പുതിയ ചാറ്റുകളും സ്റ്റാര്‍ഡ് മെസേജുകളും (Starred Messages) വാട്‌സാപ്പ് ക്യാമറയും നേരിട്ട് തുറക്കാന്‍ സഹായിക്കുന്ന പുതിയ ലോഞ്ചര്‍ ആപ്പ് ഷോട്ട്കട്ടുകള്‍ വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചു. ഇത് എപ്പോള്‍ സാധാരണ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് വ്യക്തമല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ച ഷോട്ട് കട്ടുകളെ കുറിച്ച് ചിത്രങ്ങള്‍ സഹിതം വാര്‍ത്തയാക്കിയത്. 

ഓരോ ചാറ്റുകള്‍ക്കും പ്രത്യേകമായി ഹോംപേജ് ഷോട്ട് കട്ടുകളുണ്ടാക്കാനുള്ള സംവിധാനം നിലവില്‍ വാട്‌സ്ആപ്പില്‍ ലഭ്യമാണ്. ഇതിനു പുറമേയാണ് വാട്‌സാപ്പിലെ ക്യാമറയടക്കം മറ്റ് രണ്ട് സംവിധാനങ്ങള്‍ക്ക് കൂടി ഷോട്ട്കട്ട് ഒരുക്കാനുള്ള ശ്രമം വാട്‌സ്ആപ്പില്‍ നിന്നുണ്ടായിരിക്കുന്നത്.

അതേസമയം ഷോട്ട്കട്ടുകള്‍ നല്‍കാനുള്ള ആശയം ഉപയോക്താക്കള്‍ക്ക് ഗുണകരമാണെങ്കിലും പുതിയ ചാറ്റ് തുറക്കാനും സ്റ്റാര്‍ഡ് മെസേജുകള്‍ കാണാനും ഷോട്ട്കട്ട് നല്‍കിയത് ഉചിതമായില്ലെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. അവയ്ക്ക് പകരം വാട്‌സാപ്പ് സ്റ്റാറ്റസിനാണ് ഷോട്ട്കട്ട് നല്‍കേണ്ടിയിരുന്നതെന്നും വിമര്‍ശകര്‍ വിലയിരുത്തുന്നു. പിന്‍ ചെയ്തുവെച്ച മൂന്ന് ചാറ്റുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്ന സ്റ്റാര്‍ഡ് മെസ്സേജസ് ഷോട്ട്കട്ട് ഉപകാരപ്രദമാണെങ്കിലും അതും ഒരു അത്യാവശ്യ ഘടകമായിരുന്നില്ല എന്നും വിലയിരുത്തപ്പെടുന്നു.

ആന്‍ഡ്രോയിഡ് ബീറ്റ 2.17.277 പതിപ്പിലാണ് വാട്‌സ്ആപ്പ് പുതിയ ഷോട്ട്കട്ട് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭ്യമാവും.