ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ സേവനമാണ് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാമിന്റെ വെല്ലുവിളി ഉയര്‍ത്തുന്ന വളര്‍ച്ചയും അതിന്റെ ഭാവി സാധ്യതകളും മുന്നില്‍ കണ്ടാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് ആ സേവനത്തെ സ്വന്തമാക്കിയത്. ഒരുകാലത്ത് സ്‌നാപ്ചാറ്റിന് കനത്ത വെല്ലുവിളിയാണ് ഇന്‍സ്റ്റഗ്രാം ഉയര്‍ത്തിയത്. സ്‌നാപ്ചാറ്റിനെ മാതൃകയാക്കിയുള്ള നിരവധി ഫീച്ചറുകള്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുകയും ചെയ്തു. സ്‌നാപ്ചാറ്റ് പിന്നിലായി. പ്രതിമാസം നൂറ് കോടി സജീവ ഉപയോക്താക്കളുണ്ട് ഇന്‍സ്റ്റാഗ്രാമിന്. ഇന്ത്യയില്‍ 20 കോടിയ്ക്കടുത്ത് ഉപയോക്താക്കളുണ്ട്. 

ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിനെ പോലും വെല്ലുവിളിച്ച് മുന്നേറിയിരൂന്ന ഇന്‍സ്റ്റാഗ്രാമിനെ അമ്പരപ്പിച്ചായിരുന്നു ചൈനീസ് ഉല്‍പ്പന്നമായ ടിക് ടോക്കിന്റെ വളര്‍ച്ച. ആഗോള തലത്തില്‍ ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ക്ക് തൊട്ടുപുറകില്‍ നില്‍ക്കാനും ചിലപ്പോളൊക്കെ പട്ടികയില്‍ മുന്നേറാനും ടിക് ടോക്കിന് സാധിച്ചിരുന്നു. ചൈനീസ് സേവനങ്ങള്‍ക്ക് അത്ര വളക്കൂറില്ലാത്ത അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ടിക് ടോക്കിന് ജനപ്രീതി വര്‍ധിച്ചുവെന്നതും ശ്രദ്ധേയം. 

Instargram Reelsഫെയ്‌സ്ബുക്കിന് കയ്യടക്കാനാവാത്ത വിധത്തിലായിരുന്നു ടിക് ടോക്കിന്റെ വളര്‍ച്ച. ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേയും പിന്നിലാക്കി മുന്നേറിയെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. ടിക് ടോക്കിനെ കണ്ട് 'ലാസ്സോ' എന്നൊരു ആപ്ലിക്കേഷന്‍ ഫെയ്‌സ്ബുക്ക് ഇറക്കിയെങ്കിലും ടിക് ടോക്കിനെതിരെ ഇന്‍സ്റ്റാഗ്രാമിനെ തന്നെ പരീക്ഷിക്കാനാണ് ഫെയ്‌സ്ബുക്ക് പിന്നീട് തീരുമാനിച്ചത്. അതിന്റെ ഫലമായാണ് റീല്‍സ് ജന്മമെടുത്തത്. ലാസ്സോ പിന്‍വലിക്കുകയും ചെയ്തു.

ചൈന കഴിഞ്ഞാല്‍ ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയായിരുന്ന ഇന്ത്യയിലേക്കുള്ള ഇന്‍സ്റ്റാഗ്രാം റീല്‍സിന്റെ വരവിന് വലിയ പ്രാധാന്യമുണ്ട്. നിരോധനത്തെ തുടര്‍ന്നുണ്ടായ ടിക് ടോക്കിന്റെ അഭാവം സൃഷ്ടിച്ച ഒഴിവ് കയ്യടക്കാനുള്ള ഓട്ടമത്സരത്തില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സിന്റെ വിജയ സാധ്യത മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നിലാണ് എന്നത് ഒരു വസ്തുതയാണ്. അതിനുള്ള ചില കാരണങ്ങള്‍ ഇവയാണ്.

Instargram Reelsആഗോള സമൂഹമാധ്യമ സ്ഥാപനം എന്ന പിന്‍ബലം, ഉപയോക്താക്കളുടെ ശക്തി

ഇതിനോടകം വിപണിയില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ സേവനമാണ് ഇന്‍സ്റ്റാഗ്രാം. നൂറ് കോടിയിലധികം പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഇന്‍സ്റ്റാഗ്രാമിനുള്ളത്. പ്രതിദിനം 50 കോടിയിലധികം പേര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നു. ആഗോളതലത്തില്‍ കോടിക്കണത്തിന് ആരാധകരുള്ള സെലിബ്രിട്ടികള്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. 

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഐജിടിവി ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡില്‍ തന്നെ പങ്കുവെക്കാനുള്ള സൗകര്യവും വീഡിയോകള്‍ സ്‌റ്റോറികളായി പങ്കുവെക്കാനും ഇന്‍സ്റ്റാഗ്രാമില്‍ സാധിക്കും.  

ഇതിനെല്ലാം പുറമെ ഒരു വാണിജ്യകേന്ദ്രമായും ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തിക്കുന്നു. വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലെ ജനപ്രീതിയിലൂടെ ഇന്‍ഫളുവന്‍സര്‍മാരായി വരുമാനമുണ്ടാക്കുന്നവര്‍ ഏറെയുണ്ട്. ഈ വിപണന മാതൃക അടുത്തകാലത്ത് ടിക് ടോക്കും പ്രാവര്‍ത്തികമാക്കിയിരുന്നു. 

പറഞ്ഞുവന്നത് ഇതാണ്, കോടിക്കണക്കിന് ഉപയോക്താക്കളെ കയ്യടക്കാന്‍ സാധിക്കും വിധം ആകര്‍ഷകമായ സൗകര്യങ്ങളുമായി ഇതിനോടകം ഏറെ മുമ്പോട്ട് പോയിട്ടുള്ള സേവനമാണ് ഇന്‍സ്റ്റഗ്രാം. ടിക് ടോക്ക് വിജയിപ്പിച്ചെടുത്ത ഉള്ളടക്ക മാതൃക സ്വായത്തമാക്കുന്നതില്‍ പക്ഷെ ഇന്‍സ്റ്റാഗ്രാം പരാജയപ്പെടുകയായിരുന്നു. അപ്പോഴേക്കും ടിക് ടോക്ക് അതിവേഗം മുന്നോട്ട് പോയിരുന്നു. വെറുമൊരു വീഡിയോ പങ്കുവെക്കുക എന്നതിലുപരി ഉപയോക്താക്കളുടെ ക്രിയാത്മകതയ്ക്കും തമാശയ്ക്കും ആസ്വാദനത്തിനും ജനപ്രീതിയിക്കും ഒരുപോലെ അവസരം നല്‍കുന്ന ഇടമായിരുന്നു ടിക് ടോക്ക്. 

Mitronഇപ്പോള്‍ ഇന്ത്യയില്‍ ടിക് ടോക്കിന്റെ സ്ഥാനം കയ്യടക്കാന്‍ പറ്റിയ അവസരമാണ്. നിലവിലുള്ള ഉപയോക്താക്കളില്‍ പലരും ടിക് ടോക്കിന്റെയും ഉപയോക്താക്കളായിരുന്നു. അവരെ ഇന്‍സ്റ്റഗ്രാമില്‍ തന്നെ നിലനിര്‍ത്താന്‍ സാധിക്കും. ടിക് ടോക്ക് താരങ്ങളുടെ ആരാധകരെ ആകര്‍ഷിക്കുകയും ചെയ്യാം. ഒപ്പം ഇന്‍സ്റ്റാഗ്രാമിലെ തന്നെ ജനപ്രിയരായ ക്രിയേറ്റര്‍മാര്‍ക്ക് ആരാധകരിലേക്ക് എത്താന്‍ പുതിയൊരു വഴിതുറക്കുകയും ചെയ്യും. 

റീല്‍സ് രൂപകല്‍പന

ടിക് ടോക്കിനെ അനുകരിച്ച് തന്നെയാണ് റീല്‍സിന്റേയും രൂപകല്‍പന. അത് ഒരു പ്രത്യേക ആപ്ലിക്കേഷനാക്കി മാറ്റിയില്ല എന്നേ ഉള്ളൂ ഒരു വ്യത്യാസം. തുടക്കത്തിന്റെതായ ചില കുറവുകള്‍ ഉണ്ട് എന്നല്ലാതെ ടിക് ടോക്ക് നല്‍കിയിരുന്ന സൗകര്യങ്ങള്‍ ഭൂരിഭാഗവും റീല്‍സും ഒരുക്കിവെച്ചിട്ടുണ്ട്. 15 സെക്കന്‍ഡ് വീഡിയോ നിര്‍മിക്കാം. അതില്‍ ഇഷ്ടമുള്ള പാട്ടുകള്‍ ചേര്‍ക്കാം. സ്വന്തമായി എഡിറ്റ് ചെയ്ത ശബ്ദങ്ങളും പശ്ചാത്തലത്തിലിടാം. ടൈമര്‍ മെച്ച് സ്വന്തം വീഡിയോകള്‍ നിര്‍മിക്കാം. ഇഫക്ടുകള്‍ ചേര്‍ക്കാം. സ്വന്തമായി എഡിറ്റ് ചെയ്ത് തയ്യാറാക്കിയ വീഡിയോകള്‍ അപ് ലോഡ് ചെയ്യുകയുമാവാം.  

ഓരോ ഉപയോക്താവിന്റേയും പ്രൊഫൈല്‍ പേജിലും എക്‌സ്‌പ്ലോര്‍ പേജിലും റീല്‍സിനുള്ള പ്രത്യേക വിഭാഗമുണ്ടാവും. എക്‌സ്‌പ്ലോര്‍ പേജിലെ റീല്‍സ് വിഭാഗത്തില്‍ നിന്ന് മുമ്പ് ടിക് ടോക്കില്‍ ചെയ്ത പോലെ ഓരോ വീഡിയോയും മുകളിലേക്ക് സ്വപ്പ് ചെയ്ത് കാണാം. ഇഷ്ടപ്പെട്ട ക്രിയേറ്റര്‍മാരെ ഫോളോ ചെയ്യാം.

ടിക് ടോക്ക് താരങ്ങള്‍ ഇന്‍സ്റ്റഗ്രാമിലുമുണ്ട്

ടിക് ടോക്ക് താരങ്ങളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ആരാധകരെ ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്തിരുന്നവരാണ്. ടിക് ടോക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ടിക് ടോക്കിനോട് ബന്ധിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ടിക് ടോക്കില്‍ സജീവമായിരുന്നവരില്‍ വലിയൊരു വിഭാഗം ഇന്‍സ്റ്റാഗ്രാമിലും ഉള്ളവരാണ്. ടിക് ടോക്കിന്റെ പ്രചാരണ വേലകള്‍ റീല്‍സിന് വേണ്ടി ഇന്‍സ്റ്റാഗ്രാം ആവര്‍ത്തിച്ചാല്‍ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ സാധിച്ചേക്കും. 

CHINGARIവെല്ലുവിളി

ഹ്രസ്വ വീഡിയോകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഒരു സേവനമാണ് ടിക് ടോക്ക്. വിവിധങ്ങളായ ഉള്ളടക്കങ്ങള്‍ നിറഞ്ഞു നിന്നുള്ള സങ്കീര്‍ണത ടിക് ടോക്കിന്റെ രൂപകല്‍പനയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാം അങ്ങനല്ല. വീഡിയോകള്‍ക്ക് മാത്രമായി നില്‍ക്കുന്ന ഒരു സേവനമല്ല അത്. അതില്‍ ചിത്രങ്ങളും  വീഡിയോകളും ഓണ്‍ലൈന്‍ വില്‍പനയും ഉള്‍പ്പടെ ഒരു പാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഉള്ളടക്കങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ നാവിഗേഷന്‍ സങ്കീര്‍ണതകളുമുണ്ട്. 

റീല്‍സ് ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ തങ്ങള്‍ നിര്‍മിക്കുന്ന റീല്‍സ് വീഡിയോകള്‍ക്ക് പ്രത്യേകം ഒരിടം വേണമെന്ന ആവശ്യം അത് ആദ്യം അവതരിപ്പിച്ച ബ്രസീലില്‍ നിന്ന് ഉയര്‍ന്നിരുന്നു. അങ്ങനെയാണ് എക്‌സ്‌പ്ലോര്‍ പേജില്‍ അതിനായി ഒരിടം നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് അത് സ്വീകാര്യമാവുമോ എന്ന് പറയാനാവില്ല. 

ബൂമറാങിനും, ഐജിടിവിയ്ക്കും കൊളാജ് നിര്‍മാണത്തിനുമെല്ലാം പ്രത്യേക ആപ്പുകള്‍ അവതരിപ്പിച്ച ഇന്‍സ്റ്റാഗ്രാമിന് റീല്‍സിനായി പ്രത്യേകം ആപ്പ് പരിഗണിക്കേണ്ടതായി വന്നേക്കാം. ഒരു പക്ഷെ ടിക് ടോക്ക് പോലെ തന്നെ ഒരു സ്വതന്ത്ര ആപ്പ് ആഗ്രഹിക്കുന്നവര്‍ അത് ആവശ്യപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ പ്രാദേശിക തലത്തില്‍ രംഗപ്രവേശം ചെയ്ത മിത്രോം, ചിംഗാരി, മൊജ് എന്നിവയിലേക്കോ സീ4 പുറത്തിറക്കുന്ന ഹിപിയിലേക്കോ ഉപയോക്താക്കള്‍ വഴിതിരിഞ്ഞു പോയേക്കാം.

Content Highlights: Instagram reels tiktok indian market