ശാസ്ത്രദൗത്യങ്ങള്‍ക്കപ്പുറത്ത് സാധാരണക്കാരെ ബഹിരാകാശം കാണിക്കാനും വാണിജ്യാടിസ്ഥാനത്തില്‍ യാത്രകള്‍ സംഘടിപ്പിക്കാനും മൂന്നു ശതകോടീശ്വരര്‍ തമ്മിലുള്ള മത്സരം തകൃതിയാണ്. ഈ രംഗത്തെ ഭാവി നിര്‍ണയിക്കുന്നതും ഇവരായിരിക്കും. സ്വന്തംനിലയ്ക്ക് ബഹിരാകാശം കണ്ടുവന്ന് റിച്ചഡ് ബ്രാന്‍സന്‍ കൈയടി നേടി. ലോകത്തെ ഏറ്റവും സമ്പന്നനും ആമസോണ്‍ സഹസ്ഥാപകനുമായ ജെഫ് ബെസോസ് സ്വന്തം ബഹിരാകാശക്കമ്പനിയായ ബ്ലൂ ഒറിജിന്റെ വാഹനത്തില്‍ ജൂലായ് 20-ന് സ്വപ്നസാക്ഷാത്കാരത്തിന് കാത്തിരിക്കുന്നു. 

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രികരെ എത്തിക്കാന്‍ നാസയെ സഹായിച്ച സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലണ്‍ മസ്‌കാവട്ടെ, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ എത്തിക്കാനുള്ള സ്റ്റാര്‍ഷിപ്പ് പദ്ധതിക്കു പിറകെയാണ്. എന്തൊക്കെയായാലും ബഹിരാകാശസ്വപ്നം തുടക്കത്തില്‍ കോടീശ്വരന്മാര്‍ക്കുമാത്രമേ സഫലമാകൂ. മത്സരങ്ങള്‍ കൂടുന്നതിനൊത്ത് ബഹിരാകാശയാത്രയ്ക്കും വരുംഭാവിയില്‍ ചെലവുകുറയുമെന്ന് പ്രതീക്ഷിക്കാം.

റിച്ചഡ് ബ്രാന്‍സന്‍ തുടങ്ങിവെച്ചത്

ജെഫ് ബെസോസ് ബഹിരാകാശയാത്ര പ്രഖ്യാപിച്ചതിനു പിന്നാലെ പൊടുന്നനെയാണ് താന്‍ ബഹിരാകാശത്തേക്കു പോകുമെന്ന് ബ്രാന്‍സന്‍ പറഞ്ഞത്. അതും ബെസോസിനെക്കാള്‍ ഒന്‍പതുദിവസംമുമ്പേ. ഭാവിയില്‍ ബെസോസിനോടും മസ്‌കിനോടും മല്ലിട്ടുനില്‍ക്കാന്‍ എത്രത്തോളമാകുമെന്നുറപ്പില്ലെങ്കിലും ബഹിരാകാശം തൊട്ട ആദ്യ ശതകോടീശ്വരനെന്ന നേട്ടം ബ്രാന്‍സനു സ്വന്തമായി. വെര്‍ജിന്‍ ഗലാക്റ്റിക് എന്ന തന്റെ ബഹിരാകാശക്കമ്പനിയുടെ വി.എസ്.എസ്. യൂണിറ്റി റോക്കറ്റ് വിമാനത്തില്‍ എഴുപതുകാരന്‍ ബ്രാന്‍സന്‍ നടത്തിയ യാത്ര ബഹിരാകാശ വിനോദസഞ്ചാരമേഖലയില്‍ പുതുചുവടുവെപ്പായി. 

Virgin Galacticഇന്ത്യന്‍വംശജ സിരിഷ ബാന്‍ഡ്ലയും ബ്രാന്‍സനുമടങ്ങുന്ന ആറംഗസംഘം ജൂലായ് 11-ന് ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തി. 11 മിനിറ്റോളം ബഹിരാകാശം ആസ്വദിച്ചു; മൂന്നു മിനിറ്റ് നേരത്തെ ഭാരമില്ലായ്മയും. ഒന്നര മണിക്കൂര്‍കൊണ്ട് യാത്രയവസാനിച്ചു. യൂണിറ്റി 22 (യൂണിറ്റി എന്നു പേരിട്ടത് ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങാണ്) എന്നാണ് പരീക്ഷണപ്പറക്കലിനു പേരിട്ടത്. പൈലറ്റുമാരായ ഡേവ് മക്കേ, മൈക്കല്‍ മസൂച്ചി, ഗലാക്റ്റിക്കിലെ ബെഥ് മോസസ്, കൊളിന്‍ ബെന്നെറ്റ് എന്നിവരായിരുന്നു മറ്റ് യാത്രികര്‍.

ബ്രാന്‍സന്റെ നീണ്ട പതിനേഴുവര്‍ഷത്തെ കാത്തിരിപ്പാണിവിടെ സഫലമായത്. ഭാവിയില്‍ ദിവസേനയെന്നോണം ബഹിരാകാശയാത്രകള്‍ സംഘടിപ്പിക്കുകയാണ് വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ ലക്ഷ്യം. അറുപത് രാജ്യങ്ങളില്‍നിന്നായി സമ്പന്നരും സെലിബ്രിറ്റികളുമടങ്ങുന്ന 600-ഓളം പേര്‍ യാത്രയില്‍ പങ്കാളിയാവാന്‍ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തു. എലണ്‍ മസ്‌കും ഇതില്‍പ്പെടും. രണ്ടുലക്ഷംമുതല്‍ രണ്ടരലക്ഷം ഡോളര്‍ വരെയാണ് ടിക്കറ്റ് ചാര്‍ജ്.

വെര്‍ജിന്‍ ഗലാക്റ്റിക്

ഭാരം കുറഞ്ഞ ആകാശവാഹനങ്ങള്‍ നിര്‍മിക്കുന്ന ബര്‍ട്ട് റൂട്ടന്‍ എന്ന അമേരിക്കന്‍ ഏറോസ്‌പേസ് എന്‍ജിനിയര്‍ക്കൊപ്പം 2004-ല്‍ ബ്രാന്‍സന്‍ വെര്‍ജിന്‍ ഗലാക്റ്റിക് സ്‌പേസ്ഷിപ്പ് കമ്പനി തുടങ്ങി. വിനോദ ബഹിരാകാശ യാത്രകളായിരുന്നു ലക്ഷ്യം. യൂണിറ്റി 22 ദൗത്യം ആളുകളെയും വഹിച്ചുകൊണ്ടുള്ള കമ്പനിയുടെ നാലാമത്തെ ബഹിരാകാശ യാത്രയായിരുന്നു. 

ഇനിയും മൂന്നു പരീക്ഷണമെങ്കിലും പൂര്‍ത്തിയാക്കിയാലേ സാധാരണക്കാരെ എത്തിച്ചുതുടങ്ങൂ. 2007-ല്‍ ആദ്യസംഘത്തെ ബഹിരാകാശത്തേക്ക് അയക്കാന്‍ ബ്രാന്‍സന്‍ കരുതിയെങ്കിലും പരീക്ഷണങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ മൂന്ന് ജീവനക്കാര്‍ മരിച്ചു. 2013-ല്‍ വി.എസ്.എസിന്റെ ആദ്യത്തെ സൂപ്പര്‍സോണിക് ബഹിരാകാശ വാഹനപരീക്ഷണത്തിനിടെയും അപകടമുണ്ടായി സഹപൈലറ്റ് മരിച്ചു. ഇന്ന് വെര്‍ജിന്‍ ഗലാക്റ്റിക്കില്‍ 400-ഓളം കമ്പനികള്‍ക്ക് ഓഹരിയുണ്ട്.

സിരിഷ- ഇന്ത്യയുടെ അഭിമാനം

ബഹിരാകാശം തൊടുന്ന മൂന്നാം ഇന്ത്യന്‍ വംശജയാണ് ഏറോനോട്ടിക്കല്‍ എന്‍ജിനിയറായ സിരിഷ ബാന്‍ഡ്ല (34). കല്പനാ ചൗളയും സുനിതാ വില്യംസുമാണ് മുമ്പേനടന്നവര്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ജനിച്ച സിരിഷ മാതാപിതാക്കള്‍ക്കൊപ്പം അഞ്ചാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറി. 2015-ല്‍ വെര്‍ജിന്‍ ഗലാക്റ്റിക്കില്‍ ചേര്‍ന്നു.

ആദ്യ ബഹിരാകാശ വിനോദസഞ്ചാരി ഡെന്നിസ് ടിറ്റോ

റഷ്യയുടെ റോസ്‌കോസ്‌മോസാണ് ടൂറിസം ലക്ഷ്യമിട്ട് ആദ്യമായി ബഹിരാകാശത്തേക്ക് സഞ്ചാരിയെ അയച്ചത്. 2001-ല്‍ റഷ്യന്‍ സോയുസ് റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയ യു.എസ്. ലക്ഷപ്രഭു ഡെന്നിസ് ടിറ്റോയാണ് ആ വിനോദസഞ്ചാരി. തുടര്‍ന്ന് 2009 വരെയുള്ള കാലഘട്ടത്തില്‍ റഷ്യയില്‍നിന്ന് എട്ടുതവണ സന്ദര്‍ശകര്‍ പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബ്രാന്‍സന്‍ പോയത് ബഹിരാകാശത്തു തന്നെയോ

ഭൂമിയില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലുള്ള കാര്‍മന്‍ രേഖയാണ് ബഹിരാകാശത്തിന്റെ അതിര്‍ത്തിയായി പൊതുവേ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ബ്രാന്‍സന്‍ 89 കിലോമീറ്റര്‍ മാത്രമാണ് പോയത്. എന്നാല്‍, 80 കിലോമീറ്റര്‍ ഉയരത്തിലുള്ള ആംസ്ട്രോങ് രേഖ കടന്നുള്ള എല്ലാ യാത്രയും ബഹിരാകാശയാത്രയാണെന്ന് നാസ കണക്കാക്കുന്നു. ബെസോസിന്റെ യാത്രയില്‍ കാര്‍മന്‍ രേഖയ്ക്കുമപ്പുറം യാത്ര നീളുമെന്നാണ് പ്രഖ്യാപനം.

ബെസോസ് പുറപ്പെടുന്നത് ജൂലായ് 20-ന്

ജെഫ് ബെസോസിന്റെ സ്വന്തം ബഹിരാകാശ കമ്പനിയാണ് ബ്ലൂ ഒറിജിന്‍. ബ്ലൂ ഒറിജിന്റെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യ ബഹിരാകാശവാഹനമായ ന്യൂ ഷെപ്പേഡ് റോക്കറ്റ് ഷിപ്പില്‍ ബെസോസും സഹോദരന്‍ മാര്‍ക്ക് ബെസോസും ജൂലായ് 20-ന് ബഹിരാകാശത്തേക്ക് പോകും. ബെസോസിന്റെ പ്രത്യേകക്ഷണപ്രകാരം വാലി ഫങ് എന്ന എണ്‍പത്തിയെട്ടുകാരിയായ വൈമാനികയും ഒപ്പംപോകുന്നുണ്ട്. 

ആറു പതിറ്റാണ്ടോളം ബഹിരാകാശസ്വപ്നം കൊണ്ടുനടന്ന വാലി ഫങ് ബഹിരാകാശയാത്ര നടത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി കൂടിയായിരിക്കും. 208 കോടി രൂപയ്ക്ക് നാലാമത്തെ സീറ്റ് ലേലത്തില്‍ പിടിച്ചയാളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റോക്കറ്റും പേടകവും അടങ്ങുന്നതാണ് ന്യൂ ഷെപ്പേഡ് സംവിധാനം. ആറു യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകുന്ന പേടകം ബഹിരാകാശ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ രൂപകല്പന ചെയ്തതാണ്.

ഭൗമോപരിതലത്തിനുമുകളില്‍ നൂറു കിലോമീറ്റര്‍ ദൂരംവരെ സംഘം സഞ്ചരിക്കും. യാത്ര പത്തുമിനിറ്റോളം നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെയും ബഹിരാകാശത്തിന്റെയും അന്തരീക്ഷങ്ങളെ വേര്‍തിരിക്കുന്ന കാര്‍മന്‍ രേഖയുടെ മുകളില്‍ നാലുമിനിറ്റ് സംഘം ചെലവിടും. 2000-ത്തിലാണ് ബ്ലൂ ഒറിജിന്‍ സ്ഥാപിക്കുന്നത്. 2015-ല്‍ ന്യൂ ഷെപ്പേഡ് പേടകത്തിന്റെ പരീക്ഷണങ്ങള്‍ തുടങ്ങി. ഭാവിയില്‍ ബഹിരാകാശയാത്രയ്ക്കുള്ള ടിക്കറ്റ് ചാര്‍ജ് എത്രയായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

New Shepard

സ്റ്റാര്‍ഷിപ്പുമായി മസ്‌ക്

ചൊവ്വയില്‍ ഗ്രാമങ്ങളുണ്ടാക്കുകയാണ് എലണ്‍ മസ്‌കിന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോവാന്‍ ലക്ഷ്യമിട്ട് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണ് സ്റ്റാര്‍ഷിപ്പ് (2016). സ്റ്റാര്‍ഷിപ്പ് എന്ന പേടകവും സൂപ്പര്‍ ഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് സംവിധാനം. ഒരേസമയം 100 പേരെയും അവര്‍ക്കാവശ്യമായ ടണ്‍ കണക്കിന് വസ്തുക്കളും കൊണ്ടുപോകാനാവും. 394 അടി ഉയരമുള്ള ഈ റോക്കറ്റിന് 30 അടി വ്യാസമാണുള്ളത്. 

Starship Hopperഇന്ന് നിലവിലുള്ള റോക്കറ്റുകളെക്കാള്‍ വലുതും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതുമാണ് സ്റ്റാര്‍ഷിപ്പ്. അതേസമയം, സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ബഹിരാകാശത്തുപോയി സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കുക ലക്ഷ്യമിട്ടുള്ള റോക്കറ്റുകളുടെ പരീക്ഷണങ്ങളിലേറെയും പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍, ഏറ്റവുമൊടുവില്‍ നടന്ന പരീക്ഷണം ഭാഗികവിജയമായിരുന്നെന്നു പറയാം. സുരക്ഷിതമായി ലാന്‍ഡ് ചെയ്തശേഷം മാത്രമാണ് പേടകം പൊട്ടിത്തെറിച്ചത്.

അതേസമയം, ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും നാസ ഉപയോഗിച്ചത് സ്‌പേസ് എക്‌സിന്റെ റോക്കറ്റും പേടകവുമായിരുന്നു. ക്രൂ ഡ്രാഗണ്‍ പേടകവും ഫാല്‍ക്കണ്‍ 9 റോക്കറ്റും. പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹനങ്ങള്‍ സൃഷ്ടിച്ച് യാത്രകളുടെ ചെലവുകുറയ്ക്കാനും മസ്‌ക് ലക്ഷ്യമിടുന്നു.