പുലർച്ചെ ഏകദേശം 1.30 നോട ടുത്തു. മകന്റെ റൂമിൽനിന്ന് പരസ്പരം വഴക്കിടുന്നതിന്റെ ശബ്ദംകേട്ട് അമ്മ വാതിലിൽ മുട്ടി. അമ്മ വിളിച്ചിട്ടും അവൻ തുറന്നില്ല. കുറച്ചുനേരം കാത്തുനിന്ന് പിന്നീട് ശബ്ദമൊന്നും കേൾക്കാതായതോടെ അമ്മ മടങ്ങി. പക്ഷേ, അവരുടെ മനസ്സിൽ നിന്ന് പുലരുവോളം ആധി മാഞ്ഞില്ല. പിറ്റേ ദിവസം രാവിലെ അച്ഛനോട് കാര്യം പറഞ്ഞു. അവന്റെ റൂമിൽ നിന്ന് കുറച്ചുദിവസമായി അവന്റെയും വേറെ ആളുകളുടെയും ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. അതുകേട്ട അച്ഛന് എന്തോ പന്തികേടു തോന്നി മകൻ എഴുന്നേൽക്കാൻ കാത്തിരുന്നു. അവനോട് കാര്യം ചോദിച്ചപ്പോൾ ഉറക്കം വരാത്തതുകൊണ്ട് പബ്ജി കളിച്ചതാണെന്നായിരുന്നു മറുപടി. ആദ്യം അമ്മയ്ക്കും അച്ഛനും കാര്യം പിടികിട്ടിയില്ല. എന്താ തെളിച്ചു പറ എന്നു പറഞ്ഞപ്പോൾ ഇത് ഒരു ഗെയിം ആണ് അമ്മേ എന്നു പറഞ്ഞു. മുട്ടിവിളിച്ചപ്പോൾ എഴുന്നേറ്റാൽ ‘വെടിയേറ്റ് വീഴും’(കളിയിൽതോറ്റുപോവും). അതാണ് വാതിൽ തുറക്കാതിരുന്നത്. പബ്ജി എന്ന ഗെയിമിന് അടിമയായിപ്പോയ കോഴിക്കോട്ടെ ഒരു േകാളേജ് വിദ്യാർഥിയുടെ കഥയാണിത്. ഇങ്ങനെ ഒട്ടേറെ യുവാക്കളും വിദ്യാർഥികളുമാണ് പബ്ജി എന്ന ഓൺലൈൻ ഗെയിമിൽ കുടുങ്ങി ഉറക്കവും പഠനവും അവതാളത്തിലായിരിക്കുന്നത്. എന്താണ് കുട്ടികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പല രക്ഷിതാക്കൾക്കും അറിയില്ല. അവർ ഗെയിംകളിക്കുകയാണെന്ന് മാത്രമാണ് അവർ കരുതുന്നത്. പക്ഷേ, ഇത്ര അപകടകാരിയാണെന്ന് പലരും അറിയുന്നേയില്ല.

മൊബൈലും നാലു സുഹൃത്തുക്കളുമുണ്ടെങ്കിൽ പബ്ജി കളിക്കാം. വീറുംവാശിയുമായി അവർ പരസ്പരം ഒരു വട്ടത്തിനുള്ളിൽ അവർ ഏറ്റുമുട്ടും. നിശ്ചിത സമയത്തിനുള്ളിൽ അവർ അവരുടെ എതിരാളികളെ ‘കൊല്ലും’. അങ്ങനെ കൊന്നാൽ അവർ ഗെയിമിലെ വിജയികളാകും. ഗ്രൂപ്പായും ഒറ്റയ്ക്കും ഈ ഗെയിം കളിക്കാം. രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികൾ പോലും ഇതിന് അടിമകളായിപ്പോവുന്നുണ്ട്.

PUBG MOBILEകുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഗെയിമിന് അടിമയായി ജീവിതം താറുമാറായവരുണ്ട്. കൂട്ടുകാർ കളിക്കുന്നത് കണ്ടിട്ടാണ് കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവാവിന്‌ പബ്‌ജി ഗെയിമിനോട്‌ താത്‌പര്യം

തോന്നിയത്‌. പക്ഷേ പിന്നീടത്‌ അയാളുടെ ജീവിതത്തെത്തന്നെ ഉലച്ചുകളഞ്ഞു. തുടക്കസമയത്ത് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരുന്നില്ലെന്നാണ്‌ അയാൾ പറയുന്നത്‌. പരസ്പരം അറിയാത്ത ആളുകളുമായാണ് കൂടുതൽ കളിച്ചിരുന്നത്. സമയം കിട്ടുമ്പോഴൊക്കെ ഗെയിം കളിക്കും. ഓഫീസിൽ നിന്ന്‌ വൈകുന്നേരം വീട്ടിലെത്തിയാൽ ഇതു തന്നെയായിരുന്നു പരിപാടി. അമ്മയോടും ഭാര്യയോടും മക്കളോടും കൂട്ടുകാരോടും സംസാരിക്കാൻ സമയം ലഭിക്കാറില്ല. എന്നാൽ, ഗെയിമിന് എങ്ങനെയെങ്കിലും സമയം കണ്ടെത്തും. ഭക്ഷണം കഴിക്കുമ്പോൾ പോലും ഫോണിൽ നോക്കിയിരിക്കും. പല തവണ ഭാര്യയും അമ്മയും ഇത് നിർത്താൻ പറഞ്ഞിട്ടും സാധിച്ചിരുന്നില്ല. രണ്ടുമാസംമുമ്പ് വരെ ഞാൻ ഈ ഗെയിമിന് അടിമപ്പെട്ടിരുന്നു. ഫോണിൽ നിന്ന് ഒഴിവാക്കിയാലും വീണ്ടും ഇൻസ്റ്റാൾ ചെയ്യും. ഈ ഗെയിം കുടുംബബന്ധത്തെ തകർക്കും എന്ന് മനസ്സിലായപ്പോൾ വളരെയധികം പ്രയാസപ്പെട്ടാണ് നിർത്തിയതെന്ന്‌ അദ്ദേഹം പറയുന്നു.

അജ്ഞാതരുടെ യുദ്ധം

പബ്ജി എന്നാണ് പറയുന്നതെങ്കിലും മുഴുവൻ പേര് പ്ലെയർ അൺനോൺ ബാറ്റിൽ ഗ്രൗണ്ട് എന്നാണ്. ഡ്രീം ലീഗ്, മിനി മിൽട്ടിയ, പെസ്സ്, ക്ലാഷ് ഒാഫ് ക്ലാൻസ്, ഫിഫ എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. ട്രെൻഡനുസരിച്ചാണ് ഇത് മാറിക്കൊണ്ടിരിക്കുന്നത്. ഇന്ന് പ്രചാരത്തിലുള്ളതിൽ ഏറ്റവും പ്രാധാനിയാണ് പബ്ജി. ഇന്ത്യയിൽ എവിടെയുള്ളവർക്കും പരസ്പരം പരിചയം ഇല്ലാത്തവർക്കുപോലും

ഓൺലൈനായി പരിചയപ്പെട്ട് ഈ ഗെയിം കളിക്കാം. ഇത്തരം ഗെയിമുകൾ കാരണം പലരുടെയും ജീവിതം താറുമാറാവുന്നുണ്ട്. രണ്ട് വർഷം മുമ്പ് വരെ നാട്ടിൻപുറങ്ങളിൽ വൈകുന്നേരങ്ങളിൽ മൈതാനങ്ങളിൽ കളിക്കാനെത്തുന്നവരുടെ തിരക്കായിരുന്നു. പക്ഷേ, പബ്ജി കളിക്കുന്നവരുടെ തിരക്കാണ് പലയിടത്തും. രാത്രിയിലൊക്കെ പബ്ജികളിക്കാനായി കുട്ടികൾ വീട്ടിൽ നിന്നിറങ്ങി പുറത്തുേപാവുന്നുണ്ട്. ചിലയിടങ്ങളിൽ റോഡരികിൽ മൊബൈലും പിടിച്ച് രാത്രിയിലും കളിക്കുന്ന കുട്ടികളെ കാണാം.

ഒരിക്കൽ ഇത് തുടങ്ങിയാൽ നിർത്താൻ വളരെയധികം ബുദ്ധിമുട്ടാണ്. ഫോണിൽനിന്ന് ഗെയിം ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും കളിക്കാൻ തോന്നുമെന്നതാണ് ഇതിന്റെ പ്രശ്നം. ഗ്രാമീണ മേഖലയിലും പബ്ജി സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം ഗെയിമുകളുടെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി പബ്ജിയടക്കമുള്ള ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ശശി തരൂർ എം.പി. ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. ഒരു പരിധി വരെ യുവാക്കളുടെ പ്രവർത്തനക്ഷമതയെ ഇല്ലാതാക്കുമെന്നതിനാൽ അമിതമായി ഗെയിം കളിക്കുന്നത് നിയന്ത്രണവിധേയമാക്കുന്ന ഗെയിമിങ്‌ നിയന്ത്രണ ബിൽ വേണന്നാണ് ശശി തരൂർ ആവശ്യപ്പെട്ടത്.

PUBG MOBILEമാതാപിതാക്കള്‍ക്ക് കരുതല്‍ വേണം

കുട്ടികളില്‍ ഗെയിമുകളുടെ താത്പര്യം വര്‍ധിച്ചുവരുന്നുണ്ട്.  അത് അവരെ മാനസികമായും ശാരീരികമായും തളര്‍ത്തും. ഇത്തരം ഗെയിമുകള്‍ കുട്ടികളെ ചതിക്കുഴികളില്‍ എത്തിക്കും. പ്രധാനമായും മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. ഇതില്‍ കുട്ടികളെ പിന്തിരിപ്പിക്കാന്‍ വളരെയധികം ബുദ്ധിമുട്ടായിരിക്കുന്ന കാഴ്ചയാണ് കൂടുതല്‍. വിട്ടുമാറാത്ത ഒരു തരം വാശിയായി മാറും. - ഡോ-പി. കൃഷ്ണകുമാര്‍, ഇംഹാന്‍സ് ഡയറക്ടര്‍ 

പ്രശ്‌നങ്ങള്‍

  • പഠനത്തില്‍ പിറകോട്ടാകും
  • സമൂഹവുമായുള്ള ഇടപെടലുകള്‍ കുറയും
  • സമൂഹത്തിലെ പ്രശ്‌നങ്ങള്‍ അറിയാന്‍ ശ്രമിക്കില്ല
  • കുടുംബവുമായും കൂട്ടുകാരുമായും ഇടപെടല്‍ കുറയും
  • ഉറക്കം നഷ്ടപ്പെടും
  • കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കും

പോംവഴി

  • കുട്ടികള്‍ എന്തിനൊക്കെയാണ് ഫോണ്‍ ഉപയോഗിക്കുന്നത് എന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കണം 
  • ഡിജിറ്റല്‍ മീഡിയയുടെ ആരോഗ്യപരമായ കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധതിരിക്കണം 
  • സമൂഹവുമായി കുട്ടികളെ ബന്ധിപ്പിക്കണം.

Content Highlights: pubg game social mental issues impacts