രു ചിത്രം കണ്ടാൽ അത് അശ്ലീലമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ മനുഷ്യർക്ക്‌ വലിയ ബുദ്ധിമുട്ടില്ല. പക്ഷേ, ഈ തീരുമാനം എടുക്കാനുള്ള കഴിവ് കുറച്ച് ആപേക്ഷികം ആണെന്നതാണ് സത്യം. ഒരാൾക്ക് ‘അശ്ലീലം’ എന്ന് തോന്നുന്നത് മറ്റൊരാൾക്ക് ‘വലിയ കുഴപ്പമില്ല’ എന്ന് തോന്നുന്ന ഒന്നാകാം. ബീച്ചിൽ ബിക്കിനി ഇട്ട്‌ നിൽക്കുന്ന മദാമ്മയുടെ ചിത്രം ചിലർക്ക് അശ്ലീലമെന്നു തോന്നാം. മറ്റു ചിലർക്ക് അത് ഒരു സാധാരണ ചിത്രമായി തോന്നാം.

ഇങ്ങനെ തിരിച്ചറിയാനുള്ള ‘കഴിവ്’ നമ്മൾ എപ്പഴോ ഹൃദിസ്ഥമാക്കിയതാണ്. ഈ തീരുമാനത്തിൽ എത്താൻ നമ്മൾ വളർന്നുവന്ന സാഹചര്യവും ജീവിത പരിചയവും ഒക്കെ സ്വാധീനിക്കും എന്നത് മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ നിന്ന് മനസ്സിലാകുമല്ലോ.

‘മനുഷ്യൻ പഠിക്കുന്നതുപോലെ യന്ത്രങ്ങളെയും പഠിപ്പിക്കുക’ എന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. ‘നിർമിതബുദ്ധി’യുള്ള ഒരു സംവിധാനത്തിന് അശ്ലീലം കണ്ടാൽ തിരിച്ചറിയുമോ?

സമൂഹമാധ്യമങ്ങളുടെയും മൊത്തത്തിൽ ഇന്റർനെറ്റിന്റെയും വളർച്ചയിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. വേഗംകൂടിയ ഇന്റർനെറ്റ് ചെറിയ വിലയ്ക്ക് നമ്മളിൽ എത്താൻ തുടങ്ങിയതോടു കൂടി ‘ഓൺലൈൻ അശ്ലീല (പോൺ) വ്യവസായം’ ഇന്ത്യൻ വിപണിയിൽ അടക്കം വൻതോതിൽ വളർന്നു. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുക എന്നതൊരു ബുദ്ധിമുട്ടുള്ള ജോലിയായി മാറി.

‘ബ്ലോഗു’കൾ മുതൽ പിന്നീട് വന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഒക്കെയുള്ള ഉള്ളടക്കം അരിച്ചുപെറുക്കി വൃത്തിയാക്കുന്ന മോഡറേറ്റർമാരാണ് ആദ്യമൊക്കെ ഈ ‘അരിപ്പ’യുടെ ജോലി ചെയ്തത്. ഇതിൽ അശ്ലീലം മാത്രമല്ല, മതസ്പർദ്ധ വളർത്തുന്നതും മറ്റുതരത്തിൽ പ്രശ്നക്കാരുമായ പോസ്റ്റുകളും ഉൾപ്പെട്ടു.

കാലം കടന്നുപോയി... മനുഷ്യരെക്കൊണ്ട് ഈ പണി ചെയ്യിപ്പിക്കുന്നത് സമീപഭാവിയിൽത്തന്നെ പ്രായോഗികമല്ല എന്നു തെളിയാൻ തുടങ്ങി. അത്രയ്ക്കല്ലേ ഈ പ്ലാറ്റുഫോമുകൾ വളർന്നത്! കൂടുതൽ കൂടുതൽ കണ്ടന്റ് കൊണ്ട് ഈ പ്ലാറ്റ്‌ഫോമുകൾ നിറയാൻ തുടങ്ങി. അപ്പോൾ അത് അരിച്ചുപെറുക്കി വൃത്തിയാക്കാൻ കൂടുതൽപേർ വേണമെന്നായി. മനുഷ്യർ ഒറ്റയ്ക്ക് വിചാരിച്ചാൽ ഇതൊക്കെ ‘നന്നാക്കാൻ’ കഴിയില്ല എന്ന് തീർച്ചയായിരുന്നു. ഇവിടെയാണ് ഇത്തരം കമ്പനികൾ സോഫ്റ്റ്‌വെയറിന്റെ സഹായം തേടാൻ തുടങ്ങിയത്.

പക്ഷേ, ഒരു പ്രശ്നമുണ്ടായി... ഒരു ചിത്രത്തിൽ അശ്ലീലമുണ്ടോ ഇല്ലയോ എന്നത് മനുഷ്യരായ നമുക്കുതന്നെ പലപ്പോഴും തീർച്ചയില്ലാത്ത സ്ഥിതിയാണ്. ഇത്തരം മനുഷ്യരാണോ ഈ ‘യന്ത്ര’ത്തെപഠിപ്പിക്കുന്നത്? മെഷീൻ ലേണിങ്ങിലെ സ്ഥിരം പരിപാടിതന്നെ. ‘നിർമിത ബുദ്ധി’ സംവിധാനത്തിന് അശ്ലീലം ‘കാണിച്ച്’ കൊടുക്കുക. ഇങ്ങനെ ജി.ബി. കണക്കിന് അശ്ലീലം കാണിച്ച്, അശ്ലീലം എന്താന്നെന്ന് ‘യന്ത്ര’ത്തെ പഠിപ്പിക്കുന്നു. ഇതിന്റെ കൂടെ അശ്ലീലമല്ലാത്ത ചിത്രങ്ങളും വീഡിയോകളും കാണിച്ച് താരതമ്യം ചെയ്ത്‌ സ്വയം പഠിക്കാൻ ഈ നിർമിത ബുദ്ധിയുള്ള സംവിധാനത്തെ പ്രാപ്തമാക്കുന്നു. പട്ടിയുംഡ പൂച്ചയും മരവും ഒക്കെ തിരിച്ചറിയാൻ കൂടി പഠിപ്പിക്കുന്നു.

മൊത്തത്തിൽ എന്താണ് ‘അശ്ലീലം’ എന്താണ് ‘അല്ലാത്തത്‌’ എന്ന് ‘യന്ത്രം’ പഠിക്കുന്നു. പക്ഷേ, ഇവിടെയാണ് പ്രശ്നം. ഒറ്റയടിക്ക് എല്ലാം പഠിക്കാൻ ഒരു യന്ത്രത്തിനും കഴിയില്ല. നമുക്ക് അറിയാവുന്ന എല്ലാ നിർമിത ബുദ്ധിയുള്ള സംവിധാനങ്ങളെപ്പോലെ ഇവിടെയും എത്രത്തോളം വിവരം ‘അങ്ങോട്ട്‌’ കൊടുക്കുന്നുവോ, അത്രയും മെച്ചപ്പെട്ട നിലയിലേക്ക് നിർമിത ബുദ്ധി സജ്ജീകരിക്കപ്പെടും.

ചിത്രങ്ങളെയും വീഡിയോകളെയും പലപ്പോഴും തെറ്റായി, അശ്ലീലമായി മാർക്ക് ചെയ്യുന്ന (ഫാൾസ് പോസിറ്റീവ്) നിലയിലാണ് ഇന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പല കമ്പനികളുടെ ‘അൽഗോരിത’ങ്ങളും. ഈ അടുത്തകാലത്ത് ‘ടംബ്ലർ’ എന്ന ബ്ലോഗിങ് പ്ലാറ്റ്‌ഫോമിലെ അൽഗോരിതത്തിന്‌ ഇങ്ങനെ കണ്ടതെല്ലാം അശ്ലീലം ആണെന്ന് തോന്നുന്ന സ്ഥിതിവിശേഷമുണ്ടായി.

ഏത്‌ കംപ്യൂട്ടറിനും അബദ്ധം പറ്റും. ഉദാഹരണത്തിന്, അടിവസ്ത്രത്തിന്റെ പരസ്യം അശ്ലീലമല്ലെന്നും മറിച്ച്, മറ്റനേകം സന്ദർഭങ്ങളിൽ അത്തരമൊരു ചിത്രം അശ്ലീലച്ചുവ ഉള്ളതാണെന്നും ഇത്തരം സംവിധാനങ്ങളെ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല. ഇത്തരം നിരവധി ഉദാഹരണങ്ങൾ. ഈ സംവിധാനത്തിനുള്ളിലേക്ക് പലതരത്തിലുള്ള ചിത്രങ്ങളും ‘കയറ്റി’ അതിനെ പഠിപ്പിക്കുന്നത്‌ മനുഷ്യരായതുകൊണ്ടാണ്, ഇത്തരം അങ്ങും ഇങ്ങും പെടുന്ന അവസരങ്ങളിൽ മനുഷ്യരെപ്പോലെ യന്ത്രവും തീരുമാനം എടുക്കുന്നതിൽ പതറിപ്പോവുന്നത്.

വരുംവർഷങ്ങളിൽ ഇത്തരം അവ്യക്തതകൾ ഒഴിവാക്കി, കൃത്യമായ ഒരു തീരുമാനം എടുക്കുന്ന നിലയിലേക്ക് അൽഗോരിതം എത്തുമെന്നതിൽ സംശയമില്ല. ഇത്തരം സേവനം വേണ്ട പ്ലാറ്റ്‌ഫോമുകൾ സമീപഭാവിയിൽത്തന്നെ നിർമിത ബുദ്ധി വേണ്ട അശ്ലീല തിരിച്ചറിയൽ സംവിധാനങ്ങൾ നിർമിക്കേണ്ടിവരില്ല.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന Lemay.ai, clarifai അടക്കമുള്ള കമ്പനികൾ ഈ ജോലി ഏറ്റെടുത്തിരിക്കുകയാണ്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ അശ്ലീലം കണ്ടെത്താൻ സ്വയം ഇങ്ങനെ ‘അരിപ്പ അൽഗോരിത’ങ്ങൾ തയ്യാർ ആക്കുന്നതിന്‌ പകരം അരിപ്പ അൽഗോരിതങ്ങൾ റെഡിമെയ്ഡ് ആക്കി വിൽക്കുന്ന കമ്പനികളുടെ പിറകെ പോകുന്ന പ്രവണത കണ്ടുവരുന്നു.

ആലിസൺ ആദം നിർമിത ബുദ്ധിയെക്കുറിച്ച് തന്റെ 1998-ലെ പുസ്തകത്തിൽ പറഞ്ഞത് ഇന്നും പ്രസക്തമാണ്. ‘മനുഷ്യന്റെ ബുദ്ധി പ്രവർത്തിക്കും പോലെ പ്രവർത്തിക്കുന്ന’ ഒന്ന്‌ എന്നതാണ് നമ്മൾ ഇത്തരം നിർമിത ബുദ്ധി സംവിധാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അത് പഠിക്കാനുള്ള കഴിവാകാം, അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുക എന്നതാകാം, യുക്തിപരമായി ചിന്തിക്കാനുള്ള കഴിവാകാം, ഭാഷ പ്രയോഗിക്കുക എന്നതാകാം... അങ്ങനെ മനുഷ്യൻ ചെയ്യുന്ന പലതുമാകാം. മനുഷ്യനിലെ ന്യൂനതകളും പക്ഷപാതവും എല്ലാം അങ്ങനെ അൽഗോരിതത്തിലും എത്തും.

അപ്പോൾ പൂർണമായ, കൃത്യത നിറഞ്ഞ, ഒരു അശ്ലീലം കണ്ടുപിടിക്കുന്ന നിർമിത ബുദ്ധിയുള്ള ഒരു സംവിധാനം ഒരിക്കലും നിലവിൽ വരില്ല എന്നാണോ?

മനുഷ്യനെ വെല്ലുന്ന ബുദ്ധിയും വിവേകവും യുക്തിയും ഉള്ള ഒരു സംവിധാനത്തെ നമുക്ക് കാത്തിരിക്കാം.

Content Highlights: nudity computer internet artificial intelligence