ന്‍ഡ്രോയിഡ് 'ഗോ' ഫോണുകള്‍ക്ക് വേണ്ടി യാഹൂ മെയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനും മൊബൈല്‍ വെബ്‌സൈറ്റും വികസിപ്പിക്കുന്നു. യാഹുവിന്റെ ഉടമസ്ഥരായ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സിന്റെ സഹ സ്ഥാപനമായ ഓത്ത് ഐഎന്‍സി (Oath Inc) ആണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ഓത്തിന് കീഴിലാണ് വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ഉപവിഭാഗങ്ങളായ എഓഎലും യാഹുവും ഉള്ളത്. 

നിലവിലെ ആന്‍ഡ്രായിഡ് ആപ്ലിക്കേഷന്റെ അതേ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് യാഹൂമെയില്‍ ഗോ ആപ്പ് മുന്നോട്ടുവെക്കുന്നത്. ഫോണ്‍ റാമിന്റെ 50 എംബിയില്‍ താഴെ മാത്രമേ ഈ ആപ്ലിക്കേഷന് ആവശ്യമായിവരുന്നുള്ളൂ. 10 എംബിയില്‍ താഴെയാണ്  യാഹൂ ഗോ ആപ്പിന്റെ വിലപ്പം. 

യാഹുമെയിലിന്റെ യഥാര്‍ത്ഥ ആപ്ലിക്കേഷന്‍ നിലവില്‍ അധികം ഭാരമില്ലാത്തതാണ്. അതുകൊണ്ടു തന്നെ ആന്‍ഡ്രോയിഡ് ഗോയ്ക്ക് വേണ്ടി ഫീച്ചറുകള്‍ ഒഴിവാക്കി ക്രമീകരിക്കേണ്ട ആവശ്യം വരുന്നില്ല. യഥാര്‍ത്ഥ യാഹുമെയില്‍ ആപ്പിന്റെ അതേ ഗുണമേന്മയും പ്രവര്‍ത്തനങ്ങളും അതിന്റെ ആന്‍ഡ്രോയിഡ് ഗോ പതിപ്പിലും ലഭ്യമാവും. വെബ്‌സൈറ്റിലെ സേവനങ്ങളെല്ലാം തന്നെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും കമ്പനി അറിയിക്കുന്നു.  

മൊബൈല്‍ ബ്രൗസറുകളിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിധമാണ് യാഹൂമെയിലിന്റെ മൊബൈല്‍ ബ്രൗസര്‍ പതിപ്പും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഡെസ്‌ക് ടോപ് പതിപ്പില്‍ ലഭ്യമായ അതേ സൗകര്യങ്ങള്‍ തന്നെ മൊബൈല്‍ ബ്രൗസറുകളിലും ലഭ്യമാവും.

യാഹുമെയിലിന്റെ വളര്‍ച്ച ഏറെ ക്കുറെ നിലച്ച സാഹചര്യത്തിലാണ് പുതിയ പതിപ്പുകളുമായി യാഹു രംഗത്ത് വരുന്നത്. സാമ്പത്തികമായുണ്ടായ തകര്‍ച്ചകളുടെ ഇടയിലാണ് വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സ് യാഹുവിനെ ഏറ്റെടുക്കുന്നത്. നിലവില്‍ 22 കോടിയിലധികം പ്രതിമാസ ഉപയോക്താക്കളുണ്ടെന്നും ദിവസേന 2600 കോടി മെയിലുകള്‍ അയക്കപ്പെടുന്നുണ്ടെന്നും കമ്പനി പറയുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന ഉപയോക്താക്കളുടെ എണ്ണത്തില്‍ നിന്നും 20 ലക്ഷം പേരുടെ വര്‍ധനവ് മാത്രമാണ് യാഹുമെയിലിന് ഉണ്ടായിട്ടുള്ളത്. ഗൂഗിളിന്റെ ജിമെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രയോ പിന്നിലാണ്. 140 കോടി പുതിയ ഉപയോക്താക്കളെ കിട്ടിയിതായാണ് കഴിഞ്ഞ ഏപ്രിലില്‍ ജിമെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മൊബൈല്‍ വെബ്, ആന്‍ഡ്രോയിഡ് ഗോ പതിപ്പുകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനാണ് യാഹൂ ലക്ഷ്യമിടുന്നത്. 76 വിപണികളിലായി 46 ഭാഷകളില്‍ യാഹൂ ലഭ്യമാണ്.