'എന്റെ തല, എന്റെ ഫുള്‍ഫിഗര്‍...' ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ ഈ ഡയലോഗ് തന്നെയാണ് യൂട്യൂബില്‍ താരമാകാനുള്ള പ്രധാന യോഗ്യത. തലയിലുള്ള കാര്യം, കൈയിലുള്ള സ്മാര്‍ട്ട്ഫോണിലൂടെ അവതരിപ്പിച്ചാല്‍മാത്രം മതി, വീഡിയോ ബ്‌ളോഗിങ് അഥവാ വ്‌ളോഗിങ് എന്ന ഈ ന്യൂജനറേഷന്‍ തൊഴിലില്‍ ശോഭിക്കാം. പ്രായമോ വിദ്യാഭ്യാസമോ ഒരു പ്രശ്‌നമല്ല. പണമെന്നുമാത്രം ചിന്തിക്കാതെ താത്പര്യത്തോടെ സമീപിച്ചാല്‍ മികച്ച വരുമാനം നേടാം. കുറഞ്ഞ ചെലവില്‍ വേഗമേറിയ ഇന്റര്‍നെറ്റ് നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ മത്സരിച്ചതോടെ കൂടുതല്‍ വീഡിയോ ഉള്ളടക്കങ്ങള്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങി. അഞ്ചുലക്ഷം കോടി ആളുകള്‍ ദിനവും കാണുന്ന യൂട്യൂബ് ഇന്ന് ടെലിവിഷന്‍ മേഖലയ്ക്കുപോലും വെല്ലുവിളിയാണ്.
ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ സഹായകമാണെന്ന് നിര്‍മാതാക്കള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മൊബൈല്‍ഫോണ്‍ മുതല്‍ ഹോട്ടല്‍വരെ റിവ്യൂചെയ്യാന്‍ പ്രമുഖ കമ്പനികള്‍ വ്‌ളോഗര്‍മാരെ സമീപിക്കുന്നു.

എങ്ങനെ ഒരു വ്‌ളോഗറാകാം

ഇഷ്ടവിഷയം: അറിവുള്ള വിഷയം, അനുഭവജ്ഞാനമുള്ള മേഖല, ഹോബികള്‍വരെ വിഷയമാക്കാം. ആകര്‍ഷകവും വ്യത്യസ്തവുമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക.
അവതരണരീതി: വിഷയത്തിനനുസരിച്ച് തീരുമാനിക്കാം. ഉദാ: യാത്രാവിവരണങ്ങള്‍ സെല്‍ഫിയായി ചിത്രീകരിക്കാം, പാചകമാണെങ്കില്‍ അടുക്കളയില്‍വെച്ച് പകര്‍ത്താം, ടെക് വാര്‍ത്തകള്‍ ഗ്രാഫിക്‌സുകളിലൂടെ വിവരിക്കാം.
ലക്ഷ്യം:  സാമൂഹികമാധ്യമങ്ങളില്‍ പ്രേക്ഷകരെ കണ്ടെത്താന്‍ സ്ഥിരത അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ വീഡിയോ പോസ്റ്റ് ചെയ്യണം. അഞ്ചോ പത്തോ വീഡിയോയ്ക്കുള്ള ഉള്ളടക്കം മനസ്സില്‍കണ്ടുവേണം തുടങ്ങാന്‍. ജോലിയുള്ളവരും വിദ്യാര്‍ഥികളും വ്‌ളോഗിങ്ങിന് എത്രനേരം മാറ്റിവെക്കാനാകും എന്നുകൂടി കണക്കാക്കണം.

എന്തൊക്കെ വേണം 

വീഡിയോ ചിത്രീകരിക്കാനും എഡിറ്റ് ചെയ്യാനും ഒരു സ്മാര്‍ട്ട്ഫോണ്‍തന്നെ ധാരാളം. ഡെസ്‌ക്ടോപിലും ലാപ്ടോപ്പിലും എഡിറ്റിങ് ചെയ്യാന്‍ വിന്‍ഡോസിനൊപ്പം സൗജന്യമായി ലഭിക്കുന്ന മൂവി മേക്കര്‍ ഉപയോഗിക്കാം. അത്മവിശ്വാസം നേടിക്കഴിഞ്ഞാല്‍ ഡി.എസ്.എല്‍.ആര്‍. ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ക്യാമറയിലേക്കും മൈക്ക്, ട്രൈപ്പോഡ് തുടങ്ങിയ ഉപകരണങ്ങളിലേക്കും പണം നിക്ഷേപിക്കാം. എഡിറ്റിങ്ങിന് ഐമാക് ഉപയോഗിക്കുന്നത് വീഡിയോയുടെ ഗുണനിലവാരം ഉയര്‍ത്തും. കുറച്ചുനേരം മാറ്റിവെച്ചാല്‍ ആര്‍ക്കും പഠിച്ചെടുക്കാവുന്നതേയുള്ളൂ ഇന്നത്തെ സാങ്കേതികവിദ്യ.

എങ്ങനെ തുടങ്ങണം

വ്‌ളോഗിങ്ങിന് ഏറ്റവും സാധ്യത യൂട്യൂബിലാണ്. നിലവില്‍ ഫെയ്സ്ബുക്ക് പരസ്യവരുമാനം നല്‍കുന്നില്ല. അതേസമയം, വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഉപകാരപ്രദവുമാണ്. അവതരിപ്പിക്കുന്ന വിഷയത്തിന് യോജിച്ച പേര് യൂട്യൂബ് ചാനലിന് നല്‍കുക. സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരസാമീപ്യമാകുക. സാങ്കേതികവിദ്യകളിലെ പുതിയ കാര്യങ്ങള്‍ പഠിക്കുക.

►ഇന്റര്‍നെറ്റിലെ മാര്‍ക്കറ്റിങ്ങിന് 70 ശതമാനത്തില്‍ അധികവും വീഡിയോകള്‍ ഉപയോഗിക്കുന്നു►അക്ഷരങ്ങള്‍ വായിക്കുന്നതിലും 60,000 മടങ്ങ് വേഗത്തില്‍ തലച്ചോറിന് ദൃശ്യങ്ങള്‍ മനസ്സിലാക്കാനാകും ► 84 ശതമാനം പരസ്യങ്ങളും വീഡിയോയിലാണ് ► 79 ശതമാനം ഇന്റര്‍നെറ്റ് ട്രാഫിക്കും വീഡിയോയിലൂടെ ഒഴിവുകള്‍

ക്യാമറയെ ഭയക്കേണ്ട

ക്യാമറയ്ക്കുമുന്നില്‍ വരുമ്പോള്‍ ഭയമുണ്ടെങ്കില്‍ പരിശീലനത്തിലൂടെ മാറ്റിയെടുക്കാം. വീഡിയോയിലും സ്വാഭാവികമായി പെരുമാറാന്‍ സാധിക്കണം. മൊബൈലില്‍ നോക്കി സംസാരിച്ച് ശീലിക്കുകയാണ് വ്‌ളോഗിങ് പരിശീലിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം.

വരുമാനം എങ്ങനെ

യൂട്യൂബ് പരസ്യങ്ങള്‍ - 4000 വ്യൂ, 1000 സബ്സ്‌ക്രൈബര്‍ എന്ന നിലയിലെത്തിയാല്‍ നിങ്ങളുടെ യൂട്യൂബ് ചാനലിന് ആഡ്സെന്‍സ് എന്ന പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. വീഡിയോകള്‍ എത്രപേര്‍ കാണുന്നു എന്നനുസരിച്ചിരിക്കും പരസ്യവരുമാനം. കാണികള്‍ ഏതുരാജ്യത്തുനിന്നാണെന്നത് അനുസരിച്ചും വരുമാനത്തില്‍ വ്യത്യാസംവരും. ഉദാ:, ഇന്ത്യയിലെ ഒരാള്‍ നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ തുക ഗള്‍ഫ് പ്രേക്ഷകരില്‍നിന്ന് ലഭിക്കും.

അനുബന്ധപരസ്യങ്ങള്‍: ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ കച്ചവടക്കാരുടെ പരസ്യങ്ങള്‍. famebit.com പോലെയുള്ള സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍, ചാനല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന് ചേരുന്ന പരസ്യങ്ങള്‍ സ്വന്തമാക്കാം.

Nihal# കിച്ച (നിഹാല്‍)

മേഖല: പാചകം
സബ്സ്‌ക്രൈബേഴ്സ്: 25,000
വിദ്യാഭ്യാസം: ഒന്നാംക്ലാസില്‍ പഠിക്കുന്നു
മാസവരുമാനം: യൂട്യൂബ് പരസ്യം- 20,000 രൂപ, പ്രോഡക്ട് റിവ്യൂ - 50,000 രൂപ, പ്രോഗ്രാം - ഒരു ലക്ഷം രൂപ .
നിര്‍മിക്കുന്ന വീഡിയോകള്‍ (ആഴ്ചതോറും): കുറഞ്ഞത് ഒരു വീഡിയോ.

ഒരുലക്ഷം രൂപയിലധികം നല്‍കി കിച്ചയുടെ പാചകവീഡിയോ ഫെയ്സ്ബുക്ക് വാങ്ങി. നാലാമത്തെ വയസ്സില്‍ കിച്ചാട്യൂബ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍. പ്രശസ്ത അമേരിക്കന്‍ ടി.വി. പ്രോഗ്രാമായ എലെന്‍ ഷോയില്‍ പുട്ടുണ്ടാക്കിയും ബ്രിട്ടനിലെ ഐ.ടി.വി.യിലെ ലിറ്റില്‍ ബിഗ് ഷോട്സില്‍ ഇളനീര്‍ ഐസ്‌ക്രീം തയ്യാറാക്കിയും താരമായി.
'പണമുണ്ടാക്കുക എന്ന ലക്ഷ്യമായിരിക്കരുത് കുട്ടിക്ക് നല്‍കേണ്ടത്. സമ്മര്‍ദത്തിലാക്കാതിരിക്കുക. പഠനത്തെ ബാധിക്കാത്ത രീതിയില്‍ വീഡിയോ ചെയ്യാം' - രാജഗോപാല്‍, (നിഹാലിന്റെ അച്ഛന്‍)

 

ibadu# ഇബാദു റഹ്മാന്‍

മേഖല: ടെക്
സബ്സ്‌ക്രൈബേഴ്സ്: 1.45 ലക്ഷം
വിദ്യാഭ്യാസം: ബി.കോം, വീഡിയോഗ്രാഫി, എഡിറ്റിങ് കോഴ്സുകള്‍ 
മാസവരുമാനം: 1.5 ലക്ഷം രൂപ
(യൂട്യൂബ് പരസ്യങ്ങള്‍, ബ്രാന്‍ഡ് പ്രമോഷന്‍)
നിര്‍മിക്കുന്ന വീഡിയോകള്‍ (ആഴ്ചതോറും): അഞ്ച് വീഡിയോ

ഉമ്മ ആടിനെ വളര്‍ത്തിയിരുന്ന പഴയ തൊഴുത്ത് സ്റ്റുഡിയോ ആക്കി തുടക്കം. എട്ട് സ്വകാര്യവ്യക്തികളുടെ പേജുകള്‍ ചെയ്യുന്നു. ഭാര്യയും സഹായിക്കുന്നു.
 'പണമെന്ന ലക്ഷ്യത്തോടെ ഈ രംഗത്തിറങ്ങരുത്. ഏത് ഉത്പന്നം പരിചയപ്പെടുത്തുമ്പോഴും വിശ്വാസ്യത കാത്തുസൂക്ഷിക്കണം '

 

Sujith Baktan# സുജിത് ഭക്തന്‍

മേഖല: യാത്ര
സബ്സ്‌ക്രൈബേഴ്സ്: 82,000
വിദ്യാഭ്യാസം: ബി.ടെക്.
മാസവരുമാനം: ഒന്നരലക്ഷം രൂപ
നിര്‍മിക്കുന്ന വീഡിയോകള്‍ (ആഴ്ചതോറും):

രണ്ടുദിവസത്തില്‍ ഒരു വീഡിയോ എന്‍ജിനീയറിങ് പഠനത്തിനിടെ ബ്ലോഗെഴുത്തില്‍ ആകൃഷ്ടനായി. കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വിവരങ്ങള്‍ അടങ്ങിയ ആനവണ്ടി എന്ന ബ്ലോഗ് ശ്രദ്ധനേടി. ഒരു വര്‍ഷം മുമ്പ് ട്രാവല്‍ വ്‌ളോഗിങ് തുടങ്ങി. 'ഉള്ള ജോലികളഞ്ഞ് ആരും വ്‌ളോഗിങ്ങിന് ഇറങ്ങരുത്. ഉപകരണങ്ങള്‍ വാങ്ങാനുള്ള മുടക്കുമുതലും വരുമാനം ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കാനുമുള്ള പണവും കൈയിലുണ്ടാവണം'