ജോലിയും മാറിയ സാഹചര്യങ്ങളും നമ്മുടെ ജീവിതക്രമത്തെ മാറ്റി മറിക്കും. പതിവ് കാര്യങ്ങളില്‍ നിന്നും പെട്ടെന്ന് പിന്മാറേണ്ടി വരുന്നത് ആരോഗ്യത്തെ വരെ ബാധിച്ചെന്നിരിക്കും. സ്ഥിരമായി നടന്നു പോയ്‌ക്കൊണ്ടിരുന്നയാള്‍ വാഹനം വാങ്ങിയാല്‍ ചെറിയ കുടവയര്‍ രൂപപ്പെടുന്നതുപോലെ. ദിനചര്യകള്‍ കൃത്യമായി ശ്രദ്ധിക്കുന്ന ഒരാളാണ് വിതിങ്‌സ് ഹെല്‍ത്ത്‌മേറ്റ് എന്ന ആപ്പ്. സ്മാര്‍ട്‌ഫോണ്‍ സെന്‍സറുകളുപയോഗിച്ചും അല്ലാതെ ശരീരത്തില്‍ ധരിക്കുന്ന ഗാഡ്ജറ്റുകളുമായി ചേര്‍ന്നും വ്യായാമം, ഉറക്കം, ഹൃദയമിഡിപ്പ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നിരീക്ഷിച്ച് നമ്മളെ ശരിയായ വഴിക്ക് നടത്തുന്ന ഒരാളായി ഈ ആപ്പിനെ കാണാം.

ഒന്നല്ല ഒരു പറ്റം ആപ്പുകളുടെ ഗുണം ചെയ്യും ഹെല്‍ത്ത് മേറ്റ്. അതിലൊന്ന് ആക്ടിവിറ്റി ട്രാക്കിങാണ്. അതായത് ഒരുദിവസം നമ്മള്‍ എത്ര നടന്നു എന്ന് അളന്ന് ദിവസവും രേഖപ്പെടുത്തിത്തരുന്ന ഭാഗമാണ്. ഒരു ദിവസം ചുരുങ്ങിയത് പതിനായിരം സ്റ്റെപ്പ് നടക്കണമെന്നാണ് ആപ് ഉപദേശിക്കുന്നത്. സ്റ്റാന്റേര്‍ഡ് നമുക്ക് മാറ്റി സെറ്റ് ചെയ്യാം. ഓരോ ദിവസവും നമ്മള്‍ പൂര്‍ത്തിയാക്കുന്ന സ്റ്റെപ്പുകള്‍ അളന്ന് അതിലേക്കെത്തിക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ശതമാനക്കണക്കില്‍ അത് ടൈംലൈനില്‍ കാണിച്ചിരിക്കും. ഐഫോണാണെങ്കില്‍ ഐഒഎസ് ഹെല്‍ത്ത് , മറ്റുള്ളവയില്‍ മൈഫിറ്റ്‌നസ് പാലോ റണ്‍ കീപ്പറോ പോലുള്ള ആപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.  ഇനി കൂട്ടുകാരുമായി ചേര്‍ന്ന് ഒരു നിശ്ചിത സ്റ്റെപ്പുകള്‍ നടക്കാനുള്ള ചലഞ്ചുമാകാം. അതിന് ഇതേ ആപ്പുപയോഗിക്കുന്ന ആളുകളുമായി വാട്‌സാപ്പിലോ മെസേജ് വഴിയോ ബന്ധപ്പെടാം.

കൃത്യമായ ഇടവേളകളില്‍ തൂക്കം അളന്ന് രേഖപ്പെടുത്തണം. ഇതും ഡാഷ്‌ബോര്‍ഡില്‍ കാണിക്കും. തൂക്കം കൂടുതലാണെങ്കില്‍ കുറക്കാനും തിരിച്ചും എന്തു ചെയ്യണമെന്ന് ആപ് പറഞ്ഞു തരും. ഇവിടേയും ഒരു ലക്ഷ്യം നിശ്ചയിച്ച് -ടാസ്‌ക്- നമുക്ക് പ്രവര്‍ത്തിക്കാനുള്ള സംവിധാനം ആപ് ഒരുക്കുന്നുണ്ട്.  

ഓട്ടം ചാട്ടം സൈക്ലിങ് തുടങ്ങി ഏത് പുതിയ ആക്ടിവിറ്റിയില്‍ നമ്മള്‍ ഏര്‍പ്പെടുന്നോ അവ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്താം. സമയവും സ്ഥലവും രേഖപ്പെടുത്തി വിശദവിവരങ്ങള്‍ ഡാഷ്‌ബോര്‍ഡിലുണ്ടാകും. 

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്‌പോള്‍ തന്നെ സ്മാര്ട് വാച്ച്, ട്രാക്കറുകള്‍, ബ്ലഡ് പ്രഷര്‍ മോണിട്ടര്‍, സ്ലീപ്പ് ട്രാക്കര്‍ തുടങ്ങിയവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ പെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കും. ഇവയൊന്നുമില്ലാതെയും ആപ് ഉപയോഗിക്കാം. ഇവ പരിശോധിച്ച ശേഷം നേരിട്ട് നമ്മള്‍ രേഖപ്പെടുത്തിയാല്‍ മതി. ഹൃദയമിഡിപ്പ് അളക്കാനുള്ള സംവിധാനം ആപ്പില്‍ തന്നെയുണ്ട്. ക്യാമറക്കു മുന്നില്‍ കൈവിരല്‍ വച്ച് മിഡിപ്പളക്കാം. എന്നാല്‍ ബ്ലഡ് പ്രഷര്‍, ഉറക്കം തുടങ്ങിയ കാര്യങ്ങള്‍ അളക്കാന്‍ മറ്റ് ഗാഡ്ജറ്റുകളുടെ സഹായം തേടണം. 

ആക്ടിവിറ്റികളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നവര്‍ക്ക് ആപ് ഗ്രേഡുകള്‍ തരുന്നുണ്ട്. ഇത് അവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രചോദനമാകും. പ്രെഗ്‌നന്‍സി ട്രാക്കറടക്കം നിരവധി മേഖലകള്‍ ഇനിയുമുണ്ട് ഹെല്‍ത്ത് മേറ്റ് ആപ്പില്‍. ഹെല്‍ത്ത മോണിട്ടറുകളും ഗാഡ്ജറ്റുകളും നിര്‍മ്മിക്കുന്ന വിതിങ്‌സ് എന്ന കന്പനിയാണ് ഹെല്‍ത്ത് മേറ്റ് ആപ്പിന്റേയും നിര്‍മാതാക്കള്‍.  കൂടുതലറിയാന്‍ www.withings.com/uk/en/health-mate സന്ദര്‍ശിക്കുക.

മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌