ന്യൂഡൽഹി:  പ്രൊഫഷണൽ സോഷ്യൽ നെറ്റ് വര്‍ക്കായ  ലിങ്ക്ഡ് ഇന്‍ ലെെറ്റ് മൊബെെൽ ആപ്പ് പുറത്തിറക്കുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ്  മൊബെെൽ ആപ്പ് സൗകര്യം ലഭിക്കുന്നത്. പ്രൊഫഷണലുകള്‍ക്കായുള്ള ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമാണ് ലിങ്ക്ഡ് ഇന്‍. 2016 സപ്തംബറിലാണ്  ലിങ്ക്ഡ് ഇന്‍ ലെെറ്റ് മൊബെെൽ വെബ്സെെറ്റ് ആരംഭിച്ചത്.

ഇന്ത്യയിലാണ് ലിങ്ക്ഡ് ഇന്‍  മൊബെെൽ ആപ്പ്   നിര്‍മ്മിച്ചത്. 1എംബിയിൽ താഴെയാണ് ആപ്പിൻ്റെ വലിപ്പം. ഉടൻ തന്നെ 60 രാജ്യങ്ങളിലേക്ക്  മൊബെെൽ ആപ്പ് സൗകര്യം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.  

വേഗത കുറഞ്ഞ മൊബെെൽ നെറ്റ് വര്‍ക്ക് ഉള്ളവര്‍ക്കും, ഉയര്‍ന്ന താരിഫ്  നിരക്കുകൾ ഉള്ളവര്‍ക്കും  സഹായകരമാകുന്ന രീതിയിലാണ്  മൊബെെൽ ആപ്പ്  ഒരുക്കിയിരിക്കുന്നത്.  5 സെക്കൻ്റിനുള്ളിൽ 80 ശതമാനം പേജുകളും ലോഡ് ആകുമെന്നതും  ബാറ്ററിയുടെ ഉപയോഗം കുറവാണെന്നതുമാണ്  ആപ്പിൻ്റെ മറ്റ് പ്രത്യേകതകൾ. ലിങ്ക്ഡ് ഇന്നിൻ്റെ എല്ലാ സര്‍വ്വീസുകളും മൊബെെൽ ആപ്പിലും ലഭിക്കും. 

2017 ഏപ്രിൽ മാസത്തിലെ കണക്കനുസരിച്ച് 50 കോടി ഉപയോക്താക്കളാണ്  ലിങ്ക്ഡ് ഇന്നിലുള്ളത്. ഇന്ത്യയിൽ മാത്രമായി 4.2 കോടി ഉപയോക്താക്കളാണുള്ളത്.