ഴിഞ്ഞ കുറച്ച് കാലമായി ലോകരാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. സമൂഹമാധ്യമങ്ങളിലെ സംഘടിതമായ ഇടപെടലുകളിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയെും ഫലത്തെയും വരെ സ്വാധീനിക്കാനാകുമെന്ന് നമ്മള്‍ കണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായും ചര്‍ച്ചകള്‍ക്കായും വ്യാപകമായി ഉപയോഗിച്ചുവരുന്ന സമൂഹ മാധ്യമ വെബ്‌സൈറ്റാണ് ട്വിറ്റര്‍.   എന്നാല്‍ വ്യാജ വാര്‍ത്താ പ്രചരണങ്ങള്‍ക്കും സംഘടിത തിരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങള്‍ സമൂഹമാധ്യമങ്ങളിലുടനീളം നടക്കുന്നുണ്ട്. 2021 നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേതടക്കമുള്ള തിരഞ്ഞെടുപ്പുകളില്‍ സുരക്ഷിതവും ആരോഗ്യപരവുമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ട്വിറ്റര്‍.  ഈ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ട്വിറ്റര്‍ ഇന്ത്യ പോളിസി മാനേജര്‍ പായല്‍ കാമത്ത്. 

തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ട്വിറ്റര്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കുന്നുണ്ട്. അത് ചിലപ്പോള്‍ വിപരീത ഫലവുമുണ്ടാക്കാനും ഇടയാക്കും. തിരഞ്ഞെടുപ്പ് കാലത്ത് എന്തെല്ലാമാണ് ട്വിറ്ററിന്റെ പരിഗണനയിലുള്ളത്?

ജനങ്ങളുടെ വിശ്വാസം നേടുന്നതിനും നിലനിര്‍ത്തുന്നതിനും ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. തുറന്ന ചര്‍ച്ചകള്‍ പരിപോഷിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശ്വാസയോഗ്യമായ വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ എത്തുന്ന ഒരു അവശ്യ സേവനമാണ് ട്വിറ്റര്‍ എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. 

ഇന്ത്യയിലും ആഗോള തലത്തിലുമായി നേരത്തെ നടന്നിട്ടുള്ള തിരഞ്ഞെടുപ്പില്‍ നിന്നുള്ള പാഠമുള്‍ക്കൊണ്ടുള്ള വിവിധ സംവിധാനങ്ങളാണ് ഈ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പ് കാലത്തേക്കായി ഒരുക്കിയിട്ടുള്ളത്. മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളില്‍ വിവിധ സേവനങ്ങള്‍ ഒരുക്കിയതാണ് അതില്‍ പ്രധാനം.  ഇത് കൂടാതെ വിശ്വസനീയമായ വിവരങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുക, തെറ്റിദ്ധാരണ പരത്തുന്നതും ഹാനികരവുമായ ഉള്ളടക്കങ്ങളുടെ പ്രചാരം തടയുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. 

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ സ്വീകരിച്ചുവന്ന കര്‍ശന നിലപാടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുള്ള വ്യാജ വാര്‍ത്താ പ്രചാരണം തടയാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് ട്വിറ്റര്‍ സ്വീകരിച്ചിട്ടുള്ളത് ?

ആരും തന്നെ ട്വിറ്ററിന്റെ നിയമങ്ങള്‍ക്ക് അതീതരാവുന്നില്ല. ഞങ്ങള്‍ പക്ഷപാതിത്വമില്ലാതെ എല്ലാവരിലും നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ട്വിറ്ററിലെ നിയമങ്ങള്‍ എല്ലാവരും പരിചയപ്പെടേണ്ടതുണ്ട്. നിയമ ലംഘനങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അത് തീര്‍ച്ചയായും റിപ്പോര്‍ട്ട് ചെയ്തിരിക്കണം.

ഞങ്ങളുടെ സിവിക് ഇന്റഗ്രിറ്റി പോളിസി അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ, നടപടിക്രമങ്ങള്‍ എന്നിവയെ പറ്റിയുള്ള തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും ഉള്ളടക്കങ്ങളും ഞങ്ങള്‍ ഒഴിവാക്കും.  തിരഞ്ഞെടുപ്പിലും വോട്ടിംഗിലും പങ്കെടുക്കുന്ന ആളുകളെ ഭയപ്പെടുത്താനോ പിന്തിരിപ്പിക്കാനോ ഉള്ള ശ്രമങ്ങളും, സ്ഥാനാര്‍ത്ഥിയുടേയും പാര്‍ട്ടിയുടേയും പേരിലുള്ള വ്യാജ അക്കൗണ്ടുകളും വിലക്കും. 

ട്വിറ്ററിന്റെ സിന്തറ്റിക് ആന്റ് മാനിപ്പുലേറ്റഡ് മീഡിയ പോളിസി അനുസരിച്ച് ട്വിറ്ററില്‍ പ്രചരിക്കുന്ന ഒരു മീഡിയ ( വീഡിയോ, ചിത്രങ്ങള്‍, ഓഡിയോ) എന്നിവ വിശ്വാസിക്കാന്‍ മതിയായ കാരണം വേണം. അല്ലെങ്കില്‍ അത് നിലവിലെ സാഹചര്യവുമായി ബന്ധമുള്ളതാവണം. അങ്ങനെ അല്ലാത്തവ തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങളാണ്. മാനിപ്പുലേറ്റഡ് വീഡിയോ എന്ന ലേബല്‍ നല്‍കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. 

സിന്തറ്റിക് ആന്റ് മാനിപ്പുലേറ്റഡ് മീഡിയാ ലേബല്‍ ലഭിച്ച ട്വീറ്റുകള്‍ റീ ട്വീറ്റ് ചെയ്യുമ്പോള്‍ ഉപഭോക്താവിന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കും. ലേബല്‍ ചെയ്തവ ട്വിറ്ററിന്റെ അല്‍ഗൊരിതം നിര്‍ദേശിത ഉള്ളടക്കങ്ങളായി ഉപയോക്താക്കളെ കാണിക്കുകയും ചെയ്യില്ല.

ഇത്തരം കൃത്രിമത്വങ്ങളും, തട്ടിപ്പുകളും, പ്രശ്നകാരികളായ ഓട്ടേമേറ്റഡ് അക്കൗണ്ടുകളും, ട്വീറ്റിന്റെ സേവന വ്യവസ്ഥകള്‍ ലംഘിക്കുന്ന പ്രവര്‍ത്തികളും നേരിടാന്‍ ട്വിറ്ററിനെ ശക്തിപ്പെടുത്തുന്നത് ഞങ്ങള്‍ തുടരും. തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ സ്വാധീനിക്കാനുള്ള സംശയാസ്പദമായ ഇടപെടലുകളെയും പ്രചരണങ്ങളെയും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും ഞങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള ആഴ്ചകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃതവും സംഘടിതവുമായ ഇടപെടലുകള്‍ക്കെതിരെ സജീവമായി നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്വിറ്ററിന്റെ ട്രാന്‍സ്പാരന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതാണ്. 

ഓരോ പ്രദേശത്തേയും ഭാഷാ സാംസ്‌കാരിക സാമൂഹിക വൈവിധ്യങ്ങള്‍ക്കിടയില്‍ തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേകം ടീം പ്രവര്‍ത്തിക്കുന്നുണ്ടോ ? 

ഓരോ രാജ്യത്തിന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളും സങ്കീര്‍ണതകളും കണക്കിലെടുത്തുകൊണ്ടാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പുകളോട് സഹകരിക്കുന്നത്. പ്രാദേശിക, സാംസ്‌കാരിക, ഭാഷാ വൈദഗ്ധ്യമുള്ള ഒരു ആഗോള ക്രോസ്-ഫങ്ഷണല്‍ ടീം ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തിന് ഹാനികരമാവുന്നതും അപകടത്തിനിടയാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷനുകളില്‍ നിന്നും ഏത് രീതിയിലുള്ള പിന്തുണയാണ് ട്വിറ്ററിന് ലഭിക്കുന്നത്?

ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം എല്ലാവര്‍ഷവും ഒരു തിരഞ്ഞെടുപ്പ് വര്‍ഷമാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെയും മുമ്പത്തെ നിയമസഭാ തിരഞ്ഞെടുക്കളെയും പോലെ ദേശീയ, സംസ്ഥാന തലങ്ങളിലുള്ള തിരഞ്ഞെടുപ്പ് അധികൃതരുമായുള്ള സജീവമായ ഇടപെടലും സംഭാഷണവും ഞങ്ങള്‍ തുടരുന്നുണ്ട്. ഒരു റെഗുലേറ്ററി സ്ഥാപനമെന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കുന്നതിലും പൊതു സമഗ്രതയ്ക്കായുള്ള വിവിധ സംരംഭങ്ങളിലൂടെയും ശക്തമായ ട്രാക്ക് റെക്കോര്‍ഡ് ഞങ്ങള്‍ക്കുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളുടെ ടീമംഗങ്ങള്‍ ദേശീയ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ നടത്തിയിരുന്നു. ഞങ്ങളുടെ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കണം, തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ജനങ്ങളോട് എങ്ങനെ ബന്ധപ്പെടണം, പ്രശ്നങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം പോലുള്ള വിഷയങ്ങളില്‍ അവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയകളെ പിന്തുണയ്ക്കുന്നതിനായി സജീവമായ ആശയവനിമയം ഞങ്ങള്‍ക്കിടയിലുണ്ട്. 

ഈ തിരഞ്ഞെടുപ്പ് കാലത്ത് ട്വിറ്ററിന്റെ തയ്യാറെടുപ്പുകള്‍ എങ്ങനെയാണ് ?

വോട്ടര്‍മാരെ ബോധവല്‍കരിക്കുന്നതിനും പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്.  സ്ഥാനാര്‍ത്ഥി പട്ടിക, വോട്ടെടുപ്പ് തീയതികള്‍, പോളിങ് ബൂത്തുകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍, വോട്ടര്‍ രജിസ്ട്രേഷന്‍ എന്നിവയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ കണ്ടെത്തുന്നത് ബഹുഭാഷ ഇലക്ഷന്‍ സെര്‍ച്ച് പ്രോംറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ബംഗാളി, തമിഴ്, മലയാളം, ആസാമി, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ ആറ് ഭാഷകളില്‍ ഇലക്ഷന്‍ സെര്‍ച്ച് പ്രോംപ്റ്റ് അഥവാ 'ഇലക്ഷന്‍ ഇന്‍ഫര്‍മേഷന്‍ പ്രോംപ്റ്റ്' സജീവമാണ്. 20 ല്‍ ഏറെ ഹാഷ്ടാഗുകളുടെ പിന്തുണയും ലഭിക്കും. ദേശീയ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി വ്യാജ വിവരങ്ങളെ നേരിടാന്‍ ഞങ്ങള്‍ ഒന്നിലധികം ഭാഷകളില്‍ പ്രീ-ബങ്ക് പ്രോംപ്റ്റുകളും പ്രസിദ്ധീകരിക്കും.

കേരള തിരഞ്ഞെടുപ്പില്‍ പ്രത്യേകമായി ട്വിറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്?

സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പൗരന്മാര്‍, മാധ്യമങ്ങള്‍, സമൂഹം എന്നിവര്‍ തമ്മിലുള്ള ആരോഗ്യപരമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സംരംഭങ്ങള്‍ ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

നേരത്തെ പറഞ്ഞ പോലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനായുള്ള ഇന്‍ഫര്‍നേഷന്‍ സെര്‍ച്ച് പ്രോംറ്റ് അതിലൊന്നാണ്. പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കസ്റ്റം ഇമോജി, വ്യാജവാര്‍ത്തകളെയും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളെയും നേരിടുന്നതിനുള്ള പ്രീ ബങ്ക്, ഡീ-ബങ്ക് വിവരങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 

വോട്ടര്‍മാരുടെ സാക്ഷരതയും പങ്കാളിത്തവും ലക്ഷ്യമിട്ട് ഒരു ഇന്ത്യന്‍ യുവാക്കളുടെ ചര്‍ച്ചാ പരമ്പരയും ഞങ്ങള്‍ സംഘടിപ്പിക്കും. കേരളത്തിലെ വോട്ടര്‍മാര്‍ക്കായി ഈ സംവിധാനങ്ങളെല്ലാം മലയാള ഭാഷയിലും സജീവമാവും. ഇത് കൂടാതെ വനിതാ സ്ഥാനാര്‍ത്ഥികള്‍ അവരുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് വനിതാ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോ പരമ്പരയും ആസൂത്രണം ചെയ്തിട്ടുണ്ട്. 

Payal Kamat
പായല്‍ കാമത്ത്

തിരഞ്ഞെടുപ്പ് കാലത്ത് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തെല്ലാമാണ്?

ട്വിറ്ററില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തിനെയെങ്കിലും കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെങ്കില്‍ അത് പങ്കുവെക്കരുത്. വിശ്വാസയോഗ്യമല്ലാത്ത വിവരങ്ങള്‍ പങ്കുവെക്കുന്നത് അത് കൂടുതല്‍ പ്രചരിക്കുന്നതിനേ ഇടയാക്കുകയുള്ളൂ. ശാരീരികമായി അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശ്വാസയോഗ്യമായ വിവരങ്ങള്‍ അറിയുന്നതിനായി ഇലക്ഷന്‍ ഇന്‍ഫര്‍മേഷന്‍ പ്രോംറ്റ് ഉപയോഗിക്കുക. എല്ലാവരും ട്വിറ്ററിലെ നിയമങ്ങള്‍ പരിചയപ്പെടുക. നിയമങ്ങള്‍ ലംഘിക്കുന്ന എന്തെങ്കിലും കണ്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുക. 

അനാവശ്യ അക്കൗണ്ടുകളും, ഹാഷ്ടാഗുകളും മറ്റും ബ്ലോക്ക് ചെയ്തും അണ്‍ഫോളോ ചെയ്തും വാക്കുകള്‍, സംഭാഷണങ്ങള്‍, പ്രയോഗങ്ങള്‍, യൂസര്‍ നെയിമുകള്‍, ഇമോജികള്‍, ഹാഷ്ടാഗുകള്‍ എന്നി മ്യൂട്ട് ചെയ്തും അക്കൗണ്ട് നിങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരിക്കുക. 

ട്വിറ്ററിലെ ചര്‍ച്ചകളില്‍ മലയാളി ഉപയോക്താക്കളുടെ ഇടപെടല്‍ എത്രത്തോളമുണ്ട് ?

ഓണ്‍ലൈന്‍ ആശയവിനിമയങ്ങളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ വലിയ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. മലയാള സിനിമ, ആഘോഷങ്ങള്‍, രാഷ്ട്രീയ, കായിക സംഭവങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അറിയുന്നതിനായി ദശലക്ഷക്കണക്കിനാളുകള്‍ ട്വിറ്ററിലേക്ക് എത്തുന്നുണ്ട്. 

ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉള്‍പ്പടെ പത്തിലേറെ ഇന്ത്യന്‍ ഭാഷകളില്‍ ട്വിറ്ററില്‍ ആശയവിനിമയം സാധ്യമാണ്. സംസ്ഥാന തലതലത്തിലുള്ള ഉപയോഗ വിവരങ്ങള്‍ ഞങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എങ്കിലും കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ജനങ്ങളില്‍ നിന്നും വലിയരീതിയിലുള്ള ആശയവിനിമയങ്ങള്‍ ദിവസേന നടക്കുന്നുണ്ട്. 

രാഷ്ട്രീയ, കായിക, സാംസ്‌കാരിക വിഷയങ്ങളിലാണ് മലയാളികളുടെ ഇടപെടല്‍ കൂടുതല്‍. വിഷു പോലുള്ള ആഘോഷങ്ങള്‍ക്ക് ട്വിറ്ററില്‍ ഏറെ സ്വീകാര്യതയുണ്ട്. 

പ്രളയകാലത്ത് @CMOKerala എന്ന അക്കൗണ്ടിലൂടെ കേരള സര്‍ക്കാര്‍ ട്വിറ്ററിന്റെ ശക്തി ഫലപ്രദമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള തത്സമയ സംഭാഷണം ലക്ഷ്യമിട്ടുള്ള #AskTheCM പരമ്പരയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. 

ലോക്ക്ഡൗണ്‍ കാലത്ത് ഒറ്റപ്പെട്ടയാളുകള്‍ സഹായമഭ്യര്‍ത്ഥിക്കുന്നതിനായി ട്വിറ്റര്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. 

മോഹന്‍ലാല്‍ (@Mohanlal), മമ്മൂട്ടി (@mammukka) എന്നീ അക്കൗണ്ടുകളില്‍ ആരാധകരുടെ ഇടപെടല്‍ ഏറെയാണ്. ട്വീറ്റുകളില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷന്‍ ചെയ്യപ്പെടുന്ന പത്ത് ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍.

Content Highlights: Payal Kamat twitter india election features