യൂട്യൂബിലും മറ്റും നല്ല പാചക വീഡിയോകള്‍ കണുമ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ആഹാരങ്ങളുടെ രുചിയറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ ? എന്നാല്‍ ചിലപ്പോള്‍ അതിനും സാധിച്ചേക്കും. സ്‌ക്രീനില്‍ കാണുന്ന ആഹാര സാധനങ്ങളുടെ രുചി സ്‌ക്രീനില്‍ നക്കി രുചിച്ചറിയാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍കാരനായ ഒരു പ്രൊഫസര്‍. 

ടേസ്റ്റ് ദി ടിവി (ടിടിടിവി) എന്നാണ് ഈ ഉപകരണത്തിന് പേര്. 10 ചെറുപെട്ടികളില്‍ സൂക്ഷിച്ച വ്യത്യസ്ത രുചിയുള്ള ദ്രാവകങ്ങള്‍ ചേര്‍ത്താണ് ആഹാരങ്ങളുടെ രുചി നിര്‍മിച്ചെടുക്കുന്നത്. വ്യത്യസ്ത മഷി നിറച്ച ഒരു പ്രിന്റര്‍ ഒരു കളര്‍ ചിത്രം പ്രിന്റ് ചെയ്‌തെടുക്കുന്ന പോലെ.  സ്‌ക്രീനില്‍ തെളിയുന്ന ആഹാര പദാര്‍ത്ഥത്തിന്റെ രുചി ഒരു വൃത്തിയുള്ള ഫിലിമിലേക്ക് സ്‌പ്രേ ചെയ്യുകയും ആ ഫിലിം സ്‌ക്രീനിന് മുകളിലേക്ക് നീങ്ങി വരികയും ചെയ്യും. ഇത് കാഴ്ചക്കാരന് രുചിച്ച് നോക്കാം. 

കോവിഡ് യുഗത്തില്‍ ഈ തരത്തിലുള്ള ഒരു സാങ്കേതിക വിദ്യ ആളുകളെ പുറം ലോകവുമായി കൂടുതല്‍ ബന്ധിപ്പിക്കുമെന്നും സംവദിക്കാന്‍ സഹായിക്കുമെന്നും മെയ്ജി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹോമേയ് മിയാഷിത പറഞ്ഞു. 30 -ഓളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന മിയാഷിത ഇതിനകം രുചികളുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുന്ന ഫോര്‍ക്ക് അതിലൊന്നാണ്.

ടേസ്റ്റ് ദി ടിവി (ടിടിടിവി) യുടെ ആദ്യമാതൃകയാണ് (പ്രോട്ടോടൈപ്പ്) ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരുവര്‍ഷമെടുത്താണ് ഇത് നിര്‍മിച്ചത് എന്നും ഇതിന്റെ അന്തിമ രൂപം നിര്‍മിക്കുന്നതിന് ഏകദേശം 100,000 യെൻ (65,358 രൂപ) ചിലവ് വരുമെന്നാണ് മിയാഷിത പറയുന്നത്. 

ഭക്ഷണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുമെന്നാണ് കരുതുന്ന്. പിസ്സയുടെയും ചോക്കലേറ്റുകളുടേയും മിഠായികളുടേയുമെല്ലാം ഓണ്‍ലൈന്‍ വില്‍പനയില്‍ ഇത് പരീക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് ചില കമ്പനികളുമായി മിയാഷിത ചര്‍ച്ചയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Content Highlights: Japanese professor creates flavorful screen