ലോകമാകെയുള്ള  ജനകീയ സര്‍ക്കാരുകള്‍ തങ്ങളുടെ രാജ്യത്തെ പൗരന്മാരെ നീരീക്ഷിക്കാനും, കൂടുതല്‍ അധികാരം അവരുടെ മേല്‍ അടിച്ചേല്പിക്കാനും നിര്‍മിതബുദ്ധിയെ കൂട്ടുപിടിക്കുമ്പോള്‍, യൂറോപ്പില്‍ സ്ഥിതി വ്യത്യസ്തമാണ്. ഒക്ടോബര്‍ ആറാം തിയതി, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ബഹുജന നിരീക്ഷണത്തിന് നിരോധനം ഏര്‍പെടുത്തികൊണ്ട് പ്രമേയം പാസാക്കി. പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് 377 എംപിമാര്‍ വോട്ട് ചെയ്തപ്പോള്‍, 248 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. പ്രസ്തുത പ്രമേയത്തില്‍, നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന പൊതുജനങ്ങളെ സംബന്ധിക്കുന്ന എല്ലാ വിവരശേഖരങ്ങളും ഓഡിറ്റിങിന് വിധേയമാക്കണമെന്നും ആവശ്യപ്പെടുന്നു. 

യൂറോപ്യന്‍ പാര്‍ലമെന്റ് എംപിയായ പെറ്റാര്‍ വിറ്റനോവ് വിഷയത്തില്‍ പ്രതികരിച്ചതിങ്ങനെ: 

''മൗലികാവകാശങ്ങള്‍ നിരുപാധികമാണ്. സാങ്കേതികവിദ്യ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെടുകയും, പലപ്പോഴും വിവേചനപരമായ ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നതിനാല്‍, നിയമ നിര്‍വ്വഹണ ആവശ്യങ്ങള്‍ക്കായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ (Facial Recognition) സംവിധാനങ്ങള്‍ വിന്യസിക്കുന്നതിന് ഞങ്ങള്‍ ആദ്യമായി ഒരു മൊറട്ടോറിയം ആവശ്യപ്പെടുന്നു.

''എഐ (AI) ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രെഡിക്റ്റിവ് പോലീസിങ്ങിന് വേണ്ടി ബഹുജന നിരീക്ഷണത്തിലേക്ക് നയിക്കുന്ന ഏതെങ്കിലും ബയോമെട്രിക് ഡാറ്റ പ്രോസസ് ചെയ്യുന്നതിനെയും ഞങ്ങള്‍ വ്യക്തമായി എതിര്‍ക്കുന്നു.'' 

നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണവും, ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ഈ നീക്കത്തിന് ആഗോളതലത്തില്‍ പ്രസക്തിയേറെയാണ്. പൊതുസ്ഥലങ്ങളില്‍ വ്യക്തികളെ നിരീക്ഷിക്കാനും, 
പ്രെഡിക്റ്റിവ് പൊലീസിങ് (Predictive policing) ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി നിര്‍മിത ബുദ്ധിയുപയോഗിക്കുന്നത് നിരോധിക്കണമെന്ന് പ്രസ്തുത പ്രമേയം ആവശ്യപ്പെടുന്നു. 

എന്താണ് പ്രെഡിക്റ്റിവ് പൊലീസിങ്? 

കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്, മുന്‍പ് നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ആയിരകണക്കിന് ഡാറ്റ സെറ്റുകള്‍ വിശകലനം ചെയ്ത്, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതിന് മുമ്പേ അതിനെ തടയുന്ന സംവിധാനമാണ് പ്രെഡിക്റ്റിവ് പൊലീസിങ്. പരമ്പരാഗത പോലീസ് അന്വേഷണങ്ങളെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്താനും, ഭാവിയില്‍ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളെ തടയാനും പ്രെഡിക്റ്റിവ് പൊലീസിങ് കൊണ്ട് സാധിക്കുമെന്ന് ഇതിന്റെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നു. 

പ്രഥമദൃഷ്ട്യാ നല്ല സംവിധാനമാണല്ലോ എന്ന് തോന്നാമെങ്കിലും, ഈ പദ്ധതി സുതാര്യമല്ലെന്നും, പൊതുജനങ്ങളുടെ മൗലികാവകാശങ്ങളെ ലംഘിക്കുമെന്നും, അതോടൊപ്പം ഇതിന്റെ അല്‍ഗോരിതം(Algorithm) വംശീയമായ പക്ഷപാതിത്വം കാട്ടാമെന്നും വിമര്‍ശകര്‍ പറയുന്നു. 

നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പ്രെഡിക്റ്റിവ് പൊലീസിങ് സംവിധാനം യുഎസ്, പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ വ്യാപകമായി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷെ പല രാജ്യങ്ങളിലും ഈ സംവിധാനം ഓഡിറ്റ് ചെയ്യപ്പെടുന്നില്ല. ഈയിടെ ചിക്കാഗോ, ലോസ് ഏഞ്ചലസ് എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ പോലീസ് വിഭാഗം പ്രെഡിക്റ്റിവ് പൊലീസിങ് ദുരുപയോഗം ചെയ്യുന്നു എന്ന വ്യാപക പരാതിയിന്മേല്‍ പ്രാദേശിക സര്‍ക്കാരുകള്‍ ഓഡിറ്റ് നടത്തുകയും അതിന്റെ ഫലമായി ഈ സംവിധാനം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. 

യൂറോപ്പില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് വിലക്കുകളും, നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കുമ്പോള്‍, മറ്റൊരുവശത്ത് പെഗാസസ് പോലെയുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ കവരുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഐ.ടി. മേഖലയിലെ പ്രമുഖര്‍ മാതൃഭൂമിയോട് പ്രതികരിക്കുന്നു: 

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് വിഷയത്തില്‍ പ്രതീകരിച്ചതിങ്ങനെ: 

'വിവര ശേഖരണം ഇന്നത്തെ ഡാറ്റാ യുഗത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പ്രകൃതി ദുരന്തങ്ങള്‍, കോറോണയെ പോലുള്ള പകര്‍ച്ചാവ്യാധി പോലുള്ളവ കൃത്യമായി അഡ്രസ് ചെയ്യണമെങ്കില്‍ ഡാറ്റ ആവശ്യമാണ്. ഇന്ത്യയില്‍ ഡാറ്റ സുരക്ഷയ്ക്കും അതിന്റെ ധാര്‍മികമായ പങ്കുവെക്കലിനും കൃത്യമായ ഡാറ്റ പോളിസി ഇല്ല. അതോടൊപ്പം ഡാറ്റ സുരക്ഷയെ പറ്റി അനവധി തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നു. ഡാറ്റ ലിറ്ററസി (Data literacy) ആളുകളില്‍ എത്തിക്കാന്‍ ശക്തമായ പരിപാടികള്‍ ആരംഭിക്കണം.  

Saji Gopinath
സജി ഗോപിനാഥ് 

''പ്രെഡിക്റ്റിവ് പോലീസിങ്ങിന്റെ അല്‍ഗോരിതത്തില്‍, സമൂഹത്തിലെ തെറ്റായ പല ധാരണകളും പ്രതിഫലിക്കും. അതുകൊണ്ടാണ് അത് പരക്കെ വിമര്‍ശിക്കപ്പെടുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പൊതുനീരീക്ഷണത്തെ ഒരു ഭാഗത്ത് നിയന്ത്രിക്കണം എന്ന് പറയുമ്പോഴും, അതില്‍ അധിഷ്ഠിതമായ ഇന്റലിജന്റ് ഗവണ്മെന്റ് (Intelligent government) പോലുള്ള പുതിയ ആശയങ്ങള്‍ പരക്കെ ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്.'' 

യൂറോപ്യന്‍ യൂണിയന്റെ ഈ പുതിയ നീക്കത്തെ പറ്റി ഐ ടി വിദഗ്ദ്ധനും, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ആദ്യ സി.ഇ.ഓയുമായ ജി. വിജയരാഘവന്‍ പ്രതീകരിച്ചതിങ്ങനെ: 

G Vijayaraghavan
ജി. വിജയരാഘവന്‍

'സ്വകാര്യതയും, സുരക്ഷയും തമ്മിലുള്ള വേര്‍തിരിവ് വളരെ നേര്‍ത്തതാണ്. അതെവിടെ വരക്കുന്നു എന്നതാണ് പ്രധാനം. ഫേസ് റെക്കഗ്‌നിഷന്‍ പോലുള്ള സാങ്കേതികവിദ്യ പല മേഖലകളിലും ആവശ്യമാണ്. പ്രെഡിക്റ്റിവ് പൊലീസിങ് ഇന്ത്യയെ പോലെ  സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്യും. പ്രത്യേകിച്ച്  ഭീകരാക്രമണങ്ങളുടെ സമയത്ത്, സുരക്ഷാ സേനകളെ ഒരുപാട് സഹായിക്കാന്‍ കഴിയുന്ന ഒരു ഉപാധിയാണ് പ്രെഡിക്റ്റിവ് പൊലീസിങ്.  പക്ഷെ കൃത്യമായ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമേ നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പാടുള്ളു. പൂര്‍ണ നിരോധനം ഒന്നിനും പരിഹാരമല്ല.'