ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ വാലറ്റ് കമ്പനിയായ പേടിഎമ്മില്‍ താമസിയാതെ മെസ്സേജിങ് സംവിധാനം വരുമെന്ന് റിപ്പോര്‍ട്ട്. വാലറ്റ് ആപ്പില്‍ ഉപയോക്താക്കള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും വിധമായിരിക്കും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. 

22.5 കോടിയോളം വരുന്ന തങ്ങളുടെ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പേടിഎമ്മിന്റെ പുതിയ ഫീച്ചര്‍ അടുത്ത ആഴ്ചകളില്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

മെസേജിങ് ആപ്പുകള്‍ പണമിടപാട് സംവിധാനം അവതരിപ്പിച്ചു തുടങ്ങിയതാണ് പേടിഎമ്മിന്റെ പുതിയ നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞമാസം ഹൈക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനില്‍ യുപിഐ സേവനം ആരംഭിച്ചിരുന്നു. വാട്‌സ്ആപ്പും ഈ വര്‍ഷം തന്നെ പണമിടപാട് സേവനം ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടു നിരോധനത്തെ തുടര്‍ന്ന് വലിയൊരു വിഭാഗം ആളുകള്‍ ഇ- പേമെന്റ് സംവിധാനങ്ങളിലേക്ക് ചുവടുമാറിയിരുന്നു. പെടിഎമ്മിനും ഇതുവഴി മെച്ചമുണ്ടായി. രാജ്യത്ത് ഏറെ സ്വാധീനമുള്ള വാട്‌സ്ആപ്പ് മെസഞ്ചര്‍ പേമെന്റ് സേവനം ആരംഭിച്ചാല്‍ അത് പേടിഎമ്മിനെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.