ഗൂഗിള്‍ ഗ്ലാസ് എന്ന കണ്ണട ഓര്‍മ്മയുണ്ടോ? 2011 -ല്‍ ഗൂഗിള്‍ ഇറക്കിയ ഈ ഉല്‍പ്പന്നം ഏത് ഉപയോഗത്തിനാണെന്നു ഗൂഗിളിനോ ഉപഭോക്താക്കള്‍ക്കോ തന്നെ കൃത്യമായി അറിയില്ലായിരുന്നു. അത് തന്നെ ആയിരുന്നു ഗൂഗിള്‍ ഗ്ലാസിന്റെ ഒരു വലിയ ഒരു ന്യൂനതയും. 2012-ലെ TIME മാസികയുടെ അക്കൊല്ലത്തെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതിനപ്പുറം വലുതായ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ ഈ 'സ്മാര്‍ട്' കണ്ണടയ്ക്ക് സാധിച്ചില്ല. അതിനു ശേഷം സ്‌നാപ് ഇറക്കിയ സ്പെക്ടക്കിള്‍സ് എന്നൊരു സ്മാര്‍ട്ട് കണ്ണടയും വിപണിയില്‍ എത്തി. ഈ കണ്ണടകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു പുതിയ ഉല്പന്നവുമായി ഫെയ്സ്ബുക്ക് ഇക്കഴിഞ്ഞ മാസം രംഗത്ത് വന്നു. 'റേ ബാന്‍ സ്റ്റോറീസ്' എന്ന് പേരിട്ടിരിക്കുന്ന ഈ കണ്ണട പേര് സൂചിപ്പിക്കുന്നത് പോലെ റേ ബാനുമായുള്ള സഹകരണത്തോട് കൂടിയാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

കണ്ടാല്‍ സാധാരണ റേ ബാന്‍ കണ്ണട എന്ന് തോന്നിപ്പിക്കുന്ന ഈ സ്മാര്‍ട്ട് കണ്ണട ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും റിക്കോര്‍ഡ് ചെയ്യാനും, ഷെയര്‍ ചെയ്യാനും, എന്തിനു അതിലെ സ്പീക്കറിലൂടെ പാട്ടു കേള്‍ക്കാനും, കോള്‍ എടുക്കാനും ഒക്കെ സാധിക്കും. ഈ കണ്ണടയും ഇട്ടു നടക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ സമ്മതം കൂടാതെ ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ സൗകര്യമുണ്ടാകും എന്നത് ഇതിന്റെ മറുവശം.

ഭാവിയിലെ ഇന്റര്‍നെറ്റ് എന്നറിയപ്പെടുന്ന മെറ്റാ വേഴ്‌സ് (metaverse) എന്നൊരു സാങ്കല്‍പ്പിക ലോകമുണ്ട്. അവിടെയ്ക്കുള്ള ഫെയ്സ്ബുക്കിന്റെ വന്‍ കുതിപ്പായാണ് ഈ  കണ്ണടയെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. റിയല്‍, വെര്‍ച്വല്‍, ഓഗ്മെന്റഡ് ലോകങ്ങളുടെ സംഗമമാണ് ഫെയ്സ്ബുക്കിന്റെ പ്രഖ്യാപിത ലക്ഷ്യം.

Rayban
Photo: Facebook/Rayban

രഹസ്യ നിരീക്ഷണത്തിനുള്ള സാധ്യത

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള ഒരു സര്‍വെയ്ലന്‍സ് ഉപകരണമായി ഈ കണ്ണട മാറില്ല എന്ന് ആര് കണ്ടു? നിങ്ങള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ ഇന്ന് തന്നെ നിരവധി സി-സി-ടി-വി കണ്ണുകളില്‍ നിങ്ങളുടെ മുഖം പതിയുന്നുണ്ട്. അതാകട്ടെ ക്യാമറ കണ്ണുകള്‍ കണ്ടാലെങ്കിലും നമുക്ക് തിരിച്ചറിയാം. ഫെയ്സ്ബുക്കിന്റെ റേ ബാന്‍ കണ്ണട ഉപയോഗിച്ച് നിങ്ങളെ നിരീക്ഷിക്കുകയും, നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കത് മനസ്സിലാക്കാനുള്ള സാധ്യതയും കുറവാണ്. 

റേ ബാന്‍ എന്ന് എഴുതിയ ഒരു കണ്ണടയ്ക്ക് വീഡിയോകള്‍ എടുക്കാനുള്ള കഴിവുണ്ടെന്ന് മറ്റുള്ളവര്‍ക്ക് അറിയണം എന്നില്ല. കാണുന്നതെന്തും സ്മാര്‍ട്ട് ഫോണോ കാമറയോ പുറത്തെടുക്കാതെ ഒപ്പിയെടുക്കാന്‍ സഹായിക്കുന്ന ഈ കണ്ണടയും ഭാവിയില്‍ വരാനിരിക്കുന്ന സമാന കണ്ണടകളും നമ്മുടെ സാമൂഹിക ഇടപഴകലുകള്‍ തന്നെ മാറ്റിമറിക്കും. നമ്മള്‍ ഒരു ചിത്രമെടുക്കുമ്പോള്‍, ഒരു വീഡിയോ എടുക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ അതെടുക്കുന്ന ഫോണില്‍  ആയിരിക്കും. മറ്റുള്ളവരില്‍ ചിലരെങ്കിലും കാമറയിലേക്ക് ശ്രദ്ധിച്ചു ഒപ്പിയെടുത്ത സന്ദര്‍ഭത്തിലെ 'നാച്ചുറല്‍' അവസ്ഥ ഇല്ലാതാകുന്നത് സാധാരണമാണ്. ഫെയ്സ്ബുക്കിന്റെ കണ്ണടയുള്ളപ്പോള്‍ ആ പേടി വേണ്ട. ചിത്രമെടുക്കുന്നവരും, ചിത്രത്തില്‍ 'പെടുന്നവരും' എല്ലാം യാതൊരു അസ്വാഭിവകതയുമില്ലാതെ ഇതിന്റെ ഭാഗമാകുന്നു.

Mark Zuckerbergകാണുന്ന കാഴ്ച അതുപോലെ ഒപ്പിയെടുക്കാന്‍

ഇപ്പോള്‍ തന്നെ ഓരോ നിമിഷവും ഫോണില്‍ പകര്‍ത്തുന്ന നമ്മള്‍, ഇടപഴകലുകള്‍ കുറച്ച് കണ്ണടയിലൂടെ നിമിഷങ്ങള്‍ ഒപ്പിയെടുക്കാനുള്ള സാധ്യതയുണ്ട്. അതും കണ്ണട ധാരി എങ്ങനെ കാണുന്നുവോ അങ്ങനെ തന്നെ ഒപ്പിയെടുക്കാന്‍ കഴിയുന്ന കണ്ണട-കാമറയും. കീശയില്‍ നിന്ന് ഫോണ്‍ എടുക്കാതെ, അതിവിടെയും വയ്ക്കാതെ തന്നെ കാണുന്നതെല്ലാം ഒപ്പിയെടുക്കാന്‍ സാധിക്കുന്ന, കോളുകള്‍ എടുക്കാന്‍ സാധിക്കുന്ന റേ ബാന്‍ സ്റ്റോറീസ് മൊബൈല്‍ ഫോണുകളെ തന്നെ ഇല്ലാതാക്കാനുള്ള ഫേസ്ബുക്കിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ്. ഫെയ്സ്ബുക്ക് വ്യൂസ് എന്ന ആപ്പുവഴി കണ്ണട ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് അടക്കമുള്ള നിരവധി സമൂഹ മാദ്ധ്യമങ്ങള്‍ വഴി ലോകത്തോട് പങ്ക് വയ്ക്കാവുന്നതാണ്.

ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യങ്ങള്‍

റേ ബാന്‍ ബ്രാന്റിന്റെ സഹായത്തോടുകൂടി പല ലക്ഷ്യങ്ങളാണ് ഫെയ്സ്ബുക്ക് ഉന്നം വയ്ക്കുന്നത്. ഈ കണ്ണടയുടെ പ്രചാരവും വില്‍പ്പനയും റേ ബാന്‍ കണ്ണടയുടെ വില്‍പ്പന-വിതരണ ശൃംഖല വഴിയാക്കാനാണ് അവരുടെ ശ്രമം. റേ ബാന്റെ പേരും പ്രശസ്തിയും ഇതിനായി പ്രയോജനപ്പെടുത്താന്‍ ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നു. ഫെയ്സ്ബുക്ക് കണ്ണട എന്നെഴുതിയിരുന്നെകില്‍ കിട്ടുന്ന സ്വീകാര്യതയേക്കാളും കൂടുതല്‍ സ്വീകാര്യത ഇതുവഴി ലഭിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. 

Rayban Stories
Photo : facebook/Rayban

ഫെയ്സ്ബുക്ക് റിയാലിറ്റി ലാബിന്റെ ഇതടക്കമുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ റേ ബാനുമായുള്ള കൂട്ടുകെട്ട് സ്വപ്നതുല്യമാണെന്നു പറയാതെ വയ്യ. 'സ്മാര്‍ട്' കഴിവുകള്‍ വേണ്ടാത്ത സന്ദര്‍ഭങ്ങളില്‍ ഈ കണ്ണടയെ സാധാരണ സണ്‍ ഗ്‌ളാസ് ആയി ഉപയോഗിക്കാം എന്നത് ഫെയ്സ്ബുക്കിന്റെ Gear VR പോലെയുള്ള എമണ്ടന്‍ കണ്ണടകളില്‍ നിന്ന് ഇതിന്റെ വിഭിന്നമാക്കുന്നു. ഫാഷനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും സംയോജിക്കുന്ന ഇത്തരം ഒരു ഉപഭോക്തൃ ഉല്‍പ്പന്നം അടുത്തെങ്ങും വിപണിയില്‍ ഇറങ്ങിയിട്ടില്ല.

സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ ന്യൂനതയായ  സ്‌ക്രീനിന്റെ വലുപ്പം എന്ന പ്രശ്‌നം സ്മാര്‍ട്ട് കണ്ണടകള്‍ പരിഹരിക്കുന്നു. ഓഗ്മെന്റഡ് റിയാലിറ്റിയും വെര്‍ച്വല്‍ റിയാലിറ്റിയും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെത്തന്നെ സ്‌ക്രീനാക്കുന്നു.  ഹാര്‍ഡ്വെയര്‍ മേഖലയിലും സോഫ്റ്റ്വെയര്‍ മേഖലയിലും ഉണ്ടാകാന്‍ പോകുന്ന കുതിപ്പുകള്‍ക്കൊപ്പം തന്നെ നിര്‍മ്മിത ബുദ്ധി ഇമേജ് പ്രോസസിങ്ങ് സാങ്കേതിക വിദ്യയെ പരിപോഷിപ്പിക്കും. 5ജി അടക്കമുള്ള ഭാവി സാങ്കേതിക വിദ്യയും സ്മാര്‍ട്ട് കണ്ണടയിലൂടെ കാണുന്ന എക്സ്റ്റന്‍ഡ് റിയാലിറ്റിയെ നമ്മളിലേക്ക് അടുപ്പിക്കും എന്നാണ് പ്രവചനങ്ങള്‍. സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇന്നുള്ള പ്രചാരത്തിന്റെ നിലയിലേക്ക് ഇത്തരം കണ്ണടകള്‍ എത്തുമെന്ന് വിദഗ്ദ്ധര്‍ ആണയിട്ട് പറയുന്നു. Varjo XR-3, Lenovo ThinkReality A3, Snap Spectacles, Rayban Stories ഒക്കെത്തന്നെ നമുക്ക് ചുറ്റും നടന്ന് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിപ്ലവത്തിന്റെ അമരക്കാരാണ്.

റേ ബാന്‍ സ്റ്റോറീസ് എന്ന കണ്ണടയുടെ ഭാവി എന്താകുമെന്ന് കണ്ടറിയാം. സ്വകാര്യതയെ ഹനിക്കുന്ന ഒരു ഉല്‍പ്പന്നമായി ലോകം തിരസ്‌കരിക്കുമോ അല്ല അഞ്ചു മെഗാ പിക്‌സല്‍ കാമറയും, മുപ്പതു സെക്കന്റ് വീഡിയോകളും ഒക്കെ എടുക്കാന്‍ കഴിയുന്ന ഈ കണ്ണട വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പിക്കുമോ എന്ന് വരും വര്‍ഷങ്ങളില്‍ കാണാം.