ഗൂഗിള്‍ കീപാഡിനെ അടിമുടി പരിഷ്‌കരിച്ച ജിബോഡ് ആപ്പില്‍ ഉപയോക്താക്കള്‍ക്ക് സഹായകമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് രണ്ട് വ്യത്യസ്ത ആപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള സൗകര്യം ജി ബോഡിനുണ്ട്. വ്യക്തമായി പറഞ്ഞാല്‍ വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ യുട്യൂബ് വീഡിയോയും ഗൂഗിള്‍ മാപ്പ് ലൊക്കേഷനും പങ്കുവെക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജി ബോര്‍ഡിന്റെ ഐഓഎസ് പതിപ്പിലാണ് യുട്യൂബ്, ഗൂഗിള്‍ മാപ്പ് സൗകര്യങ്ങള്‍ ലഭ്യമാവുക.

ഗൂഗിള്‍ കീബോര്‍ഡിനെ സ്മാര്‍ട് ആക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ സെര്‍ച്ച് ഓപ്ഷനാണ് കീബോര്‍ഡില്‍ ആദ്യമായി കൊണ്ടുവന്നത്. വാര്‍ത്തകളും ചിത്രങ്ങളും ജിഫ് വീഡിയോയുമെല്ലാം മറ്റ് ആപ്പുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ കീബോഡിനകത്ത് നിന്നും സെര്‍ച്ച് ചെയ്യാന്‍ ഇതു വഴി സാധിക്കും

ലൊക്കേഷന്‍ ഷെയര്‍

ജീബോര്‍ഡില്‍ തന്നെ ഗൂഗിള്‍ മാപ്പ് കാണാന്‍ സാധിക്കുന്ന സംവിധാനമാണിത്. ഇതിനായി കീബോഡിന് മുകളിലുള്ള ജി ബട്ടനില്‍ ടാപ് ചെയ്താല്‍ മാപ്പ്‌സ് (Maps) എന്ന ഓപ്ഷന്‍ കാണാം. നിലവില്‍ ട്രാന്‍സിലേഷന്‍, ജിഫ് തുടങ്ങിയ ഓപ്ഷനുകള്‍ ഈ പാനലിലുണ്ട്. മാപ്പ് തിരഞ്ഞെടുത്തതിന് ശേഷം നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യേണ്ട സ്ഥലപ്പേര് സെര്‍ച്ച് ചെയ്യുക. ഈ ലൊക്കേഷന്‍ സെര്‍ച്ച് ചെയ്യണമെങ്കില്‍ താഴെ വരുന്ന സെര്‍ച്ച് റിസല്‍ട്ടില്‍ ഷെയര്‍ ചെയ്താല്‍ മതി. 

യുട്യൂബ് വീഡിയോ ഷെയര്‍

ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതു പോലെ തന്നെയാണ്. യൂട്യൂബ് വീഡിയോ ലിങ്ക് ഷെയര്‍ ചെയ്യുന്നതും. ഇതിനായി കീബോഡിലെ ജി ബട്ടനില്‍ മറ്റ് ഓപ്ഷനുകള്‍ക്കൊപ്പം യൂട്യൂബ് ബട്ടനും നല്‍കിയിട്ടുണ്ട്. ഇതുവഴി നിങ്ങള്‍ക്ക് വീഡിയോ സെര്‍ച്ച് ചെയ്ത് പങ്കുവെക്കാം. വാട്‌സ്ആപ്പ് ആപ്പിനകത്ത് തന്നെ യൂട്യൂബ് വീഡിയോ പ്ലേ ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയിടുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഗൂഗിളിന്റെ യൂട്യൂബ് ഓപ്ഷന്‍ കൂടുതല്‍ സഹായകമാവും.

കീബോര്‍ഡില്‍ ചിത്രം വരയ്ക്കാം

നിങ്ങള്‍ക്ക് പങ്കുവെക്കേണ്ട ആശയങ്ങള്‍ ചിത്രമായി വരച്ച് പങ്കുവെക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറാണ് ഇത്. ഇതിനായി 'ഇങ്ക്' (Ink) എന്ന പേരില്‍ പുതിയ ഓപ്ഷന്‍ ഗൂഗിള്‍ കീബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ട്. വിരലോ സ്‌റ്റൈലസോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചിത്രം വരയ്ക്കാം. കീബോര്‍ഡിന് താഴെയാണ് ഇതിനായുള്ള ഓപ്ഷനുണ്ടാവുക.