിക്കുന്നത് ഒഴിവാക്കി അമേരിക്കയില്‍ നിന്ന് തന്നെ ബഹിരാകാശ യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതിന് വേണ്ടിയും നാസ കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാം (Commercial Crew Program) തുടങ്ങിയത്. ഇതിന്റെ ഭാഗമായി ബഹിരാകാശ പേടകം നിര്‍മിക്കാന്‍ വേണ്ടി നാസ സ്വകാര്യ കമ്പനികളായ സ്‌പേസ് എക്സിനും ബോയിങ് (Boeing) കമ്പനിക്കും അനുവാദവും ഫണ്ടും നല്‍കി. ബോയിങിനെ പിന്തള്ളി സ്‌പേസ് എക്സിനാണ് വിജയകരമായി ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുവാന്‍ സാധിച്ചത്.
പ്രാധാന്യം
പുതിയ ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ് ഫാല്‍ക്കണ്‍ റോക്കറ്റും ക്രൂ ഡ്രാഗണ്‍ പേടകവും. വിക്ഷേപണം കഴിഞ്ഞ റോക്കറ്റിന്റെ പ്രധാന ഭാഗം വീണ്ടും അടുത്ത വിക്ഷേപണത്തിന് ഉപയോഗിക്കാം എന്നതാണ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ പ്രധാനപ്പെട്ട പ്രത്യേകത. ഇന്ധനം കത്തി തീര്‍ന്ന ശേഷം റോക്കറ്റിന്റെ ബൂസ്റ്റര്‍ തിരിച്ചു ഭൂമിയില്‍ വന്ന് നിശ്ചയിക്കപ്പെട്ട ഒരു പ്രതലത്തില്‍ കൊണ്ട് വന്നു നിര്‍ത്താന്‍ കഴിയും. ഈ സാങ്കേതികവിദ്യ വഴി ഒരേ റോക്കറ്റ് പല തവണ വിക്ഷേപിക്കാനും, അങ്ങനെ വിക്ഷേപണ ചിലവ് കുറയ്ക്കുവാനും സാധിക്കും.
വളരെ പരിഷ്‌കൃതമായ രൂപകല്‍പനയാണ് ക്രൂ ഡ്രാഗന്‍ പേടകത്തിന്റേത്. അനേകം സ്വിച്ചുകള്‍ക്ക് പകരം ടച്ച് സ്‌ക്രീന്‍ വഴി എളുപ്പത്തില്‍ ബഹിരാകാശ യാത്രികര്‍ക്ക് ക്രൂ ഡ്രാഗന്‍ നിയന്ത്രിക്കാന്‍ സാധിക്കും. വിക്ഷേപണ സമയത്ത് അപകടം ഉണ്ടായാല്‍ യാത്രികരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ലോഞ്ച് എസ്‌കേപ്പ് സിസ്റ്റം (Launch Escape System) ആണ് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത.

അപകടം ഉണ്ടായാല്‍ എസ്‌കേപ്പ് സിസ്റ്റം വഴി ക്രൂ ഡ്രാഗണ്‍ റോക്കറ്റില്‍ നിന്നും വേര്‍പിരിയുകയും വേറൊരു ദിശയിലോട്ടു പറന്നു പാരചൂട്ടിന്റെ സഹായത്തോടെ നിലത്തു എത്തുകയും ചെയ്യുന്നു.
സ്‌പേസ് എക്‌സ് വിക്ഷേപണം വിജയകരം ആയതോടു കൂടി ഇനി മുതല്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് റഷ്യയുടെ സഹായം ഇല്ലാതെ അമേരിക്കയില്‍ നിന്നും തന്നെ ബഹിരാകാശ യാത്ര ചെയ്യാം.
ഇങ്ങനെ വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ബഹിരാകാശയാത്ര സാധ്യമാക്കുന്നത് വഴി, വിക്ഷേപണ ചെലവ് കുറയ്ക്കാന്‍ കഴിയുകയും, ബഹിരാകാശത്ത് സുസ്ഥിരമായ ഒരു വാണിജ്യ പ്രവര്‍ത്തനം തുടങ്ങാന്‍ ഉള്ള ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ സ്‌പേസ് ടൂറിസം, കൂടാതെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യന്റെ യാത്ര എന്ന സങ്കല്പത്തിന് ഈ വിജയം ഊര്‍ജം പകരുകയും ചെയ്യുന്നു.
Content Highlights: sapce x crew dragon launch ISS nasa