റേറ്റിങ്
ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോര്‍ : 3.8
ആപ്പിള്‍ സ്റ്റോര്‍ : 4.1

വെറുതെ ഇരിക്കുന്നത് സിഗററ്റ് വലി പോലെ ഹാനികരമാണ് എന്ന് പറയാറുണ്ട്. ശരീരം അനങ്ങാതിരിക്കാനുള്ള പ്രലോഭനങ്ങളില്‍ വീണ് ജീവിതശൈലീ രോഗങ്ങളില്‍ പെടുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വരുന്ന കാലത്ത് ചിരിച്ചു തള്ളിക്കളയാവുന്ന കാര്യമല്ല അത്. കൂടുതല്‍ കുത്തിയിരിക്കാതെ ഇടക്കൊക്കെ നടക്കണമെന്നും, കുറച്ചുകൂടി ആയാസമുള്ള ജോലികള്‍ ചെയ്യുന്നത് ഹൃദയത്തിലൂടെ രക്തമൊഴുകുന്നതിന്റെ വേഗം കൂട്ടുമെന്നും അത് ശരീരത്തിന്റെ മാത്രമല്ല മനസിന്റെ ആരോഗ്യവും കൂട്ടുമെന്നുമൊക്കെ നമുക്ക് അറിയാഞ്ഞിട്ടല്ല. കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാന്‍ ആളില്ലാഞ്ഞിട്ടാണ്. ആ ജോലി ഏറ്റെടുക്കാന്‍ നിരവധി സ്മാര്‍ട്‌ഫോണ്‍ ആപ്പുകളുണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ ഹെല്‍ത്ത് അസോസിയേഷനും നിര്‍ദേശിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവ വളരെ കുറവാണ്.  ഗൂഗിള്‍ ഫിറ്റ് അത്തരത്തിലൊന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും സാങ്കേതിക മേന്‍മയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവയായിരിക്കും ഗൂഗിള്‍ പ്രോഡക്ട് എന്ന് പറയേണ്ടതില്ലല്ലോ. 

ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ഫിറ്റ് എത്തിയിട്ട് അഞ്ചുകൊല്ലമായെങ്കിലും കഴിഞ്ഞമാസമാണ് ഇതിന്റെ ആപ്പിള്‍ പതിപ്പ് പുറത്തിറങ്ങിയത്. മൂവ് മിനിറ്റ്‌സ്, ഹാര്‍ട്ട് പോയിന്റ്‌സ് എന്നീ രണ്ട് ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗൂഗിള്‍ ഫിറ്റ് മുഖം മിനുക്കിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. വെറുതെ നടക്കുന്നതും വീട്ടിലെയോ ഓഫീസിലേയോ ജോലികളുടെ ഭാഗമായി നമ്മള്‍ ശരീരം ചലിക്കുന്നതുമെല്ലാം അളന്ന് തിട്ടപ്പെടുത്തി മൂവ് മിനിറ്റ്‌സായി രേഖപ്പെടുത്തും. ഗോവണി കയറുന്നതും എലിവേറ്ററില്‍ പോകുന്നതുമൊക്കെ കൃത്യമായി മനസിലാക്കും. ചലനങ്ങളുടെ സ്വഭാവം മനസിലാക്കിത്തന്നെയാണ് ഹാര്‍ട്ട് പോയിന്റ്‌സും രേഖപ്പെടുത്തുക. മിനിട്ടില്‍ 100 സ്റ്റെപ്പില്‍ കൂടുതലുള്ള നടത്തം, വേഗത്തിലുള്ള സൈക്കിളോട്ടം ഇവയെല്ലാം മനസിലാക്കി ഒരു മിനിട്ടിന് ഒരു പോയിന്റ് എന്ന നിലയില്‍ ഹാര്‍ട്ട് പോയിന്റ് രേഖപ്പടുത്തും. ഫോണിലെ ആക്‌സെലറോ മീറ്ററും ജി.പി.എസും ഉള്‍പ്പെടെയുള്ള സെന്‍സറുകളാണ് ഗൂഗിള്‍ ഫിറ്റിനെ നമ്മുടെ ചലനങ്ങളുടെ തോത് രേഖപ്പെടുത്താന്‍ സഹായിക്കുന്നത്. 

ആഴ്ചയില്‍ 150 മിനിട്ട് ഇടത്തരം വേഗതയിലുള്ള നടത്തമോ 75 മിനിട്ട് കടുത്ത വ്യായാമമോ, രണ്ടും ന്യായമായി സംയോജിപ്പിച്ചുള്ള വ്യായാമ മുറകളോ ആണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ഇതുപോലുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി ദിവസക്കണക്കിലും ആഴ്ച കണക്കിലുമൊക്കെ രേഖപ്പെടുത്തി നമ്മുടെ ശരീരമനങ്ങാന്‍ പ്രേരിപ്പിക്കുന്ന ജനപ്രിയ ഹെല്‍ത്ത് ആപ്പാണ് ഗൂഗിള്‍ ഫിറ്റെന്ന് ചുരുക്കിപ്പറയാം. 

ആപ്പ് തുടങ്ങുന്നതുതന്നെ നമ്മളുടെ വ്യായാമ നിലവാരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്. ഒരു ദിവസം എത്ര മൂവ് മിനിറ്റ്‌സ്, അല്ലെങ്കില്‍ ഹാര്‍ട്ട് പോയിന്റ്‌സ് നേടാമെന്ന് നമുക്ക് തന്നെ സെറ്റ് ചെയ്യാം. അതിലധികമാണെങ്കില്‍ അവ പ്രത്യേക പോയിന്റുകളാകും. ഏത് വ്യായാമമോ ആക്റ്റിവിറ്റയോ നമുക്ക് ഇഷ്ടപ്രകാരം ചേര്‍ക്കുകയും ചെയ്യാം. നൈക്കി റണ്‍ക്ലബ്ബ്, ആപ്പിള്‍ ഹെല്‍ത്ത് തുടങ്ങിയ ഫിറ്റ്‌നസ് ആപ്പുകളുമായും ആപ്പിള്‍ വാച്ച് പോലുള്ള ഹെല്‍ത്ത് ഗാഡ്ജറ്റുമായും സിങ്ക് ചെയ്യാം. കൃത്യമായി ഒരു ലക്ഷ്യം മുന്നില്‍ കണ്ട് വ്യായാമം ക്രോഡീകരിച്ചാല്‍ മികച്ച ഫലം നല്‍കാന്‍ ഗൂഗിള്‍ ഫിറ്റിന് കഴിയും.  

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

 

Content Highlights: google fit an health care support app, fitness app