കേരളത്തിലെ 15000 സ്‌കൂളുകളെ കോര്‍ത്തിണക്കി മലയാളത്തില്‍ പങ്കാളിത്ത രീതിയില്‍ കെട്ടിപ്പടുത്ത 'സ്‌കൂള്‍വിക്കി' ഇന്ത്യയിലെത്തന്നെ വിദ്യാഭ്യാസരംഗത്ത് പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ വിവരസംഭരണിയായി ഇന്ന് മാറിയിട്ടുണ്ട്. ജനുവരി 15-ലെ ബജറ്റ് പ്രസംഗത്തില്‍ സ്‌കൂള്‍ വിക്കിയില്‍ പ്രസിദ്ധീകരിച്ച കുട്ടികളുടെ രചനകള്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ധരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ.  

സ്‌കൂള്‍വിക്കിയെ ഇനിയുമേറെ മെച്ചപ്പെടുത്താന്‍ നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമുണ്ട്.  സ്‌കൂളുകളെക്കുറിച്ചുള്ള പൊതുവിവരങ്ങള്‍ക്ക് പുറമെ സ്‌കൂള്‍വിക്കിയില്‍ സവിശേഷമായി നല്‍കിയിട്ടുള്ള ചില വിവരങ്ങള്‍ കൂടി നോക്കുക

1. 2016-17 കണ്ണൂര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം മുതലുള്ള മുഴുവന്‍ കലോത്സവങ്ങളുടേയും (2017-18 : തൃശൂര്‍, 2018-19 : ആലപ്പുഴ, 2019-20 : കാസര്‍ഗോഡ്)  രചനാ മത്സരങ്ങളുടേയും ചിത്ര-കാര്‍ട്ടൂണ്‍ മത്സരങ്ങളുടേയും സൃഷ്ടികള്‍. https://schoolwiki.in/sw/oj

2. കോവിഡ് കാലത്ത് 'അക്ഷരവൃക്ഷം' പദ്ധതിക്ക് വേണ്ടി കുട്ടികള്‍ തയ്യാറാക്കിയ കഥ, കവിത, ലേഖനം വിഭാഗങ്ങളിലെ 56399 സൃഷ്ടികള്‍. https://schoolwiki.in/sw/o1

3. സ്‌കൂളുകളുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ രണ്ടായിരത്തിലധികം ഡിജിറ്റല്‍ മാഗസിനുകള്‍. https://schoolwiki.in/sw/mb

4. സംസ്ഥാന സ്‌കൂള്‍ ഐ.ടി. മേളയിലെ 2015, 2016, 2017, 2018, 2019 വര്‍ഷങ്ങളിലെ ഡിജിറ്റല്‍ പെയിന്റിംഗുകള്‍. https://schoolwiki.in/sw/4cj4

5. ഡിജിറ്റല്‍ പൂക്കളങ്ങള്‍. https://schoolwiki.in/sw/7am

6. സ്‌കൂളുകള്‍ തിരിച്ച് കുട്ടികള്‍ രചിച്ച കഥകള്‍, കവിതകള്‍, ചിത്ര രചനകള്‍, ചടങ്ങുകളുടെ ചിത്രങ്ങള്‍. 

ചുരുക്കത്തില്‍ സ്വതന്ത്ര ലൈസന്‍സില്‍ സമാനതകളില്ലാത്ത വിവര സംഭരണ സാധ്യതയാണ് 'സ്‌കൂള്‍ വിക്കി' നമുക്ക് നല്‍കുന്നത്.

2009-ല്‍ കേരളപ്പിറവി ദിനത്തിലാണ് വിക്കിപീഡിയയുടെ സഹായത്തോടോപ്പം'സ്‌കൂള്‍ വിക്കി' പുറത്തിറക്കുന്നത്. പൂര്‍ണ ഔപചാരിക സ്വഭാവം മാറ്റി ഇതിന് കമ്മ്യൂണിറ്റി പങ്കാളിത്തം ഉറപ്പാക്കിയാണ് അന്ന് ഐടി@സ്‌കൂള്‍ തുടക്കമിട്ടത്. (സ്‌കൂള്‍ വിക്കി രൂപീകരിച്ച് ഒരു സര്‍ക്കാര്‍ ഉത്തരവുപോലും ഇല്ലായിരുന്നു എന്നോര്‍ക്കണം. ഒരു പക്ഷെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പരിപാലനത്തിനുമെല്ലാം പൂര്‍ണ ഔദ്യോഗിക സ്വഭാവമായിരുന്നെങ്കില്‍ മറ്റു പല സമാന പ്രോജക്ടുകള്‍ക്കും സംഭവിച്ചപോലെ സ്‌കൂള്‍വിക്കിക്കും അകാലചരമം സംഭവിച്ചേനെ). വിക്കി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയാണ് അന്നും ഇന്നും സ്‌കൂള്‍ വിക്കിയുടെ ശക്തി.

ഓരോ വിദ്യാലയവും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങളും ഒപ്പം ഭാഷാ പഠനത്തിന്റെ ഭാഗമായി 'പ്രാദേശിക പത്രം', 'നാടോടി വിജ്ഞാന കോശം', 'എന്റെ നാട്' തുടങ്ങിയ അന്വേഷണാത്മക ഭാഷാ പ്രോജക്ട് പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ വിക്കിയില്‍ നല്‍കുക എന്നതായിരുന്നു ലക്ഷ്യം. മലയാളം കമ്പ്യൂട്ടിംഗ് ഐ.ടി. മേളയില്‍ ഒരു മത്സര ഇനമായതിനെത്തുടര്‍ന്ന് നല്ല സ്വീകാര്യത ഇതിന് ലഭിച്ചു.

 എന്നാല്‍ 2013-ഓടെ 'സ്‌കൂള്‍ വിക്കി' മെല്ലെ മെല്ലെ അപ്രത്യക്ഷമാവാന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ 2015 ല്‍ #RejuvenateSchoolWiki കാമ്പെയിന്‍ ആരംഭിക്കുകയും ആ വര്‍ഷം ഡിസംബറില്‍ കോഴിക്കോട് വെച്ച് നടന്ന വിക്കി സംഗമോത്സവം സ്‌കൂള്‍ വിക്കിയെ പുനരുജ്ജീവിപ്പിക്കും എന്ന പ്രമേയം പാസാക്കുകയും ചെയ്തു. പിന്നീട് 2016 കേരളപ്പിറവിയിലാണ് സ്‌കൂള്‍ വിക്കിക്ക് വീണ്ടും ജീവന്‍ വെച്ചത്.  ഈ ഘട്ടങ്ങളിലെല്ലാം സ്വയം പഠിച്ചും വിക്കി പ്രവര്‍ത്തകരുമായി സഹകരിച്ചും പ്രവര്‍ത്തിച്ച 2018 ജൂലായില്‍ അന്തരിച്ച മലപ്പുറം കൈറ്റിലെ ശബരീഷ് മാഷെ ഓര്‍മിയ്ക്കാതെ സ്‌കൂള്‍ വിക്കിയെക്കുറിച്ച് എഴുതാന്‍ ആകില്ല. (ചില വിയോഗങ്ങള്‍ പകരംവയ്ക്കാന്‍ കഴിയാത്തതാണ്.  ഒരുപക്ഷെ ശബരീഷ് മാഷ് ജീവിച്ചിരുന്നെങ്കില്‍ സ്‌കൂള്‍വിക്കി ഇപ്പോള്‍ത്തന്നെ മറ്റൊരുതലത്തിലായേനെ.....)

2016 നവംബര്‍ 1 ന് സ്‌കൂള്‍വിക്കി പുനരുജ്ജീവിച്ച ശേഷം പ്രധാന നാഴികക്കല്ല് 2017 ജനുവരിയില്‍ നടന്ന കണ്ണൂര്‍ കലോത്സവത്തിലെ രചനകളും ചിത്രങ്ങളും ലിറ്റില്‍ കൈറ്റ്‌സ് കുട്ടികളെക്കൂടി ഉപയോഗിച്ച് സ്‌കൂള്‍വിക്കിയില്‍ ലഭ്യമാക്കിയതായിരുന്നു.  പിന്നീട് ആദ്യം സൂചിപ്പിച്ചപോലെ ഡിജിറ്റല്‍ പൂക്കളങ്ങളും ഡിജിറ്റല്‍ മാഗസിനുകളും ഐ.ടി. മേളകളുമെല്ലാം സ്‌കൂള്‍വിക്കി കൃത്യമായി ഒപ്പിയെടുത്തു തുടങ്ങി.  കഴിഞ്ഞ (2019-20) ബ്ജറ്റിലും ഡോ. തോമസ് ഐസക് സ്‌കൂള്‍വിക്കിയിലെ സൃഷ്ടികള്‍ ഉദ്ധരിച്ചത് സ്‌കൂള്‍വിക്കിയുടെ സാന്നിധ്യം ഒന്നുകൂടെ സജീവമാക്കി.

എന്നാല്‍ സ്‌കൂള്‍വിക്കിയുടെ പ്രസക്തി ശരിക്കും ബോധ്യപ്പെട്ടത് കോവിഡ് കാലത്ത് അപ്രതീക്ഷിതമായി സ്‌കൂളുകളും അടച്ച ഘട്ടത്തില്‍ (2020 മാര്‍ച്ച്) ആണ്.  കുട്ടികള്‍ക്ക് നല്‍കാന്‍ സമഗ്ര പോര്‍ട്ടലിലൂടെ 'അവധിക്കാല സന്തോഷങ്ങള്‍' നല്‍കി.  എന്നാല്‍ ഇക്കാലത്തെ കുട്ടികളുടെ ചിന്തകള്‍ ഒപ്പിയെടുക്കാനും ചരിത്രത്തിന്റെ ഭാഗമായി അവ സൂക്ഷിക്കാനും എന്താണു മാര്‍ഗം എന്ന് ബഹു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് മാഷ് ചോദിക്കുമ്പോള്‍ 'സ്‌കൂള്‍വിക്കി' എന്നല്ലാതെ മറ്റൊരു ഓപ്ഷനും നമ്മുടെ മുന്നിലില്ലായിരുന്നു. 

കാരണം പുതിയൊരു പോര്‍ട്ടല്‍ പോയിട്ട് വിവരശേഖരണ മാര്‍ഗം വിശദീകരിക്കാന്‍പോലും സാഹചര്യമില്ലാത്ത അവസ്ഥയായിരുന്നു.  അങ്ങനെ 'അക്ഷരവൃക്ഷം' പിറന്നു.  കുട്ടികള്‍ അവരുടെ രചനകള്‍ അധ്യാപകര്‍ക്കയച്ചുകൊടുത്തു.  അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കൈറ്റ് ടീമിന്റെ സാങ്കേതിക സഹായത്തോടെ 56399 രചനകളാണ് അക്ഷരവൃക്ഷത്തിന്റെ ഭാഗമായി സ്‌കൂള്‍വിക്കിയില്‍ എത്തിയത്.  ഇതില്‍ 15550 സൃഷ്ടികളും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളതാണ്. 

സ്‌കൂള്‍വിക്കിയില്‍ അക്ഷരവൃക്ഷത്തിലൂടെ ലഭിച്ച രചനകള്‍ തെരഞ്ഞെടുത്ത് എസ്.സി.ഇ.ആര്‍.ടി. പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. അവയും സ്‌കൂള്‍ വിക്കിയില്‍ അപ്‌ലോഡു ചെയ്തു. ഇവിടെ അവര്‍ പരമ്പരാഗത കോപ്പിറൈറ്റ് രീതിയില്‍ നിന്നും വ്യത്യസ്തമായി ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിലാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ആ സമയത്തെ പ്രതിസന്ധി മൂലമാവണം ഈ പുസ്തകങ്ങള്‍ വിക്കിയുടെ സ്വഭാവത്തിനനുസരിച്ച് യൂണികോഡില്‍ നല്‍കാന്‍ കഴിഞ്ഞില്ല എന്ന പരിമിതിയും ഉണ്ടായിരുന്നു. 

അന്തരാഷ്ട്ര തലത്തില്‍ 2010 ലെ സ്റ്റോക്ക്‌ഹോം ചലഞ്ച് അവാര്‍ഡ് മുതല്‍ 2020 ലെ ടെക്‌നോളജി സഭ അവാര്‍ഡ് വരെ നിരവധി ബഹുമതികള്‍ സ്‌കൂള്‍വിക്കിയ്ക്ക് ലഭിച്ചിട്ടുണ്ട് .

ചുരുക്കത്തില്‍ സ്‌കൂളുകളുടെ ചരിത്രം നാടിന്റെ ചരിത്രവുമാണ്. കടലാസില്‍ എഴുതപ്പടുന്നത് പലപ്പോഴും വികേന്ദ്രീകൃതമായ രൂപത്തില്‍ ചിതറിക്കിടക്കുന്നതും നശിക്കുന്നതും പിന്നീട് കണ്ടെത്താന്‍ പ്രയാസവുമുള്ള കാലംകൂടിയാണിത്. എന്നാല്‍ സ്‌കൂള്‍ വിക്കിയിലെ സൃഷ്ടികള്‍ കാലത്തിന്റെ കയ്യൊപ്പുകള്‍ ഡിജിറ്റല്‍ സ്മാരകങ്ങളായി എന്നും സംരക്ഷിക്കപ്പെടാന്‍ എല്ലാ സാധ്യതകളുമുള്ളതാണ്. അത് നാം തിരിച്ചറിയേണ്ടതല്ലേ ?

ചില നിര്‍ദേശങ്ങള്‍ കൂടെ:

1. ഓരോ സ്‌കൂളും സ്‌കൂള്‍ വിക്കിയില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തുക. വിവരങ്ങളുടെ കൃത്യതയും ആധികാരികതയും ഉറപ്പാക്കാനും പകര്‍പ്പവകാശ പ്രശ്‌നങ്ങളില്ലാതാക്കാനും കൃത്യമായി ശ്രദ്ധിക്കുക.

2. സ്‌കൂള്‍വിക്കിയിലെ വിവരങ്ങള്‍ ഓരോ സ്‌കൂളും കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുക.

3. നമ്മളോരോരുത്തരും നമ്മള്‍ പഠിച്ച സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യതയോടെയുണ്ടോയെന്ന് പരിശോധിക്കുക, കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമുണ്ടെങ്കില്‍ സ്‌കൂളുകളെ അറിയിക്കുക.

4. നമ്മുടെ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ യൂണികോഡില്‍ ലഭ്യമാക്കുക. പ്രത്യേകിച്ചും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഇത് പല രൂപത്തില്‍ ലഭ്യമാക്കാന്‍.

5. പൊതുപണം ഉപയോഗിച്ച് തയ്യാറാക്കുന്ന ഉള്ളടക്കങ്ങള്‍ പൊതുസഞ്ചയത്തിലാക്കുക

-: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്റെ (കൈറ്റ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണ് ലേഖകന്‍