തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മികളിയിലൂടെ സംസ്ഥാനത്ത് പണം നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തിരുവനന്തപുരം സ്വദേശി യുവാവിന്റെ ആത്മഹത്യക്ക് കാരണമായത് ഇതിലൂടെ കടം കയറിയതാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് ഇക്കാര്യം ഗൗരവമായെടുത്തിട്ടുണ്ട്. ഇത്തരം കേസുകളൊന്നും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഹൈടെക് സെല്‍ അധികൃതര്‍ പറഞ്ഞു.

പ്രചാരംനേടിയത് കോവിഡ് കാലത്ത്

കോവിഡ് അടച്ചിടല്‍ കാലത്താണ് ഓണ്‍ലൈന്‍ റമ്മികളിക്ക് പ്രചാരം വന്നത്. അതോടൊപ്പം വായ്പനല്‍കുന്ന മൊബൈല്‍ ആപ്പുകളും വന്നു. ചെറിയ തുകയ്ക്കുള്ള കളി തുടങ്ങിയവര്‍ പിന്നീടത് വന്‍തുകയ്ക്കാക്കി. പണം നഷ്ടപ്പെട്ടവര്‍ വായ്പയെടുത്ത് കളിച്ചു. മണിലെന്‍ഡിങ് ആപ്പുകള്‍ വഴി പണമെടുത്തവരില്‍ പലര്‍ക്കും ഭീഷണികളും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവന്നു. വീട്ടുകാരറിയാതെ കളിച്ച് പണം നഷ്ടപ്പെട്ടവര്‍ പരാതികളുമായി എത്തിയതുമില്ല. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വീനിതിന് 12 ലക്ഷത്തിലധികം നഷ്ടമായി. അദ്ദേഹത്തെ ആദ്യം കാണാതാവുകയും പിന്നീട് ആത്മഹത്യചെയ്ത നിലയില്‍ കാണുകയും ചെയ്തതോടെയാണ് ഓണ്‍ലൈന്‍ റമ്മിയുടെ ചതിക്കുഴി പലരും അറിഞ്ഞത്. തിരുവനന്തപുരം ജില്ലാ ട്രഷറി തട്ടിപ്പുകേസില്‍ പ്രതിയായ ബിജുലാലിനും ഓണ്‍ലൈന്‍ റമ്മിയിലൂടെ ലക്ഷങ്ങള്‍ നഷ്ടമായെന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്.

പ്രതിവിധി ബോധവത്കരണം

ഓണ്‍ലൈന്‍ റമ്മികളിയിലൂടെ ഒട്ടേറെപ്പേര്‍ക്ക് പണം നഷ്ടമാകുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, ആരും പരാതികളുമായി മുന്നോട്ടുവരുന്നില്ല. ഇതിന് അടിമപ്പെട്ടുപോകുന്നവരെ ബോധവത്കരണത്തിലൂടെ മാത്രമേ പിന്തിരിപ്പിക്കാനാവൂ. പോലീസിന്റെ സാമൂഹികമാധ്യമ സംവിധാനങ്ങളിലൂടെ ബോധവത്കരണ ശ്രമം നടത്തും.

-ഇ.എസ്. ബിജുമോന്‍, ഡിവൈ.എസ്.പി., ഹൈടെക് ക്രൈം സെല്‍

 

ആപ്പുകള്‍ ഒട്ടേറെ

ഓണ്‍ലൈന്‍ റമ്മികളിക്കാനുള്ള ഒട്ടേറെ ആപ്പുകളാണ് പ്ലേസ്റ്റോറിലുള്ളത്. ഇവയുടെ പരസ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും പ്രചരിക്കുന്നുണ്ട്. കമ്പനി പറയുന്ന നിബന്ധനകള്‍ അംഗീകരിച്ചാണ് കളി തുടങ്ങേണ്ടത്. ഇവയൊന്നും വായിച്ചുനോക്കാന്‍ ആരും മെനക്കെടുന്നില്ല. ഓണ്‍ലൈന്‍ ഗെയിമുകള്‍ നൈപുണ്യം ഉപയോഗിച്ചുള്ള കളിയെന്നതിനാല്‍ അത് തടയപ്പെട്ടിട്ടുമില്ല.

ആപ്ലിക്കേഷന്റെ കളി

ഓണ്‍ലൈന്‍ റമ്മിയില്‍ പലപ്പോഴും മനുഷ്യരല്ല എതിര്‍ഭാഗത്ത് കളിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എതിര്‍ഭാഗത്ത് നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളുമായിരിക്കും കളി നിയന്ത്രിക്കുന്നത്.

വായ്പാ ആപ്പുകളുടെ പരസ്യങ്ങളും

ഓണ്‍ലൈന്‍ റമ്മി ആപ്പുകളിലൂടെ തന്നെ ഓണ്‍ലൈന്‍ വായ്പാ പരസ്യങ്ങളുമുണ്ട്. 36 ശതമാനംവരെ പലിശയ്ക്ക് നല്‍കുന്ന പണം സമയത്ത് തിരികെ നല്‍കിയില്ലെങ്കില്‍ ഭീഷണിയാണ്. വായ്പയെടുക്കുന്നയാളുടെ ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് വാട്‌സാപ്പ് സന്ദേശങ്ങളും ഭീഷണിയും പ്രചരിക്കുന്നത്. 

 

Content Highlights: online rummy fraud money loss fake play