ത്യാവശ്യം സൗന്ദര്യമൊക്കെയുള്ള ഒരാളാണ് നിങ്ങള്‍ എങ്കില്‍ 'സിനിമയില്‍ അഭിനയിച്ചൂടെ...?', 'മോഡലിങ് മേഖലയില്‍ ശ്രമിച്ചുകൂടേ...?' എന്നൊക്കെ ഉപദേശം തരാന്‍ നമുക്കുചുറ്റും നിരവധിപേര്‍ കാണും. ഇങ്ങനെയുള്ള 'പൊക്കല്‍' കൊണ്ട് രക്ഷപ്പെട്ടവരും നമുക്കിടയില്‍ കാണും. പുത്തന്‍ സാങ്കേതികവിദ്യകള്‍ മോഡലുകളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ സാധ്യതയുണ്ടോ...? ഉണ്ടെന്നുവേണം പറയാന്‍.

'എന്‍വിഡിയ' എന്ന ചിപ്പ് കമ്പനിയുടെ ഓപ്പണ്‍ സോഴ്‌സ് കോഡ് ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട 'This Perosn Does Not Exist' എന്ന സേവനം ഓര്‍മയുണ്ടോ...? ഈ ലോകത്ത് ഇന്നേവരെ ജീവിച്ചിട്ടില്ലാത്ത, ഇനി എങ്ങും ജീവിക്കാന്‍ ഇടയില്ലാത്ത 'ഇല്ലാമനുഷ്യരു'ടെ ചിത്രങ്ങള്‍ നിറഞ്ഞ സൈറ്റ്...? കണ്ടാല്‍ നല്ല ഒറിജിനല്‍ മുഖങ്ങള്‍, പക്ഷേ, അങ്ങനെ ഒരാള്‍ ഈ ഭൂഖത്ത് ഇല്ലേയില്ല.

https://thisperosndoenostexist.com/ എന്ന ലിങ്കില്‍ ചെന്ന് പേജ് റിഫ്രഷ് ചെയ്താല്‍ പുതിയൊരു മുഖം തെളിഞ്ഞുവരും... അങ്ങനെ എത്രയോ ഇല്ലാ മുഖങ്ങള്‍. അടുത്ത മുഖം എങ്ങനെ ഇരിക്കും എന്നതില്‍ ഒരു ആകസ്മികതയുണ്ട്, കൗതുകമുണ്ട്. എത്ര റിഫ്രഷ് അടിച്ചാലും കാണിക്കാന്‍ മുഖങ്ങള്‍ ഉള്ളതുകൊണ്ട് അത്ഭുതപ്പെട്ടിരിക്കാന്‍ ഈ സൈറ്റ് ഒന്നാന്തരം.

ഇതിന്റെ അടുത്ത തലമാണ് 'ഐക്കണ്‍സ് 8' എന്ന കമ്പനിയിലെ Konstantin Zhabinskiy -യുടെ നേതൃത്വത്തില്‍ നിര്‍മിച്ച https://Generated.Photos എന്ന, ഒരുലക്ഷം മുഖങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന സേവനം. ഒരുലക്ഷത്തില്‍ ഒരെണ്ണം പോലും ഒറിജിനല്‍ അല്ല, എല്ലാം 'കൃത്രിമബുദ്ധി'യാല്‍ നിര്‍മിക്കപ്പെട്ട മുഖങ്ങള്‍... ഏതുതരം മുഖം വേണമെങ്കിലും ലഭ്യമാണ്.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുക, പരസ്യത്തിലോ, മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുക. നിരവധി മനുഷ്യരുടെ മുഖങ്ങള്‍ 'കണ്ട്' മനസ്സിലാക്കി, അതെല്ലാം കലക്കിക്കൂട്ടി നിര്‍മിച്ചവയാണ് ഈ ലക്ഷത്തില്‍ ഓരോന്നും. കറുത്തവരും വെളുത്തവരും ചിരിക്കുന്നവരും കരയുന്നവരും ആണും പെണ്ണും മുതിര്‍ന്നവരും കുട്ടികളും ഒക്കെ ഈ സൈറ്റില്‍ ലഭ്യമാണ്.

പരസ്യക്കമ്പനികള്‍ സ്റ്റോക്ക് ഫോട്ടോഗ്രാഫി സൈറ്റുകളില്‍നിന്ന് ആയിരക്കണക്കിന് രൂപ ചെലവാക്കി ചിത്രങ്ങള്‍ വാങ്ങുന്നതിനു പകരം, ഇവിടെനിന്ന് സൗജന്യമായി എടുത്ത് ഉപയോഗിക്കുക എന്നാണ് ഇവരുടെ ആഹ്വാനം. എന്‍വിഡിയയുടെ StyleGAN തന്നെയാണ് Generated Photos -ന്റെയും തലച്ചോര്‍.

'ഡീപ്പ് ലേണിങ്', 'ഫേക്ക്' എന്നീ വാക്കുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ 'ഡീപ്പ് ഫേക്ക്' എന്ന് പൊതുവെ അറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ, നല്ലതിനേക്കാളും ഇതിന്റെ ദൂഷ്യവശങ്ങള്‍ മൂലമാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. പറയാത്ത കാര്യങ്ങള്‍ പറയുന്നതായുള്ള വീഡിയോകള്‍ നിര്‍മിക്കാനും ഒരാള്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതായുള്ള വീഡിയോകള്‍ നിര്‍മിക്കാനും ഈ സാങ്കേതികവിദ്യ ധാരാളം.

'ഫേക്ക് ന്യൂസ്' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കള്ളവാര്‍ത്തകള്‍ നിര്‍മിക്കുന്നവര്‍ക്ക് ഈ സാങ്കേതികവിദ്യ വലിയ ഒരു ആയുധമായിരിക്കും എന്ന് പരക്കെ ആരോപണമുണ്ട്. (ഇല്ലാമനുഷ്യരുടെ) സ്റ്റില്‍ ചിത്രങ്ങളുടെ കാര്യത്തില്‍ ആണെങ്കില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നടന്നിരിക്കുന്നത്. മനുഷ്യന്റെ ചിത്രമാണെന്ന് തോന്നാത്ത തരത്തിലുള്ള ഇല്ലാമനുഷ്യരെ നിര്‍മിക്കുന്നതില്‍നിന്ന് ഈ സാങ്കേതികവിദ്യ മുന്നോട്ടു പോയി, ഇന്ന് ഇല്ലാമനുഷ്യരുടെ നിറവും ഭാവവും ഒക്കെ തരംതിരിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിന് ലഭ്യമാക്കിയിരിക്കുന്നു. സാങ്കേതിക പരിജ്ഞാനം ഒട്ടുംതന്നെ ഇല്ലാത്തവര്‍ക്കും പ്രാപ്യമാകുന്ന രീതിയിലായി കാര്യങ്ങള്‍.

ഇങ്ങനെ ഒരു സേവനം നിര്‍മിക്കാന്‍ 'യന്ത്ര'ത്തെ പഠിപ്പിക്കല്‍ എന്ന പ്രക്രിയ എളുപ്പമൊന്നും ആയിരുന്നില്ല എന്ന് ഇവര്‍ പറയുന്നു. 69 മോഡലുകളുടെ 29,000 ചിത്രങ്ങള്‍ ഇവര്‍തന്നെ എടുത്തതാണ് ഇതിനെ പഠിപ്പിച്ചത്. മൂന്നുവര്‍ഷം നീണ്ട പദ്ധതി... ഇത് തുടക്കമാണെന്നും അല്‍പ്പ സ്വല്‍പ്പം തെറ്റുകുറ്റങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ടെന്നും ഇവര്‍തന്നെ മുന്‍കൂര്‍ ജാമ്യം എടുക്കുന്നു. മുഖത്തൊരു മുറിവിന്റെ പാടോ, കൈയിലെ വിരലുകള്‍ എല്ലാംകൂടി പിണഞ്ഞുകിടക്കുന്നതോ ഒക്കെ കണ്ടാല്‍ തത്കാലം ക്ഷമിക്കുക... ഭാവിയില്‍ എല്ലാം ശരിയാകും... ഇതാണ് കോണ്‍സ്റ്റാന്റിന്റെ വാഗ്ദാനം.

മാര്‍ക്കറ്റിങ് ടീമുകള്‍ ഇനി സ്റ്റോക്ക് ഫോട്ടോകള്‍ വാങ്ങുന്നതില്‍ അര്‍ത്ഥമുണ്ടോ...? തങ്ങളുടെ ആവശ്യത്തിനനുസരിച്ച മുഖങ്ങള്‍ ഇത്തരം സേവനങ്ങള്‍, അതും സൗജന്യമായി ലഭ്യമാക്കിയാല്‍ ഇനി എന്തിന് പണംമുടക്കണം...? ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ നിരവധി ടൂളുകള്‍ ഉണ്ട്.

ഉപയോഗിക്കാന്‍ അതിലൊക്കെ പ്രാവീണ്യമുള്ള ഡിസൈനര്‍മാരും. പക്ഷേ, ഒരു മോഡലിന്റെ മുഖം നിര്‍മിക്കാന്‍ ഇവരെക്കൊണ്ട് സാധിക്കില്ല. ഇത്തരം കൃത്രിമബുദ്ധിയുള്ള സംവിധാനങ്ങള്‍ നിര്‍മിക്കുന്ന മുഖങ്ങള്‍ ആകുമോ ഇനി നാളെ പരസ്യ ബോര്‍ഡുകളില്‍ കാണുക...? ഈ സാങ്കേതികവിദ്യ വീഡിയോ പരസ്യങ്ങളില്‍ക്കൂടി വന്നാല്‍ എന്താണ് സംഭവിക്കുക എന്നൊന്ന് ആലോചിച്ചുനോക്കൂ...?

Content Highlights: advertising companies planning to use deep fake technologies