ണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിനെത്തെത്തുടർന്ന് തൃശൂരില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഓണ്‍ലൈന്‍ ഗെയിം എന്ന പ്രയോഗം സ്വല്‍പം ഭീകരതയോടെ അവതരിപ്പിക്കപ്പെടുന്നു. ഓണ്‍ലൈന്‍ ഗെയിമുകളോടുള്ള ആസക്തിയെ കുറിച്ചുള്ള ചര്‍ച്ചകളും അവ നിരോധിക്കപ്പെടണമെന്ന വാദവും ഉയര്‍ന്നുവരുന്നു. 

അതേസമയം മൊബൈല്‍ ഫോണും ഗെയിമുകളും പ്രതിസ്ഥാനത്താകുമ്പോള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളോടുള്ള ജനങ്ങളിലെ അജ്ഞത ചര്‍ച്ചയാവാതെ പോവുന്നുണ്ടോ?

തീര്‍ച്ചയായും അതിവേഗം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് സാങ്കേതിക വിദ്യ. ദിവസേനയെന്നോണം അത് പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പതിവ് പോലെ ഈ മാറ്റങ്ങളെ അതിവേഗം ഉള്‍ക്കൊള്ളാനാവുന്നത് കുട്ടികള്‍ക്കും യുവാക്കള്‍ക്കും തന്നെയാണ് എന്നതാണ് സത്യം.

സ്മാര്‍ട്ഫോണില്‍ ഒരു ഗെയിം കളിച്ച കുട്ടിയ്ക്ക് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ കുട്ടികളുടെ ഗെയിം കളി മൂലം ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട സംഭവങ്ങള്‍ നേരത്തെ തന്നെ പലവട്ടം ഉണ്ടായിട്ടുണ്ട്. 

Gamingസ്മാര്‍ട്ഫോണ്‍ വിദഗ്ദരായ കുട്ടികള്‍

ഇന്ന് വീടുകളില്‍ സ്മാര്‍ട്ഫോണുകളും, കംപ്യൂട്ടറുകളും ടെലിവിഷനുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം വളരെ എളുപ്പം ഉപയോഗിക്കാനറിയുന്നവര്‍ കുട്ടികളാണ്. ഇക്കാര്യത്തില്‍ മുതിര്‍ന്നവര്‍ തങ്ങളുടെ സംശയദൂരീകരണത്തിനായി ആശ്രയിക്കുന്നതും ഈ കുട്ടികളെയാണ്. സമപ്രായക്കാരായ കുട്ടികളുടെ ഇടയിലെ സംസാര വിഷയങ്ങളിലൊന്നാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന ഗെയിമുകളും. സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും ഗെയിമുകള്‍ കളിക്കുന്നതിനെ കുറിച്ചുമെല്ലാം അവര്‍ പഠിച്ചെടുക്കുന്നതും സമപ്രായക്കാര്‍ക്കിടയില്‍ നിന്നാണ്. 

എന്നാല്‍ വരും വരായ്കകളെ കുറിച്ചുള്ള അജ്ഞത സ്വതസിദ്ധമായി കുട്ടികള്‍ക്കുണ്ടാവും. ചെയ്യാന്‍ പോവുന്ന കാര്യത്തിന്റെ പരിണിത ഫലം എന്തായിരിക്കുമെന്നൂഹിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള മിടുക്ക് കുട്ടികള്‍ കാണിച്ചുകൊള്ളണം എന്നില്ല. എന്തും പരീക്ഷിച്ചുനോക്കാനുള്ള അടങ്ങാത്ത കൗതുകം അവര്‍ക്കുള്ളിലുണ്ടാവും. കുട്ടികളുടെ സ്മാര്‍ട്ഫോണ്‍ വൈദഗ്ദ്യത്തെ കുറിച്ച് അഭിമാനിക്കുമ്പോള്‍ സ്മാര്‍ട്ഫോണുകള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതിലെ അപകടങ്ങളെ കുറിച്ചും പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. 

Gamingസ്മാര്‍ട്ഫോണ്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍

രക്ഷിതാക്കളുടെ കൃത്യമായ നിയന്ത്രണവും ശ്രദ്ധയും ആവശ്യമുള്ള കാര്യമാണത്. ഫോണ്‍ ഉപയോഗിക്കുന്നതില്‍ കുട്ടികള്‍ക്ക് പരിചയം ഉണ്ടെന്ന് കരുതി അത് അവര്‍ക്ക് കൈവിട്ടുകൊടുക്കാനുള്ള കാരണമായി കരുതരുത്. വീട്ടിലെ സ്ത്രീകളുടെ ഫോണുകളാണ് മിക്കപ്പോഴും കുട്ടികള്‍ക്ക് എതിര്‍പ്പുകളില്ലാതെ കിട്ടുന്നത്. 

മകന് ഒരു ബൈക്ക് വാങ്ങിക്കൊടുത്ത് അവന്‍ ആ ബൈക്ക് അപകടരമായ വിധത്തില്‍ ഓടിച്ച് അപകടത്തില്‍ പെടുന്നത് പോലെയാണ് സ്മാര്‍ട്ഫോണിന്റെ കാര്യവും. ശരിയായി ഉപയോഗിച്ചില്ലെങ്കില്‍, അങ്ങനെ ഉപയോഗിക്കാന്‍ ശീലിപ്പിച്ചില്ലെങ്കില്‍ അത് അപകടകരമാണ്. 

ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകളുടെ നിയന്ത്രണം കുട്ടികള്‍ക്ക് നല്‍കുമ്പോള്‍

പാസ് വേഡുകള്‍ കൃത്യമായറിഞ്ഞാല്‍ വളരെ എളുപ്പം ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന സേവനങ്ങളാണ് ഇന്ന് നിലവിലുള്ള യുപിഐ ആപ്പുകള്‍. അതുകൊണ്ടു തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള വാതിലാണ് സ്മാര്‍ട്ഫോണുകള്‍ എന്ന് എപ്പോഴും ഓര്‍മവേണം. ഓണ്‍ലൈന്‍ ഗെയിമുകളില്‍ പലതും ഇന്‍ ആപ്പ് പര്‍ചേസുകളുള്ളവയാണ്. ഗെയിമിലെ ഓരോ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ നിശ്ചിത തുക നല്‍കേണ്ടിവരും. ചിലര്‍ അവയില്‍ ആകൃഷ്ടരായേക്കാം.ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ആപ്പുകളും കുട്ടികള്‍ നിങ്ങളറിയാതെ ഉപയോഗിച്ചേക്കാം.  പഠനത്തിനായും മറ്റും കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. 

Applock

  • കുട്ടികള്‍ക്ക് ആവശ്യമുള്ള ആപ്പുകള്‍ ഒഴികെ ഫോണുകളിലെ മറ്റ് ആപ്ലിക്കേഷനുകളെല്ലാം നിങ്ങള്‍ക്ക് മാത്രം അറിയാവുന്ന പാസ് വേഡ് വെച്ച് ലോക്ക് ചെയ്യുക. പ്രത്യേകിച്ചും ആപ്പ് സ്റ്റോറുകളും, പേമെന്റ് ആപ്പുകളും.
  • എടിഎം കാര്‍ഡുകളും ബാങ്ക് പാസ് വേഡുകളും കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. 
  • കുട്ടികള്‍ക്ക് നല്‍കിയ ഫോണിലെ എസ്എംഎസ് നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കുക. പ്രത്യേകിച്ചും ബാങ്ക് നോട്ടിഫിക്കേഷനുകള്‍. ബാങ്ക് നോട്ടിഫിക്കേഷനുകള്‍ രക്ഷിതാക്കള്‍ അറിയാതിരിക്കാന്‍ നീക്കം ചെയ്ത കുട്ടികളുമുണ്ട്. 
  • യുപിഐ ആപ്പുകളിലെ പേമെന്റ് ഹിസ്റ്ററി പരിശോധിക്കുക. 
  • സാധിക്കുമെങ്കില്‍ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള പ്രത്യേകം ഫോണുകള്‍ പഠനാവശ്യത്തിനായി നല്‍കുക. പഠനം കഴിഞ്ഞ് തിരികെ വാങ്ങുക. 
  • ഫോണുകളില്‍ ലഭ്യമായ പാരന്റിങ് ആപ്പ് ഉപയോഗിച്ച് കുട്ടികളുടെ ഫോണ്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുക.

ഗെയിം കളിയെ പേടിക്കണോ?

സ്മാര്‍ട്ഫോണ്‍ ഗെയിമുകള്‍ വെറും വിനോദ ഉപാധി മാത്രമാണ്. എല്ലാ പ്രായക്കാര്‍ക്കും കളിക്കാനുള്ള ഗെയിമുകള്‍ സ്മാര്‍ട്ഫോണുകളില്‍ ലഭ്യമാണ്. എന്നാല്‍ ഗെയിമുകള്‍ക്കും ആപ്പുകള്‍ക്കുമെല്ലാം ഓരോ പ്രായപരിധിയിലുള്ള ഉപഭോക്താക്കളെ നിര്‍ദേശിക്കാറുണ്ട്. ഈ നിയന്ത്രണം തെറ്റിക്കുന്നിടത്താണ് ആദ്യത്തെ വീഴ്ച സംഭവിക്കുന്നത്. മുതിര്‍ന്നവരെ ലക്ഷ്യമിട്ടെത്തുന്ന ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളാണ് അവരിലേക്ക് എത്തുന്നത്. ഇന്‍സ്റ്റാഗ്രാമും ഫെയ്സ്ബുക്കുമെല്ലാം ഇങ്ങനെ നിശ്ചിത പ്രായപരിധിയ്ക്ക് മുകളിലുള്ളവരെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. 

family linkകുട്ടികള്‍ ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും കളിക്കുന്നതും നിങ്ങളുടെ മേല്‍നോട്ടത്തിലായിരിക്കണം. ആപ്പ് സ്റ്റോറുകള്‍ ലോക്ക് ചെയ്തുവെക്കേണ്ടത് അതിനാലാണ്. ഓരോ ഗെയിമും എന്താണെന്നുള്ള ബോധ്യം രക്ഷിതാക്കളുണ്ടാക്കിയിരിക്കണം. പ്ലേ സ്റ്റോറില്‍ ഓരു ആപ്പ് തിരഞ്ഞെടുത്താല്‍ അതില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രായപരിധിയും, ആപ്പില്‍ പണം നല്‍കേണ്ടതായ വില്‍പനകള്‍ നടക്കുന്നുണ്ടോ എന്നുമെല്ലാം പരിശോധിക്കാം. 

ഫോണിലെ ഇത്തരം സംവിധാനങ്ങള്‍ മനസിലാക്കാന്‍ സാധിക്കാത്തവരാണെങ്കില്‍ വിശ്വാസയോഗ്യരായ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സഹായം തേടാം. 

ഗെയിമുകളെ നിസാരമാക്കി കാണേണ്ട കാര്യമില്ല. നേരം പോക്കിന് മാത്രമല്ല ഓണ്‍ലൈന്‍ ഗെയിമുകൾ കളിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കുട്ടികളുണ്ട്. ഗെയിമിങ് എന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയൊരു വ്യവസായ മേഖലയാണ്. 

നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ശീലിപ്പിക്കുന്ന പോലെ. നല്ല ഗെയിമുകള്‍ നല്ല രീതിയില്‍ കളിക്കാന്‍ അനുവദിക്കാവുന്നതാണ്. സ്മാർട്ഫോൺ ഉപയോഗത്തിന് കൃത്യമായ ഇടവേളകൾ നടപ്പിലാക്കി അത് അവരെ ആസക്തിയിലേക്ക് നയിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് രക്ഷിതാക്കളാണ്. 

gamingഗെയിം ആസക്തിയോ 

ആസക്തി സ്മാര്‍ട്ഫോണ്‍ ഉപയോഗത്തിനോടും ഉണ്ടാവാം. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും. ഗെയിം മാത്രമല്ല , സോഷ്യല്‍ മീഡിയയും, പോണോഗ്രഫിയുമെല്ലാം ഈ സ്മാര്‍ട്ഫോണ്‍ ആസക്തിയ്ക്കിടയാക്കാം. നിരന്തരമുള്ള സമ്പര്‍ക്കം തന്നെയാണ് ഈ ആസക്തിയ്ക്കും കാരണം. ഒരു ഗെയിമിനോട് കുട്ടിയ്ക്ക് ആസക്തിയുണ്ടാവുന്നതിനും കാരണം നിയന്ത്രണങ്ങളില്ലാതെ ആ ഗെയിം കളിക്കാന്‍ ആ കുട്ടിയ്ക്ക് സാധിക്കുന്നത് കൊണ്ടുതന്നെയാണ്.

കുട്ടികളുടെ സ്മാര്‍ട്ഫോണ്‍ ഉപയോഗം നിരന്തരം നിരീക്ഷിക്കപ്പെടേണ്ടതും നിയന്ത്രിക്കപ്പെടേണ്ടതുമാണ്. അവര്‍ക്ക് ഫോണ്‍ നല്‍കാതിരിക്കുകയല്ല, മറിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അതിന് നല്‍കി വേണം അവ ഉപയോഗിക്കാന്‍ അനുവദിക്കേണ്ടത്. കംപ്യൂട്ടറുകളും ടാബുകളുമെല്ലാം നല്‍കുമ്പോഴും ഈ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു പ്രായം വരെ മാത്രമെ ഈ നിയന്ത്രണങ്ങള്‍ അവരെ ശീലിപ്പിക്കാന്‍ സാധിക്കൂ. സൗമ്യമായ നിര്‍ദേശങ്ങളിലൂടെയും ഇടപെടലിലൂടെയുമാവണം ഈ നിയന്ത്രണങ്ങള്‍ അവരിലെത്തിക്കേണ്ടത്. ആളുകളോട് എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം എന്നെല്ലാം ശീലിപ്പിക്കുന്ന പോലെ തന്നെ വളര്‍ന്നുവരുന്ന കാലം തൊട്ടുതന്നെ സ്മാര്‍ട്ഫോണുകളും, കംപ്യൂട്ടറുകളും ശരിയായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും അതിലെ അപകടങ്ങള്‍ എന്തെല്ലാമെന്നും കുട്ടികള്‍ക്ക് പറഞ്ഞ് നല്‍കണം. 

ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന അശ്രദ്ധയും അറിവില്ലായ്മയുമാണ് കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്നത്. വീട്ടുകാരോട് പോലും ശരിക്ക് ഇടപഴകാതെ കുട്ടികള്‍ ഫോണില്‍ സമയം ചിലവഴിക്കുന്നെങ്കില്‍ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. 

കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഗൂഗിൾ ലഭ്യമാക്കിയ ഫാമിലി ലിങ്ക് ആപ്പ് എങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ഈ ലേഖനം വായിക്കുക.

Content Highlights: Dangers of online gaming, Online gaming Death, Suicide, Game Addiction, Smartphone Addiction