പ്രളയവും തീപ്പിടിത്തവുംപോലുള്ള അത്യാഹിതങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താന്‍ കഴിയുന്ന നിര്‍മിതബുദ്ധിയുള്ള ഡ്രോണ്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന, കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളുടെ ഫൈനല്‍ ഇയര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് പ്രോജക്ട് അവാര്‍ഡും ഇതിന് കിട്ടി.

തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളായ എസ്. ലക്ഷ്മി, പി. മനാല്‍ ജലീല്‍, വി.എന്‍. നന്ദന, എസ്. ശ്രുതി എന്നിവരാണ് ഡ്രോണ്‍ വികസിപ്പിച്ചത്. 20,000 രൂപ മാത്രമാണ് ഇത്തരം ഡ്രോണിന് ചെലവാകുക. സാധാരണ ഡ്രോണിന് 50,000 മുതല്‍ 75,000 വരെ ചെലവാകും. 

ഒരുകിലോമീറ്റര്‍ ഉയരത്തിലും രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും ഡ്രോണ്‍ പ്രവര്‍ത്തിക്കും. ഒറ്റപ്പെട്ട മേഖലകളില്‍നിന്ന് മനുഷ്യരെമാത്രം കണ്ടെത്താനും ആ വിവരം തത്സമയം പോലീസിനും അഗ്‌നിരക്ഷാസേനയ്ക്കും കൈമാറാനും കഴിയുന്ന സോഫ്റ്റ്വേര്‍ വികസിപ്പിച്ച് ഡ്രോണില്‍ ഉള്‍പ്പെടുത്തിയെന്നതാണ് സവിശേഷത.

15 മിനിറ്റാണ് ഇവര്‍ വികസിപ്പിച്ച ഡ്രോണിന്റെ പറക്കല്‍സമയം. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചത്. പറക്കല്‍സമയം കൂടിയ ഡ്രോണ്‍ വികസിപ്പിക്കാനാകും. എന്നാല്‍, പഠനം തീര്‍ന്നയുടന്‍ നാലുപേര്‍ക്കും സോഫ്റ്റ്വേര്‍ കന്പനികളില്‍ ജോലി കിട്ടി. അതിനാല്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ വൈകും.

തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയാണ് ലക്ഷ്മി. ഷൊറണൂര്‍ സ്വദേശിയാണ് ശ്രുതി. ആലുവയിലാണ് മനാലിന്റെ വീട്. തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകര സ്വദേശിയാണ് നന്ദന. ഇവരുടെ പ്രോജക്ടിനുള്ള ഫണ്ട് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വേര്‍ എന്ന സംഘടനയാണ് നല്‍കിയത്. പങ്കെടുത്ത 27 ടീമുകളില്‍നിന്നാണ് ഇവരുെട പ്രോജക്ട് അവാര്‍ഡ് നേടിയത്.

Content Highlights: Drone Developed By Four Engineering Students