ലോകം വാഴുന്ന ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍നിരിയിലുള്ളയാളാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്ന ജെഫ്രി പ്രിസ്റ്റണ്‍ ജോര്‍ഗന്‍സണ്‍. അദ്ദേഹത്തിന്റെ 58ാം ജന്മദിനമാണ് ഇന്ന്.

ലോകത്തെ ഏറ്റവും വലിയ വാണിജ്യ സാമ്രാജ്യങ്ങളിലൊന്നിന്റെ അധിപന്‍, നിക്ഷേപകന്‍, കംപ്യൂട്ടര്‍ എന്‍ജിനീയര്‍, വാണിജ്യ ബഹിരാകാശ സഞ്ചാരി. ബെസോസിന് ഇന്ന് വിശേഷണങ്ങള്‍ ഏറെയാണ്. 

1964 ജനുവരി 12 ന് ന്യൂ മെക്‌സിക്കോയിലെ ആല്‍ബുക്കര്‍ക്കിയിലാണ് ജെഫ്രി പ്രിസ്റ്റണ്‍ ജോര്‍ഗന്‍സണിന്റെ ജനനം. അമ്മ ജാക്ക്‌ലിന്‍, അച്ഛന്‍ തിയോഡോര്‍ ജോര്‍ഗന്‍സണ്‍.  ജനിക്കുമ്പോള്‍ ഒരു 17 കാരിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. തന്റെ മകനെയുമെടുത്താണ് ജാക്ക്‌ലിന്‍ സ്‌കൂളില്‍ പിന്നീട് രാത്രി ക്ലാസുകളില്‍ പങ്കെടുത്തത്. തിയോഡോര്‍ ജോര്‍ഗന്‍സണുമായി വേര്‍പിരിഞ്ഞതിന് ശേഷം ജെഫ്രിയുടെ നാലാം വയസിലാണ് ജാക്ക്‌ലിന്‍ ക്യുബയില്‍ നിന്ന് കുടിയേറിയെത്തിയ മിഖായേല്‍ മൈക്ക് ബെസോസിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം മൈക്ക് ജെഫ്രിയെ തന്റെ മകനായി ദത്തെടുത്തു. അങ്ങനെയാണ് ജെഫ്രിയുടെ പേരിനൊപ്പം ബെസോസ് എന്നത് ചേരുന്നത്. 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട് ബെസോസ്. 1986-1994 കാലഘട്ടങ്ങളില്‍ വാള്‍സ്ട്രീറ്റില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നു. 1994 ലാണ് അദ്ദേഹം ആമസോണിന് തുടക്കമിട്ടത്. ന്യൂയോര്‍ക്കില്‍ നിന്നും സിയാറ്റിലിലേക്കുള്ള ഒരു റോഡ് യാത്രയ്ക്കിടെയാണ് ആമസോണ്‍ എന്ന ആശയം ബെസോസിന്റെ മനസിലുദിച്ചത്. പുസ്തകങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന സംരംഭമായിരുന്നു ആദ്യ കാലത്ത് ആമസോണ്‍. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമായി മാറി. ഭാര്യയായ മക്കെന്‍സി ടട്ടിലും അന്ന്  ഒപ്പമുണ്ടായിരുന്നു. അടുത്തിടെയാണ് ഇരുവരും വിവാഹമോചിതരായത്. വാണിജ്യ സാമ്രാജ്യത്തിന്റെ പങ്കാളികൂടിയായിരുന്ന മക്കെന്‍സിയുമായുള്ള വിവാഹമോചനം അന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുടക്കകാലത്ത് ജെഫ് ബെസോസ് തന്നെ ആമസോണ്‍ പാക്കേജുകള്‍ നേരിട്ട് പോസ്റ്റ് ഓഫീസില്‍ എത്തിച്ചകാലവുമുണ്ട്. രാപ്പകലില്ലാതെ അന്ന് കഷ്ടപ്പെട്ടതുകൊണ്ടാവാം. അദ്ദേഹത്തിന്റെ വളര്‍ച്ച ഇന്ന് ബഹിരാകാശത്തോളം എത്തി നില്‍ക്കുകയാണ്. 

ആമസോണ്‍ എന്ന ഇകോമേഴ്‌സ് സേവനത്തെ കൂടാതെ, ക്ലൗഡ് കംപ്യൂട്ടിങ്, ഡിജിറ്റല്‍ സ്ട്രീമിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയ മേഖലകളിലും ആമസോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഗൂഗിള്‍, ആപ്പിള്‍,മെറ്റ , മൈക്രോസോഫ്റ്റ് എന്നിവയ്‌ക്കൊപ്പം അമേരിക്കയിലെ മുന്‍നിര ഐടി കമ്പനികളിലൊന്നാണ് ആമസോണ്‍. ഓട്ടോണമസ് വെഹിക്കിള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ കുയിപ്പര്‍ സിസ്റ്റംസ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പിങ് സ്ഥാപനമായ ആമസോണ്‍ ലാബ് 126, വ്യോമയാന ബഹിരാകാശ യാത്രാ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയും ബെസോസിന്റെ വാണിജ്യ ശൃംഖലയിലെ കണ്ണികളാണ്. 

Content Highlights: jeff bezos birthday amazon founder