"ഭൂതകാല പെരുമയുടെ തടവറയെക്കാള്‍ എനിക്കിഷ്ടം

നാളെയെ പറ്റിയുള്ള സ്വപ്ന വര്‍ണ്ണങ്ങള്‍ ആണ്."


നാളത്തെ കേരളം കൂടുതല്‍ മനോഹരിയും ആരോഗ്യവതിയും സമ്പന്നയും ആയിരിക്കണം എന്ന സ്വപ്നം എനിക്കുണ്ട്. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അതുണ്ടാവുമെന്നും കരുതുന്നു. അടുത്തിടെ ഞാന്‍ ഒരു സുഹൃത്തിനെ യാദൃശ്ചികമായി കണ്ടു. അദ്ദേഹം ഒരു ചെറിയ സംരംഭം നടത്തുന്ന ആളാണ്. അദ്ദേഹം എന്നോട് ജോലിസ്ഥലത്തിന്റെ ഭാവി ഇനി എന്താവും എന്ന ഒരു വലിയ ചോദ്യം ചോദിച്ചു. എന്താവും ജോലി സ്ഥലത്തിന്റെ ഭാവി? എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ കേരളത്തിന് വലിയൊരു ഭാവി ഉണ്ട് എന്നാണ് എന്റെ അഭിപ്രായം.

ഞാന്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്. ഐ ടി കമ്പനികളുടെ ഇത് വരെയുള്ള പ്രഖ്യാപനങ്ങള്‍ പിന്തുടര്‍ന്നാല്‍, മിക്കവാറും സ്ഥാപനങ്ങളും 'ഹൈബ്രിഡ് മോഡല്‍' എന്ന് പറയുന്ന രീതി അവലംബിക്കാന്‍ ആണ് സാധ്യത. ആഴ്ചയിലോ മാസത്തിലോ കുറച്ചു ദിവസങ്ങള്‍ ജോലിസ്ഥലത്തും ബാക്കി ദിവസങ്ങള്‍ റിമോട്ട് ആയും അതായത് ഓഫീസിന് പുറത്ത് എവിടെ നിന്നെങ്കിലും. ചില സ്ഥാപനങ്ങള്‍ ഒരു സമയത്ത് 30% ആളുകള്‍ മാത്രം ജോലി സ്ഥലത്തു വരുന്ന രീതിയില്‍ പ്ലാന്‍ ചെയ്യുന്നു എന്നും പറയുന്നു. എല്ലാവരും എല്ലാ ദിവസവും ജോലി സ്ഥലത്തു വരുന്ന രീതി ഇനി ഉണ്ടാവാന്‍ സാധ്യത ഇല്ല. മാസത്തില്‍ ഒരു ആഴ്ച മുഴുവന്‍ ഒരു ടീമിലെ എല്ലാവരും ഒരുമിച്ച് കാണുന്ന, ബാക്കി സമയത്ത് എല്ലാവരും റിമോട്ട് ആവുന്ന ഒരു രീതിയും ഉണ്ടാവാം. ആ ആഴ്ചയില്‍ കൂടുതലും പ്ലാനിങ്, സ്ട്രാറ്റജി, റിവ്യൂ അങ്ങിനെ ഉള്ള ദിശാബോധം നല്‍കുന്ന ആക്ടിവിറ്റീസും ബാക്കി സമയം ആ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്ന ഇന്‍ഡിവിജ്വല്‍ കോണ്‍ട്രിബിയൂഷനും കോര്‍ഡിനേഷനും ആയിരിക്കും. ചുരുക്കത്തില്‍, ഹൈബ്രിഡ് മോഡല്‍ - കുറച്ച് നാള്‍ ഓഫീസില്‍, കുറച്ച് നാള്‍ റിമോട്ടായി- ആയിരിക്കും മിക്കവാറും ഐ ടി കമ്പനികളുടെയും ജോലി സംസ്‌കാരം എന്ന് വേണം ഇപ്പോള്‍ അനുമാനിക്കാന്‍.

work from home
Image by Firmbee from Pixabay

റിമോട്ട് വര്‍ക്ക് 

നമ്മുടെ നാട്ടില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രചാരമേറിയ വാക്കാണ് 'വര്‍ക്ക് ഫ്രം ഹോം'. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി. റിമോട്ട് വര്‍ക്കിന്റെ ഒരു രീതിയാണത്. ഒരു കംപ്യൂട്ടറും അത്യാവശ്യം വേഗമുള്ള ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ഓഫീസില്‍ പോവാതെ തന്നെ ജോലി ചെയ്യാനുള്ള സൗകര്യം. നിരന്തരം വീഡിയോ കോണ്‍ഫറന്‍സും യോഗങ്ങളുമുള്ളവര്‍ വീട്ടില്‍ ഇരിക്കുന്നയിടം ചില പരിഷ്‌കാരങ്ങളൊക്കെ വരുത്തി നല്ലൊരു വെര്‍ച്വല്‍ ഓഫീസ് തന്നെയാക്കി മാറ്റുന്നു. 

ഈ റിമോട്ടില്‍ ആണ് നമ്മുടെ വലിയ സാധ്യത.

നമ്മള്‍ വിഭാവനം ചെയ്യുന്ന ഒരു ചട്ടക്കൂട്ടില്‍ അല്ല പുതിയ തലമുറ വളരുന്നത്. വിവാഹം, കുടുംബം, കുട്ടികള്‍, മാതാപിതാക്കളുടെ പരിചരണം - ഇതൊക്കെ നിര്‍ബന്ധമായിരുന്നു മുമ്പ് എങ്കില്‍ ഇപ്പോള്‍ അതൊക്കെ ഓപ്ഷണല്‍ ആവുകയാണ്. ജോലി ചെയ്ത്, ആ വരുമാനം കൊണ്ട് ജീവിതം ആസ്വദിക്കണം, ലോകം കാണണം, പുതിയ അനുഭവങ്ങള്‍ തേടണം എന്നൊക്കെ ചിന്തിക്കുന്ന വലിയൊരു വിഭാഗം യുവത നമ്മുടെ നാട്ടില്‍ വളരുന്നു. അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ചുള്ള അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചാല്‍ അതൊരു വലിയ വ്യവസായ മേഖല ആയി തന്നെ മാറും. അതിനു പക്ഷെ പരസ്പര സഹകരണം വേണം.

രണ്ട് ദിവസം ഒരു ഹൗസ് ബോട്ടില്‍ ഇരുന്ന് ജോലി എടുക്കുന്നത് ആലോചിച്ചു നോക്കൂ - നമ്മുടെ ഉള്‍നാടന്‍ ജലപാതകളിലൂടെ യാത്ര ചെയ്ത്, നമ്മുടെ ജലവിഭവങ്ങള്‍ കഴിച്ച്, കായലില്‍ നീന്തി, ചെറുവള്ളങ്ങള്‍ തുഴഞ്ഞ്, ജല വിനോദങ്ങളില്‍ ഏര്‍പ്പെട്ട് അവിസ്മരണീയമായ രണ്ട് പ്രവര്‍ത്തി ദിനങ്ങളും ഒരു വാരാന്ത്യവും. അതിമനോഹരമായ ഒരു സ്ഥലത്തു, ഒരു ഹോം സ്റ്റേയില്‍ താമസിച്ച്, ആ കാലാവസ്ഥയും കാഴ്ചകളും തനത് രുചികളും ആസ്വദിച്ചുള്ള ഒരു പ്രവൃത്തി വാരം. അങ്ങിനെ അങ്ങിനെ എത്ര എത്ര സാധ്യതകള്‍. ഇന്ന് അതിന് സാധിക്കുമോ ? ഇല്ല. പക്ഷെ അത്തരം ഒരു അനുഭവം സാധ്യമാക്കിയാലോ. അതൊരു മാറ്റമല്ലേ?

remote work
Image by Peggy und Marco Lachmann-Anke from Pixabay

പക്ഷെ, അതിനു വേണ്ടി കേരളം ശരിക്ക് ഒരുങ്ങേണ്ടതുണ്ട്. 


1. ഇന്റര്‍നെറ്റ് സേവനങ്ങള്‍ - നമ്മുടെ ടൂറിസ്റ്റു മേഖലകളില്‍ അതിവേഗ ഇന്റര്‍നെറ്റ് നടപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. അതിനായി സേവനദാതാക്കളുമായി ചര്‍ച്ച ചെയ്യണം.

2. ആഗോള നിലവാരത്തില്‍ ഉള്ള സുരക്ഷയും വൃത്തിയും ഉറപ്പ് വരുത്താന്‍ ഉള്ള നടപടികള്‍ - സുരക്ഷയും വൃത്തിയും വളരെ മുഖ്യമാണ്. പലപ്പോഴും പലയിടത്തും അതുണ്ടാവാറില്ല

3. നല്ല പരിശീലനം നേടിയ ഹോസ്പിറ്റാലിറ്റി സ്റ്റാഫ് - നമ്മുടെ നാട്ടില്‍ നല്ല പരിശീലനം നേടിയ സ്റ്റാഫിന്റെ അഭാവം ഏറെയുണ്ട്. ഈ മേഖലയില്‍ അതൊരു വലിയ പ്രശ്‌നവുമാണ്.

4. വിശ്വാസ്യത - വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ ഉറപ്പായും നല്‍കണം. അതില്ല എങ്കില്‍, ആളുകള്‍ തിരികെ വരില്ല എന്ന് മാത്രമല്ല, വരാന്‍ സാധ്യത ഉള്ള ആയിരങ്ങള്‍ വരാത്ത അവസ്ഥയും ഉണ്ടാവും. സോഷ്യല്‍ മീഡിയ റിവ്യൂ ഇരുതല മൂര്‍ച്ചയുള്ള വാള്‍ ആണ്

5. കണക്ടിവിറ്റി - നമ്മുടെ നാട്ടിലെ പല ടൂറിസ്റ്റു സ്ഥലങ്ങളും തമ്മില്‍ നല്ല യാത്രാസൗകര്യം ഇല്ല. മൂന്നാര്‍, ആലപ്പുഴ, കുമരകം, വര്‍ക്കല തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലേക്ക് വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും എളുപ്പം യാത്ര ചെയ്യാനുള്ള സൗകര്യം. 

7. സ്ത്രീ സൗഹൃദ ഇടങ്ങള്‍ - ഒറ്റക്കും ഒരുമിച്ചും യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. സ്ത്രീ സുരക്ഷയില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ കേരളം തയ്യാറായാല്‍, അത് നമുക്ക് വലിയ ഗുണം ചെയ്യും. ഐ ടി മേഖലയില്‍ 35% എങ്കിലും സ്ത്രീകള്‍ ഉണ്ട്. 

8. ക്രോസ് സെല്ലിങ് മാതൃകകള്‍ - വിവിധ ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുന്നവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ് എങ്കില്‍, അവരുടെ അതിഥികള്‍ക്ക് കൂടുതല്‍ വിപുലമായ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും. ഉദാഹരണത്തിന് ഹെയര്‍ സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, സ്പാ, കേക്ക് ഷോപ്പ്, ഡോക്ടര്‍, ജിം, ഫാര്‍മസി  - ഇതൊക്കെ ഒരു പുതിയ സ്ഥലത്തു വരുന്ന ആളുകള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ ആണ്. ഒരല്പം ശ്രദ്ധിച്ചാല്‍, നമ്മുടെ അതിഥികള്‍ക്ക് ഇത്തരം വാല്യൂ ആഡഡ് സേവനങ്ങള്‍ ഓണ്‍ ഡിമാന്‍ഡ് നല്‍കാന്‍ ഒരധിക ചിലവും ആര്‍ക്കും വരില്ല.

9. പ്രത്യേക നിരക്കുകള്‍ - ഒറ്റ തവണ മാത്രം സാധ്യത ഉള്ളവരല്ല റിമോര്‍ട്ട് ജോലി പലയിടങ്ങളില്‍ നിന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍. ഒന്നിലധികം തവണ അവരെ വരാന്‍ പ്രേരിപ്പിക്കുന്ന നിരക്കുകളും ലോയല്‍റ്റി സ്‌കീമുകളും ആവിഷ്‌കരിക്കാന്‍ സേവനദാതാക്കള്‍ ശ്രമിച്ചാല്‍, കൂടുതല്‍ വരുമാന സാധ്യതകള്‍ തുറക്കും. ബ്രിങ് യുവര്‍ ഓണ്‍ ബെഡ് ഷീറ്റ് മുതലായ രീതികളും നോക്കാവുന്നതാണ്.

house boat

റിമോര്‍ട്ട് വര്‍ക്ക് സാധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ട ഒരു മേഖല ആണ് കോഫി ഷോപ്പുകള്‍. നമ്മുടെ നാട്ടില്‍ കോഫി ഷോപ്പുകള്‍ വര്‍ധിക്കുന്നുണ്ട് എങ്കിലും അതൊന്നും ഒരു വര്‍ക്ക് സ്പേസ് സാധ്യത കണ്ടല്ല ഡിസൈന്‍ ചെയ്യുന്നത്. ഇനിയുള്ള കാലം, അത് കൂടി കണ്ട് വേണം കോഫി ഷോപ്പുകള്‍ ഉണ്ടാവാന്‍. ഫ്രീ ഇന്റര്‍നെറ്റ്, സൗകര്യ പ്രദമായ ഇരിപ്പിടങ്ങള്‍, ഒരല്പം അകലം പാലിച്ച് വിര്‍ച്വല്‍ പ്രൈവറ്റ് ഇടങ്ങള്‍, പുറത്തു നിന്നും ഉള്ള ശബ്ദം ഉള്ളില്‍ വരാത്ത നോയ്സ് ഫ്രീ ചുമരുകള്‍, നല്ല ചായ/കാപ്പി/ലഘു ഭക്ഷണം. ഇതൊക്കെ ലഭ്യമായാല്‍ കുറച്ചു മണിക്കൂറിലെ ജോലികള്‍ ആളുകള്‍ പുറത്ത് ഇരുന്നും ചെയ്യും. 

ആളുകളെ അതിനു നിര്‍ബന്ധിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഇടങ്ങള്‍ ഉണ്ടായി വരണം. അതിനൊപ്പം, സ്ഥിരം ആളുകള്‍ക്ക് വേണ്ടി പ്രത്യേക ബിസിനസ്സ് മോഡലുകള്‍ തന്നെ വേണം. ഉദാഹരണത്തിന്, പണ്ട് ഞാന്‍ അമേരിക്കയില്‍ ജോലി ചെയ്യുമ്പോള്‍, ചില ഭക്ഷണ ശാലകളില്‍ അവര്‍ ഒരു കാര്‍ഡ് തരുമായിരുന്നു. നമ്മള്‍ അവിടെ നിന്ന് കഴിക്കുമ്പോള്‍ ആ കാര്‍ഡില്‍ അവര്‍ പഞ്ച് ചെയ്യും. നിശ്ചിത തവണ പോയാല്‍ ഒരു തവണ സൗജന്യം ആയിരിക്കും. അത്തരം ലോയല്‍റ്റി മാതൃകകള്‍ ഇവിടെയും വേണം.

റിമോട്ട് വര്‍ക്കിന് ആര് വരും?

പലയിടത്തും കാണുന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ ഏകദേശം 45 ലക്ഷം ഐ.ടി ജീവനക്കാരുണ്ട്. മാറിയ തൊഴില്‍ സംസ്‌കാരത്തില്‍. ഇവരില്‍ നല്ലൊരു പങ്കും ഹൈബ്രിഡ് രീതിയിലേക്ക് മാറും. അവരുടെ റിമോര്‍ട്ട് വര്‍ക്ക് ദിവസങ്ങളില്‍ ചിലത് കേരളത്തിലേക്ക് വരേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. ഇവിടെ തന്നെ തൊഴില്‍ തേടുന്ന യുവാക്കളുടെ ആവശ്യമാണ്. നികുതി വരുമാനം ആഗ്രഹിക്കുന്ന സര്‍ക്കാരിനും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും അത് ഗുണം ചെയ്യും. ഇവിടെ മുതല്‍ മുടക്കിയ, മുടക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ആവശ്യമാണ്. ഇത് പോലെ ഉള്ള കാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ ആണ് അധികൃതര്‍ ഇനി ശ്രമിക്കേണ്ടത്.

"കേരളത്തെ രാജ്യത്തിന്റെ റിമോര്‍ട്ട് വര്‍ക്ക് തലസ്ഥാനം ആക്കാന്‍ വേണ്ട വിഭവങ്ങള്‍ ഇവിടെ പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ നമ്മള്‍ തയ്യാര്‍ ആണോ എന്നാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. "

മേല്പറഞ്ഞ 45 ലക്ഷം ആളുകളില്‍ നിന്നും ഒരു 5 ലക്ഷം പേര്‍ ഒരു തവണ കേരളത്തില്‍ 4 ദിവസത്തെ റിമോര്‍ട്ട് വര്‍ക്ക് + വീക്കെന്‍ഡ് ചെലവാക്കുന്നു എന്ന് കരുതുക. 5 ലക്ഷം x 4 = 20 ലക്ഷം രാത്രികള്‍ ആണ് അവര്‍ ഇവിടെ ചെലവാക്കുക. ഒരു രാത്രിക്ക് കുറഞ്ഞത് 3000 രൂപ അവര്‍ ചെലവാക്കും എന്ന് കരുതുക. 600 കോടി രൂപയുടെ സാധ്യത ആണ് ഇവിടെ തുറക്കുന്നത്. ഉല്ലാസം, സാഹസികത, ഷോപ്പിംഗ്, യാത്ര - ഇതിനൊക്കെ കൂടി അവര്‍ ചെലവാക്കുന്നത് വേറെ. ആയിരം കോടി എങ്കിലും വാര്‍ഷിക വിറ്റു വരവുള്ള ഒരു പുതിയ സെക്ടര്‍ ഇവിടെ വന്നാല്‍ ചുരുങ്ങിയത് 25,000 തൊഴിലെങ്കിലും (പ്രത്യക്ഷ + പരോക്ഷ) ഇവിടെ ഉണ്ടാവില്ലേ? ഈ സാധ്യത ഉപയോഗപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്.

ഇതൊരു പുതിയ സാധ്യത ആണ്. പുതിയ കേരളത്തിനും പുതിയ തൊഴിലുകള്‍ക്കും കാലം നമുക്ക് മുന്നില്‍ വെക്കുന്ന ഒരു പുതിയ സാധ്യത. കേരളത്തെ രാജ്യത്തിന്റെ റിമോര്‍ട്ട് വര്‍ക്ക് തലസ്ഥാനം ആക്കാന്‍ വേണ്ട വിഭവങ്ങള്‍ ഇവിടെ പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ നമ്മള്‍ തയ്യാര്‍ ആണോ എന്നാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. 


ഇന്‍ഫോപാര്‍ക്കിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍
https://www.linkedin.com/in/sudheer-mohan-2018

 

Content Highlights: future workplace concepts remote work opens up endless possibilities for Kerala tourism