മൊബൈല്‍ ഫോണുകള്‍ പ്രചാരത്തില്‍ വന്നത് മുതല്‍ നമ്മുടെ നാട്ടിലെ പെട്രോള്‍ പമ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മുന്നറിയിപ്പുകളാണ് 'മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്', :ഫോണ്‍ സ്വിച്ച് ഓഫ് ആക്കണം' പോലുള്ളവ. അത് തീപ്പിടിത്തത്തിന് ഇടയാക്കും എന്നാണ് പറയപ്പെടുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ ? 

ഫോണില്‍ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷന്‍ മൂലം പെട്രോളില്‍ നിന്നുള്ള ആവിയ്ക്ക് തീപിടിക്കാനിടയുണ്ട് എന്നുള്ള വിശദീകരണം ഇതുമായി കേള്‍ക്കുന്നുണ്ട്. ഇത് കൂടാതെ ഫോണ്‍ ബാറ്ററിയില്‍ നിന്നുണ്ടായേക്കാവുന്ന തീപ്പൊരികളും തീപ്പിടിത്തത്തിലേക്ക് നയിച്ചേക്കാം എന്നും പറയുന്നു.

സത്യത്തില്‍ ഈ വിശദീകരണങ്ങളൊന്നും തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഫോണ്‍ ഉപയോഗം മൂലം പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം ഉണ്ടായെന്ന തരത്തില്‍ ചില വീഡിയോകള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. 

ഫോണും ഗൂഗിള്‍ പേയും ഉപയോഗിക്കാറുണ്ടല്ലോ?

ഇന്ന് എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുകളുണ്ട്. ആരും തന്നെ പെട്രോള്‍ പമ്പിലെത്തുമ്പോള്‍ അത് സ്വിച്ച് ഓഫ് ആക്കാറില്ല. എങ്കിലും മുന്നറിയിപ്പ് കണക്കിലെടുത്ത് ഫോണില്‍ സംസാരിക്കുന്നത് ആളുകള്‍ പരമാവധി ഒഴിവാക്കാറുണ്ട്. 

ഗൂഗിള്‍പേ, ഫോണ്‍ പേ വഴി ഏറ്റവും കൂടുതല്‍ പണമിടപാട് നടക്കുന്ന സ്ഥലങ്ങളാണ് പെട്രോള്‍ പമ്പുകള്‍. അപ്പോഴൊന്നും തന്നെ ഇത്തരം തീപ്പിടിത്തങ്ങള്‍ ഉണ്ടായതായി നമ്മള്‍ കേട്ടിട്ടുമില്ല. എന്തായിരിക്കാം കാരണം?

2016 ഡിസംബര്‍ 23 ന് യുപിഐ വഴിയുള്ള കാഷ്​ലെസ് പേമെന്റുകള്‍ക്ക് പ്രോത്സാഹനം നല്‍കി വരുന്ന കാലത്ത് പൈട്രോള്‍ അടിക്കുന്ന പമ്പുകളില്‍ നിന്ന് നിശ്ചിത അകലത്തിലും ഉയരത്തിലും ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ തന്നെ പറയുന്നതായി എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍  പെട്രോള്‍ അടിക്കുന്ന പമ്പില്‍ നിന്നും ഫോണ്‍ നിശ്ചിത അകലം പാലിച്ചിരിക്കണം എന്നും പമ്പിനോട് ഏറ്റവും കൂടുതല്‍ സാമീപ്യം പുലര്‍ത്തുന്ന ബൈക്കില്‍ പെട്രോള്‍ അടിക്കുന്നവര്‍ ഇത് ശ്രദ്ധിക്കണം എന്നുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.  

ചില വിശദീകരണങ്ങള്‍

കാലങ്ങളായി ഈ വിഷയം ചര്‍ച്ചയിലുണ്ട്. പെട്രോള്‍ പമ്പില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് പൊട്ടിത്തെറിക്കിടയാക്കും എന്നത് ഒരു മിഥ്യാധാരണയാകാം എന്ന കെന്റ് സര്‍വകലാശാലയിലെ ഡോ. ആഡം ബര്‍ഗെസിന്റെ വിശദീകരണം 2005 ല്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകത്ത് കഴിഞ്ഞ 11 വര്‍ഷക്കാലത്തിനിടെ മൊബൈല്‍ ഫോണ്‍ കാരണം ഉണ്ടായെന്ന് പറയപ്പെടുന്ന പെട്രോള്‍ പമ്പിലെ തീപ്പിടിത്തങ്ങള്‍ ഒന്നും തന്നെ ഫോണ്‍ കാരണം സംഭവിച്ചതല്ലെന്നാണ് കെന്റ് സര്‍വകലാശാലയിലെ ഡോ. ആഡം ബര്‍ഗെസ് പറയുന്നത്. 

1989 മുതലുള്ള ഇത്തരം അപകടങ്ങളെ കുറിച്ച് അന്വേഷിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ വിശദീകരണം. Risk, Rumour and Precaution: The Story of Cell Phones Causing Gas Station Explosions' എന്നൊരു പ്രബന്ധം തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 

1988 ലെ  സ്‌കോട്‌ലന്‍ഡിലുണ്ടായ പൈപ്പര്‍ ആല്‍ഫ ദുരന്തത്തിന് ശേഷമാണ് പെട്രോള്‍ പമ്പില്‍ ഫോണ്‍ പൊട്ടിത്തെറിക്കുമെന്ന കഥകളുടെ തുടക്കമെന്ന് ബര്‍ഗെസ് പറയുന്നു. അന്ന് 167 പേര്‍ മരിച്ചു. അതിനുശേഷം വന്ന സുരക്ഷാ നിര്‍ദേശങ്ങളിലൊന്നാണ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുത് എന്നത്. 

പെട്രോള്‍ സ്‌റ്റേഷനുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന് നിര്‍മാണ കമ്പനികളും മുന്നറിയിപ്പ് നല്‍കിയതോടെ ഈ ആശയത്തിന് വിശ്വാസ്യത വര്‍ധിപ്പിച്ചുവെന്ന് ബര്‍ഗെസ് പറഞ്ഞു. 

Petrol Pumpകത്തിച്ച സിഗരറ്റിന് പോലും ഒരു ഫില്ലിംഗ് സ്റ്റേഷനില്‍ പെട്രോള്‍ കത്തിക്കാന്‍ വേണ്ടത്ര ചൂടുണ്ടാവില്ലെന്നും, അപ്പോള്‍ മൊബൈല്‍ ഫോണിന്റെ കുറഞ്ഞ വോള്‍ട്ടേജിന് അത് സാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

1996 ലാണ് ആദ്യമായി പെട്രോള്‍ സ്‌റ്റേഷനുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചത് എന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് പെട്രോളിയം ഫയര്‍ സേഫ്റ്റി ഓഫീസറായ റിച്ചാര്‍ഡ് കോട്ട്‌സ് പറയുന്നതും മൊബൈല്‍ ഫോണ്‍ പെട്രോള്‍ പമ്പുകള്‍ക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ല എന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ചില ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ ഇതിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ അപകടകരമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒരു ഗ്ലാസില്‍ ഒഴിച്ച പെട്രോളിനടുത്ത് മൊബൈല്‍ ഫോണ്‍ ഓണ്‍ ആക്കിവെച്ചും ഫോണ്‍ ചെയ്തുമാണ് ഇവര്‍ പരീക്ഷണം നടത്തിയത്. പെട്രോളിന്റെ അതി ഭീകരമായ തീപ്പിടിത്ത സാധ്യത വകവെക്കാതെയായിരുന്നു ഈ പരീക്ഷണങ്ങള്‍ എങ്കിലും അവിടെ തീപ്പിടിത്തം ഉണ്ടായില്ല. (എന്നാല്‍ ഈ വീഡിയോകളുടെ വിശ്വാസ്യത മാതൃഭൂമി ഉറപ്പുപറയുന്നില്ല)

മൊബൈൽ ഫോണുകൾ മൂലം പെട്രോൾ പമ്പുകളിൽ തീപ്പിടിത്തമുണ്ടായ വീഡ‍ിയോകൾ യൂട്യൂബിലുണ്ട്. അതിൽ പക്ഷെ അധികവും ബൈക്കുകളാണ്. ഒരിക്കൽ അത്തരം ഒരു വീഡിയോ കാണിച്ച് ഹൈദരാബാദ് പോലീസ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന നിര്ദേശം ഇറക്കിയിരുന്നു. എന്നാൽ ഇത് മൊബൈൽ ഫോൺ മൂലം ഉണ്ടാവുന്നതല്ലെന്നും പെട്രോൾ ചൂടുള്ള എഞ്ചിൻ ഭാഗത്തേക്ക് ഒഴുകിയിറങ്ങുമ്പോൾ സംഭവിക്കുന്നതാണെന്നുമുള്ള വിശദീകരണം അന്ന് പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. 

ഇങ്ങനെയൊക്കെയാണെങ്കിലും, വന്‍ തീപ്പിടിത്ത സാധ്യതയുള്ള പെട്രോള്‍ പമ്പ് പോലുള്ള ഒരിടത്ത് മൊബൈല്‍ ഫോണുകളിലും അപകടകരമായ എന്തെങ്കിലും ഉണ്ടാവാം എന്ന പ്രായോഗിക ചിന്തയുടെ ഫലമായാണ് ഈ നിയന്ത്രണം ഇപ്പോഴും തുടര്‍ന്ന് പോരുന്നത്. ഫോണ്‍ ഉപയോഗിക്കുമ്പോഴും നിശ്ചിത അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതാവും ഈ സാഹചര്യത്തില്‍ നല്ലത് എന്ന് തോന്നുന്നു.

Sources: 

http://news.bbc.co.uk/1/hi/england/kent/4366337.stm

https://www.theguardian.com/uk/2005/mar/20/mobilephones.ameliahill

https://www.mirror.co.uk/news/world-news/you-shouldnt-use-mobile-phone-6285026

https://www.protectyourgadget.com/blog/myths-debunked-using-your-mobile-phone-at-a-petrol-station/

https://economictimes.indiatimes.com/news/economy/policy/government-clears-safety-doubts-on-mobile-phone-use-at-fuel-pumps/articleshow/56129255.cms?from=mdr