നോക്കിയയുടെ സ്വന്തം ക്യാമറ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. നോക്കിയയുടെ തന്നെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടിയാണ് ക്യാമറ എന്നു മാത്രം പേരിട്ടിരിക്കുന്ന ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. 

നോക്കിയ ഫോണുകളുടെ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ തന്നെ വികസിപ്പിച്ചെടുത്ത ക്യാമറ യൂസര്‍ ഇന്റര്‍ഫേസാണ് ഈ ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 തുടങ്ങിയ ഫോണുകളില്‍ ഈ ക്യാമറ ഉപയോഗിക്കാം. നിലവില്‍ നോക്കിയ 3 മാത്രമേ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളൂ. മറ്റ് ഫോണുകള്‍ ഈ മാസമാണ് ഇന്ത്യയില്‍ എത്തുന്നത്.

ഈ ഫോണുകളിലെല്ലാം തന്നെ ക്യാമറ ആപ്പ് മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവും. എന്നാല്‍ തുടര്‍ന്നുള്ള അപ്‌ഡേറ്റുകള്‍ക്ക് വേണ്ടിയാണ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ക്യാമറ അപ്‌ഡേറ്റ് ചെയ്യുന്നതിനായി നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിന് വേണ്ടി സകാത്തിരിക്കേണ്ട. പകരം പ്ലേസ്റ്റോറില്‍ നിന്നും അപ്‌ഡേറ്റ് ചെയ്യാം.

ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ വിപണിയിലേക്ക് ചുവടുമാറ്റിയ നോക്കിയ ബ്രാന്റ് തങ്ങളുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ ആഗോള വിപണിയില്‍ എത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ, അടുത്തിടെയാണ് മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കൂടാതെ നോക്കിയയുടെ ഏറ്റവും പുതിയ മോഡല്‍ നോക്കിയ 8 ആഗസ്റ്റില്‍ പുറത്തിറക്കുമെന്നാണ് വിവരം.