ണ്ടാം ചാന്ദ്രഗവേഷണ പദ്ധതിയായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചതിന് മൂന്നാം ദിവസമാണ് അയല്‍ രാജ്യമായ പാകിസ്താന്‍ 2022 ല്‍ മനുഷ്യനെ ബഹിരാകാശത്തേക്കയക്കുമെന്ന വലിയൊരു പ്രഖ്യാപനം നടത്തിയത്. ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം പാകിസ്താനില്‍ വലിയ ചലനം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പ്രഖ്യാപനമുണ്ടായത്. 

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയും തീരുമാനിച്ചിരിക്കുന്നത് 2022 ല്‍ തന്നെയാണ്. ഇരു രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികവും അതേ വര്‍ഷം തന്നെയാണ് എന്നത് ശ്രദ്ദേയം.

ഇന്ത്യയെ വെല്ലുവിളിക്കാനാണ് പാകിസ്താന്റെ ഈ പ്രഖ്യാപനമെന്ന് പറയുന്നു. എന്നാല്‍ ഇന്ത്യയുടെയും പാകിസ്താന്റേയും ബഹിരാകാശ സ്വപ്‌നങ്ങള്‍ തമ്മിലുള്ള അകലം ഏറെ വലുതാണ് എന്നതാണ് യാഥാര്‍ഥ്യം.

ചൈനയുടെ സഹായത്തോടെയാവും പാകിസ്താന്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക. സ്വന്തമായി അത് സാധ്യമാക്കാനുള്ള ശേഷി ഇപ്പോഴും പാകിസ്താന് കൈവന്നിട്ടില്ല.

ചൈനയുടെ പിന്തുണയോടെയാണ് നിലവില്‍ പാകിസ്താന്റെ ബഹിരാകാശ പദ്ധതികള്‍ മുന്നോട്ടുപോവുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത്  ഈ വര്‍ഷം ആദ്യം ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയിരുന്നു. മനുഷ്യനെ ബഹിരാകാശത്തയക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സഹകരിക്കാന്‍ ഈ കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. 

Chandrayaan-2
ചന്ദ്രയാൻ 2 വിക്ഷേപണം

പാകിസ്താന്‍ 2022 ല്‍ യാഥാര്‍ഥ്യമാക്കാന്‍ ആഗ്രഹിക്കുന്ന സ്വപ്നം ഇന്ത്യ 1984 ല്‍ തന്നെ കൈവരിച്ചതാണ്. സോവിയറ്റ് യൂണിയന്റെ സോയൂസ് ടി-11 പേടകത്തിലാണ് ആദ്യ ഇന്ത്യക്കാരന്‍ ബഹിരാകാശത്തെത്തിയത്. രാകേഷ് ശര്‍മ. മറ്റൊരു രാജ്യത്തിന്റേയും പങ്കില്ലാതെ ഇന്ത്യ സ്വന്തമായാണ് ചന്ദ്രയാന്‍ രണ്ട് യാഥാര്‍ത്ഥ്യമാക്കിയത്. 

കുറഞ്ഞ ചിലവില്‍ ബഹിരാകാശ ഉദ്യമങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയും ഇന്ത്യ ശ്രദ്ധനേടിയിട്ടുണ്ട്. ഒറ്റ വിക്ഷേപണത്തില്‍ 104 ചെറു ഉപഗ്രങ്ങള്‍ ബഹിരാകാശത്തെത്തിച്ച് ഇന്ത്യ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 

2022 ല്‍ ഗഗന്‍യാന്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നത് ഇന്ത്യയുടെ സ്വന്തം പ്രയത്‌നത്തിലാവും. എങ്കിലും ചില കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ ഐഎസ്ആര്‍ഓ തേടുന്നുണ്ട്. ബഹിരാകാശ ഗവേഷകരുടെ പരിശീലനത്തിനായി ഇന്ത്യ റഷ്യയുടെ സഹായം തേടുന്നുണ്ട്. അമേരിക്കയുടെ നാസയുടെ സഹകരണവും ഈ ഉദ്യമത്തിലുണ്ടായേക്കും. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. 

മൂന്ന് ഇന്ത്യന്‍ ഗവേഷകരെ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആര്‍ഓയുടെ ലക്ഷ്യം. ഇന്ത്യന്‍ നിര്‍മിതമായ ജിഎസ്എല്‍എവി മാര്‍ക് 3 റോക്കറ്റിന്റെ സഹായത്തോടെയാവും ഇത് സാധ്യമാക്കുക. ചന്ദ്രയാന്‍ രണ്ടിനെ ബഹിരാകാശത്തെത്തിച്ചതും ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണ വാഹനമാണ്. 

1969 ല്‍ സ്ഥാപിതമായ ഐഎസ്ആര്‍ഓ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചിട്ടും. 1961 ല്‍ തുടക്കമിട്ട പാകിസ്ഥാന്റെ സ്‌പേസ് ആന്റ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷന്‍ ഇപ്പോഴും വളര്‍ന്നുവരുന്നതേയുള്ളൂ. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് പാകിസ്താന്‍ അടുത്തകാലത്തൊന്നും വെല്ലുവിളിയാവില്ല. 

ഒരേ ദശകത്തില്‍ തുടക്കമിട്ട ഇരുരാജ്യങ്ങളുടെയും ആദ്യ ബഹിരാകാശ വിക്ഷേപണ പദ്ധതികള്‍ പരാജയമായിരുന്നു. ഈ പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇന്ത്യ ബഹിരാകാശ രംഗത്ത് തുടര്‍ന്നപ്പോള്‍. ബഹിരാകാശ പദ്ധതികളില്‍ താല്‍പര്യം കാണിക്കാതെ മിസൈല്‍ സാങ്കേതിക വിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു പാകിസ്താന്‍. 

എന്നാല്‍ യുദ്ധരംഗത്ത് മിസൈലുകളേക്കാല്‍ സഹായകമാവുന്ന നിരീക്ഷണസംവിധാനം ബഹിരാകാശത്തൊരുക്കാന്‍ ഐഎസ്ആര്‍ഓയ്ക്ക് സാധിച്ചു. പാകിസ്താനെതിരെ അടുത്തകാലത്ത് നടന്ന സൈനിക നീക്കങ്ങളില്‍ ഇന്ത്യയെ സഹായിച്ചതും അത്യാധുനിക ബഹിരാകാശ നിരീക്ഷണ സംവിധാനങ്ങളാണ്. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതും മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ത്തിയ വെല്ലുവിളിയാണ്. 

ഈ സാഹചര്യം തന്നെയാണ് ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പാകിസ്താനെ നിര്‍ബന്ധിതരാക്കിയത്. ജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദവും പാകിസ്താനുണ്ട്. എന്നാല്‍ മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്നതിലൂടെ ഒരു അഭിമാന നേട്ടം കൈവരിക്കാനാവും എന്നതല്ലാതെ പാകിസ്താന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് അത് മറ്റ് ഗുണമൊന്നുമുണ്ടാക്കില്ല എന്ന് വിലയിരുത്തപ്പെടുന്നു. 2022 ൽ പാകിസ്താന്‍ ആദ്യം മനുഷ്യനെ അയച്ചാലും ഇന്ത്യയ്ക്ക് അതൊരു വെല്ലുവിളിയല്ല. ഇന്ത്യയുടെ നേട്ടം അതിലും ഏറെ സവിശേഷമായിരിക്കും. 

Content Highlights: pakistans plan to send human to space by 2022 SUPARCO challenge to gaganyan