സ്മാര്‍ട്‌ഫോണുകളിലെ ഗൂഗിള്‍ സെര്‍ച്ച് ആപ്ലിക്കേഷന്‍ കമ്പനി പുതുക്കിപ്പണിയുന്നു. ഹോബീസ്, ട്രാവല്‍, സ്‌പോര്‍ട്‌സ് അടക്കമുള്ള പേഴ്‌സണലൈസ്ഡ് ഫീഡ് ലിങ്കുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ രൂപകല്‍പ്പന. ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളോട് നേരിട്ടുള്ള മത്സരത്തിനാണ് ഗൂഗിള്‍ ഇതുവഴി ലക്ഷ്യമിടുന്നത്. 

വരുന്ന ബുധനാഴ്ച്ച മുതല്‍ ഗൂഗിള്‍ സെര്‍ച്ച് ആപ്പിന്റെ പുതിയ പതിപ്പ് അമേരിക്കയില്‍ ലഭ്യമായിതുടങ്ങും. പിന്നീടുള്ള ആഴ്ച്ചകളില്‍ മറ്റുരാജ്യങ്ങളിലും പുതിയ ആപ്പ് ലഭിക്കുമെന്നാണ് വിവരം. 

ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡിന് സമാനമായി ഗൂഗിള്‍ ഫീഡ് എന്ന പേരില്‍ ഒരു ഫീച്ചറാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്നത്. നിങ്ങളുടെ സുഹൃത്തുക്കളും മറ്റും പങ്കുവെക്കുന്ന കാര്യങ്ങളാണ് ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ നമുക്ക് കാണാന്‍ സാധിക്കുക

എന്നാല്‍ ഇത് ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡിന്റെ പകര്‍പ്പല്ലെന്നും. നിങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമാണ് ഗൂഗിള്‍ ഫീഡില്‍ കാണുകയെന്നും അതല്ലാതെ നിങ്ങളുടെ സുഹൃത്തുക്കളുടെ ഇഷ്ടങ്ങളല്ലെന്നും ആവശ്യമായ സെര്‍ച്ച് റിസല്‍ട്ടുകളെ പുതിയൊരിടത്ത് പ്രദര്‍ശിപ്പിക്കുക മാത്രമാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും ഗൂഗിള്‍ പറഞ്ഞു.