1816ലാണ് റെനെ ലെനെക് എന്ന ഫ്രഞ്ച് ഡോക്ടര്‍ സ്റ്റെതസ്‌കോപ്പ് കണ്ടുപിടിക്കുന്നത്. സ്ത്രീകളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കാന്‍ അവരുടെ നെഞ്ചത്ത് ചെവിവച്ച് നോക്കുന്നതിലെ അനൗചിത്യമാണ് പാരീസിലെ നെക്കര്‍ ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്ന റെനെയെ ഇങ്ങനെയൊരു ഉപകരണം നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചത്. 'സ്റ്റെതോ', അതായത് നെഞ്ച്, അതിനെ കാണാന്‍ സഹായിക്കുന്ന വസ്തു (സ്‌കോപ്പ്) ആണ് ചുരുക്കിപ്പറഞ്ഞാല്‍ 'സ്റ്റെതസ്‌കോപ്പ്'. അതിനുശേഷമുള്ള ഇരുന്നൂറിലധികം വര്‍ഷങ്ങളില്‍ നമുക്കുചുറ്റുമുള്ള പല ഉപകരണങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും സ്റ്റെതസ്‌കോപ്പിനെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങള്‍ വളരെ ചെറുതായിരുന്നു. കാഴ്ചയിലും അതിനകത്തെ സാങ്കേതികവിദ്യയിലും കുറച്ചൊക്കെ മാറ്റങ്ങള്‍ വന്നു എന്നതിലപ്പുറം ഈ ഉപകരണം ഡോക്ടറുടെ ഒരു ചിഹ്നവും വിശ്വാസ്യതയുടെ അടയാളവും ഒക്കെയായി നമ്മുടെ മനസ്സുകളില്‍ കുറിക്കപ്പെട്ടു. വൈദ്യശാസ്ത്രവും മറ്റ് അനുബന്ധ ഉപകരണങ്ങളും കുറെയേറെ മുന്നോട്ടുപോയി എന്നോര്‍ക്കുക. ഒരുപക്ഷേ സ്റ്റെതസ്‌കോപ്പിന് ഇനി പ്രസക്തിയുണ്ടോ എന്നുവരെ ചിലരില്‍നിന്ന് പഴികേള്‍ക്കേണ്ടിവരുന്നത് ഇതൊക്കെ ക്കൊണ്ടാണ്.

നമുക്കുചുറ്റുമുള്ള ഏതൊരു വസ്തുവിനും ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും ശേഷിയുള്ളവയായി മാറുന്നത് ഇന്ന് നമ്മള്‍ കാണുന്നു. താനേ ഓടുന്ന ഡ്രൈവറില്ലാ കാറുകള്‍ മുതല്‍ ബുദ്ധിയും വിവേകവുമുള്ള വാഷിങ് മെഷീനുകള്‍ വരെ. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഈ കുത്തൊഴുക്കില്‍ സ്റ്റെതസ്‌കോപ്പ് മാത്രം മാറി നില്‍ക്കേണ്ട ആവശ്യമുണ്ടോ? അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ബുദ്ധിയുള്ള സ്റ്റെതസ്‌കോപ്പ് ഇക്കഴിഞ്ഞ ദിവസം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ചുറ്റുമുള്ള ശബ്ദകോലാഹലത്തെ അവഗണിക്കാന്‍ കഴിവുള്ള ഈ സ്റ്റെതസ്‌കോപ്പിന്റെ സവിശേഷത അതിന്റെ സോഫ്റ്റ്വേറില്‍ സൂക്ഷിച്ചു വച്ചിട്ടുള്ള ആയിരത്തിഅഞ്ഞൂറോളം ശ്വാസകോശ ശബ്ദങ്ങളാണ്. നിര്‍മിതബുദ്ധിയുള്ള ഈ സ്റ്റെതസ്‌കോപ്പ് രോഗിയുടെ ശ്വാസകോശത്തിലെ ശബ്ദം കേട്ട് മനസ്സിലാക്കി ന്യുമോണിയ കണ്ടെത്താന്‍ സഹായിക്കും എന്നതാണ് എടുത്തുപറയേണ്ട കാര്യം. അതാകട്ടെ ഒരു ഡോക്ടറുടെ സഹായം ഇല്ലാതെ. ന്യുമോണിയ രോഗിയുടെ ശാസകോശത്തില്‍ നിന്നുള്ള ശബ്ദം എങ്ങനെയിരിക്കുമെന്നു പഠിച്ച് മനസ്സിലാക്കിയ ഈ ബുദ്ധിയുള്ള സ്റ്റെതസ്‌കോപ്പ് രോഗമുണ്ടെങ്കില്‍ എളുപ്പത്തില്‍ത്തന്നെ തിരിച്ചറിയും.

പത്തില്‍ ഒന്‍പത് രോഗികളെയും തിരിച്ചറിയാന്‍ നിര്‍മിതബുദ്ധിയുള്ള ഈ സ്റ്റെതസ്‌കോപ്പിനു സാധിക്കും എന്നാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരുടെ വാദം. ഫീലിക്‌സ്, ഫീലിക്‌സ് പ്രൊ എന്നീ പേരുകളില്‍ രണ്ട് മോഡലുകള്‍ ഈ വര്‍ഷംതന്നെ വിപണിയില്‍ എത്തുമെന്നാണ് ഇവര്‍ പറയുന്നത്.

അഞ്ചു വയസ്സിന് താഴെയുള്ള പത്ത് ലക്ഷം കുട്ടികളാണ് ഓരോ വര്‍ഷവും ലോകത്ത് ന്യുമോണിയ മൂലം മരിക്കുന്നത്. ഓരോ വര്‍ഷവും ഈ രോഗം പിടിപെടുന്നവരില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഉദാഹരണത്തിന്, രണ്ടു ലക്ഷത്തിലധികം പേര്‍ ബ്രിട്ടനിലും പത്തു ലക്ഷത്തിലധികം പേര്‍ അമേരിക്കയിലും. ഡോക്ടര്‍മാരും എക്‌സ്‌റേ അടക്കമുള്ള ടെസ്റ്റുകളും ഈ രോഗത്തിന്റെ നിര്‍ണയത്തിന് ഇന്ന് വേണം. ഇതൊക്കെയാണ് ഈ ഒറ്റ സ്മാര്‍ട്ട് സ്റ്റെത്ത് ഒഴിവാക്കാന്‍ പോകുന്നത്.

ശ്വാസകോശത്തെ ബാധിക്കുന്ന മറ്റു രോഗങ്ങളായ ആസ്ത്മ തൊട്ട് ട്യൂമര്‍ വരെ ശ്വാസകോശത്തില്‍ നിന്നുള്ള ശബ്ദത്തിന്റെ വ്യതിയാനംകൊണ്ട് ന്യുമോണിയ ആയി തെറ്റിദ്ധരിക്കപ്പെടും എന്നുള്ള ആവലാതി പലരിലും ഉണ്ടെങ്കിലും, അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട എന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് ശാസ്തജ്ഞന്മാര്‍ ഈ പദ്ധതിക്കുവേണ്ടി തുടങ്ങിയ സോണാവി ലാബ്സ് എന്ന കമ്പനി പറയുന്നത്. ന്യുമോണിയ എന്ന രോഗം കണ്ടെത്തുന്നതാണ് ഈ സ്റ്റെതസ്‌കോപ്പിന്റെ ജോലി. അത് ഭംഗിയായി നിറവേറ്റുകയും ചെയ്യുമെന്ന് അവര്‍ ആണയിട്ടു പറയുന്നു. പത്തില്‍ ഒന്‍പതു തവണയും കൃത്യമായി രോഗം നിര്‍ണയിക്കാന്‍ കഴിയുന്ന ഈ സ്റ്റെതസ്‌കോപ്പിനെ കുറ്റംപറയാന്‍ നിര്‍വാഹമില്ല താനും.

ഇതിലെ മൈക്രോഫോണ്‍, ചുറ്റുമുള്ള ശബ്ദകോലാഹലത്തെ ശ്വാസകോശത്തില്‍ നിന്നുള്ള ശബ്ദത്തോടൊപ്പം പിടിച്ചെടുത്ത്, കോലാഹലം അവഗണിക്കാന്‍ കഴിയുന്ന 'ബുദ്ധിയുള്ള' ഒന്നാണ്. കൃത്രിമബുദ്ധി ആകട്ടെ ഈ ശബ്ദത്തെ ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും ശേഖരിച്ച ആയിരത്തി അഞ്ഞൂറ് ന്യുമോണിയ രോഗികളുടെ ശ്വാസകോശ ശബ്ദവുമായി താരതമ്യം ചെയ്ത് രോഗനിര്‍ണയം ചെയ്യുന്നു. അതും ഡോക്ടറുടെ സഹായം പോലുമില്ലാതെ.

ന്യുമോണിയ എന്ന രോഗനിര്‍ണയം ഡോക്ടറുടെ സഹായം പോലുമില്ലാതെ നടത്തി ജീവന്‍ രക്ഷിക്കുക എന്നതാണ് ഈ കമ്പനിയുടെ ലക്ഷ്യം. രോഗം വൈകി കണ്ടെത്തുന്നതില്‍ നിന്നുള്ള വൈഷമ്യങ്ങള്‍ ഇതുകൊണ്ട് ഒഴിവാക്കപ്പെടും എന്നും ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. വീട്ടില്‍ ഇരുന്നുതന്നെ രോഗനിര്‍ണയം ചെയ്യാന്‍ സാധിക്കുക; എന്നിട്ട് ഡോക്ടര്‍ക്ക് ഇതില്‍നിന്നുതന്നെ സന്ദേശമയയ്ക്കുക. ഇതൊന്നും സയന്‍സ് ഫിക്ഷനല്ല. സമീപഭാവിയില്‍ തന്നെ നടക്കാന്‍പോകുന്ന കാര്യങ്ങളാണ്.

ശ്വാസകോശ ശബ്ദങ്ങള്‍ ന്യുമോണിയ നിര്‍ണയത്തില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് നേരത്തെ ജോണ്‍സ് ഹോപ്കിന്‍സില്‍ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു. ആ ദിശയില്‍ സമഗ്രമായും പ്രാവര്‍ത്തികമായുമുള്ള ചുവടായാണ് ഈ സ്റ്റെതസ്‌കോപ്പിനെ ഇവര്‍ കാണുന്നത്. മൈക്രോപ്രോസസറും അല്‍ഗോരിതവും മെഷീന്‍ ലേണിങ്ങുമൊക്കെ അടങ്ങുന്ന ഈ സ്മാര്‍ട്ട് സ്റ്റെതസ്‌കോപ്പ് ഇത്തരത്തിലുള്ള കൂടുതല്‍ ഉപകരണങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Content Highlights: smart intelligent stethoscope artificial intelligence