സറാഹാ ആപ്പ് പെട്ടെന്നാണ് ഇന്ത്യാക്കാര്‍ക്കിടയില്‍ പ്രീതി നേടിയത്. സോഷ്യല്‍ മീഡിയയില്‍ സറാഹാ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സന്ദേശങ്ങളയക്കാനുള്ള ക്ഷണവും കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റുകളില്‍ കണ്ടിട്ടുണ്ടാവും. ഒറ്റരാത്രികൊണ്ട് ആളുകളെ കയ്യിലെടുത്ത സറാഹാ ആപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് അറിയാമോ.

സൗദി സ്വദേശിയായ സൈന്‍ അലാബ്ദീന്‍ തൗഫീഖാണ് സറാഹയുടെ സ്രഷ്ടാവ്. ആളുകള്‍ക്കിടയില്‍ സത്യസന്ധവും തുറന്നതുമായ ആശയവിനിമയം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സറാഹാ എന്ന ആപ്പിന് തൗഫീഖ് രൂപം നല്‍കിയത്. 

സറാഹാ ഇന്ത്യയില്‍ എത്തിയതില്‍ തൗഫീഖ് ഏറെ സന്തോഷവാനാണ്. കാരണം ഇന്ത്യയുമായി തൗഫീഖിനൊരു ബന്ധമുണ്ട്. ഇന്ത്യന്‍ ഐടി സ്ഥാപനമായ വിപ്രോയിലെ ജീവനക്കാരനായിരുന്നു തൗഫീഖ്. സര്‍വ്വകലാശാലയില്‍ ഇന്ത്യാക്കാരാണ് തനിക്ക് അധ്യാപകരായുണ്ടായിരുന്നതെന്നും പ്രോഗ്രാമിങ്ങില്‍ ഇന്ത്യക്കാരില്‍ നിന്നും ഏറെ പഠിച്ചിട്ടുണ്ടെന്നും തൗഫീഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സറാഹ ആപ്പ് പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളിലാണ് തൗഫീഖും സംഘവും. ലോക വ്യാപകമായി സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സറാഹയുടെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ തങ്ങളെന്നും അതിനു ശേഷം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും തൗഫീഖ് പറഞ്ഞു.