സോഷ്യല്‍ മീഡിയയുടെ ഭാവി മെറ്റാവേഴ്‌സിലാണത്രെ. ഫെയ്‌സ്ബുക്ക് എന്ന കമ്പനിയുടെ പേര് 'മെറ്റ' എന്നാ മാറ്റിക്കൊണ്ട് സംസാരിക്കവെ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആവര്‍ത്തിച്ചു പറയുന്നത് ഇതാണ്. സോഷ്യല്‍ മീഡിയയുടെ പരിണാമം ഇനി മെറ്റാവേഴ്‌സിലേക്കാണെന്ന്. ആ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് മെറ്റാ എന്ന പേര് കമ്പനിയ്ക്ക് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ഭാവി മെറ്റാവേഴ്‌സ് അനുബന്ധിത സാങ്കേതികവിദ്യകളില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാവുമെന്ന് ഇത് വ്യക്തമാക്കുന്നു.  

എന്താണ് മെറ്റാവേഴ്‌സ് ?

1992 ല്‍ നീല്‍ സ്റ്റീഫെന്‍സണ്‍ എഴുതിയ സ്‌നോ ക്രാഷ് എന്ന  സയന്‍സ് ഫിക്ഷന്‍ നോവലിലാണ് മെറ്റാവേഴ്‌സ് എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. യഥാര്‍ത്ഥലോകത്തിന്റെ ത്രിഡി പതിപ്പായ ഒരു വെര്‍ച്വല്‍ ലോകത്ത് സ്വന്തമായ അവതാറുകളായി (Avatar) മനുഷ്യര്‍ ഇടപഴകുന്ന ഇടമായാണ് ഇതില്‍ മെറ്റാവേഴ്‌സിനെ അവതരിപ്പിച്ചത്. വെര്‍ച്വല്‍ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്റര്‍നെറ്റ് എന്നും സ്റ്റീഫന്‍സണ്‍ മെറ്റാവേഴ്‌സിനെ വിശദീകരിക്കുന്നുണ്ട്. 

METAഇന്ന് നമ്മള്‍ ഓണ്‍ലൈന്‍ ഇടപെടലും ത്രിഡി, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്‌സ്. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ് ആയിരിക്കുമത്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക്  ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും (അവതാര്‍). പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. 

പണ്ട് കാര്‍ട്ടൂണുകള്‍ കാണുമ്പോള്‍ ആ ലോകത്ത് നമുക്കും പോവാന്‍ സാധിച്ചെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടില്ലേ ? പബ്ജി, കോള്‍ ഓഫ് ഡ്യൂട്ടി പോലുള്ള ഗെയിമുകള്‍ കളിക്കുമ്പോഴും ഒരു റേസിങ് ഗെയിമോ ഫൈറ്റിങ് സ്‌പോര്‍ട്‌സ് ഗെയിം കളിക്കുമ്പോഴും അതിലെ കഥാപാത്രങ്ങളായി നിങ്ങള്‍ക്ക് മാറാന്‍ സാധിച്ചാലോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂട്ടുകാര്‍ക്ക് ഒന്നിച്ചിരുന്ന് ചീട്ടുകളിക്കാനും സൗഹൃദ സംഭാഷണത്തിലേര്‍പ്പെടാനുമെല്ലാം സാധിച്ചാലോ? യഥാര്‍ത്ഥ ലോകത്തെന്ന പോലെ ഇത്തരം സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന സാങ്കേതമാണ് മെറ്റാവേഴ്‌സ്. 

ഗെയിമിങ്, വിനോദം, സൗഹൃദ ശൃംഖല, സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവ മാത്രമല്ല ഇന്റര്‍നെറ്റിനെ ഒന്നടങ്കം ഉള്‍ക്കൊള്ളുന്നതായിരിക്കും മെറ്റാവേഴ്‌സ്. ഇന്റര്‍നെറ്റില്‍ എന്തെല്ലാം സാധ്യമാണോ അതെല്ലാം ഓഗ്മെന്റഡ് റിയാലിറ്റി വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ഓരോ വ്യക്തിക്കും മെറ്റാവേഴ്‌സിലൂടെ അനുഭവിക്കാന്‍ സാധിക്കും. 

Zuckerberg Metaസോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റേയും ഭാവി മെറ്റാവേഴ്സ് ആണെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രവചനം. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളില്‍ കമ്പനി വലിയ നിക്ഷേപമാണ് നടത്തിവരുന്നത്. ഒക്കുലസ് എന്ന വെര്‍ച്വല്‍ റിയാലിറ്റി ഉപകരണ നിര്‍മാണ കമ്പനി ഇതോടെ മെറ്റായുടെ പ്രധാന സ്ഥാപനങ്ങളിലൊന്നായി മാറും. 

ഫെയ്‌സ്ബുക്ക് മാത്രമല്ല

മെറ്റാവേഴ്‌സ് എന്ന ആശയം യഥാര്‍ത്ഥത്തില്‍ ഫെയ്‌സ്ബുക്കിന്റെ സൃഷ്ടിയല്ല എന്നും ഈ രംഗത്തേക്ക് കടന്നുവരുന്ന ഏക സ്ഥാപനം ഫെയ്‌സ്ബുക്ക് അല്ല എന്നും നമ്മള്‍ മനസിലാക്കേണ്ടതാണ്. എപ്പിക് ഗെയിംസ്, റോബ്ലോക്‌സ് കോര്‍പറേഷന്‍, എന്‍വിഡിയ പോലുള്ള ഗെയിമിങ് കമ്പനികള്‍ ഇതിനകം തന്നെ സ്വന്തം മെറ്റാവേഴ്‌സ് പദ്ധതികള്‍ക്ക് പിറകെയാണ്. 

ബാറ്റില്‍ റോയേല്‍ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ്, റോബ്ലോക്‌സ്, മൈന്‍ ക്രാഫ്റ്റ്, അനിമല്‍ ക്രോസിങ്: ന്യൂ ഹൊറൈസണ്‍ പോലുള്ളവയില്‍ ഇതിനകം തന്നെ മെറ്റാവേഴ്‌സ് ആശയങ്ങള്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് കാണാം. വിവിധ വീഡിയോ കോണ്‍ഫറന്‍സിങ് ടൂളുകളും വെര്‍ച്വല്‍ ഇവന്റുകളുമെല്ലാം ഈ ആശയത്തിന്റെ ചുവടുപിടിച്ചിട്ടുള്ളതാണ്. 

എന്‍വിഡിയ, ബ്ലെന്‍ഡര്‍, അഡോബി എന്നിവര്‍ ചേര്‍ന്ന് എന്‍വിഡിയ ഒമ്‌നിവേഴ്‌സ് പ്ലാറ്റ്‌ഫോം സ്ഥാപിക്കാനുള്ള പദ്ധതിയിലാണ്.

വന്‍കിട സ്ഥാപനങ്ങളെ കൂടാതെ ചെറിയ സ്റ്റാര്‍ട്ട് അപ്പുകളും ഇതിനകം മെറ്റാവേഴ്‌സില്‍ ഊന്നിയ പദ്ധതികളിലാണ്. 

ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വണ്‍ റെയര്‍ (Onerare) , ലോക (Loka), കോപ്.സ്റ്റുഡിയോ (Cope Studio), ഇന്റെറാലിറ്റി തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളും മെറ്റാവേഴ്‌സിന്റെ വിവിധ ഉപയോഗ സാധ്യതകള്‍ക്ക് പിറകെ പ്രവര്‍ത്തിക്കുന്നവരാണ്. 

FACEBOOK LOGO
ഫെയ്സ്ബുക്ക് കമ്പനിയുടെ പഴയ ലോഗോ . വിവിധ നിറങ്ങളിലായിരുന്നു ഇത് | Photo: Facebook

പേര് മാറ്റം

നേരത്തെ സൂചിപ്പിച്ച പോലെ കമ്പനിയുടെ ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തന മണ്ഡലം എന്തായിരിക്കുമെന്ന് പ്രഖ്യാപിക്കുകയാണ് മെറ്റാ എന്ന പേരിലൂടെ. മെറ്റാവേഴ്‌സിനും മെറ്റാ എന്ന പേരിനും വേണ്ടിയുള്ള ശ്രമങ്ങള്‍ സക്കര്‍ബര്‍ഗ് നേരത്തെ തന്നെ തുടങ്ങിയിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. 

ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങളുടെ ബിഗ് ഡാറ്റാ വിശകലനം നടത്തി വന്നിരുന്ന മെറ്റാ എന്ന സ്ഥാപനത്തെ സക്കര്‍ബര്‍ഗിന്റേയും ഭാര പെര്‍സില ചാനിന്റേയും ഉടമസ്ഥതയിലുള്ള ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് 2017 ല്‍ ഏറ്റെടുത്തിരുന്നു. ഇത് 2022 ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. 

Meta
ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് 2017 ല്‍ ഏറ്റെടുത്ത ബിഗ് ഡേറ്റ വിശകലന സ്ഥാപനത്തിന്റെ ലോഗോ

2010 ല്‍ സാം ആമി മോളിനക്‌സ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച മെറ്റാ ഇന്‍കോര്‍പറേറ്റഡിന്റെ ലോഗോയ്ക്ക് സമാനമായ ലോഗോയാണ് പുതിയ മെറ്റായ്ക്കും നല്‍കിയിരിക്കുന്നത് എന്ന് ശ്രദ്ധേയം. 

വിര്‍ച്വല്‍ റിയാലിറ്റി ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളില്‍ ഊന്നിയ ഭാവി പദ്ധതികള്‍ നേരത്തെ തന്നെ ഫെയ്‌സ്ബുക്ക് പ്രഖ്യാപിക്കുകയും ഉപകരണങ്ങള്‍ വിപണിയിലിറക്കുകയും ചെയ്തിരുന്നു. 'ഹൊറൈസണ്‍ വേള്‍ഡ്‌സ്' എന്ന പേരില്‍ ഒരു വെര്‍ച്വല്‍ റിയാലിറ്റി ഓണ്‍ലൈന്‍ ഗെയിം അതിലൊന്നാണ്.

എന്നാല്‍ സമ്പൂര്‍ണമായി ഒരു മെറ്റാവേഴ്‌സ് കമ്പനിയായി രൂപമാറ്റം നടത്താനുള്ള ശ്രമം. ഫെയ്‌സ്ബുക്കിന്റെ പേരിനേറ്റിരിക്കുന്ന കളങ്കം മായ്ക്കാനാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സമീപകാലത്തുയര്‍ന്ന വിവാദങ്ങള്‍ കമ്പനിയെ അടിമുടി ഉലച്ചിരുന്നു. വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും അടങ്ങുന്ന സുപ്രധാന സോഷ്യല്‍ മീഡിയാ സേവനങ്ങളെല്ലാം തന്നെ സുരക്ഷിതത്വത്തിന്റേയും സ്വകാര്യതയുടേയും പേരില്‍ വിശ്വാസ്യത നഷ്ടപ്പെടുകയും വിവാദങ്ങളില്‍ അകപ്പെടുകയും നിയമ നടപടികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനിയെ ഒന്നടങ്കം മാറ്റി റീബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമം സക്കര്‍ബര്‍ഗിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. നേരത്തെ മാതൃകമ്പനി രൂപീകരിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് എന്ന പേര് മാറ്റാന്‍ തയ്യാറാകാതിരുന്ന സക്കര്‍ബഗ് അതിന് തയ്യാറായത് ഒരു പക്ഷെ നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടുമാവാം.