കാസര്‍കോട്: രജിസ്റ്റേര്‍ഡ് തപാലും പാഴ്‌സലും സ്​പീഡ് പോസ്റ്റും വിതരണംചെയ്യുന്ന സമയം കൃത്യമായി രേഖപ്പെടുത്താന്‍ പോസ്റ്റ്മാന്‍മാര്‍ക്ക് പ്രത്യേക ആപ്പ്. മൈസൂരിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ പോസ്റ്റല്‍ ടെക്‌നോളജിയാണ് ആപ്പ് ഉണ്ടാക്കിയത്. പോസ്റ്റ്‌മെന്‍ മൊബൈല്‍ ആപ്പ് എന്നാണ് പേര്. കേരളത്തില്‍ കാസര്‍കോട്, കോഴിക്കോട് ഉള്‍പ്പെടെ തിരഞ്ഞെടുത്ത ഡിവിഷനുകളില്‍ ആപ്പ് ഉള്‍പ്പെടുത്തിയ മൊബൈല്‍ഫോണ്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും.

ഉരുപ്പടി വിതരണം ചെയ്യുമ്പോള്‍ത്തന്നെ പോസ്റ്റ്മാന്‍ മൊബൈല്‍ ആപ്പുവഴി കാര്യങ്ങള്‍ അപ്ലോഡ് ചെയ്യും. വിതരണം ചെയ്യുമ്പോള്‍ത്തന്നെ ഇത് കേന്ദ്ര സര്‍വറിലേക്ക് ലഭിക്കും. ഉപഭോക്താവിനും ഉടന്‍ വിവരം കിട്ടും. പോസ്റ്റ്മാന്‍ വൈകീട്ട് ഓഫീസില്‍പ്പോയി വിവരം രേഖപ്പെടുത്തുമ്പോഴുള്ള കാലതാമസം ഇനി ഒഴിവാകും.

കാസര്‍കോട് പരിധിയില്‍വരുന്ന 29 ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റോഫീസുകളിലെ പോസ്റ്റുമാന്മാര്‍ക്ക് ആന്‍ഡ്രോയ്ഡ് മൊബൈലും പരിശീലനവും നല്‍കി. ഉരുപ്പടികള്‍ വിതരണംചെയ്യുന്ന സമയം പോസ്റ്റോഫീസില്‍നിന്ന് മൊബൈല്‍ വാങ്ങും. മൊബൈല്‍ വൈകീട്ട് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണം.

ഇലക്ട്രോണിക് മണി ഓര്‍ഡര്‍, കാഷ് ഓണ്‍ ഡെലിവറി പാഴ്‌സല്‍ ഉള്‍പ്പെടെ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ഒപ്പ് മൊബൈലില്‍ വാങ്ങും. അപ്പോള്‍ത്തന്നെ പോസ്റ്റ്മാന്‍ അത് മൊബൈല്‍ആപ്പ് വഴി അപ്ലോഡ് ചെയ്യും. വിതരണംചെയ്ത നിമിഷം ഉപഭോക്താവിന് ട്രാക്ക് സംവിധാനത്തില്‍ വിവരം ലഭിക്കും.

നിലവില്‍ പോസ്റ്റ്മാന്‍ ഉരുപ്പടികള്‍ വിതരണംചെയ്ത് ഓഫീസിലെത്തിയാണ് വിതരണവിവരം നല്‍കുന്നത്. ഇതിനായി നിയോഗിക്കപ്പെട്ട ജീവനക്കാരനാണ് എല്ലാ വിവരങ്ങളും കേന്ദ്ര സര്‍വറിലേക്ക് നല്‍കുന്നത്. ഈ കാലതാമസം പരിഹരിച്ച് തപാല്‍ ഉരുപ്പടി വിതരണം കാര്യക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. സ്വകാര്യ കൂറിയര്‍ ഏജന്‍സികള്‍ ഈ സംവിധാനം നിലവില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.