ഹിരാകാശയാത്രകളില്‍ വിപ്ലവം സൃഷ്ടിച്ച ബഹിരാകാശ ഗവേഷണ ഏജന്‍സിയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ഏതൊരാള്‍ക്കും ഒരു പൈലറ്റിന്റെ സഹായത്തോടെ ബഹിരാകാശയാത്ര നടത്താനാകുന്ന കാലമെത്തിയിരിക്കുന്നു. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും, റിച്ചാര്‍ജ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗാലക്ടികുമെല്ലാം ഈ രംഗത്തേക്ക് അധികം വൈകാതെ കടന്നുവരികയും ചെയ്തു. ഇപ്പോഴിതാ സാധാരണക്കാരായ ആളുകളുമായി ഒരു ബഹിരാകാശ വിനോദയാത്ര നടത്താനൊരുങ്ങുകയാണ് സ്‌പേസ് എക്‌സ്. 

inspiration 4
ഇൻസ്പിരേഷൻ പദ്ധതിയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിനെ | Photo: Jared Isaacman @rookisaacman

ഇന്‍സ്പിരേഷന്‍ 4 പദ്ധതി

ഇന്‍സ്പിരേഷന്‍ 4 എന്ന് പേരിട്ടിരിക്കുന്ന ഈ ഉദ്യമത്തില്‍ ഷിഫ്റ്റ് 4 പേമെന്റ്‌സ് സ്ഥാപകനും സി.ഇ.ഒ.യുമായ ജാരെഡ് ഐസാക്മാനൊപ്പം മൂന്നു സാധാരണക്കാരും പങ്കാളികളാകുന്നത്. 

സെയിന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണമാണ് യാത്രയുടെ പ്രധാനലക്ഷ്യം. കുട്ടിക്കാലത്തേ രക്താര്‍ബുദം ബാധിച്ച വ്യക്തിയും സെയ്ന്റ് ജൂഡിലെ ഡോക്ടറുടെ സഹായിയുമായ ഹാലി ആര്‍സെനോക്‌സാണ് യാത്രക്കാരിലൊരാള്‍. സിയാന്‍ പ്രോക്ടര്‍, ക്രിസ് സെബ്രോസ്‌കി എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ രണ്ടുപേരും ബഹിരാകാശ യാത്രയ്ക്കായുള്ള ഒരു മത്സരത്തില്‍ വിജയിച്ചവരാണ്.

inspiration 4
 ജാരെഡ് ഐസാക്മാന്‍ , ഹാലി ആര്‍സെനോക്‌സ്, സിയാന്‍ പ്രോക്ടര്‍, ക്രിസ് സെബ്രോസ്‌കി Credit: Inspiration4

എല്ലാവരും പുതുമുഖങ്ങള്‍

സാധാരണ മുന്‍പരിചയമുള്ള ഏതെങ്കിലും ബഹിരാകാശ സഞ്ചാരിയുടെ നേതൃത്വത്തിലാണ് ബഹിരാകാശ യാത്രകള്‍ നടത്താറുള്ളത്. എന്നാല്‍ ഇന്‍സ്പിരേഷന്‍ 4 ല്‍ ബഹിരാകാശ യാത്ര നടത്തുന്നവര്‍ എല്ലാവരും പുതുമുഖങ്ങളും സാധാരണക്കാരുമാണ്.

പൈലറ്റ് കൂടിയായ ജാരെഡ് ഐസാക്മാനാണ് ഇന്‍സ്പിരേഷന്‍ 4 ന്റെ കമാന്‍ഡര്‍. 16-ാം വയസില്‍ ഷിഫ്റ്റ് ഫോര്‍ എന്ന പേമന്റ് പ്രൊസസിങ് കമ്പനി ആരംഭിച്ച ഐസാക്മാന്‍ 21 ാം വയസിലാണ് പൈലറ്റാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ വാണിജ്യ വിമാനങ്ങളും സൈനിക വിമാനങ്ങളും പറത്താനുള്ള അംഗീകാരവും അദ്ദേഹം നേടി. സാഹസിക വിമാന പറത്തലില്‍ നിരവധി ലോക റെക്കോര്‍ഡുകളും ഇദ്ദേഹത്തിനുണ്ട്. 

മൂന്നുപേരുടെയും ചെലവ് വഹിക്കുന്നത് ഐസാക്മാനാണ്. സെപ്റ്റംബര്‍ 15 ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം. മൂന്ന് ദിവസത്തിന് ശേഷം തിരികെ ഭൂമിയില്‍ ഇറങ്ങുകയും ചെയ്യും. അടിയന്തിര കാരണങ്ങളാല്‍ യാത്രയില്‍ മാറ്റം വന്നാല്‍ സെപ്റ്റംബര്‍ 16 ന് പകരം തീയ്യതിയായി കണ്ടുവെച്ചിട്ടുണ്ട്. വിക്ഷേപണ സമയം പിന്നീട് അറിയിക്കും. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ യാത്രയ്ക്ക വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് യാത്രയ്ക്കുള്ള അനുമതി ലഭിച്ചത്. 

ഇത് പ്രത്യേകം തയ്യാറാക്കിയ 'ടൂറിസ്റ്റ്' പേടകം

ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്താല്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളിലാണ് ഇന്‍സ്പിരേഷന്‍ 4 ദൗത്യം പുറപ്പെടുക. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ ആദ്യ വിക്ഷേപണമാണിത്. നാസയ്ക്ക് വേണ്ടിയുള്ള ഔദ്യോഗിക വിക്ഷേപണങ്ങള്‍ക്കൊപ്പം വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ വിനോദ യാത്രകളും മുന്നില്‍ കണ്ടാണ് ഡ്രാഗണ്‍ ക്രൂ പേടകം സ്‌പേസ് എക്‌സ് തയ്യാറാക്കിയത്. 

Inspiration 4
കാഴ്ചകൾ കാണാനായി ഡ്രാഗണൻ ക്രൂ പേടകത്തിൽ സ്ഥാപിച്ച ഡോം വിൻഡോ | Photo: Inspiration 4

നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് ബസുകളെ പോലെയാണ് ഇന്‍സ്പിരേഷന്‍ 4 നായി പുറപ്പെടുന്ന ഡ്രാഗണ്‍ ക്രൂ പേടകം എന്ന് പറയാം. യാത്രയും യാത്രാ വാഹനവും ആ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. നേരത്തെ സ്‌പേസ് എക്‌സ് നടത്തിയ ക്രൂ ഡ്രാഗണ്‍ വിക്ഷേപണങ്ങളെല്ലാം തന്നെ നാസയുടെ വിവിധ ഉദ്യമങ്ങള്‍ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ളതായിരുന്നു. 

എന്നാല്‍ ഇത്തവണ ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശ നിലയത്തിലേക്ക് പോവില്ല. പകരം വിക്ഷേപണത്തിന് ശേഷം മൂന്ന് ദിവസത്തോളം പേടകം ഭൂമിയെ ചുറ്റിക്കറങ്ങും. ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ തന്നെ പേടകത്തെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഡോക്കിങ് പോര്‍ട്ട് ഒഴിവാക്കി പകരം ടൂറിസ്റ്റ് ബസുകളില്‍ വലിയ വിന്‍ഡോ ഗ്ലാസുകള്‍ നല്‍കാറുള്ളത് പോലെ യാത്രക്കാര്‍ക്ക് ബഹിരാകാശത്തെ കാഴ്ചകള്‍ അതിമനോഹരമായി കാണാന്‍ സാധിക്കും വിധത്തിലുള്ള ഒരു ഡോം വിന്‍ഡോ സ്ഥാപിച്ചിട്ടുണ്ട്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും സമാനമായൊരു താഴികക്കുടം നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ സ്‌പേസ്‌ക് എക്‌സ് ഈ സൗകര്യം ഒരുക്കിയത്. ഇതുവഴി ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്കുള്ള കാഴ്ച കൂടുതല്‍ വ്യക്തമായി യാത്രികര്‍ക്ക് കാണാനാവും.