ഇ മെയില്‍ വഴി കംപ്യൂട്ടറില്‍ നുഴഞ്ഞുകയറി പണം തട്ടുന്ന ഡയവോള്‍ എന്ന വൈറസിനെതിരേ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഈ റാന്‍സംവെയറിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കംപ്യൂട്ടറിനെ നിയന്ത്രണത്തിലാക്കി പണം ആവശ്യപ്പെടുകയാണ് ഡയവോള്‍ ചെയ്യുക.

റാൻസംവെയർ

കംപ്യൂട്ടറിനെ മുഴുവനായും ലോക്ക് ചെയ്യാന്‍ ശേഷിയുള്ള മാല്‍വെയറാണിത്. ഫയലുകളൊന്നും തുറക്കാന്‍ കഴിയാതെ കംപ്യൂട്ടര്‍ ലോക്ക് ആയിപ്പോവും. തുടര്‍ന്ന് നിയന്ത്രണം തിരികെ കിട്ടണമെങ്കില്‍ പണം ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ ഡെലിറ്റ് ചെയ്യുമെന്നായിരിക്കും ഭീഷണി. പണം നല്‍കിയാലും ഇല്ലെങ്കിലും ഫയലുകള്‍ തിരികെ കിട്ടുമെന്ന് യാതൊരു ഉറപ്പുമുണ്ടാകില്ല എന്നതാണ് സത്യം. 

സിഇആര്‍ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഡയവോള്‍ റാന്‍സംവെയറിനെ കുറിച്ചാണ്. ഇമെയില്‍ വഴിയാണ് ഇത് പ്രചരിക്കുന്നത്. വണ്‍ ഡ്രൈവിലേക്കുള്ള ഒരു ലിങ്ക് ഈ ഇമെയിലിലുണ്ടാവും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കംപ്യൂട്ടറില്‍ ഒരു കംപ്രസ്ഡ് സിപ്പ് ഫയലും, ഐഎസ്ഒ ഫയല്‍, എല്‍എന്‍കെ (LNK) ഫയല്‍, ഡിഎല്‍എല്‍ (DLL) എന്നിവ ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഇതിലെ എല്‍എന്‍കെ ഫയല്‍ തുറന്നാല്‍ മാല്‍വെയര്‍ കംപ്യൂട്ടറില്‍ സജീവമാകും. 

ഡയവോള്‍ റാന്‍സം വെയര്‍ കംപ്യൂട്ടറിനെ ബാധിച്ചാല്‍ എന്ത് സംഭവിക്കും?

ഡയവോള്‍ മാല്‍വെയര്‍ കംപ്യൂട്ടറിനെ ബാധിച്ചാല്‍ അത് തന്റെ ജോലി ആരംഭിക്കും. ആദ്യം തന്നെ ആ കംപ്യൂട്ടറിനെ ദൂരെയുള്ള സെര്‍വറില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കും, എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും, ലോക്കല്‍ ഡ്രൈവകളും ഫയലുകളും കണ്ടെത്തി എന്‍ക്രിപ്റ്റ് ചെയ്യും. ഫയലുകള്‍ റിക്കവര്‍ ചെയ്യാതിരിക്കാന്‍ ഷാഡോ കോപ്പികളും നീക്കം ചെയ്യും. ശേഷം ഫയലുകള്‍ ലോക്ക് ചെയ്യുകയും ഡെസ്‌ക് ടോപ്പ് വാള്‍പേപ്പര്‍ മാറ്റി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. 

ഡയവോള്‍ റാന്‍സംവെയറില്‍ നിന്ന് എങ്ങനെ സംരക്ഷണം നേടാം

ഉടന്‍തന്നെ നിങ്ങളുടെ കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുക. എല്ലാ ഇമെയിലുകളും പരിശോധിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് നെറ്റ് വര്‍ക്ക് ഫിസിക്കല്‍ കണ്‍ട്രോളുകള്‍ ഉപയോഗിച്ചും വിര്‍ച്വല്‍ ലോക്കല്‍ ഏരിയ നെറ്റവര്‍ക്കുകളിലൂടെയും വേര്‍തിരിക്കുക. 

യൂസര്‍മാര്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ബ്ലോക്ക് ചെയ്യുക. അപകടകരമായ ഐപി ഐഡ്രസുകൡലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ഫയര്‍വാളുകള്‍ ആക്റ്റിവേറ്റ് ചെയ്യുക. 

അപരിചിതമായ ഇമെയിലുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. 

Content Highlights: New Diavol Virus Spreading Through Email To Steal Your Money government warns