സ്തനാര്‍ബുദം കണ്ടെത്താന്‍ യന്ത്രം പഠിച്ചിരിക്കുന്നു... അതും, നന്നായി പഠിച്ചിരിക്കുന്നു...! ഗൂഗിള്‍ ഹെല്‍ത്തും ലണ്ടനിലെ ഇംപീരിയല്‍ കോളേജും ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങളിലാണ് 'മാമ്മോഗ്രാം' നോക്കി 'സ്തനാര്‍ബുദം' ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതില്‍ ഡോക്ടര്‍മാരോളം തന്നെ ഉയര്‍ന്ന നിലവാരത്തിലേക്ക് 'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എത്തിയിരിക്കുന്നു എന്ന് തെളിയിക്കപ്പെട്ടത്.

സ്ത്രീകള്‍ക്കിടയിലെ അര്‍ബുദങ്ങളുടെ എണ്ണത്തില്‍ ഒന്നാമതും മരണകാരണം ആകുന്നവയില്‍ രണ്ടാമതും നില്‍ക്കുന്ന ഈ രോഗത്തിന്റെ നിര്‍ണയം പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ കുറ്റമറ്റതാവുന്നു എന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നു.

അര്‍ബുദങ്ങളില്‍ ചികിത്സയുടെ ഗതിതന്നെ മാറ്റാന്‍ നേരത്തെയുള്ള രോഗനിര്‍ണയത്തിന് സാധിക്കും. രോഗനിര്‍ണയം വൈകിയാല്‍ ചികിത്സയും ജീവിതവും ദുഷ്‌കരമായേക്കാം.

പക്ഷേ, രോഗനിര്‍ണയത്തില്‍ ഇന്നൊരു പ്രശ്‌നമുണ്ട്. മാമ്മോഗ്രാമുകള്‍ കണ്ട് സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നതില്‍ നിരവധി ന്യൂനതകള്‍ ഇന്ന് നിലനില്‍ക്കുന്നു. രോഗം ഇല്ലാതെ തന്നെ ഉണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ ('ഫാള്‍സ് പോസിറ്റീവ്'), രോഗം ഉണ്ടായിട്ടും അത് കാണാതെപോകുന്ന സ്ഥിതി ('ഫാള്‍സ് നെഗറ്റീവ്') എന്നിവയാണിത്. ഇത്തരം പിഴവുകള്‍ രോഗിക്കും കുടുംബത്തിനും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത് കൂടാതെ റേഡിയോളജിസ്റ്റുകളുടെ ജോലിയും ദുഷ്‌കരമാക്കുന്നു.

ഇതിനൊരു പരിഹാരം കണ്ടെത്താനാണ് ഗൂഗിള്‍ ഹെല്‍ത്ത് 'നിര്‍മിതബുദ്ധി' ഉപയോഗിച്ച് മാമ്മോഗ്രാം നോക്കി രോഗനിര്‍ണയം നടത്താനുള്ള സംവിധാനത്തിന് രൂപം നല്‍കിയത്. ഗൂഗിള്‍ ഇതിനെ ആദ്യം ബ്രിട്ടനില്‍ നിന്നുള്ള 76,000 സ്ത്രീകളുടെയും അമേരിക്കയില്‍ നിന്നുള്ള 15,000 സ്ത്രീകളുടെയും മാമ്മോഗ്രാം കാണിച്ച് ഈ ജോലി 'പഠിപ്പിച്ചു'. ഈ സ്ത്രീകളുടെ പേരുവിവരങ്ങള്‍ നീക്കംചെയ്താണ് പഠനങ്ങള്‍ക്ക് ഉപയോഗിച്ചത്. അതിനു ശേഷം ബ്രിട്ടനില്‍ നിന്നുള്ള 25,000 സ്ത്രീകളുടെയും അമേരിക്കയില്‍ നിന്നുള്ള 3,000 സ്ത്രീകളുടെയും മാമ്മോഗ്രാം കാണിച്ച് സ്തനാര്‍ബുദം ഉണ്ടായോ ഇല്ലയോ എന്ന് കണ്ടെത്താന്‍ പറഞ്ഞു, ഇതും പേരുവിവരങ്ങള്‍ മായ്ച്ചതിനുശേഷം.

ഈ പരീക്ഷണത്തിന്റെ ഫലം പ്രതീക്ഷാജനകമായിരുന്നു. രണ്ട് രാജ്യക്കാരുടെ മാമ്മോഗ്രാമുകളില്‍ നിന്നുള്ള രോഗനിര്‍ണയത്തിലും ഡോക്ടര്‍മാരേക്കാള്‍ കുറവ് തെറ്റുകള്‍ മാത്രമേ 'അല്‍ഗോരിതം' വരുത്തിയുള്ളൂ.

നേരത്തെ പറഞ്ഞ ഫാള്‍സ് നെഗറ്റീവും, ഫാള്‍സ് പോസിറ്റീവും താരതമ്യേന കുറവായിരുന്നു ഗൂഗിളിന്റെ രോഗനിര്‍ണയത്തില്‍. ഈമാസം ആദ്യം 'നേച്ചറി'ല്‍ വന്ന പഠനത്തില്‍ ഈ നാഴികക്കല്ലിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്... നൂറു ശതമാനം കുറ്റമറ്റതല്ലെങ്കിലും. മനുഷ്യ ഡോക്ടര്‍മാരേക്കാള്‍ ഭേദമാണ് ഈ ജോലിക്ക് 'നിര്‍മിത ബുദ്ധി' എന്ന് ഇവര്‍ പറയുന്നു.

ഇവിടെ കഴിഞ്ഞില്ല ഇവരുടെ പരീക്ഷണങ്ങള്‍... ഇങ്ങനൊരു സംവിധാനം ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ മാമ്മോഗ്രാമുകളില്‍ മാത്രം പ്രാവര്‍ത്തികമായാല്‍ പോരല്ലോ... ലോകത്തിന്റെ ഏതു കോണില്‍ നിന്നുള്ള മാമ്മോഗ്രാമും നോക്കി മനസ്സിലാക്കാന്‍ ഇതിന് സാധിക്കുമോ...? അപ്പോള്‍ രോഗനിര്‍ണയം ശരിയായി നടത്താന്‍ കഴിയുമോ...?

ഇതിന്റെ തുടക്കമായി, ഈ സംഘം ബ്രിട്ടനില്‍ നിന്നുള്ള മാമ്മോഗ്രാമുകള്‍ മാത്രം ഉപയോഗിച്ച് ഇവരുടെ സംവിധാനത്തെ 'പഠിപ്പിച്ചു', എന്നിട്ട് അമേരിക്കയില്‍ നിന്നുള്ള സ്ത്രീകളുടെ മാമ്മോഗ്രാമുകള്‍ നോക്കി രോഗനിര്‍ണയം നടത്താന്‍ പറഞ്ഞു. അപ്പോഴും ഡോക്ടര്‍മാര്‍ വരുത്തുന്നതിനേക്കാളും കുറവ് തെറ്റുകള്‍ മാത്രമേ ഈ നിര്‍മിതബുദ്ധി സംവിധാനം വരുത്തിയുള്ളു.

ഡോക്ടര്‍മാരുമായി താരതമ്യം ചെയ്താല്‍ അല്‍ഗോരിതത്തിന് വളരെ കുറവ് വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളു... രോഗികളുടെ ഭൂതകാല ആരോഗ്യ വിവരങ്ങള്‍ അല്‍ഗോരിതത്തിന് അറിയില്ല... വെറും മാമ്മോഗ്രാം നോക്കിയാണ് രോഗനിര്‍ണയം.

മനുഷ്യഡോക്ടര്‍മാര്‍ തളരും... നിര്‍മിത ബുദ്ധിയുള്ള ഇത്തരം സംവിധാനങ്ങള്‍ക്ക് തളര്‍ച്ചയില്ല. ഇതിലും വലിയ തെളിവ് വേണോ...?

അപ്പോള്‍ ഇനി മാമ്മോഗ്രാം നോക്കി രോഗ നിര്‍ണയം നടത്താന്‍ ഡോക്ടര്‍മാര്‍ വേണ്ടേ...? മനുഷ്യരുടെ തന്നെ ആവശ്യമുണ്ടോ...? ഇത്തരം സ്ഥിരം ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉദിച്ചുകാണും.

ഈ സംവിധാനം നിര്‍മിച്ചതും അതിനെ പരിശീലിപ്പിച്ചതും മനുഷ്യരാണെന്നുള്ള കാര്യം മറക്കുക... ഇതൊരു പഠനം ആയിരുന്നു എന്ന് മനസ്സിലാക്കുക. ഈനിലയില്‍ റേഡിയോളജിസ്റ്റിനെ രോഗനിര്‍ണയത്തില്‍ സഹായിക്കുന്ന ഒരു സുഹൃത്തായി മാത്രമേ ഈ സംവിധാനത്തെ കണക്കാക്കാന്‍ പാടുള്ളു.

മനുഷ്യരുടെ കൂടെ പ്രവര്‍ത്തിക്കുന്ന, മനുഷ്യരുടെ തീരുമാനങ്ങള്‍ മെച്ചപ്പെടുത്തുന്ന, തളരാതെ പ്രവര്‍ത്തിക്കുന്ന ഒരു സഹായി, അല്ലെങ്കില്‍ സഹ പ്രവര്‍ത്തക(ന്‍)... അതാണ് സമീപഭാവിയില്‍ ഈ സംവിധാനം ആകാന്‍ പോകുന്നത്.

ഇങ്ങനെയുള്ള ഒരു സഹായി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുമെന്നതില്‍ ഒട്ടും സംശയമില്ല. ആരോഗ്യരംഗത്ത് നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള ഒരു കുതിച്ചുചാട്ടത്തിന്റെ വക്കത്താണ് നമ്മള്‍. ഗൂഗിളിന്റെ അടക്കമുള്ള ഇത്തരം സംരംഭങ്ങള്‍ നമ്മള്‍ക്കിനിയും കീഴ്‌പെടുത്താന്‍ കഴിയാത്ത പല രോഗങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ മനുഷ്യരാശിയെ സഹായിക്കും എന്നത് തീര്‍ച്ച.

വിശദമായ വായനയ്ക്ക് 'നേച്ചറി'ല്‍ വന്ന പഠനം വായിക്കുക: http://j.mp/gcancer