പുരാതന കാലം മുതൽ കേരളത്തിൽ സർപ്പക്കാവുകളും നാഗത്തറയുമെല്ലാമൊരുക്കി ദൈവത്തിന്റെ സ്ഥാനം കൊടുത്താണ് പാമ്പുകളെ പരിപാലിച്ച് പോന്നിരുന്നത്. കാവുതീണ്ടരുതെന്ന് അച്ഛനപ്പൂപ്പന്മാർ പുതുതലമുറയെ പറഞ്ഞ് പഠിപ്പിച്ചെങ്കിലും കാലാന്തരത്തിൽ കാവും അവിടുത്തെ പാമ്പുകളുമെല്ലാം വിഷജീവികളായും വാടകക്കൊലയാളികളായും വരെ മാറി. നമ്മുടെ ആവാസവ്യവസ്ഥയെ സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്ന പാമ്പുകളെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് സ്നേക്ക് ഹബ്ബെന്ന ആപ്പിലൂടെ ഒരുകൂട്ടം മലയാളികൾ.

എന്താണ് സ്നേക്ക് ഹബ്ബ്?

1972-ൽ പാസാക്കിയ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ ഗണത്തിൽ ഉൾപ്പെടുന്നവരാണ് പാമ്പുകൾ. എന്നാൽ സാധാരണ വന്യജീവികൾക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും ഇക്കൂട്ടർക്ക് കിട്ടുന്നില്ല. ഇവയെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ഭയമകറ്റി, അവയുടെ പ്രത്യേകതകൾ എല്ലാവരിലേക്കും എത്തിക്കുക ലക്ഷ്യമിട്ട് വികസിപ്പിച്ചെടുന്ന ആപ്ലിക്കേഷനാണ് സ്നേയിക്ക് ഹബ്ബ്. കേരളത്തിൽ കാണപ്പെടുന്ന 114-തരം പാമ്പുവർഗങ്ങളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകും. ജനങ്ങൾക്കിടയിൽ പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായ അവബോധം വളർത്തുകയാണ് ഈ ആപ്ലിക്കേഷന്റെ ലക്ഷ്യം

പ്രത്യേകതയെന്ത്?

ഗവേഷണ പ്രബന്ധതാളുകളിൽ ഒതുങ്ങുമായിരുന്ന പാമ്പറിവുകളെ തീർത്തും സാധാരണക്കാരായവർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കുമെല്ലാം ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഈ ആപ്ലിക്കേഷനിൽ. പാമ്പുകളുടെ പേര്, ശാരീരികമായ പ്രത്യേകതകൾ, ആവാസവ്യവസ്ഥയിലെ പ്രാധാന്യം, വ്യത്യസ്തയിനം പാമ്പുകളെ തിരിച്ചറിയാനുള്ള സൂചികകൾ തുടങ്ങി നിരവധി വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മികച്ച ക്വാളിറ്റിയിലുള്ള ചിത്രങ്ങളാണ് ആപ്പിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പുറമേ പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷാ മാർഗങ്ങളും ചികിൽസ ലഭ്യമാകുന്ന ആശുപത്രികളുടെ വിവരങ്ങളും പാമ്പുപിടുത്തക്കാരുടെ വിശദാംശങ്ങളും ആപ്പിലുണ്ട്. പാമ്പുപിടുത്തക്കാർക്കായുള്ള കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പരിശീലനം പൂർത്തിയായാലുടൻ എല്ലാ ജില്ലകളിലേയും വിദഗ്ധരുടെ പേരുകൾ ആപ്പിൽ ലഭ്യമാകും.

ആപ്പിന് പിന്നിൽ

ഇന്ദ്രിയം ബയോലോജിക്സെന്ന ബയോമെഡിക്കൽ സ്റ്റാർട്ടപ്പാണ് സ്നേക്ക് ഹബ്ബെന്ന ആപ്പിന് പിന്നിൽ. അർജുൻ സി.പി, ഡോ. അനശ്വര കൃഷ്ണൻ, വിവേക് ശർമ, ഡോ. ദിലീപ് കുമാർ എന്നിവർ ചേർന്നാണ് ആപ്പിലെ വിവരങ്ങളെല്ലാം തയ്യാറാക്കിയിട്ടുള്ളത്. അമോൽ ലോപ്പസാണ് ആപ്പ് വികസിപ്പിച്ചത്.

എന്തുകൊണ്ട് ആപ്പ്?

സാങ്കേതിക വിദ്യ ലോകത്ത് വൻ വിപ്ലവങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു പുസ്തകത്തേക്കാൾ വേഗത്തിൽ ആൾക്കാരിലേക്ക് എത്തിച്ചേരാൻ മൊബൈൽ ആപ്ലിക്കേഷനുകൾക്കാകും. കൂടാതെ പുതിയതായി ലഭ്യമാകുന്ന എല്ലാ വിവരങ്ങളും അപ്ഡേഷനിലൂടെ ഉപയോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കും. അതുതന്നെയാണ് ഇത്തരമൊരു ആപ്ലിക്കേഷനിലേക്കെത്തിച്ചതെന്ന് അതിന്റെ നിർമാതാക്കൾ പറയുന്നു.

A mobile application about snakes in kerala snake hub mobile app
ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായ സുരേഷ് കുമാര്‍ ഐ.എഫ്.എസ് ആപ്പ് ലോഞ്ച് ചെയ്യുന്നു. ഡോ.ദിലീപ്, വിവേക് ശര്‍മ എന്നിവര്‍ സമീപം

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നവർക്ക് പരസ്യങ്ങളില്ലാതെ തന്നെ ആപ്പിലെ വിവരങ്ങളുപയോഗിക്കാം. https://play.google.com/store/apps/details?id=in.snakehub.snakehub എന്ന ലിങ്ക് വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം.

Content Highlights: A mobile application about snakes in kerala, snake hub