കൗതുകകരമായ ഒരു കാര്യം ചെയ്യുമ്പോള്‍ നമ്മള്‍ പലപ്പോഴും അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ആലോചിക്കാറേയില്ല... ബുദ്ധിയും വിവേകവും ഒക്കെ പിന്‍സീറ്റിലേക്ക് മാറിയിരിക്കുന്ന അവസ്ഥ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 'ഫെയ്‌സ് ആപ്പ്' എന്ന ആപ്പില്‍ സ്വന്തം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തവരൊക്കെ ഒരു കൗതുകത്തിന് ചെയ്തതാണ്. ഉപയോഗിച്ചവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അത്രയ്ക്ക് നന്നായാണ് 'കൃത്രിമബുദ്ധി'യാല്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് ചിരിക്കാത്തവരെ ചിരിപ്പിച്ചതും ചെറുപ്പക്കാരെ വയസ്സന്മാരാക്കിയതും (തിരിച്ചും!), ഉപയോക്താക്കളെ ആകെ മാറ്റിമറിച്ചതും. അല്ല, 2017-ല്‍ ഇറങ്ങിയ ഈ ആപ്പിനെക്കുറിച്ച് നമ്മള്‍ എന്തിനാണ് 2019-ല്‍ പറയുന്നത്...?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈ ആപ്പ് വലിയരീതിയില്‍ വൈറല്‍ ആയി. ഈ ആപ്പ് ഉപയോഗിച്ച് നിര്‍മിച്ച വയസ്സന്‍-വയസ്സി ചിത്രങ്ങള്‍ നമ്മുടെ ഫെയ്‌സ് ബുക്ക് ഫീഡുകള്‍ കൈയടക്കി. ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ ഇടംവലം നോക്കാതെ ഇതിന്റെ മാസ്മരികവലയത്തില്‍ വീഴുകയായിരുന്നു. ഉപയോക്താക്കളില്‍ കുറെയേറെപ്പേര്‍ക്ക് ഇതുമൂലം സ്വകാര്യതയ്ക്ക് എന്തെങ്കിലും ഭംഗംവരുമോ എന്നതിനെക്കുറിച്ച് വലിയ അറിവില്ലായിരുന്നു.

മറ്റുചിലരാകട്ടെ, ഇനിയിപ്പോള്‍ സ്വകാര്യതയ്ക്ക് ഇത്തിരി കോട്ടംതട്ടിയാലെന്താ. ഇത്രയും ഉഗ്രനായി നമ്മുടെ ഭാവിയിലെ ലുക്ക് കാണിച്ചുതരുന്ന ഈ ആപ്പ് എങ്ങനെ ഉപയോഗിക്കാതിരിക്കും എന്ന് ചിന്തിക്കുന്നവരും. റഷ്യയിലെ വയര്‍ലെസ് ലാബ് എന്ന കമ്പനിയുടെ ഈ ആപ്പിന് എന്തായാലും ചാകരയായിരുന്നു. ഉപയോക്താക്കള്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നു... ഉപയോക്താക്കള്‍ക്ക് പ്രായം കൂടിയ ലുക്കിലുള്ള ചിത്രങ്ങള്‍ കിട്ടുന്നു... ആപ്പിന് ഉപയോക്താക്കളുടെ ചിത്രങ്ങള്‍ കിട്ടുന്നു... ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ... രണ്ടുപേര്‍ക്കും വേണ്ടത് ലഭിക്കുന്നു.

ഇനി കണക്കിലേക്കും കാര്യത്തിലേക്കും കടക്കാം... പതിനഞ്ച് കോടി ചിത്രങ്ങളാണ് ഈ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടതത്രെ. അതിലെന്തിരിക്കുന്നു എന്നാവും നിങ്ങളുടെ ചോദ്യം. ആപ്പിന്റെ വിജയത്തെയല്ലേ അത് സൂചിപ്പിക്കുന്നത്... പിന്നെന്താ...? ആപ്പിന്റെ സേവനവ്യവസ്ഥ നോക്കിയാല്‍ നിങ്ങളൊന്നു ഞെട്ടും.

ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് എന്തും ചെയ്യാനുള്ള അധികാരം നിങ്ങള്‍ ഈ ആപ്പ് ഉപയോഗിക്കുകവഴി ഈ കമ്പനിക്ക് നല്‍കുന്നു. എത്ര നാളത്തേക്കെന്ന് അറിഞ്ഞാല്‍ ഒന്നുകൂടി ഞെട്ടും... ഐന്നന്നേക്കുമായി! ഇന്നും എന്നും കാലശേഷവും ഒക്കെ നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് എന്തും ചെയ്യാന്‍ നിങ്ങള്‍ ഈ കമ്പനിക്ക് അധികാരം കൊടുത്തിരിക്കുന്നു.

ചോദ്യംചെയ്തപ്പോള്‍ നല്ലപിള്ള ചമഞ്ഞുകൊണ്ട് കമ്പനി പറഞ്ഞ മറുപടി ഒട്ടും വിശ്വാസയോഗ്യമല്ലായിരുന്നു: ചിത്രങ്ങളില്‍ പലതും (ഏതൊക്കെ...?) 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യുമെന്നും ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കില്ല എന്നും.

അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെമ്പര്‍മാര്‍ ഈ ആപ്പിന്റെ കാര്യങ്ങള്‍ അറിഞ്ഞതോടുകൂടി അസ്വസ്ഥരാണ്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. തന്നെ ഈ ആപ്പിനെക്കുറിച്ച് അന്വേഷിക്കണം എന്നാണ് അവരുടെ നിലപാട്. ട്രംപിന്റെ വിജയത്തില്‍ റഷ്യയുടെ പങ്കിനെക്കുറിച്ച് ഇന്നും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അമേരിക്കയിലേതടക്കമുള്ള ജനങ്ങളുടെ ചിത്രങ്ങള്‍ സംഘടിപ്പിക്കുന്ന അധികമാരും അറിയാത്ത ഒരു ചെറിയ റഷ്യന്‍ കമ്പനിയെ ഡെമോക്രാറ്റിക് പാര്‍ട്ടി ഭയക്കുന്നതില്‍ അത്ഭുതമില്ല.

ഈ ആപ്പിന്റെ ഉപയോക്താക്കളില്‍ പലരും വ്യക്തിവിവരങ്ങള്‍ കൊടുക്കുന്നില്ല. അപ്പോള്‍ മുഖവും പേരും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍' സംവിധാനം ഇതുപയോഗിച്ച് നിര്‍മിക്കാന്‍ ഇടയില്ല എന്ന് 'എം.ഐ.ടി. ടെക്‌നോളജി റിവ്യൂ'വിലെ കാരന്‍ ഹൗ പറയുന്നു.

ഇതുകൂടാതെ, ഒരാളുടെ ഒരു ചിത്രം മാത്രം ഉപയോഗിച്ചുള്ള ഇത്തരം സംവിധാനത്തിന്റെ കൃത്യത നന്നേ കുറവായിരിക്കും. അപ്പോള്‍ എന്താവും ഇവരുടെ ഉദ്ദേശ്യം...?

ഗൂഗിളിന്റെ ചില സംവിധാനങ്ങള്‍ പട്ടിയെയും പൂവിനേയും കാറിനേയും ഒക്കെ കണ്ടാല്‍ തിരിച്ചറിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ, മനുഷ്യമുഖങ്ങള്‍ കണ്ടാല്‍ അത് മുഖമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന 'അല്‍ഗോരിതം' നിര്‍മിക്കാന്‍ (അല്ലെങ്കില്‍ അത്തരത്തിലുള്ളവ മെച്ചപ്പെടുത്താന്‍) ഫെയ്‌സ് ആപ്പ് സ്വരൂപിച്ച ചിത്രങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാം. മുഖങ്ങളുടെ കെട്ടും മട്ടും വിശകലനം ചെയ്യാന്‍ തങ്ങളുടെ സംവിധാനങ്ങളെ പഠിപ്പിക്കാന്‍ ഫെയ്‌സ് ആപ്പില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട നിരവധി ചിത്രങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാം.

മുഖങ്ങളുടെ പ്രായവും ലിംഗവും ഒക്കെ മനസ്സിലാക്കാനും പ്രവചിക്കാനുമുള്ള സംവിധാനങ്ങള്‍ നിര്‍മിക്കാനും ഈ ചിത്രങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാം. മുഖം കാണിച്ചാല്‍ പ്രായവും ലിംഗവും ഊഹിക്കുന്ന ആപ്പുകള്‍ ഒക്കെ ഇത്തരം േഡറ്റാബേസുകള്‍ വിശകലനം ചെയ്തും അപഗ്രഥിച്ചും 'പഠിച്ചു' വളര്‍ന്നവരാണ്.

മുഖംമിനുക്കുന്ന, ചിരിപ്പിക്കുന്ന, പ്രായംകൂട്ടുന്ന, പ്രായംകുറയ്ക്കുന്ന, അല്ലെങ്കില്‍ ഇതിലും കൗതുകമുണര്‍ത്തുന്ന സംവിധാനങ്ങള്‍ നിര്‍മിക്കാനും ഉള്ളതിനെ മെച്ചപ്പെടുത്താനും ഫെയ്‌സ് ആപ്പിന് ഡേറ്റ' വേണം. ട്രെയിനിങ്ങിനുള്ള േഡറ്റയായി ഈ കോടിക്കണക്കിന് ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചേക്കാം. ഇതുകൂടാതെ, ഇല്ലാത്ത മനുഷ്യരുടെ മുഖങ്ങള്‍ നിര്‍മിക്കാന്‍ (ഡീപ്പ് ഫേക്കുകള്‍) ഈ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കാം. ThisPersonDoesNotExist.com എന്നത് ഇത്തരം ഇല്ലാമനുഷ്യരുടെ ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു സേവനമാണ്.

അപ്പോള്‍ ശരിക്കും ഫെയ്‌സ് ആപ്പിനെ പേടിക്കേണമോ...? മുകളില്‍ പറഞ്ഞവ ഇന്ന് ഇത്തരം ഒരുകൂട്ടം ചിത്രങ്ങള്‍കൊണ്ട് സാധ്യമായ കാര്യങ്ങളാണ്. ഫോട്ടോകള്‍ ഉപയോഗിക്കാനുള്ള എന്നെന്നേക്കുമായുള്ള സമ്മതം ഉപയോക്താക്കള്‍ കൊടുത്തിരിക്കുന്നത് എന്നോര്‍ക്കുക. നിയമപരമായി നോക്കിയാല്‍ ഉപയോക്താക്കള്‍ സമ്മതം കൊടുത്തിട്ടാണ് അവരുടെ ചിത്രങ്ങള്‍ ഫെയ്‌സ് ആപ്പ് ഉപയോഗിക്കുന്നത്. സമ്മതം ക്ലിക്ക് ചെയ്യുമ്പോള്‍ എഴുതിയിരിക്കുന്നതൊന്നും വായിക്കാതെയാണ് ചെയ്യുന്നത് എന്നത് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു.

ധാര്‍മികതയുടെ കണ്ണിലൂടെ നോക്കിയാല്‍ ഫെയ്‌സ് ആപ്പ് ചെയ്യുന്നത് ശരിയായ പ്രവൃത്തിയാണോ...? ഇന്ന് ലോകത്ത് ഇത്തരം നിരവധി ഫോട്ടോ-ഡേറ്റാ ബേസുകള്‍ ഉണ്ട്. പലതും നിയമപരമായി ഉപയോക്താക്കളുടെ സമ്മതത്തോടുകൂടി സ്വരൂപിച്ചത്. ചിലതാകട്ടെ, വളഞ്ഞവഴികളിലൂടെയും തട്ടിപ്പുവിദ്യകളിലൂടെയും ഒപ്പിച്ചെടുത്തത്.

കൃത്രിമബുദ്ധി ഉപയോഗിക്കുന്ന സംവിധാനങ്ങളെ പഠിപ്പിക്കാന്‍ ഉഭയകക്ഷി സമ്മതത്താല്‍ സംഘടിപ്പിച്ച ചിത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഫെയ്‌സ്ബുക്കടക്കമുള്ള സംവിധാനങ്ങള്‍ ചെയ്യുന്നത് അതല്ലേ...? പക്ഷേ, സ്വകാര്യതയുടെ കാര്യത്തില്‍ ഫെയ്‌സ്ബുക്ക് അടക്കമുള്ള ഭീമന്മാര്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നു എന്ന ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഊരും പേരും കൃത്യമായി ഇല്ലാത്ത 'ഫെയ്‌സ് ആപ്പ്' എന്ന കമ്പനിയെ ഭയക്കുകതന്നെ വേണം, അല്ലേ...?

മറിച്ചൊരു ചോദ്യംകൂടി ചോദിച്ച് നിങ്ങളെ ധര്‍മസങ്കടത്തിലാക്കാം... നമ്മളാരും സ്വന്തം ചിത്രങ്ങള്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് കൊടുക്കാതിരുന്നാല്‍ മുഖം മനസ്സിലാക്കുന്ന, മുഖംമിനുക്കുന്ന ഇത്തരം സംവിധാനങ്ങള്‍ നിര്‍മിക്കാനും പഠിക്കാനും കൃത്രിമബുദ്ധിക്ക്‌ ഡേറ്റ എവിടെനിന്ന് ലഭിക്കും...?

Content Highlights: Face App consequences, AI photo Editing, Face Changing, ThisPersonDoesNotExist