ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ട ആവശ്യം ഇനിയില്ല. വിവരങ്ങള്‍ ഫോണില്‍ കൊണ്ടുനടക്കാന്‍ ഒരു ആപ്ലിക്കേഷന്‍ രംഗത്തിറക്കിയിരിക്കുകയാണ് ആധാര്‍കാര്‍ഡ് വിതരണം ചെയ്യുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). 'മൊബൈല്‍ ആധാര്‍' അല്ലെങ്കില്‍ 'എം ആധാര്‍ ആപ്പ്'. ഫോണ്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ വഴിയാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് നിലവില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാവുക. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷയ്ക്ക് നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമുള്ള സംവിധാനവും ഈ ആപ്പിലുണ്ടാവും. 

ക്യുആര്‍ കോഡും ബാര്‍കോഡും വഴി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കുവെക്കാനും ടെലികോം കമ്പനികള്‍ക്കും മറ്റ് സേവന ദാതാക്കള്‍ക്കുമായി ഇലക്ട്രോണിക് കെ.വൈ.സി വിവരങ്ങള്‍ നല്‍കുന്നതിനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. 

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും എംആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം.ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്ക് വേണം. ബീറ്റാ പതിപ്പിലാണ് ഇപ്പോള്‍ ആപ്പ് രംഗത്തിറക്കിയിരിക്കുന്നത്. അതിനാല്‍ ആപ്പിന് പരിമിതികളും പ്രശ്‌നങ്ങളും ഉണ്ടാവുമെന്ന് യു.ഐ.ഡി.എ.ഐ പറഞ്ഞു. 

എസ്എംഎസ് അധിഷ്ടിതമായ വണ്‍ ടൈം പാസ് വേഡ് (ഒടിപി) സംവിധാനത്തിന് പകരം ടൈം ബേസ്ഡ് സംവിധാനമാണ് എം ആധാറിനുള്ളത്..